Monday, September 28, 2026
Homeഅമേരിക്കതിളക്കം കുറയാത്ത താരങ്ങൾ (42) എസ്. പി. പിള്ള തിളക്കം കുറയാത്ത താരങ്ങൾ (42)...

തിളക്കം കുറയാത്ത താരങ്ങൾ (42) എസ്. പി. പിള്ള തിളക്കം കുറയാത്ത താരങ്ങൾ (42) എസ്. പി. പിള്ള ✍ തയ്യാറാക്കിയത്: സുരേഷ് തെക്കീട്ടിൽ

മലയാള സിനിമ എറ്റവും ജനപ്രിയമായ ഒരു വിനോദോപാധി എന്ന നിലയിൽ ശ്രദ്ധ നേടാനും രണ്ടുകാലിൽ നിൽക്കാനും പതിയേ മുന്നോട്ട് നടക്കാനും തുടങ്ങിയ കാലം. ആ കാലത്ത് ചിരിയുടെ മുഖമായി വന്ന നടനാണ് എസ്.പി .പിള്ള എന്ന പങ്കജാക്ഷൻ പിള്ള.അതായത് സിനിമയിൽ ചിരിക്കാലത്തിന് തുടക്കമിട്ടവരിൽ പ്രധാനിയെന്നോ അല്ലെങ്കിൽ തുടക്കമിട്ടയാൾ എന്നു തന്നെയോ എസ്.പി. പിള്ളയെ വിശേഷിപ്പിക്കാം.
വിശേഷണം എന്നതിലുപരി അദ്ദേഹം പൂർണമായി അർഹിക്കുന്ന അംഗീകാരം കൂടിയാണത്.

സിനിമയെ ഏറെ കൗതുകത്തോടെ നിരീക്ഷിച്ച, അത്ഭുതമായി തന്നെ കണ്ട ആ ഒരു കാലഘട്ടത്തിലെ പ്രേക്ഷകരുടെ മനസ്സിലേക്ക് നിർദോഷ ഹാസ്യവുമായി ഈ കുറിയ മനുഷ്യൻ കടന്നുവന്നു. തിയേറ്ററുകളിൽ അദ്ദേഹത്തെ കാണുമ്പോൾ തന്നെ കൂട്ട ചിരികൾ ഉയർന്നു. ആ ഒരു കാലവുമായി ചേർത്ത് വായിക്കണം ആ സിനിമകളും രംഗങ്ങളുമെല്ലാം . എന്നിരുന്നാലും എസ്.പി. പിള്ളയിലെ നടനെ ഇന്നും നമുക്ക് നന്നായി ആസ്വദിക്കാൻ കഴിയും. . ഒന്ന് നാമറിയണം മുന്നിൽ വേറെ മാതൃകയൊന്നും ഉണ്ടായിരുന്നില്ല അദ്ദഹത്തിന് . ഒരു പുതിയ രീതിയും ശൈലിയും സൃഷ്ടിച്ച് വെള്ളിത്തിരയിൽ സ്വയം മാതൃകയാകുകയായിരുന്നു അദ്ദേഹം. എന്നാലും പരമാവധി ആ കാലത്തിൻ്റെ പരിധിയിലും പരിമിതിയിലും നിന്നുകൊണ്ട് അദ്ദേഹം രസികൻ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി .രൂപവും ഭാവവും നൽകി .അമിതാഭിനയത്തിലേക്ക് വഴുതാതെ ശുദ്ധഹാസ്യത്തിൻ്റെ നടവരമ്പിലൂടെ തന്നെ സഞ്ചരിച്ചു.. സ്വാഭാവികമായ ഒരു അഭിനയശൈലി മലയാളത്തിന് സമ്മാനിക്കാൻ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു .ആ തലമുറ അദ്ദേഹത്തെ നെഞ്ചിലേറ്റി .അദ്ദേഹം അവരുടെ ഹൃദയങ്ങളിലേക്ക് നന്മയുടെയും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ചിരിയുടേയും ഒരുപാട് നല്ല നിമിഷങ്ങൾ പകർന്നു നൽകി. അതിനുശേഷം തന്നെയാണ് ചിരിയുടെ തമ്പുരാക്കൻമാർ എന്ന് പേരെടുത്ത പല പ്രഗല്ഭരുടേയും വരവും വളർച്ചയുമുണ്ടായത് . .എസ്.പി പിള്ളയുടെ വഴി പിന്തുടർന്നു വന്നവരാണ് പിന്നെ സ്വന്തം വഴി വെട്ടി വളർന്നവരെല്ലാം .

