Tuesday, August 18, 2026
Homeഅമേരിക്കസമാധാനമില്ലാതെ കടന്നുപോയ ആ ഓണം (ഓർമ്മക്കുറിപ്പ്) ✍ ഉഷ പ്രേം, കോഴിക്കോട്

സമാധാനമില്ലാതെ കടന്നുപോയ ആ ഓണം (ഓർമ്മക്കുറിപ്പ്) ✍ ഉഷ പ്രേം, കോഴിക്കോട്

വർഷങ്ങൾക്കിപ്പുറം തിരിഞ്ഞുനോക്കുമ്പോൾ ചിങ്ങമാസം പുലരുമ്പോൾ മനസ്സിന്റെ ഏതോ പഴയ കോണിൽ നിന്ന് ഒരു ഓണക്കാലം പതുക്കെ ഉണരും. എന്റെ പഴയ എന്നെ തിരികെ കൊണ്ടുവരുന്ന ഒരു കാലം. അന്ന് ഞാൻ ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് മടങ്ങാൻ കൊതിച്ചിരുന്ന ഒരു പെൺകുട്ടിയായിരുന്നു. ആ കൊതിക്കൊപ്പം ഒരു ചെറിയ കുസൃതിയും, അതിന്റെ പിന്നാലെ വന്ന വലിയൊരു പേടിയും ചേർന്നൊരു ഓണം!

—പ്രൊവിഡൻസ് കോളേജിലെ ഹോസ്റ്റൽ കാലത്തെ ഒരു ഓണം.
ഡിഗ്രിക്ക് ചേർന്നിട്ട് കഷ്ടിച്ച് ഒരു മാസമേ ആയിരുന്നുള്ളൂ. അച്ഛൻ അന്ന് തിരൂർ DySP. ഇടയ്ക്കിടെ ട്രാൻസ്ഫർ ഉണ്ടാകുന്നതിനാൽ എന്നെ കോഴിക്കോട് പ്രൊവിഡൻസ് കോളേജ് ഹോസ്റ്റലിൽ നിർത്തിയിരിക്കുകയായിരുന്നു. വീട്ടിൽ നിന്ന് അകന്നുനിൽക്കാൻ ഒട്ടും മനസ്സുണ്ടായിരുന്നില്ല. എല്ലാ വാരാന്ത്യത്തിലും വീട്ടിലേക്ക് പോകണമെന്നായിരുന്നു ആഗ്രഹം. അതിനായി വാർഡനായിരുന്ന സിസ്റ്ററുടെ മുന്നിൽ ചെന്നു അനുവാദം ചോദിക്കുന്നതും, മറുപടിയായി വഴക്ക് കേൾക്കുന്നതും പതിവായിരുന്നു.
അങ്ങനെയിരിക്കെയാണ് ഓണം എത്തുന്നത്.

ക്ലാസ് കഴിഞ്ഞാൽ ഓണാവധി തുടങ്ങും. പക്ഷേ എല്ലാവരുടെയും മനസ്സുകൾ വീട്ടിലെത്തിക്കഴിഞ്ഞിരുന്നു.
അപ്പോഴാണ് ഞങ്ങൾ കുറച്ചുപേരുടെ മനസ്സിൽ ഒരു ചെറിയ കുസൃതി മുളച്ചത്.
വൈകുന്നേരം വരെ കാത്തിരിക്കണമെന്നുണ്ടോ? രാവിലെ തന്നെ വീട്ടിലെത്തിയാലോ?
ആ ചിന്ത വന്നതോടെ കണ്ണുകളിൽ ഒരു രഹസ്യ തിളക്കം. പതുക്കെ ആലോചന പ്ലാനായി.
അങ്ങനെ, ഓണത്തെക്കാൾ ആവേശം നിറഞ്ഞ ഒരു ചെറിയ ഒളിച്ചോട്ടത്തിന് ഞങ്ങൾ രഹസ്യമായി തയ്യാറെടുത്തു.

