ധവള പത്രം പുറത്തിറങ്ങി. കേരളത്തിന്റെ ആകെ കടം :5.07 ലക്ഷം കോടി രൂപ
തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു.
കേരളത്തിൻ്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന് ധവളപത്രത്തിലെ വിവരങ്ങൾ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനം കടുത്ത ട്രഷറി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും 2025-ൽ മാത്രം 262 ദിവസം വേയ്സ് ആൻഡ് മീൻസ് അഡ്വാൻസിനെയും 84 ദിവസം ഓവർഡ്രാഫ്റ്റിനെയും ആശ്രയിക്കേണ്ടി വന്നുവെന്നത് ഖജനാവിന്റെ ദയനീയാവസ്ഥ വെളിപ്പെടുത്തുന്നു.
സംസ്ഥാനത്തിൻ്റെ ആകെ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി മാറ്റിവെക്കേണ്ടി വരുന്നത് വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ/ഡി.ആർ കുടിശ്ശികയിനത്തിൽ മാത്രം 48,733 കോടി രൂപയുടെ അധിക ബാധ്യതയാണ് പുതിയ സർക്കാരിന് ഏറ്റെടുക്കേണ്ടി വന്നിട്ടുള്ളത്.
അതേസമയം, സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തിനായുള്ള മൂലധന ചെലവ് രാജ്യത്തെ തന്നെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്നത് ആശങ്കാജനകമാണെന്നും ധവളപത്രത്തിൽ വ്യക്തമാക്കുന്നു.
കിഫ്ബി (KIIFB) വഴി എടുത്തിട്ടുള്ള ഏകദേശം 21,000 കോടി രൂപയുടെ വായ്‌പാ ബാധ്യത യഥാർത്ഥത്തിൽ സംസ്ഥാനത്തിന്റെ തന്നെ കടമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇതിനു പുറമെ കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിറ്റി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ സഞ്ചിത നഷ്ടം 78,851 കോടി രൂപയായി ഉയർന്നു.
സാമ്പത്തിക ഞെരുക്കം കാരണം പട്ടികജാതി, പട്ടികവർഗം, ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവർക്കായുള്ള പദ്ധതി വിഹിതത്തിൽ കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായ കുറവുണ്ടായതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.



