Wednesday, June 3, 2026
Homeഅമേരിക്ക"കർണ്ണൻ" :- കണ്ണീർപ്പാടങ്ങൾക്കിപ്പുറം ഒരു മഹാസൂര്യൻ. (സിനിമ നിരൂപണം) ✍ ​മധു നിരഞ്ജൻ

“കർണ്ണൻ” :- കണ്ണീർപ്പാടങ്ങൾക്കിപ്പുറം ഒരു മഹാസൂര്യൻ. (സിനിമ നിരൂപണം) ✍ ​മധു നിരഞ്ജൻ

രക്തം മണക്കുന്ന കുരുക്ഷേത്രഭൂമിയിൽ, തകർന്ന തേർത്തട്ടിലിരുന്ന് ഞാൻ എന്റെ വിധിയെ നോക്കി പുഞ്ചിരിക്കുകയാണ്. ഞാൻ കർണ്ണൻ. രാധേയനെന്നും സൂതപുത്രനെന്നും വിളിച്ച് എന്നെ ആക്ഷേപിച്ചവർക്ക് മുന്നിൽ, ഈ പ്രപഞ്ച സാക്ഷിയായി ഞാൻ എന്നും ജ്വലിച്ചു നിൽക്കുന്ന സൂര്യപുത്രനായിരുന്നു.
​എന്റെ ജനനം മുതൽ തുടങ്ങിയതാണ് ഈ ലോകത്തിന്റെ ചതിയും വിവേചനവും. ജാതിയുടെയും വംശത്തിന്റെയും പേരിൽ കൊട്ടാരങ്ങളിൽ നിന്നും പാണ്ഡിത്യത്തിന്റെ സദസ്സുകളിൽ നിന്നും ഞാൻ പടിയടച്ച് പിന്തള്ളപ്പെട്ടു. രംഗശാലയിൽ അർജ്ജുനനൊപ്പം വിദ്യപ്രദർശിപ്പിക്കാൻ ചെന്ന എന്നെ കുല മഹിമ പറഞ്ഞ് അപമാനിച്ച കൃപചാര്യർ ഉം ദ്രോണരും ഇന്നും എന്റെ ഓർമ്മയിലുണ്ട്. അപ്പോഴൊക്കെയും എന്റെയുള്ളിൽ കനലായി എരിഞ്ഞത് ഒന്നുമാത്രം: “ഞാൻ ഒരു യോദ്ധാവാണ്, ആരുടെയും ദയയർഹിക്കുന്ന ഇരയല്ല.” ജന്മം കൊണ്ടല്ല, കർമ്മം കൊണ്ടാണ് ഒരാൾ വീരനാകുന്നത് എന്ന് എന്റെ ഓരോ ശ്വാസവും വിളിച്ചുപറഞ്ഞു. എനിക്ക് മുന്നിൽ ഏതൊരുവനും വെറും തൃണമാണ്. നിന്റെ ഒന്നും അഹങ്കാരം എന്നോട് വേണ്ട. നിങ്ങൾക്ക് എന്നെ കീഴടക്കാൻ പറ്റുന്നത് ചതിയിലൂടെ മാത്രമാണ്.

