ഹണിറോസ് വിഷയം വന്നതോടെ കത്തിനിൽക്കുന്ന ഒരു ചർച്ച കേരളത്തിൽ ഉണ്ടായി. ഇന്നത്തെ കേരളത്തിലെ സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ചായിരുന്നു ആ ചർച്ചകൾ. ശരിക്കും ഒരു കാര്യവും കഴമ്പും ഇല്ലാത്ത ഒരു ചർച്ചയായിരുന്നു അതൊക്കെയും. വസ്ത്രമെന്നത് ഓരോരുത്തരുടെയും ഇഷ്ടവും ചോയ്സും ആണ്. അതു ആണായാലും പെണ്ണായാലും അവരുടെ വസ്ത്രമെന്നത് അവരുടെ ഐഡന്റിറ്റിയാണ്. വ്യക്തികൾക്ക്, സ്ഥാപനങ്ങൾക്ക് എല്ലാം വസ്ത്രം നൽകുന്ന ചില ഐഡന്റിറ്റികൾ ഉണ്ട്. കാല, ദേശ, ഭാഷയും, മതവും, ജാതിയുംഎല്ലാം വസ്ത്രങ്ങൾക്ക് കൊടുക്കുന്ന ചില ഐഡന്റിറ്റികൾ ആണ്.
കാലാവസ്ഥയുടെ വിവിധ ഘടകങ്ങളിൽ നിന്നുള്ള സംരക്ഷണമാണ് വസ്ത്രം ധരിക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യം. കൂടാതെ നഗ്നത മറയ്ക്കുക എന്ന ഒരു ധർമ്മം കൂടി അത് നിർവഹിക്കുന്നുണ്ട്. ഇതിനു പുറമേ വ്യക്തികളുടെ സാമൂഹിക-സാംസ്കാരിക പ്രത്യേകതകൾ “തിരിച്ചറിയുന്നതിനുള്ള” ഒരു ഉപാധിയായും വസ്ത്രം പ്രവർത്തിക്കുന്നു. അലങ്കാരമായും അഭിരുചി പ്രകടിപ്പിക്കുന്നതിനായും ആഭിജാത്യത്തിന്റെ ലക്ഷണമായും വസ്ത്രം ഉപയോഗിക്കുന്നു.
വസ്ത്രമെന്നത് കേട്ട് കേൾവിയില്ലാത്ത മനുഷ്യരിൽ നിന്നും ഇന്നത്തെ വസ്ത്രധാരണ സംസ്‍കാരത്തിലേക്കുള്ള മാറ്റം ചെറുതല്ല. നാടോടികളായി ഇലയും, പുല്ലും, മരവുരിയും മൃഗങ്ങളുടെ തോലും വസ്ത്രമാക്കിയ മനുഷ്യരുണ്ടായിരുന്നു. അവിടെയും ആണും പെണ്ണും നഗ്നതയും ഉണ്ടായിരുന്നു. അവിടെ നഗ്നത എന്നതിനേക്കാൾ കാലാവസ്ഥയെ അതിജീവിക്കുക എന്നൊരു പ്രധാനവിഷയമുണ്ടായിരുന്നു. വസ്ത്രധാരണത്തിലെ മാറ്റം കാലഘട്ടത്തിന്റെ മാറ്റം തന്നെയാണ്.
ഇന്ന് ആൺകുട്ടികൾ ധരിക്കുന്ന അതെ വസ്ത്രങ്ങൾ പെൺകുട്ടികളും ഉപയോഗിക്കുന്നു. വസ്ത്രങ്ങളിൽ തുല്യതയാണ്, അതിനെ എതിർക്കുക്കയും ആക്ഷേപിക്കുകയും സ്വകാര്യമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. പെൺകുട്ടികൾക്കു അവരുടെ കംഫേർട് ആണ് അവരുടെ വസ്ത്രം, അവരുടെ ആത്മവിശ്വാസം. അതിനെ എന്തിനാണ് എതിർക്കുന്നത്? ചെറിയൊരു ജീവിതം അതു സ്വന്തം ഇഷ്ടങ്ങളും, താല്പര്യങ്ങളും അനുസരിച്ചല്ലെങ്കിൽ പിന്നെ എന്ത് ജീവിതം?
ഇവിടെ ഹണിറോസിന്റെ കാര്യത്തിൽ എന്താണ് പ്രത്യേകത?
