Friday, July 3, 2026
Homeഅമേരിക്കഎടി മേരി നൂറു ഡോളർ താ ഒരു സൂട്ടു വാങ്ങാനാ (ഹാസ്യ ചെറുകഥ) ✍സുനിൽ വല്ലാത്തറ...

എടി മേരി നൂറു ഡോളർ താ ഒരു സൂട്ടു വാങ്ങാനാ (ഹാസ്യ ചെറുകഥ) ✍സുനിൽ വല്ലാത്തറ ഫ്ലോറിഡാ

എറണാകുളം ജില്ലയിലെ അങ്കമാലി സ്വദേശി ആയ തോമസ് ചേട്ടനും ഭാര്യ നഴ്സ് ആയ മേരി ചേച്ചിയും അമേരിക്കയിലേയ്ക്കു കുടിയേറിയിട്ടു മുപ്പത്തിയേഴു വർഷമായി

അമേരിക്കയിലെ സ്വപ്ന നഗരമായ ന്യൂയോർക്കിൽ എത്തിപ്പെട്ട അവർക്കു ആശ്വാസം ആയത് മേരി ചേച്ചിക്ക് പെട്ടെന്ന് തന്നെ താമസ സ്ഥലത്തിന് അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ ജോലി കിട്ടിയതാണ്

നൈറ്റ്‌ ഡ്യൂട്ടി മാത്രം ചെയ്തിരുന്ന മേരി ചേച്ചി എത്ര ഓവർടൈം ചെയ്യുവാനും യാതൊരു മടിയും കാണിച്ചില്ല

നാട്ടിൽ പത്താം ക്ലാസ് കഴിഞ്ഞു കുറച്ചു രാഷ്ട്രീയം ഒക്കെ ആയി നടന്ന തോമസ് ചേട്ടന് ജോലി ചെയ്യുവാൻ വലിയ താല്പര്യം ഒന്നും ഇല്ലായിരുന്നു. പക്ഷേ മൂത്ത മകൻ ടോണിയെയും ഇളയ മകൾ ക്ലാരയെയും നിലത്തു വയ്ക്കാതെ വളർത്തിയെടുത്തത് തോമസ് ചേട്ടൻ ആണ്‌.

മേരി ചേച്ചിയുടെ കഠിനമായ അധ്വാനത്തിന്റെ ഫലമായി ടോണിയെ പഠിപ്പിച്ചു ഒരു ഡോക്ടർ ആക്കി.

രണ്ടു വർഷം മുൻപ് ന്യൂയോർക്കിലെ അതി കഠിനമായ തണുപ്പ് സഹിക്കാൻ പറ്റാഞ്ഞിട്ട് വാർദ്ധക്യത്തിലേയ്ക്ക് കടന്നു കൊണ്ടിരുന്ന തോമസ് ചേട്ടനും കുടുംബവും ഹൂസ്റ്റണിലേയ്ക്കു താമസം മാറി

വളരെ ദൈവ ഭയത്തിലും ദൈവ ഭക്തിയിലും ജീവിക്കുന്ന തോമസ് ചേട്ടനും കുടുംബവും അധികം താമസിയാതെ ഹൂസ്റ്റൻ പള്ളിയിലെ ആക്റ്റീവ് മെമ്പേഴ്‌സ് ആയി

തോമസ് ചേട്ടൻ പള്ളിയിലെ കൈക്കാരനും മേരി ചേച്ചി വുമൺസ് ഫോറം പ്രസിഡന്റും നല്ല ഗായകൻ ആയ ഡോക്ടർ ടോണി കൊയർ ടീം ലീഡറും ആയപ്പോൾ ക്ലാരമോൾ കാറ്റികിസം ടീച്ചർ ആയി

കുറച്ചു നാൾ കഴിഞ്ഞപ്പോൾ തോമസ് ചേട്ടൻ ഒരു കാര്യം ശ്രെദ്ധിച്ചു. പള്ളിയിൽ ഞായറാഴ്ച കുർബാനയ്ക്കു സ്‌ഥിരമായി വരുന്ന പത്തു പുരുഷന്മാർ സൂട്ടു ധരിച്ചാണ് വരുന്നത്. സൂട്ടു ഇടാതെ ആ പത്തു പേരെയും തോമസ് ചേട്ടൻ പള്ളിയിൽ കണ്ടിട്ടില്ല

