സ്വപ്നം കണ്ടത് പോലും മലയാളത്തിൽ
———————
സിനിമാലോകം കനിഞ്ഞുനല്കിയ അളവറ്റ ആദരങ്ങൾക്കും അംഗീകാരങ്ങൾക്കുമെല്ലാം അപ്പുറത്ത് എസ് ജാനകി എന്നും ഹൃദയത്തോട് ചേർത്തുവെച്ച ചില അപൂർവ സുന്ദര നിമിഷങ്ങളുണ്ട്. സംഗീതജീവിതം സാർത്ഥകമായി എന്ന് തോന്നിയ അമൂല്യ മുഹൂർത്തങ്ങൾ.
1990 കളിലാണ്. ഒരു അമേരിക്കൻ പര്യടനത്തിനിടെ കഠിനമായ നെഞ്ചുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നു ജാനകി. മകനൊഴിച്ചു അടുത്ത ബന്ധുക്കൾ ആരും ഒപ്പമില്ല. പരിചിതമല്ലാത്ത നാട്; ഭാഷ. മരുന്നിന്റെ ക്ഷീണം കൊണ്ട് മയങ്ങിപ്പോയി ഗായിക. സുദീർഘമായ മയക്കം കഴിഞ്ഞുണർന്നപ്പോൾ ചുറ്റും മലയാളഭാഷയുടെ മഴപ്പെയ്ത്ത്. മുറി നിറയെ നഴ്‌സുമാരാണ്. കോട്ടയംകാർ, തിരുവല്ലക്കാർ, കാഞ്ഞിരപ്പള്ളിക്കാർ, തൃശൂർക്കാർ….അങ്ങനെ പലരും. മയങ്ങിക്കിടന്ന പ്രിയഗായികയെ ഇഷ്ടത്തോടെ നോക്കിക്കൊണ്ടു ചുറ്റും നിൽക്കുന്നു അവർ. “ഞാനുണർന്നപ്പോൾ അവരിലാരോ പതുക്കെ മൂളി: സൂര്യകാന്തീ സൂര്യകാന്തീ സ്വപ്നം കാണുവതാരെ…. ഒരു നിമിഷം കേരളത്തിലെ ഏതോ ഗ്രാമത്തിൽ വന്നുപെട്ട പോലെ. ആശുപത്രിയിൽ ചിലവഴിച്ച മൂന്നു ദിവസവും അവർ എന്നെ സ്വന്തം സഹോദരിയെ പോലെ, അമ്മയെ പോലെ ശുശ്രൂഷിച്ചു. ഞാൻ ഉറങ്ങുമ്പോൾ പോലും എനിക്ക് കൂട്ടിരുന്നു. വെറുതെ എന്നെ നോക്കിയിരുന്ന് ഉറക്കം കളയുന്നതെന്തിന് എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു: ഉറങ്ങുമ്പോൾ പോലും അമ്മയുടെ ചുണ്ടിൽ ഒരു പാട്ടുണ്ട്; അറിയുമോ?” എന്തു പറയണം എന്നറിയാതെ നിറ കണ്ണുകളോടെ അവരെ നോക്കിക്കിടന്നു ജാനകി.