1913 നവംബർ 28ന് കോട്ടയം ഏറ്റുമാനൂരിലാണ് പങ്കജാക്ഷൻപിള്ള എന്ന എസ് പി പിള്ളയുടെ ജനനം. .ചെറുപ്പത്തിലെ മാതാപിതാക്കൾ നഷ്ടപ്പെട്ടു . നാടകവും കലാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കൗമാരകാലം. നിരവധി നാടകങ്ങളിൽ വേഷങ്ങൾ ചെയ്തു. പിന്നീട് സിനിമാരംഗത്തെത്തി. നേരത്തേ സൂചിപ്പിച്ച പോലെ ഇന്നത്തെ പ്രൗഢിയും ഗാംഭീര്യവുമൊന്നും സിനിമ കൈവരിച്ചിട്ടില്ലാത്ത കാലം .ആ തുടക്കക്കാരിൽ ഒരാളായി പങ്കജാക്ഷൻ പിള്ളയും ചേർന്നു. ജ്ഞാനാംബികയായിരുന്നു അദ്ദേഹത്തിൻ്റെ റിലീസായ ആദ്യ സിനിമ 1940 ലായിരുന്നു ആ ചിത്രമെത്തിയത്.പിന്നെ ഈ രംഗത്ത് മങ്ങിയും തെളിഞ്ഞും തുടർന്നു. 1950 ൽ നല്ല തങ്ക എന്ന സിനിമ റിലീസായി. അതോടുകൂടി എസ് പി പിള്ള എന്ന ഹാസ്യനടൻ ശ്രദ്ധിക്കപ്പെട്ടു പിന്നീട് സിനിമകളിൽ സ്ഥിരം സാന്നിധ്യവുമായി . ആ സമയങ്ങളിൽ ധാരാളം സിനിമകൾ വന്നുവെങ്കിലും എസ്.പി പിള്ള എന്ന നടനെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരമായി പതിപ്പിച്ചു നിർത്താൻ പ്രാപ്തിയുള്ള ഒരുപാട് മികച്ച സിനിമകൾ ഉണ്ടായി എന്ന് എടുത്തു പറയേണ്ടതായിട്ടുണ്ട്. ജീവിതനൗക, നീലക്കുയിൽ , വിശപ്പിൻ്റെ വിളി അവകാശി , നായരു പിടിച്ച പുലിവാല്, ഭാര്യ, ഡോക്ടർ, കണ്ടം വച്ച കോട്ട്, ഓടയിൽ നിന്ന് ചെമ്മീൻ , മറുനാട്ടിൽ ഒരു മലയാളി ‘ നിർമ്മാല്യം തുടങ്ങി വലിയ തോതിൽ ജനശ്രദ്ധ നേടിയ എത്രയോ മികച്ച ചിത്രങ്ങളിലൂടെ എസ്.പി. പിള്ള മലയാള സിനിമയിൽ ഏറ്റവും താരമൂല്യമുള്ള നടൻമാരിലൊരാളായി വളർന്നു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെല്ലാം ജനമനസ്സിൽ ആഴത്തിൽ വേരൂന്നി. ഹാസ്യവേഷങ്ങൾ മാത്രമല്ല മികച്ച സ്വഭാവനടൻ എന്ന് തെളിയിക്കാൻ കഴിഞ്ഞ ധാരാളം വേഷങ്ങളുമുണ്ടായിരുന്നു. അക്കൂട്ടത്തിൽ. ഏറ്റവുമാദ്യം ഓർമ്മയിൽ വരുന്നത് ചെമ്മീനിലെ അച്ചൻ കുഞ്ഞാണ്. അച്ചൻകുഞ്ഞ് ചെമ്മീൻ എന്ന സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളുടെ കൂട്ടത്തിൽ തലപൊക്കത്തോടെ നിൽക്കാൻയോഗ്യനാണ്. സത്യന്റെ പളനിയെ പോലെ, മധുവിൻ്റെ പരീക്കുട്ടിയെ പോലെ ഷീലയുടെ കറുത്തമ്മയെ പോലെ കൊട്ടാരക്കരയുടെ ചെമ്പൻ കുഞ്ഞിനെ പോലെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം തന്നെയാണ് അച്ചൻ കുഞ്ഞ്. സ്നേഹവും, വാശിയും, നിസ്സഹായതയും ഇല്ലായ്മയും എല്ലാമുള്ള പാവം അരയൻ. വ്യത്യസ്തമായ ഭാവങ്ങൾ മിന്നി മറയുന്ന ഈ ഗംഭീര കഥാപാത്രം സിനിമ കണ്ടവരുടെ മനസ്സിൽ മങ്ങാതെ നിന്നു.

