മൊട്ടക്കുന്നുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞ് പോകുന്ന റോഡിലൂടെ ജീപ്പ് കോട്ടത്തറയെ ലക്ഷ്യമാക്കി പാഞ്ഞു. അങ്ങോട്ടു പോയ പോലെ അല്ല, ഇങ്ങോട്ട് തിരക്ക് കുറവായിരുന്നു. ഇനിയും ഒരാൾക്ക് കൂടി സീറ്റിൽ ഇരിക്കാം. പൊടിപടലം ജീപ്പിനു ചുറ്റും മൂടൽമഞ്ഞ് പോലെ പാറിക്കളിക്കുന്നത് യാത്ര അസഹനീയമാക്കി. സദാനന്ദൻ മാഷ് കയ്യിൽ കരുതിയ കർച്ചീഫ് എടുത്ത് മൂക്കും, വായും പൊത്തിപ്പിടിച്ചു.
ഏതാണ്ട് മൂന്നു മണിയോടെ ജീപ്പ് കോട്ടത്തറയിൽ എത്തി . അവർ ചന്തയെ ലക്ഷ്യമാക്കി നടന്നു. ടൗണിൽ അത്യാവശ്യം തിരക്ക് വന്നു തുടങ്ങി.
റോഡിന് ഇരുവശവും പുളിമരങ്ങൾ നിരനിരയായി നിൽക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്.
ചന്തയോട് അടുക്കുംതോറും റോഡിലെ തിരക്ക് കൂടി.
സിൽക്ക് സാരിയുടുത്ത് കണ്ണെഴുതി പൊട്ടും തൊട്ട് കൈ നിറയെ കുപ്പിവളകളണിഞ്ഞ് പോകുന്ന ഊരിലെ സ്ത്രീകളെ കണ്ടാൽ ആരും നോക്കി നിന്നുപോകും.!
നിരവധി കാളവണ്ടികൾ ചന്തയെ ലക്ഷ്യമാക്കി പോകുന്നുണ്ട്.
മത്തൻ, കുമ്പളം, തേങ്ങ , ഏത്തക്കായ തുടങ്ങിയ സാധനങ്ങൾ കയറ്റിയ വണ്ടികളാണ് കൂടുതൽ .
“എന്താ മാഷേ അവിടെ ഒരാൾക്കൂട്ടം?”
“അതാണ് കാളച്ചന്ത. ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും ആടുമാടുകളെ വാങ്ങാൻ കച്ചവടക്കാർ ഇവിടെയെത്തും.
വരു നമുക്ക് അങ്ങോട്ടൊന്ന് പോയി നോക്കാം.”
സോമൻ മാഷ് പറഞ്ഞു.
ദൂരെ നിന്നും കാണുന്നതുപോലെയല്ല, അടുത്തെത്തിയപ്പോൾ പല പ്രായത്തിലുള്ള പശുക്കൾ, കാളകൾ, എരുമ, പോത്ത്, ആട് തുടങ്ങി ഒരു പ്രദേശമാകെ മൃഗങ്ങളെക്കൊണ്ട് നിറഞ്ഞു നിൽക്കുന്നു. ചിലർ അവറ്റകളുടെ ഇടയിൽ നിന്ന് എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്.
കൈലി മുണ്ടുടുത്ത് ചുവന്ന തോർത്ത് തലയിൽ കെട്ടിയ ആളുകൾ ഉച്ചത്തിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ട് . പക്ഷേ, ഒരു പ്രത്യേകതയുണ്ട്, കച്ചവടക്കാരും വാങ്ങാൻ വന്നവരും പുരുഷന്മാർ മാത്രം…
“നമുക്ക് അടുത്ത് പോകാൻ പറ്റില്ല അല്ലേ..?”
“എന്തിനു പോകണം?
അവിടെ കച്ചവടക്കാർ മാത്രമേയുള്ളൂ, കാഴ്ചക്കാരില്ല.
നിങ്ങളിങ്ങോട്ട് വരിൻ മാഷേ …”
ചിരിച്ചുകൊണ്ട് ജോസ് മാഷ് പറഞ്ഞു..
മെയിൻ റോഡിന് ഇരുവശവും നിൽക്കുന്ന
പുളി മരത്തിന്റെ ചുവട്ടിലായി കാളകളെ കെട്ടിയിരിക്കുന്നു .
അതിനടുത്ത് കാളവണ്ടിയിൽ ചാരി നിന്ന് ചിലർ പുകവലിക്കുന്നുണ്ട്.
പുളിമരത്തിന്റെ ചുവട്ടിൽ നല്ല തണലാണ്. അതുകൊണ്ടാവും സാധനങ്ങൾ കയറ്റി വന്ന വണ്ടിക്കാർ അവിടെ വിശ്രമിക്കുന്നത്.
“അതാ ആ കാണുന്നതാണ് സിനിമ തീയേറ്റർ.”
നീളത്തിലുള്ള ഓലമേഞ്ഞ കെട്ടിടം ചൂണ്ടിക്കാണിച്ച് സോമൻ മാഷ് പറഞ്ഞു.
തീയേറ്ററിനോട് ചേർന്ന് നിരനിരയായി ഓടിട്ട ചെറിയ ചെറിയ കടകൾ കാണാം . തീയേറ്ററിന്റെ മുന്നിലുള്ള സിനിമയുടെ പോസ്റ്റർ കണ്ടു സദാനന്ദൻ മാഷ് തുള്ളിച്ചാടി ..!