ആരാണ് ഈ പത്തു സൂട്ടു ധാരികൾ എന്ന് ഒരു കൗതുകത്തിനു അന്യോഷിച്ച തോമസ് ചേട്ടൻ ഞെട്ടിപ്പോയി. റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ ആണ്‌ ഈ പത്തു പേർ

കാലിഫോർണിയയിൽ നിന്നും ചിക്കാഗോയിൽ നിന്നും തുടങ്ങി അമേരിക്കയിലെ തണുപ്പുള്ള വിവിധ സംസ്‌ഥാനങ്ങളിൽ നിന്നും ഹൂസ്റ്റനിലേയ്ക്കു മൂവ് ചെയ്യുന്ന കുടുംബങ്ങളെ പള്ളിയിൽ വച്ചു പരിചയപ്പെടുവാനും അവർക്കു വീട് വാങ്ങി കൊടുക്കുവാനും പരസ്പരം മത്സരിക്കുന്നവർ ആണ്‌ ഈ പത്തു സൂട്ട് ധാരികൾ

അപ്പോഴാണ് തോമസ് ചേട്ടനും ആലോചിച്ചത് തനിക്കും എന്തുകൊണ്ട് ഒരു ബ്രോക്കർ ആയി കൂടാ. വയസാൻ കാലത്തെങ്കിലും പത്തു കാശ് ഉണ്ടാക്കാം. മേരിയുടെ ആട്ടും തുപ്പും കൊണ്ടു മടുത്തു

പിറ്റേ ദിവസം മുതൽ തോമസ് ചേട്ടൻ റിയൽ എസ്റ്റേറ്റ് ബ്രോക്കർ ലൈസൻസ് പരിക്ഷ പാസാക്കുവാൻ ഉള്ള ഒരുക്കങ്ങൾ ആരംഭിച്ചു. അതിനായി മകൻ ടോണിയുടെ സഹായം തേടി

അഞ്ചു പ്രാവശ്യം പരീക്ഷ എഴുതി നാലു പ്രാവശ്യം തോറ്റെങ്കിലും ടോണിയുടെ സഹായത്താൽ അഞ്ചാം പ്രാവശ്യം എക്സാം പാസായി തോമസ് ചേട്ടൻ ലൈസൻസ് എടുത്തു

പിറ്റേ ഞായറാഴ്ച പള്ളിയിൽ പോകാൻ റെഡിയായിക്കൊണ്ടിരുന്നപ്പോൾ തോമസ് ചേട്ടൻ മേരി ചേച്ചിയോട് പറഞ്ഞു. എടി മേരി ഒരു നൂറു ഡോളർ താ ഒരു സൂട്ടു വാങ്ങാനാ

ഇത് കേട്ടതോടെ പുരോഗമന ചിന്താ ഗതിക്കാരി ആയ മേരി നൂറു ഡോളർ എടുത്തു കൊടുത്തിട്ടു തോമസ് ചേട്ടനോട് പറഞ്ഞു. തോമാച്ചായ മേസിസിലും ജെ സി പെന്നിയിലും ഒന്നും പോകണ്ട ആ വാൾമാർട്ടിൽ പോയി ഈ കാശിനു ഒരു സൂട്ടു വാങ്ങീട്ടു വേഗം പള്ളിയിലേയ്ക്കു പോരേ. ഞാനും ടോണികുട്ടനും ക്ലാരമോളും കൂടി ബി എം ഡബ്ല്യൂ വിൽ പള്ളിയിലേയ്ക്കു പോവുകയാ