ബാഗുകളെല്ലാം നേരത്തെ തയ്യാറാക്കി. ബ്രേക്ക്ഫസ്റ്റിന്റെ സമയത്ത് അവ സുരക്ഷിതമായി പുറത്തേക്ക് മാറ്റി. ഹോസ്റ്റലിൽ നിന്ന് ഇറങ്ങുമ്പോൾ കൈയിൽ ബാഗുകളൊന്നുമില്ല. സംശയം തോന്നാതിരിക്കാൻ ഓരോരുത്തരും പല വഴികളിലൂടെ ഇറങ്ങി. പിന്നെ ഒരു ഷോർട്ട്കട്ട് വഴി കുന്നിറങ്ങി.

നെഞ്ചിൽ പേടിയുടെ പെരുമ്പറയും ഉള്ളിൽ വീട്ടിലെത്താനുള്ള ആഹ്ലാദവും. ആരുടെയും കണ്ണിൽപ്പെടാതെ, ചിരി പോലും അടക്കിപ്പിടിച്ച്, ഞങ്ങൾ ഒളിച്ചും പതുങ്ങിയും ആ കുന്നിറങ്ങി. അന്ന് ആ കുന്നിറക്കം പിടിക്കപ്പെടാതെ വീട്ടിലെത്താനുള്ള ഞങ്ങളുടെ ആദ്യത്തെ സാഹസമായിരുന്നു.

മലാപറമ്പ് ജംഗ്ഷനിലെത്തി ബസ് പിടിച്ചു. അവിടെ നിന്ന് ഓരോരുത്തരും അവരവരുടെ നാട്ടിലേക്ക്. ഞങ്ങൾ മൂന്നുപേർ ട്രെയിനിൽ.
തിരൂർ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് നടക്കുമ്പോഴാണ് പെട്ടെന്ന് ഒരു ചിന്ത—
“ഇന്ന് എന്തേ ക്ലാസ് ഇല്ലായിരുന്നോ എന്ന് അച്ഛൻ ചോദിച്ചാൽ?”

വീട്ടിലെത്തിയപ്പോൾ അച്ഛനില്ലായിരുന്നു. ഭാഗ്യം! അമ്മയോട് സത്യം പറഞ്ഞു. എന്റെ ഹോം സിക്ക്നസ് അമ്മയ്ക്ക് അറിയാമായിരുന്നു. എന്നെ ശാസിക്കുന്നതിന് പകരം അമ്മ ഒന്ന് ചിരിച്ചു.

പിന്നെ അമ്മയുടെ അരികിലിരുന്ന് വിശേഷങ്ങൾ പറയുമ്പോൾ, . വീട്ടിലെത്തിയതിന്റെ സന്തോഷത്തേക്കാൾ, അമ്മയുടെ മടിത്തണലിൽ തിരിച്ചെത്തിയതുപോലെ.

ചേച്ചിമാരും മക്കളും വന്നു. പൂക്കളമൊരുങ്ങി. സദ്യയുടെ മണം വീടുനിറഞ്ഞു. സിനിമയും ചിരിയും സംസാരവുമൊക്കെയായി ദിവസങ്ങൾ കടന്നുപോയി.
എങ്കിലും ആ സന്തോഷത്തിനിടയിലും ഒരു മുഖം ഇടയ്ക്കിടെ ഓർമ്മയിൽ തെളിഞ്ഞു—വാർഡൻ സിസ്റ്ററുടെ മുഖം.
“പിടിച്ചാൽ?”
ഓരോ ദിവസവും വെക്കേഷൻ തീരുന്നതിനോടൊപ്പം ആ പേടിയും വളർന്നു.

ആ ദിവസങ്ങളിൽ ഒരു ചെറിയ സന്തോഷം കൂടി ഓർമ്മയിൽ ചേർന്നു. ഞങ്ങളുടെ റസിഡൻസ് അസോസിയേഷൻ നടത്തിയ പൂക്കളമത്സരത്തിൽ ഞങ്ങൾ പങ്കെടുത്തു. അച്ഛന്റെ ഓഫീസിലെ ശ്രീധരൻ എന്ന പോലീസുകാരൻ വരച്ചുതന്ന മനോഹരമായ ഡിസൈൻ നോക്കി ഞങ്ങൾ പൂക്കളം ഒരുക്കി.
ഒന്നാം സമ്മാനം ഞങ്ങൾക്ക്!
ആ സന്തോഷത്തിനും അധികം നാൾ ആയുസ്സുണ്ടായിരുന്നില്ല. കോളേജ് തുറക്കാനുള്ള ദിവസം വന്നെത്തി.