മറ്റൊരിക്കൽ, കടുത്ത ശ്വാസതടസ്സവുമായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെത്തിയ ജാനകിക്ക് പെട്ടെന്നുള്ള രോഗവിമുക്തിക്കായി ഡോക്ടർ കുത്തിവെച്ചത് പെനിസിലിൻ അടങ്ങിയ മരുന്ന്. പണ്ടേ പെനിസിലിൻ അലർജിയാണ് ജാനകിക്ക്. ഇത്തിരി അകത്തുചെന്നാൽ പക്ഷാഘാതം വരെ സംഭവിക്കാമെന്നാണ് മെഡിക്കൽ വിദഗ്ധരുടെ മുന്നറിയിപ്പ്. കാര്യമറിയാതെ ഡോക്ടർ നടത്തിയ “പെനിസിലിൻ ചികിത്സ”യുടെ തിക്തഫലങ്ങൾ ജാനകി അനുഭവിച്ചു തുടങ്ങിയത് ആശുപത്രിയിൽ നിന്ന് തിരികെ വീട്ടിലെത്തിയ ശേഷമാണ്. “ശ്വാസം അൽപ്പാൽപ്പമായി നിലച്ചുപോകും പോലെ. ശരീരമാകെ വിയർപ്പിൽ മുങ്ങുന്നു. ഡോക്ടറെ വിളിച്ചു പറഞ്ഞപ്പോൾ ഒരു നിമിഷം പോലും പാഴാക്കാതെ ആശുപത്രിയിൽ എത്തണമെന്നാണ് കിട്ടിയ നിർദേശം. എനിക്കാണെങ്കിൽ ബോധം നഷ്ടപ്പെട്ടു തുടങ്ങി. ഇനിയുള്ള ഓരോ നിമിഷവും അപകടം നിറഞ്ഞതാണ്. വീട്ടിലെ കാർ വർക്ക്‌ഷോപ്പിലായിരുന്നു. ആ സന്ദിഗ്ദ്ധ ഘട്ടത്തിൽ ആപൽബാന്ധവനായി എത്തിയത് മലയാളിയായ ഒരു ആംബുലൻസ് ഡ്രൈവറാണ്.” – ജാനകി.
കിലോമീറ്ററുകൾ അകലെയാണ് ആശുപത്രി. നിരത്തിലാണെങ്കിൽ ശ്വാസം മുട്ടിക്കുന്ന തിരക്കും. തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ അസാമാന്യ വൈദഗ്ദ്യത്തോടെ വണ്ടി ഓടിക്കുന്നു ഡ്രൈവർ. അത്രയും സാഹസികമായി അതിനുമുൻപ് ഡ്രൈവ് ചെയ്തിട്ടുണ്ടാവില്ല അയാൾ. “പത്തു മിനിറ്റിനുള്ളിൽ ആ മനുഷ്യൻ എന്നെ ആശുപത്രിയിലെത്തിച്ചു എന്ന കാര്യം മകൻ പറഞ്ഞാണ് പിന്നീട് ഞാനറിഞ്ഞത്. ബോധഹീനയായ എന്നെ അയാൾ തന്നെ താങ്ങിപ്പിടിച്ച് ഡോക്ടറുടെ മുന്നിലെത്തിക്കുകയായിരുന്നു. അൽപ്പം കൂടി വൈകിയിരുന്നെങ്കിൽ ആ അബോധാവസ്ഥയിൽ നിന്ന് ഞാൻ ഒരിക്കലും ഉണരുകില്ലായിരുന്നത്രേ …”
മലയാളിയായ ആ ഡ്രൈവർ അന്ന് പറഞ്ഞ വാക്കുകൾ എന്നുമുണ്ടായിരുന്നു ജാനകിയുടെ ഓർമ്മയിൽ: “എന്റെ അമ്മയെ പോലെ തന്നെയാണ് എനിക്ക് ജാനകിയമ്മയും. കുട്ടിക്കാലം മുതൽ ഞാൻ കേൾക്കുന്ന ശബ്ദം. ജീവൻ പണയപ്പെടുത്തിയും അമ്മയെ ആശുപത്രിയിൽ എത്തിക്കും എന്ന് ഉള്ളിൽ ഉറച്ചു കൊണ്ടാണ് ഞാൻ സ്റ്റിയറിംഗ് പിടിച്ചത്. എല്ലാ തടസ്സങ്ങളും മറികടന്ന് കാർ ആശുപത്രിക്ക് മുന്നിൽ കൊണ്ടുചെന്നു നിർത്തിയപ്പോൾ അറിയാതെ കരഞ്ഞുപോയി ഞാൻ. എല്ലാ ദൈവങ്ങൾക്കും നന്ദി പറഞ്ഞു…”എന്ത് മറുപടി പറയണം എന്നറിയില്ലായിരുന്നു ജാനകിക്ക്.
