നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരണം 157 ആയി. നിരവധി പേരെ കാണാതായി. ഇതില്‍ 133 പേര്‍ ഇന്ത്യക്കാരാണ്. പ്രദേശത്ത് കുടുങ്ങിയ 36 അംഗ മലയാളി സംഘം സുരക്ഷിതരാണ്. ഭൂചലനത്തെ തുടര്‍ന്ന് മഞ്ഞുമലയും കൂറ്റന്‍ പാറകളും ഇടിഞ്ഞുവീണതാണ് പ്രളയത്തിന് കാരണമായതെന്നാണ് നിഗമനം.
നേപ്പാളിലെ റസുവ ജില്ലയില്‍ ഭോട്ടെ കോശി, തൃശൂലി നദികളിലാണ് മിന്നല്‍ പ്രളയമുണ്ടായത്. നേപ്പാളിലെ നുവകോട്ട്, ദാഡിംഗ് ജില്ലകളില്‍ വന്‍ നാശനഷ്ടം ഉണ്ടായി. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്ഥലത്തെ മിന്നല്‍പ്രളയത്തില്‍, പ്രദേശത്തെ മാര്‍ക്കറ്റും പാലവും അടക്കം ഒലിച്ചുപോയി. 19 പാലങ്ങളും 40 കിലോമീറ്റര്‍ റോഡും പ്രളയത്തില്‍ തകര്‍ന്നു. സൈന്യത്തിന്റെ അടക്കം നേതൃത്വത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
ടിബറ്റന്‍ മേഖലയിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് മഞ്ഞുമലയും കൂറ്റന്‍ പാറകളും ഇടിഞ്ഞുവീണതാണ് പ്രളയത്തിന് കാരണമായതെന്നാണ് നിഗമനം. വെള്ളപ്പൊക്ക സാധ്യതയെ തുടര്‍ന്ന് ബിഹാറിലും ഉത്തര്‍പ്രദേശിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട് .
നേപ്പാളില്‍ വീണ്ടും പ്രളയത്തിന് സാധ്യതയുണ്ടെന്ന് ചൈന മുന്നറിയിപ്പ് നല്‍കി നേപ്പാള്‍ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ സംസാരിച്ചു. 10 ടണ്‍ ദുരിതാശ്വാസസാമഗ്രികളുമായി വ്യോമസേന വിമാനം സി-130J നേപ്പാളിലേക്ക് പുറപ്പെട്ടു. അടിയന്തര സഹായത്തിന് നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്ക് തുടങ്ങി.