ഒന്നുമില്ല. അവര് ഒരു സിലിബ്രിറ്റി ആര്ടിസ്റ്റണ് അതുകൊണ്ട് തന്നെ അവർക്കു അവരെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നു അവർക്ക് അറിയാം. ഒരു ഉത്ഘാടനത്തിനു പോകുമ്പോൾ അവിടെ എങ്ങനെ പ്രസന്റേഷൻ ചെയ്യാമെന്നതു അവരുടെ ചോയ്സ് ആണ്. ചിലപ്പോൾ അവർക്കു ആ വസ്ത്രധരിക്കുന്നതിലൂടെ കിട്ടുന്ന ആത്മവിശ്വാസമാകാം അവരാ വസ്ത്രം തിരഞ്ഞെടുത്തത്. കൃത്യമായി നീരീക്ഷിച്ചാൽ അവർ അവരുടെ സൗന്ദര്യം മാർക്കെറ്റ് ചെയ്യുന്നു, അതവരുടെ പ്രൊഫഷൻ കൂടിയാണ്.
കേരളത്തിൽ ഒട്ടുമിക്ക പെൺകുട്ടികളുടെയും, സിലിബ്രിറ്റികളുടെയും വസ്ത്രധാരണ രീതി മാറു തുറന്നുള്ളതാണ്. അവിടെയും അതിന്റെ ലോജിക് എന്ന് പറയുന്നത് അവരുടെ പ്രൊഫഷണൽ മാർക്കെറ്റിങ് തന്നെയാണ്. പക്ഷെ ഇന്നതു വളരെ മോശമായി ചിത്രീകരിച്ചു വ്യക്തി ഹത്യകൾ നടത്തുന്നവരുണ്ട്. അതിന്റെ ആവശ്യമുണ്ടോ? ഇല്ല കാരണം അതവരുടെ ഇഷ്ടമാണ്, അവരുടെ പ്രൊഫഷൻ ആണ്.
ഹണി റോസിനെ കുറ്റം പറയുന്നവരോട് ചുറ്റുമൊന്നു ശ്രദ്ധിക്കാൻ പറയുക. പണ്ട് മുതലേ ഉള്ള പരസ്യങ്ങൾ ശ്രദ്ധിക്കുക ഏതു പരസ്യം ആണെങ്കിലും അതിൽ സ്ത്രീകൾ ഉണ്ടെങ്കിൽ അവരുടെ ശരീരപ്രദർശനം ഉണ്ട്. അത് ചിലപ്പോൾ കൂടുതൽ വിശാലമാല്ലായിരിക്കും എങ്കിലും സ്ത്രീകളുടെ പ്രെസെൻസ്, അവരുടെ ശരീരഭാഷയൊക്കെ ആ പരസ്യങ്ങൾക്ക് മാറ്റ്കൂട്ടുന്നുണ്ടാകും. ഇതൊക്കെ ഓരോ മാർക്കറ്റിംഗ് തന്ത്രങ്ങൾ തന്നെയാണ്.
പഴയകാല സിനിമകൾ, പരസ്യങ്ങൾ എന്നിവയൊക്കെ ശ്രദ്ധിച്ചാൽ വസ്ത്രധാരണത്തിന്റെ ഇന്നത്തെ പുരോഗതിയറിയാൻ പറ്റും. പശ്ചാത്യ സംസ്കാരത്തിന്റെ അധിനിവേശവും വസ്ത്രധാരണത്തിലെ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇതൊക്കെ ശരിയല്ല, പെണ്ണുങ്ങൾ ഇങ്ങനെ നടക്കാൻ പാടില്ലെന്ന് പറയുന്ന മലയാളികൾ മറ്റു ഭാഷ സിനിമകളും, മറ്റു സംസ്ഥാനങ്ങളും, രാജ്യങ്ങളും അവരുടെ വസ്ത്രധാരണവും ഒന്ന് നോക്കിയാൽ മതി.
വസ്ത്രമൊന്നും അധികം ചർച്ച ചെയ്യേണ്ടതല്ല. കാരണം യൂണിഫോം പോലെ അടിച്ചേൽപ്പിക്കാൻ പറ്റുന്ന ഒന്നല്ല വസ്ത്രം. ഓരോ ആളുകളും അവർക്കു അനുയോജ്യമായ വസ്ത്രമാണ് ധരിക്കേണ്ടത് ഓരോ ആളുകളുടെയും കാഴ്ച്ചപ്പാടും, ആറ്റിട്യൂടും അനുസരിച്ചു അവര്ക്കിഷ്ട്ടമുള്ള വസ്ത്രം ധരിക്കാൻ അനുമതിയുള്ള രാജ്യത്താണ് ജീവിക്കുന്നത്. മാറേണ്ടത് കാഴ്ചയല്ല കാഴ്ചപാടുകൾ ആണ്..