1977 ൽ ടാക്സി ഡ്രൈവർ എന്ന സിനിമയിലൂടെ മികച്ച സഹനടനുള്ള സംസ്ഥാനപുരസ്കാരം എസ്.പി പിള്ളയ്ക്ക് ലഭിച്ചു. . ശരീരഭാഷ കൊണ്ടും സംഭാഷണ ശൈലി കൊണ്ടും മുഖഭാവങ്ങൾ കൊണ്ടും അദ്ദേഹം ഓരോ സിനിമകളിലും തൻ്റെ കഥാപാത്രങ്ങളെ വേറിട്ടു നിർത്തി. മൂന്നൂറിലധികം സിനിമകളിൽ അഭിനയിച്ച എസ്.പി. പിള്ളയുടെ അവസാന ചിത്രം ഉദയാ നിർമ്മിച്ച നസീറും ജയനും നായക വേഷത്തിൽ വന്ന് 1981ൽ റിലീസ് ചെയ്ത ‘സഞ്ചാരി” ആയിരുന്നു .ഉദയായുടെ വടക്കൻപാട്ടു ചിത്രങ്ങലെ പാണനാർ വേഷങ്ങൾക്ക് എസ്.പി പിള്ള നൽകിയ പൂർണത എടുത്തു പറയേണ്ടതു തന്നെയാണ്. അതേപോലെ ഹാസ്യ ഗാനരംഗങ്ങളിലെ മിഴിവാർന്ന പ്രകടനങ്ങളും. എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും പറയാനാകും. നായരു പിടിച്ച പുലിവാലിലെ ” കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം ” എന്ന ഗാനം അതിലൊന്നാണ്. അക്കാലത്ത് നാടാകെ ഏറ്റുപാടി നടന്നു ആ ഗാനം. എസ്.പി പിള്ള തന്മയത്വത്തോടെ അഭിനയിച്ച ഗാനരംഗങ്ങൾ ഇന്നും നമുക്ക് ഒട്ടും മടുപ്പുകൂടാതെ രസകരമായി ആസ്വദിക്കാൻ കഴിയും.

1985 ജൂൺ 12നാണ് എസ്.പി പിള്ള അന്തരിച്ചത്. ഏറ്റുമാനൂരപ്പൻ്റെ ദാസനായി ജീവിച്ച എസ്.പി പിള്ള ഏറ്റുമാനൂർ ക്ഷേത്രത്തിലെ വിഗ്രഹം കൊള്ളയടിക്കപ്പെട്ട സമയത്ത് കേസ് തെളിയിക്കുവാനായിനടന്ന പ്രക്ഷോഭങ്ങളിൽ മുൻനിരയിലുണ്ടായിരുന്നതായി അക്കാലത്ത് വായിച്ചറിഞ്ഞിട്ടുണ്ട്. എസ് പി. പിള്ളയുടെ പേരിൽ അവാർഡുകൾ നൽകുകയും സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്ന എസ്.പി പിള്ള സ്മാരക ട്രസ്റ്റിൻ്റെ പ്രവർത്തനങ്ങളെ കുറിച്ചും വായിച്ചറിവുണ്ട്. അദ്ദേഹത്തിൻ്റെ ചരമദിനമായ ജൂൺ 12നാണ് വിവിധ രംഗങ്ങളിലെ പ്രതിഭകൾക്ക് പുരസ്കാരം നൽകാറുള്ളത്. മലയാള സിനിമയിൽ ഹാസ്യത്തിന് പ്രധാന സ്ഥാനം ഉറപ്പിച്ചു നൽകിയ മലയാള സിനിമയിലെ ചാർളി ചാപ്ലിൻ എന്നറിയപ്പെട്ട എസ്.പി പിള്ള എന്ന മഹാനായ നടൻ്റെ ദീപ്ത സ്മരണകൾക്കു മുന്നിൽ പ്രണാമം.

തയ്യാറാക്കിയത്: സുരേഷ് തെക്കീട്ടിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