​എല്ലാവരും എന്നെ ഉപേക്ഷിച്ചപ്പോൾ, ലോകം മുഴുവൻ എനിക്കെതിരെ വിരൽ ചൂണ്ടിയപ്പോൾ, ആ രംഗശാലയിൽ വെച്ച് എനിക്ക് സിംഹാസനവും അംഗരാജ്യവും തന്ന് നെഞ്ചോട് ചേർത്തത് സുയോധനനാണ് (ദുര്യോധനൻ). അവൻ അധർമ്മത്തിന്റെ പക്ഷത്തായിരിക്കാം, പക്ഷേ എനിക്ക് അവൻ ജീവനായിരുന്നു. അവൻ തന്നത് കേവലം രാജപദവിയല്ല, എന്റെ ജീവന്റെ വിലയായിരുന്നു. അതുകൊണ്ട് തന്നെ, ഒടുവിൽ സാക്ഷാൽ ജഗന്നാഥനായ ശ്രീകൃഷ്ണൻ വന്ന് ഞാൻ പാണ്ഡവരുടെ മൂത്ത സഹോദരനാണെന്ന രഹസ്യം വെളിപ്പെടുത്തിയപ്പോഴും, പാതിരാജ്യവും, ലോക സുന്ദരിയെയും വാഗ്ദാനം ചെയ്തപ്പോഴും എന്റെ കാലുകൾ ഇടറിയില്ല. സുയോധനനെ ചതിച്ച് നേടുന്ന സ്വർഗ്ഗത്തേക്കാൾ എനിക്കിഷ്ടം അവനൊപ്പം നരകത്തിൽ എരിയുന്നതായിരുന്നു. അതായിരുന്നു എന്റെ ധർമ്മം.

​മാതൃത്വത്തിന്റെ ചതി.
​യുദ്ധത്തിന് തൊട്ടുമുമ്പ് ഗംഗാതീരത്ത് വെച്ച് എന്നെ തേടിവന്ന പെറ്റമ്മയ്ക്ക് ഞാൻ നൽകിയ ഭിക്ഷയോളം വരില്ല ഈ ലോകത്തിലെ ഒരു ത്യാഗവും.
​”അമ്മേ കുന്തീ… അന്ന് ആരും കാണാതെ എന്നെ ഗംഗയിലൊഴുക്കുമ്പോൾ തീരാത്ത അപമാനമായിരുന്നു ഞാൻ നിങ്ങൾക്ക്. ഇന്ന് ഈ യുദ്ധഭൂമിയിൽ നിങ്ങളുടെ അഞ്ച് മക്കൾക്ക് കാവലായി ഞാനുണ്ട്. അർജ്ജുനനെയല്ലാതെ നിങ്ങളുടെ മറ്റൊരു മകനെയും ഞാൻ വധിക്കില്ല. യുദ്ധം കഴിഞ്ഞാലും നിങ്ങൾക്ക് അഞ്ച് മക്കൾ ബാക്കിയുണ്ടാകും, ഒന്നുകിൽ അർജ്ജുനൻ, അല്ലെങ്കിൽ കർണ്ണൻ”
​അമ്മയ്ക്ക് നൽകിയ ആ വാക്ക് എന്റെ നെഞ്ചിലെ ഏറ്റവും വലിയ വേദനയായിരുന്നു. യുദ്ധക്കളത്തിൽ യുധിഷ്ഠിരനെയും ഭീമനെയും നകുലസഹദേവന്മാരെയും എനിക്ക് മുന്നിൽ കിട്ടിയിട്ടും, അവരെയെല്ലാം നിഷ്പ്രഭരാക്കിയിട്ടും കൊല്ലാതെ വിട്ടത് ആ അമ്മയോടുള്ള വാക്കിന്റെ പുറത്തായിരുന്നു. സഹോദരങ്ങളെ മുന്നിൽ കണ്ടിട്ടും അമ്പെയ്യാൻ മടിച്ച എന്റെ കൈകൾ എത്രമാത്രം വിറച്ചിട്ടുണ്ടാകുമെന്ന് ഈ പാണ്ഡവപക്ഷപാതികളായ ചരിത്രകാരന്മാർ എവിടെയെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ?

​ചതിയുടെ കുരുക്ഷേത്രം:, കുരുക്ഷേത്രയുദ്ധം യഥാർത്ഥത്തിൽ യുദ്ധതന്ത്രങ്ങൾ മറന്ന, ധർമ്മം മറന്ന ചതിമാത്രമായിരുന്നു. അത് അന്നും ഇന്നും എന്നും അങ്ങനെ തന്നെയായിരിക്കും യുദ്ധങ്ങൾ എല്ലാം.