വാൾമാർട്ടിൽ പോയി സൂട്ടു വാങ്ങി അതും ഇട്ടുകൊണ്ട് കുർബാന തുടങ്ങി പത്തു മിനുട്ടു വൈകി പള്ളിയ്ക്കുള്ളിൽ പ്രവേശിച്ച തോമസ് ചേട്ടനെ കണ്ടു കുർബാന കണ്ടു കൊണ്ടിരുന്നവരും കുർബാന ചൊല്ലിക്കൊണ്ടിരുന്ന അച്ഛനും അമ്പരന്നു

മേരി ചേച്ചിയുടെ അടുത്തു അല്പം ഗമയോടെ ഇരുന്നു കുർബാന കണ്ടു കഴിഞ്ഞപ്പോൾ ആണ്‌ അച്ഛൻ മൈക്കിൽ കൂടി അനൗൺസ് ചെയ്തത്. ഇന്ന് ആദ്യമായി ഈ പള്ളിയിൽ വന്നിരിക്കുന്ന ഫാമിലി ആരെങ്കിലും ഉണ്ടെങ്കിൽ എണീറ്റു നിൽക്കണം

പിന്നിലേയ്ക്കു നോക്കിയ തോമസ് ചേട്ടൻ ഞെട്ടി പോയി നാട്ടിൽ തന്റെ തൊട്ടയൽവാസിയും ബാല്യ കാല സുഹൃത്തും ആയിരുന്ന വർഗീസ് ഭാര്യയോടും രണ്ടു പെൺ മക്കളോടും കൂടി എണീറ്റു നില്കുന്നു

അവർ ഫിലദൽഫിയയിൽ നിന്നും ഹൂസ്റ്റനിലേയ്ക്കു മൂവ് ചെയ്തതാണെന്നു അച്ഛന്റെ ചോദ്യത്തിന് മറുപടി പറയുന്ന കേട്ട തോമസ് ചേട്ടൻ മനസ്സിൽ കുറിച്ചു. തന്റെ ആദ്യത്തെ ഇര എന്റെ കളി കൂട്ടുകാരൻ വർഗീസ് തന്നെ ആകട്ടെ

കുർബാന കഴിഞ്ഞു വർഗീസിനെ അന്യോഷിച്ചു പള്ളിയുടെ പാരിഷ് ഹാളിൽ പാഞ്ഞു ചെന്ന തോമസ് ചേട്ടൻ കണ്ടത് വർഗീസിനും ഭാര്യ ഡെയ്സിക്കും മക്കൾക്കും ചുറ്റും ബ്രോക്കർമാരായ പത്തു സൂട്ടു ധാരികൾ വളയുന്നതാണ്

ഒരു വിധത്തിൽ പത്തു സൂട്ടു ധാരികളെയും തള്ളി മാറ്റി വർഗീസ് ചേട്ടന്റ അടുത്തു എത്തിയ തോമസ് ചേട്ടൻ പറഞ്ഞു എടാ വർഗീസേ നിനക്ക് എന്നെ മനസ്സിലായോ ഞാൻ തോമാച്ചൻ. നീ അവരുടെ അടുത്തു നിന്നും വീട് വാങ്ങരുതേ എനിക്ക് ലൈസൻസ് ഉണ്ട് ഞാൻ വാങ്ങി തരാം

ഇത് കേട്ട വർഗീസ് ചേട്ടൻ പറഞ്ഞു വേറെ ആരുടെ അടുത്തു നിന്നും വാങ്ങിയാലും നിന്നെ ബ്രോക്കർ ആക്കി ഞാൻ വീട് വാങ്ങില്ല. കാരണം ആറാം ക്ലാസിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ നീ എന്നെ ചെരുപ്പ് ഊരി അടിച്ചത് ഞാൻ മറന്നിട്ടില്ല

ഇത് കേട്ടതോടെ നാണംകെട്ടു ആകെ ഇളിഭ്യൻ ആയി തോമസ് ചേട്ടൻ ഒരു വിധത്തിൽ പള്ളിയിൽ നിന്നും മുങ്ങി

ഒരാഴ്ച കഴിഞ്ഞു പള്ളിക്കാരിൽ നിന്നും ആണ്‌ തോമസ് ചേട്ടൻ അറിയുന്നത് വർഗീസ് വീട് വാങ്ങി താമസം തുടങ്ങിയെന്നു