“എന്നും ഞാൻ അയാളെ ഓർക്കും. എന്റെ ജീവൻ രക്ഷിക്കുക എന്നത് ഒരു കടമയായി കണ്ട മനുഷ്യൻ. അതിനു വേണ്ടി സ്വന്തം ജീവൻ പണയപ്പെടുത്താൻ തയ്യാറായ ഒരാൾ. അത്തരക്കാർക്കു മുൻപിൽ നമ്മൾ ആരുമല്ല എന്ന് തോന്നിയിട്ടുണ്ട്. സ്നേഹമാണ് ഏറ്റവും ഉദാത്തമായ സംഗീതം എന്ന് പറയാതെ പറയുകയായിരുന്നു അയാൾ. അതൊരു മലയാളി ആയിരുന്നു എന്നത് വ്യക്തിപരമായി എനിക്ക് ഏറെ സന്തോഷമുള്ള കാര്യം.” അഞ്ചൽ സ്വദേശിയായ ആ ഡ്രൈവറുടെ പേര് രഘുകുമാർ.
മിക്ക ഇന്ത്യൻ ഭാഷകളിലും പാടിയിട്ടുണ്ടെങ്കിലും മലയാള സിനിമയാണ് ജാനകിയുടെ ശബ്ദത്തിന്റെ അപാരമായ റേഞ്ച് ഏറ്റവും വിദഗ്ദ്ധമായി പ്രയോജനപ്പെടുത്തിയത് എന്ന് തോന്നിയിട്ടുണ്ട്. പ്രിയഗായികയെ മൈക്കിന് മുന്നിൽ സ്വതന്ത്രയായി ചിറകുവിരിച്ചു പറക്കാൻ വിടുകയായിരുന്നു മെലഡിയുടെ രാജകുമാരനായ ബാബുരാജ്. മദന്‍മോഹന് ലത എന്ന പോലെ, നൗഷാദിനു റഫി എന്ന പോലെ, സ്വന്തം സംഗീത ഭൂമികയിലെ അനിവാര്യ സാന്നിധ്യമായിരുന്നു ബാബുരാജിന് ജാനകി. ഓരോ ഹിന്ദുസ്ഥാനി രാഗത്തില്‍ നിന്നും പ്രിയഗായികയ്ക്ക് പാടാന്‍ അപൂര്‍വ സുന്ദര ഈണങ്ങള്‍ സൃഷ്ടിച്ചു ബാബുരാജ്. പഹാഡി (അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍, വാസന്ത പഞ്ചമി), രാഗേശ്രി (തേടുന്നതാരെ ഈ ശൂന്യതയില്‍, താനേ തിരിഞ്ഞും മറിഞ്ഞും), ബീംപ്ലാസ് (താമരക്കുമ്പിളല്ലോ), യമന്‍ കല്യാണ്‍ (തളിരിട്ട കിനാക്കള്‍, ആരാധികയുടെ പൂജാകുസുമം), മിശ്ര കലാവതി (അഞ്ജന കണ്ണെഴുതി ), ബിഹാഗ് (എന്‍ പ്രാണനായകനെ), കേദാര്‍ (കവിളത്തെ കണ്ണീര്‍ കണ്ട് ), ജോന്‍പുരി (ഇരു കണ്ണീര്‍ തുള്ളികള്‍)… .അങ്ങനെയങ്ങനെ.