​വിജയം മാത്രം ലക്ഷ്യം വെച്ച പാണ്ഡവപക്ഷവും കൃഷ്ണനും എനിക്കെതിരെ ഒരുക്കിയത് ചതിയുടെ വലിയൊരു വലക്കണ്ണിയായിരുന്നു. കാരണം, കവചകുണ്ഡലങ്ങളുള്ള കർണ്ണനെ യമധർമ്മന് പോലും തൊടാനാകില്ലെന്ന് അവർക്കറിയാമായിരുന്നു.

ഇന്ദ്രന്റെ ചതി,
​ഇന്ദ്രൻ ബ്രാഹ്മണ വേഷത്തിൽ വന്ന് എന്റെ ജീവരക്ഷയായ കവചകുണ്ഡലങ്ങൾ ഭിക്ഷയായി വാങ്ങി. ചോരയൊലിക്കുന്ന നെഞ്ചോടെ, സ്വന്തം ചർമ്മം കീറിമുറിച്ച് ഞാനത് ദാനം ചെയ്തു. പ്രപഞ്ചം കണ്ട ഏറ്റവും വലിയ ദാതാവായി ഞാൻ മാറിയത് അവിടെയാണ്.
​പരശുരാമന്റെ ശാപം, ഞാൻ ബ്രാഹ്മണനല്ല ക്ഷത്രിയനാണെന്ന സംശയത്താൽ (ഗുരുവിന്റെ മടിയിൽ തലവെച്ചുറങ്ങുമ്പോൾ വണ്ടുകുത്തി ചോരയൊലിച്ചിട്ടും ഗുരു ഉണരാതിരിക്കാൻ വേദന സഹിച്ച ആ ക്ഷമ കണ്ട്), ഏറ്റവും ആവശ്യമുള്ള നേരത്ത് ബ്രഹ്മാസ്ത്ര മന്ത്രങ്ങൾ മറന്നുപോകട്ടെയെന്ന് ഭാർഗ്ഗവരാമൻ ശപിച്ചു.
​ഭൂമിദേവിയുടെ ശാപം, അബദ്ധത്തിൽ ഒരു പശുക്കുട്ടിയെ അമ്പെയ്തു വീഴ്ത്തിയപ്പോൾ ഉണ്ടായ ശാപം, എന്റെ രഥചക്രം മണ്ണിൽ താഴ്ന്നുപോകാൻ ഭൂമിയും കാത്തിരുന്നു.
​ശല്യരുടെ നിസ്സഹകരണവും മാനസികമായ തളർത്തലുകളും കൂടിയായപ്പോൾ വിധി എന്നെ പൂർണ്ണമായും വളഞ്ഞു.