തോമസ് ചേട്ടനെയും കുടുംബത്തെയും പോലെ തന്നെ തോമസ് ചേട്ടന്റെ ശത്രു വർഗീസ് ചേട്ടനും കുടുംബവും പള്ളിയിൽ വളരെ ആക്റ്റീവ് ആയി. മൂത്ത മകൾ നഴ്സ് ആയ ജൂലി ഗായിക ആയത് കൊണ്ടു കൊയർ ടീമിൽ കയറി

പള്ളിയിലെ വിശേഷ ദിവസങ്ങളിലെ റിഹേഴ്സലിനെ പറ്റി അറിയുവാനും സംശയങ്ങൾ ചോദിക്കുവാനും ജൂലി ടീം ലീഡർ ആയ ഡോക്ടർ ടോണിയെ ഇടയ്ക്കു ഫോൺ ചെയ്യുവാൻ തുടങ്ങി

കാണുവാൻ വലിയ മെച്ചം ഇല്ലെങ്കിലും വടിവോത്ത ശരീരവും ചെറിയൊരു നർത്തകി കൂടി ആയ ജൂലിയുടെ കൊഞ്ചി കൊഞ്ചിയുള്ള കിളി ശബ്ദത്തിൽ ഉള്ള വാചകമടിയിൽ മുപ്പത്തി അഞ്ചുകാരനായ സുന്ദരൻ ആയ ടോണി വീണുപോയി

ഒടുവിൽ ടോണി വീട്ടിൽ തോമസ് ചേട്ടനോടും മേരി ചേച്ചിയോടും നഴ്സ് ആയ ജൂലിയെ വിവാഹം കഴിക്കണം എന്നുള്ള ആഗ്രഹം അറിയിച്ചു

ഇത് കേട്ട തോമസ് ചേട്ടൻ പൊട്ടിത്തെറിച്ചു. എന്റെ ശത്രുവിന്റെ മകളെ തന്നെ നിനക്കു വിവാഹം കഴിക്കണം അല്ലേ അതും ഡോക്ടർ ആയ നീ ഒരു നഴ്സിനെ. ഞാൻ ജീവനോടെ ഇരിക്കുമ്പോൾ ഇത് നടക്കില്ല. ഇത് കേട്ട ടോണി പറഞ്ഞു ഞാൻ വിവാഹം കഴിക്കുകയാണെങ്കിൽ അതു ജൂലിയെ മാത്രം ആയിരിക്കും. നിങ്ങൾക്കു ആലോചിക്കുവാൻ ഒരു മാസം സമയം തരാം

സംഭവം പള്ളിയിൽ മുഴുവൻ പാട്ടായി ഒടുവിൽ അച്ചന്റെ ചെവിയിലും എത്തി. അതോടെ അച്ഛൻ പ്രശ്നം പരിഹരിക്കുവാൻ ശ്രേമം ആരംഭിച്ചു

പിറ്റേ ഞായറാഴ്ച കുർബാനയ്ക്കു ശേഷം അച്ചന്റെ മധ്യസ്‌ഥതയിൽ കൈക്കാരനും ട്രസ്റ്റിയും തോമസ് ചേട്ടന്റ കുടുംബവും വർഗീസ് ചേട്ടന്റെ കുടുംബവും ഒരു മേശയ്ക്കു ചുറ്റും ഇരുന്നു ചർച്ച ആരംഭിച്ചു

തോമസ് ചേട്ടൻ രണ്ടു ഡിമാൻഡ് വച്ചു ടോണി ഡോക്ടർ ആയതുകൊണ്ട് വെറുമൊരു നഴ്സിനെ കൊണ്ടു അവനെ കെട്ടിക്കാൻ പറ്റില്ല. കുറഞ്ഞപക്ഷം ഒരു നഴ്സ് പ്രാക്ടീഷണർ എങ്കിലും ആയിരിക്കണം. രണ്ടാമത് എന്റെ കുടുംബത്തിന്റെ അന്തസിനു ചേരണമെങ്കിൽ വർഗീസ് സൂട്ടു ധരിച്ചേ ഇനിമുതൽ പള്ളിയിൽ വരാവൂ