“ഹായ്..! രജനി പടം..”
അയ്യോ പടത്തിന്റെ പേര് എന്താണ്..?
നല്ല നീളമുള്ള പേരാണല്ലോ..?
തമിഴിൽ ആണല്ലോ പോസ്റ്ററിൽ എഴുതിയിരിക്കുന്നത് ?
സോമൻ മാഷിന് തമിഴ് വായിക്കുവാൻ അറിയുമോ..?
“ഏയ്, ഇല്ല.. നമുക്ക് ദാ കടക്കാരൻ ചേട്ടനോട് ചോദിക്കാം.”
സോമൻ മാഷ്
അടുത്ത കടക്കാരനോട് ചോദിച്ചു.
“സാർ, ധർമ്മത്തിൻ തലൈവൻ . നല്ല സൂപ്പർ പടം ..”
ഇന്നലെ റിലീസ് ആയതേയുള്ളൂ. മാറ്റിനിക്ക് ഹൗസ് ഫുൾ ആയിരുന്നു.”
ആണോ..?
അടുത്ത ഷോ എത്ര മണിക്കാണ്..?
സദാനന്ദൻ മാഷ് ചോദിച്ചു .
“ആറുമണിക്ക് ”
സദാനന്ദൻ മാഷ് വാച്ചിൽ നോക്കി. സമയം നാല് ആയതേയുള്ളൂ .
തിയേറ്ററിന്റെ പടിഞ്ഞാറു വശത്തുള്ള മൈതാനത്തേക്ക് നടന്നു . പ്രധാന ചന്ത നടക്കുന്നത് അവിടെയാണ്.
താൽക്കാലികമായി നിർമ്മിച്ച നീല ടാർപ്പായ വലിച്ചുകെട്ടിയ ടെന്റുകളിലാണ് ഭൂരിഭാഗം കടകളും!
മൈതാനത്തിന്റെ പ്രവേശന കവാടത്തിൽ എത്തിയപ്പോൾ തന്നെ നിരനിരയായി ഫാൻസി കടകൾ കണ്ടുതുടങ്ങി. വള , മാല, കമ്മൽ, തുടങ്ങി സോപ്പ് ചീപ്പ് കണ്ണാടി വരെ അവിടെയുണ്ട്!
കച്ചവടക്കാരിൽ അധികവും സ്ത്രീകളാണ്. നല്ല തിരക്ക്. കച്ചവടക്കാർ വളകൾ കയ്യിൽ ഇട്ടു കൊടുക്കുന്ന തിരക്കിലാണ്. മിക്കവരും ഉച്ചത്തിൽ വില പേശുന്നതും കാണാം..
തമിഴ് കലർന്ന ഭാഷയിലാണ് മിക്കവരും സംസാരിക്കുന്നത്.
ഒരു ഭാഗത്ത് നീല നിറത്തിലുള്ള ടാർപ്പായ നിലത്ത് വിരിച്ച് വാളൻപുളി കൂട്ടിയിട്ടിരിക്കുന്നു.
അതിനടുത്തായി ചോളം, നിലക്കടല തുടങ്ങിയവ കുന്നുപോലെ കൂട്ടിയിട്ടിരിക്കുന്നു.
അതിനടുത്താണ് പച്ചക്കറികടകൾ..
അതിന്റെ എതിർവശത്തായി താൽക്കാലിക ടെക്സ്റ്റൈൽസ് സ്റ്റാളുകളാണ്.
പോളിസ്റ്റർ സാരികൾ, പാവാടകൾ , ലുങ്കി മുണ്ടുകൾ തുടങ്ങിയ തുണിത്തരങ്ങൾ കടയുടെ മുൻഭാഗത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്.
അതിനടുത്തായി പലതരം കത്തികളുടെ ശേഖരങ്ങൾ വിൽപ്പനയ്ക്കായി വച്ചിരിക്കുന്നു.
തൊട്ടടുത്തായി മൺപാത്രങ്ങൾ നിരത്തി വച്ചിരിക്കുന്നു.
മിക്കവാറും എല്ലാ കടകളിലും തിരക്കുണ്ട് , എങ്കിലും ഏറ്റവും കൂടുതൽ തിരക്ക് ഫാൻസി കടകളുടെ മുൻപിലാണ് .
ഏത്
കടയുടെ അടുത്തുകൂടി പോയാലും “വാങ്കെ സാർ വാങ്കെ.. “.
എന്ന് പറഞ്ഞ് കച്ചവടക്കാർ മാടിവിളിക്കുന്നത് കേൾക്കാൻ തന്നെ രസമുണ്ട്.
കയ്യിൽ കരുതിയ ബിഗ് ഷോപ്പറിൽ ജോസ് മാഷ് എന്തൊക്കെയോ പച്ചക്കറികൾ വാങ്ങിച്ചു കൂട്ടി.
“നമുക്ക് ഒരു ചായ കുടിച്ചാലോ..?
ഭയങ്കര തലവേദന”
സോമൻ മാഷ് പറഞ്ഞു.
“ഓ…..”
അടുത്ത കണ്ട ചായക്കടയിൽ കയറി ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ
മാറ്റിനി കഴിഞ്ഞ ബെൽ മുഴങ്ങി.
ആളുകൾ തീയേറ്ററിൽ നിന്നും പുറത്തേക്ക് വന്നു തുടങ്ങി.
(തുടരും….)