​യുദ്ധത്തിന്റെ പതിനേഴാം നാൾ. ഞാനും അർജ്ജുനനും നേർക്കുനേർ നിന്നു. അത് വെറുമൊരു യുദ്ധമായിരുന്നില്ല; വിധിയും പൗരുഷവും തമ്മിലുള്ള പോരാട്ടമായിരുന്നു. എന്റെ അസ്ത്രങ്ങൾ ഗാണ്ടീവധാരിയെ ഭയപ്പെടുത്തി. കൃഷ്ണൻ ഇരിക്കുന്ന തേര് പോലും എന്റെ അസ്ത്രമേറ്റ് പുറകോട്ട് നീങ്ങി. പക്ഷേ, വിധി അതിന്റെ ക്രൂരമായ കളി തുടർന്നു.
​ഗുരുവിന്റെ ശാപത്താൽ ബ്രഹ്മാസ്ത്രത്തിന്റെ മന്ത്രങ്ങൾ എന്റെ ഓർമ്മയിൽ നിന്നും മാഞ്ഞുപോയി. ഭൂമിദേവിയുടെ ശാപം നിമിത്തം എന്റെ രഥചക്രം മണ്ണിലേക്ക് താഴ്ന്നുപോയി. എങ്കിലും ഞാൻ യോദ്ധാവാണ്.
​ഞാൻ ആയുധം താഴെവെച്ച്, രഥചക്രം ഉയർത്താനായി താഴേക്കിറങ്ങി. യുദ്ധനിയമങ്ങൾ അനുസരിച്ച് ആയുധമില്ലാത്തവന്റെ നേരെ അമ്പെയ്യാൻ പാടില്ല. ഞാൻ അർജ്ജുനനോട് വിളിച്ചു പറഞ്ഞു: “പകരം വീട്ടാൻ നോക്കുന്ന അർജ്ജുനാ, ഇതൊരു യോദ്ധാവിന് ചേർന്നതല്ല. ധർമ്മം പാലിക്കൂ…”
​പക്ഷേ, കൃഷ്ണന്റെ പുഞ്ചിരിക്ക് പിന്നിൽ ധർമ്മമല്ല, ചതി ഒളിച്ചിരിപ്പുണ്ടായിരുന്നു. കൃഷ്ണന്റെ ആജ്ഞയനുസരിച്ച് അർജ്ജുനന്റെ ‘അഞ്ജലിക’ അസ്ത്രം എന്റെ കഴുത്ത് ലക്ഷ്യമാക്കി പാഞ്ഞു വന്നു.
​ആയുധമില്ലാതെ, രഥ ചക്രമുയർത്താൻ ശ്രമിക്കുന്ന എന്റെ നെഞ്ചിലേക്ക് ആ അസ്ത്രം തറച്ചുകയറുമ്പോഴും ഞാൻ കരഞ്ഞില്ല. ചരിത്രം ആ ജയത്തെ ‘ധർമ്മത്തിന്റെ വിജയം’ എന്ന് വിളിക്കുമായിരിക്കും. പക്ഷേ, എന്നെ വീഴ്ത്താൻ അവർക്ക് ധർമ്മം വെടിയേണ്ടി വന്നു എന്നതാണ് എന്റെ ഏറ്റവും വലിയ വിജയം.

​മരണത്തോട് മല്ലടിച്ചു കിടക്കുമ്പോഴും എന്റെ പുണ്യങ്ങൾ എന്നെ മരിക്കാൻ അനുവദിച്ചില്ല. അപ്പോഴും ബ്രാഹ്മണ വേഷത്തിൽ വന്ന് ഭിക്ഷ ചോദിച്ച സാക്ഷാൽ കൃഷ്ണന്, ചോരയിൽ മുങ്ങിയ എന്റെ സ്വർണ്ണപ്പല്ല് കല്ലുകൊണ്ട് അടിച്ചുടുച്ചു കൊടുത്തു, എന്റെ ജീവിതത്തിലെ സകല പുണ്യങ്ങളും ദാനം ചെയ്ത് ഞാൻ കണ്ണുകളടച്ചു. കൃഷ്ണൻ പോലും അന്ന് എന്റെ മുന്നിൽ കൈകൂപ്പി നിന്നുപോയി. അന്ന് കൃഷ്ണൻ കൈകൂപ്പി പറഞ്ഞത്, “നീ തന്നെയാണ് ഞാൻ, എനിക്ക് മുന്നേ നീ പോകണം എന്നുള്ളത് ജഗന്നാഥന്റെ നിശ്ചയമാണ് .”
​തോറ്റത് ഞാനല്ല, എന്നെ തോൽപ്പിക്കാൻ ചതിയുടെ വഴികൾ തേടിയ ഈ ലോകമാണ്.

​അതെ, ചരിത്രം ജയിച്ചവരുടെ കഥകൾ മാത്രം എഴുതുമായിരിക്കും. പക്ഷേ, തോൽവിയിലും വീര്യം ചോരാത്ത, ചതിയിലൂടെ മാത്രം വീഴ്ത്താൻ കഴിഞ്ഞ ആ ‘സൂതപുത്രൻ’ തന്നെയാണ് മഹാഭാരതത്തിലെ യഥാർത്ഥ നായകൻ.
​ഞാൻ കർണ്ണൻ… മരണമില്ലാത്ത യോദ്ധാവ്.

മധു നിരഞ്ജൻ✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com