രാവിലെ ട്രെയിനിൽ കോഴിക്കോട് എത്തി. അവിടെ നിന്ന് കോളേജ് ബസിൽ ഹോസ്റ്റലിലേക്ക്. ബാഗ് മുറിയിൽ വെച്ച് ക്ലാസിലേക്ക് നടക്കുമ്പോൾ, കഴിഞ്ഞ ദിവസങ്ങളിലെ കാര്യം ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമോ എന്നൊരു ഭയം മനസ്സിൽ കൂടുകൂട്ടി. എപ്പോൾ വേണമെങ്കിലും സിസ്റ്ററുടെ ചോദ്യം വന്നേക്കാമെന്ന ചിന്ത നേർത്ത വിറയലായി ബാക്കിനിന്നു.

വൈകുന്നേരം റൂമിൽ എല്ലാവരും ഒത്തുകൂടി. വീട്ടിൽ നിന്ന് കൊണ്ടുവന്ന പലഹാരങ്ങൾ പങ്കിട്ടും വിശേഷങ്ങൾ പറഞ്ഞും ഇരിക്കുമ്പോഴാണ് വിളി വന്നത്.
“എല്ലാവരും താഴത്തെ ഹാളിൽ വരണം. സിസ്റ്റർക്ക് സംസാരിക്കാനുണ്ട്.”
അത്രയേ കേട്ടുള്ളു.
ഹൃദയം താഴേക്ക് വീണു.
ഇനി എല്ലാം പുറത്തുവരും!

ഞങ്ങൾ ഹാളിൽ ചെന്ന് ഇരുന്നു. സിസ്റ്റർ സംസാരിച്ചു തുടങ്ങി. ഓണത്തെക്കുറിച്ചും പഠനത്തെക്കുറിച്ചും മറ്റെന്തൊക്കെയോ.
ഞാൻ ഒന്നും കേട്ടില്ല.
എന്റെ കാതുകൾ സിസ്റ്ററുടെ വാക്കുകളിലായിരുന്നില്ല; വരാനിരിക്കുന്ന ശിക്ഷയിലായിരുന്നു.
അവസാനം സിസ്റ്റർ എല്ലാവരോടും “ഗുഡ് നൈറ്റ്” പറഞ്ഞു.

എല്ലാവരും എഴുന്നേറ്റ് റൂമുകളിലേക്ക് മടങ്ങി.
അപ്പോഴാണ് ഞാൻ ശരിക്കും ശ്വാസം വിട്ടത്.
സിസ്റ്റർ ഒന്നും അറിഞ്ഞിരുന്നില്ല. അറിഞ്ഞവർ ആരോടും പറഞ്ഞതുമില്ല.

അങ്ങനെ ഞങ്ങളുടെ ആ ചെറിയ സാഹസം, അതിന്റെ എല്ലാ പേടികളോടും ചിരികളോടും കൂടി, ഓർമ്മയുടെ ഒരു കോണിൽ സുരക്ഷിതമായി കിടന്നു.

അന്ന് പേടിച്ചുകൊണ്ട് കടന്നുപോയ ആ ഓണം, ഇന്ന് ഓർക്കുമ്പോൾ ഒരു മധുരമുള്ള കുസൃതിയായി തോന്നും. അതിനൊപ്പം കണ്ണിന്റെ കോണിൽ ഒരു നനവും.
സമാധാനമില്ലാതെ കടന്നുപോയ ഒരു ഓണം;
പക്ഷേ ഓർമ്മകളിൽ ഇന്നും പൂത്തുനിൽക്കുന്ന ഒരു പൂക്കളം.

ഉഷ പ്രേം, കോഴിക്കോട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