ജാനകിയുടെ ശബ്ദത്തിലെ ഫോക് അംശമാണ് രാഘവന്‍ മാസ്റ്റര്‍ സ്വന്തം ഗാനങ്ങളില്‍ പ്രയോജനപ്പെടുത്തിയത് . മഞ്ഞണി പൂനിലാവ് (നഗരമേ നന്ദി), കൊന്നപ്പൂവേ, ഉണരുണരൂ (അമ്മയെ കാണാന്‍) ), വീണക്കമ്പി തകര്‍ന്നാലെന്നുടെ (ഉമ്മാച്ചു), ഉത്രട്ടാതിയില്‍ ഉച്ച തിരിഞ്ഞപ്പോള്‍ (കാക്കത്തമ്പുരാട്ടി) എന്നീ പാട്ടുകള്‍ എങ്ങനെ മറക്കാന്‍? മാസ്റ്ററുടെ ഈണത്തില്‍ ഭദ്രദീപം കരിന്തിരി കത്തീ (കൊടുങ്ങല്ലൂരമ്മ )എന്ന പാട്ടിനു ജാനകി പകര്‍ന്നു നല്‍കുന്ന വിഷാദ ഭാവത്തിനു പകരം വെക്കാന്‍ ഏറെ പാട്ടുകളില്ല മലയാളത്തില്‍. ദക്ഷിണാമൂര്‍ത്തി (ഇന്നലെ നീയൊരു, വടക്കിനിത്തളത്തിലെ , നീരദലതാഗൃഹം, ഗോവര്‍ധനഗിരി കയ്യിലുയര്‍ത്തി, അനുരാഗ നര്‍ത്തനത്തിന്‍), ദേവരാജൻ (പൂമണിമാരന്റെ കോവിലിൽ, മാനസസാരസ മലർമഞ്ജരിയിൽ), അര്‍ജുനന്‍ (മാനത്തിന്‍ മുറ്റത്ത് , കായല്‍ക്കരയില്‍ തനിച്ചു വന്നത് ), എം എസ് വിശ്വനാഥന്‍ (ആ നിമിഷത്തിന്റെ, വീണപൂവേ , നിശീഥിനി ), എം ബി എസ് (ഒരു വട്ടം കൂടിയെൻ, കാന്തമൃദുല, നിറങ്ങൾ തൻ), എ ടി ഉമ്മര്‍ (നീല ജലാശയത്തില്‍, സ്വര്‍ണ മുകിലുകള്‍ സ്വപ്നം കാണും, മഴമുകിലൊളി വര്‍ണ്ണന്‍, ഒരു മയില്‍പ്പീലിയായ് , മധുമക്ഷികേ), ചിദംബരനാഥ് (കേശാദിപാദം, നിദ്ര തന്‍ നീരാഴി, കുന്നിന്മേലെ നീയെനിക്കു, മാനത്തെ മണ്ണാത്തിക്കൊരു ), പുകഴേന്തി (ഗോപുര മുകളില്‍ , സുന്ദര രാവില്‍, ലോകം മുഴുവന്‍), സലില്‍ ചൗധരി (മലര്‍ക്കൊടി പോലെ , ശാരികേ, മഴവില്‍ക്കൊടി, യാമിനി ദേവീ ) , ശ്യാം (മൈനാകം, മനസ്സിന്റെ താളുകൾക്കിടയിൽ), കെ ജെ ജോയ് (ലളിതാസഹസ്രനാമജപങ്ങൾ), ഉഷാ ഖന്ന (ഉണരൂ വേഗം നീ, മാനസ മണിവേണുവില്‍), എം ജി രാധാകൃഷ്ണന്‍ (നാഥാ നീ വരും, മൗനമേ ), ജോൺസൺ (സ്വര്‍ണമുകിലേ , എന്നിട്ടും നീയെന്നെ , ഗോപികേ നിന്‍ വിരല്‍തുമ്പുരുമ്മി), ജെറി അമല്‍ദേവ് (മിഴിയോരം, മഞ്ഞണിക്കൊമ്പിൽ), രവീന്ദ്രന്‍ (തേനും വയമ്പും, രാവില്‍ രാഗനിലാവില്‍, ഓമനത്തിങ്കള്‍ കിടാവോ),…. ജാനകിയുടെ ശബ്ദമാധുരിയില്‍ നിന്ന് ഹിറ്റുകള്‍ മിനഞ്ഞെടുത്ത സംഗീതസംവിധായകരുടെ നിര ഇവിടെയെങ്ങും നില്‌ക്കില്ല.