ഇത് കേട്ട വർഗീസ് ചേട്ടൻ അപ്പോൾ തന്നെ മറുപടി പറഞ്ഞു. രണ്ടു വർഷം സമയം തരണം ജൂലിയെ പഠിപ്പിച്ചു നഴ്‌സ്‌ പ്രാക്ടീഷണർ ആക്കാം

അതു പറഞ്ഞു കഴിഞ്ഞു വർഗീസ് ചേട്ടൻ എണീറ്റിട്ടു പറഞ്ഞു എടാ തോമ നിന്റെ കുടുംബത്തിന്റെ അന്തസ് എന്താണെന്നു വേറെ ആരെക്കാളും കൂടുതൽ നന്നായി എനിക്കറിയാം. അങ്കമാലിയിൽ കൂടി നാട്ടുകാരെ പതയടിച്ചും പറ്റിച്ചും നടന്നവൻ അല്ലേ നീ. അമേരിക്കയിൽ വന്നിട്ട് നീ പണി എടുത്തിട്ടുണ്ടോ പിള്ളേരെ വളർത്തും അടുക്കള പണിയും ഭാര്യയുടെ തുണി അലക്കും അല്ലായിരുന്നോ നിനക്ക് പണി. ഞാൻ തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്നും ബി എസ് സി ഫസ്റ്റ് ക്ലാസിൽ പാസായി അമേരിക്കയിൽ എത്തി നല്ല ഉദ്യോഗത്തിൽ ഇരുന്നു ഉയർന്ന ശമ്പളം വാങ്ങിയവൻ ആണ്‌. എന്റെ ജോലി സംബന്ധമായ മീറ്റിംഗുകൾക്കോ പാർട്ടികളിലോ മാത്രമേ ഞാൻ സൂട്ടു ധരിക്കാറുള്ളൂ

ഇതോടെ തോമസും വർഗീസും തമ്മിൽ കനത്ത വാക്കേറ്റം ഉണ്ടായി കയ്യാങ്കളിയുടെ വക്കിൽ എത്തി

ഉടനെ അച്ചൻ ഇടപെട്ടു രണ്ടു പേരെയും പിടിച്ചു മാറ്റി. ഒരു നിമിഷം ആലോചിച്ചിട്ട് അച്ചൻ തീരുമാനം പറഞ്ഞു. വിവാഹം ഒരു മാസത്തിനുള്ളിൽ നടത്താം. വിവാഹ ശേഷം ജൂലി പഠിച്ചു നഴ്സ് പ്രാക്ടീഷണർ ആകട്ടെ. വർഗീസ് ചേട്ടന് ഇഷ്ടം ഉള്ളപ്പോൾ സൂട്ടു ധരിച്ചാൽ മതി

അങ്ങനെ രണ്ടാഴ്ച കഴിഞ്ഞുള്ള ഒരു ശനിയാഴ്ച പള്ളിയിൽ വച്ചു ടോണിയുടെയും ജൂലിയുടെയും വിവാഹം നടന്നു. തുടർന്ന് ഹൂസ്റ്റനിലെ പ്രസിദ്ധമായ ഹിൽറ്റൺ ഫൈവ് സ്റ്റാർ റിസോർട്ടിൽ വച്ചു ആയിരം പേർ പങ്കെടുത്ത വെഡിങ് പാർട്ടിയും നടന്നു. പാർട്ടിയിലെ ഏറ്റവും ഹൈലൈറ്റ് ആയത് പള്ളിയിലെ പന്ത്രണ്ടു നഴ്‌സ്‌ പ്രാക്ടീഷണർമാർ ജൂലിയുടെ നേതൃത്വത്തിൽ ജീൻസും ടീ ഷർട്ടും കൂളിംഗ് ഗ്ലാസും ധരിച്ചുള്ള സിനിമാറ്റിക് ഡാൻസ് ആയിരുന്നു.

സുനിൽ വല്ലാത്തറ ഫ്ലോറിഡാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com