“സംഗീത സംവിധായകന്റെ സങ്കല്‍പ്പങ്ങള്‍ക്ക് അപ്പുറത്തേക്ക് ഗാനത്തെ ഉയര്‍ത്താന്‍ കഴിവുള്ള ഗായികയാണ് ജാനകി,”– പുകഴേന്തി ഒരിക്കൽ പറഞ്ഞു. കൊച്ചനിയത്തി എന്ന സിനിമയിലെ സുന്ദര രാവില്‍ ചന്ദനമുകിലിൽ എന്ന ഗാനത്തിന്റെ പല്ലവിയിലെ `അനുരാഗത്തിന്‍ ആദ്യ നൊമ്പരം ‘ എന്ന വരിക്കു ജാനകി പകര്‍ന്നു നല്‍കിയ ഭാവ സ്പര്‍ശം അവിശ്വസനീയമായിരുന്നു പുകഴേന്തിക്ക് . `ആദ്യ’ എന്ന രണ്ടക്ഷരങ്ങളില്‍ മറ്റാരും അത്രയും പ്രണയം നിറച്ചു കേട്ടിട്ടില്ല ഞാന്‍”– പുകഴേന്തി പറഞ്ഞു. സമാനമായ ഒരനുഭവം എ ടി ഉമ്മറും വിവരിച്ചു കേട്ടിട്ടുണ്ട് . സൂത്രക്കാരിയിലെ “എകാന്തതയില്‍ ഒരാത്മാവ് മാത്രം എന്ന പാട്ടിന്റെ റെക്കോര്‍ഡിംഗ്. പാട്ടിന്റെ അവസാനം പല്ലവി ആവര്‍ത്തിക്കപ്പെടുന്ന ഭാഗത്ത് ഏകാന്തത എന്ന വാക്ക് കുറച്ചു കൂടി ഫീല്‍ കൊടുത്ത് അവതരിപ്പിക്കട്ടെ എന്നേ ജാനകി ചോദിച്ചുള്ളൂ . ഉമ്മറിന് പൂര്‍ണ്ണ സമ്മതം. “ഒരു ദീര്‍ഘ നിശ്വാസത്തിന്റെ അകമ്പടിയോടെ അവര്‍ ആ വാക്ക് ഉച്ചരിച്ചത് കേട്ടപ്പോള്‍ കണ്‍സോളില്‍ ഇരുന്നു ശരിക്കും കോരിത്തരിച്ചുപോയി ഞാന്‍ .”
ഇനിയൊരു ജന്മമുണ്ടെങ്കിൽ മലയാളിയായി ജനിക്കാൻ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചിട്ടുണ്ട് ജാനകിയമ്മയോട്. “എന്തിന്? ഈ ജന്മം തന്നെ ഞാൻ മലയാളിയല്ലേ? എന്റെ രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നു നിങ്ങളുടെ ഭാഷ; നിങ്ങളുടെ സ്നേഹവും. അറിയുമോ ഒരു കാര്യം? ഞാൻ സ്വപ്നം കാണുന്നതു പോലും മലയാളത്തിലാണ്…” നിഷ്കളങ്കയായ കുഞ്ഞിനെ പോലെ പൊട്ടിച്ചിരിക്കുന്നു തെന്നിന്ത്യയുടെ വാനമ്പാടി. ആ ചിരിയിൽ പോലുമില്ലേ മലയാളത്തിന്റെ ചിലമ്പൊലി എന്നോർക്കുകയായിരുന്നു ഞാൻ.
വിധിവൈചിത്ര്യമാകാം, സ്വന്തം “മരണവാർത്ത” സമൂഹമാധ്യമങ്ങളിലൂടെ കൂടെക്കൂടെ കേട്ട് ഞെട്ടാൻ വിധിക്കപ്പെട്ടവർ എസ് ജാനകിയെപ്പോലെ അധികമുണ്ടാവില്ല നമുക്കിടയിൽ. ക്രൂരമായ ഈ കുസൃതി പോലും ലാഘവത്തോടെ കാണാനും ആസ്വദിക്കാനും കഴിഞ്ഞു അവർക്ക്. “ജീവിച്ചിരിക്കുമ്പോൾ തന്നെ ആറു മരണങ്ങളിലൂടെ കടന്നുപോകേണ്ടി വന്നു മഹാഭാരതത്തിലെ കർണ്ണന് എന്ന് എവിടെയോ വായിച്ചിട്ടുണ്ട് . അതേ വിധിയാണ് എന്റേതും. യഥാർത്ഥ മരണം വരും വരെ ഇത് തുടർന്നുകൊണ്ടിരിക്കും.” — ജാനകി പറഞ്ഞു.
വെറുതെ ചിരിക്കുക മാത്രം ചെയ്തു ഞാൻ. മരണത്തിന് ഒരിക്കലും കവർന്നെടുക്കാനാവില്ലല്ലോ മലയാളിമനസ്സുകളിൽ നിന്ന് എസ് ജാനകിയെ.



