1. യുഎസിലെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡന്റിന്റെ വിശിഷ്ട ഫ്രീഡം മെഡൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക്. 20ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡൻ ആണ് വിശിഷ്ട മെഡൽ സമ്മാനിക്കുന്നത്. ലോകമെങ്ങുമുള്ള പാവപ്പെട്ടവരെ സാഹായിക്കുന്നതിനു മാർപാപ്പ നടത്തുന്ന സവിശേഷ ശ്രമത്തെ ബൈഡൻ പ്രകീർത്തിച്ചു. ഈയാഴ്ച ഇറ്റലി സന്ദർശിക്കാനും മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താനുമിരുന്ന ബൈഡൻ കലിഫോർണിയയിലെ കാട്ടുതീ ദുരന്തത്തെത്തുടർന്ന് യാത്ര റദ്ദാക്കിയിരുന്നു. മാർപാപ്പയെ ഫോണിൽ വിളിച്ച് ബൈഡൻ യാത്ര റദ്ദാക്കുന്നതിലെ ഖേദം അറിയിച്ചു. വിവിധ മേഖലകളിൽ സവിശേഷ സേവനത്തിനുള്ള പ്രസിഡന്റിന്റെ ഫ്രീഡം മെഡൽ ബൈഡൻ കഴിഞ്ഞ ദിവസം മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റൻ, ഷെഫ് ജോസ് ആന്ദ്രെ, പരിസ്ഥിതി പ്രവർത്തക ജെയ്ൻ ഗുഡാൾ എന്നിവർക്കു സമ്മാനിച്ചിരുന്നു.
2. ജപ്പാനിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ക്യൂഷു മേഖലയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 36 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. ഹ്യൂഗ – നാഡ കടലിലാണ് ഭൂകമ്പം റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ജപ്പാനിലെ ഭൂകമ്പ നിരീക്ഷണ ഏജൻസി അറിയിച്ചു. എവിടെയും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. പലയിടങ്ങളിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉൾപ്പെടെ ആറ് ഭൂകമ്പങ്ങളാണ് ജനുവരി 7ന് ടിബറ്റിലുണ്ടായത്. ഭൂകമ്പത്തിൽ 126 പേർ കൊല്ലപ്പെടുകയും 300ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
3. ക്രൊയേഷ്യയുടെ പ്രസിഡന്റായി സോറൻ മിലനോവിച്ച് പ്രതിപക്ഷത്തിന്റെ സഹായത്തോടെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം ഘട്ട വോട്ടെടുപ്പിൽ ഭരണകക്ഷിയിലെ ഡ്രഗൻ പ്രിമറോക്കിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. പോൾ ചെയ്തതിൽ 74% വോട്ട് മിലനോവിച്ച് നേടി. ജനപ്രിയ നേതാവായ മിലനോവിച്ച് യൂറോപ്യൻ യൂണിയന്റെയും നാറ്റോ സഖ്യത്തിന്റെയും കടുത്ത വിമർശകനാണ്. യുക്രെയ്ൻ–റഷ്യ യുദ്ധത്തിൽ രാജ്യം യുക്രെയ്നിനെ പിന്തുണയ്ക്കുന്നതിനെ മിലനോവിച്ച് ശക്തമായി എതിർത്തിരുന്നു. പ്രധാനമന്ത്രി ആന്ദ്രെ പ്ലങ്കോവിച്ചിനെയും അദ്ദേഹത്തിന്റെ കൺസർവേറ്റീവ് പാർട്ടിയെയും രൂക്ഷമായി വിമർശിക്കുന്ന മിലനോവിച്ചിന് ആദ്യഘട്ട തിരഞ്ഞെടുപ്പിൽ വജയത്തിനാവശ്യമായ 50% വോട്ട് ലഭിച്ചിരുന്നില്ല. തുടർന്ന് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച 2 സ്ഥാനാർഥികൾക്കായി രണ്ടാം ഘട്ട വോട്ടെടുപ്പു നടത്തി. മിലനോവിച്ച് നേരത്തേ പ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചിരുന്നു.
4. ക്യൂബയുമായുള്ള ബന്ധത്തിൽ ചരിത്രപരമായ നീക്കവുമായി യുഎസ്. ക്യൂബയെ ഭീകരവാദ പട്ടികയിൽനിന്ന് ഒഴിവാക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തീരുമാനിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. പദവിയൊഴിയാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണു ബൈഡന്റെ നിർണായക നടപടി. 2021ല്‍ ഭരണത്തിന്റെ അവസാന ദിവസങ്ങളിലാണ് അന്നത്തെ പ്രസിഡന്റ് ട്രംപ് ക്യൂബയെ ഭീകരവാദ പട്ടികയിൽ ഉൾപ്പെടുത്തിയത്. ക്യൂബയിലേക്കുള്ള അമേരിക്കയുടെ സാമ്പത്തിക സഹായവും ആയുധ കയറ്റുമതിയും നിരോധിക്കുകയും ചെയ്തു. ഈ തീരുമാനമാണു തന്റെ ഭരണകാലയളവിന്റെ അവസാനത്തിൽ ബൈഡൻ തിരുത്തിയത്. കുറ്റവാളികളെ വിട്ടയയ്ക്കുന്നതിന്റെ ഭാഗമായി ക്യൂബയെ ഭീകരവാദ രാജ്യമായി കണക്കാക്കുന്നത് അവസാനിപ്പിക്കുമെന്നു ബൈഡന്‍ പറഞ്ഞു. യുഎസ് നടപടിയെ ക്യൂബ സ്വാഗതം ചെയ്തു. ‘വിവിധ കുറ്റങ്ങള്‍ക്ക്’ അറസ്റ്റിലായ 553 തടവുകാരെ വിട്ടയയ്ക്കുമെന്നും ക്യൂബ അറിയിച്ചു. നാലു വര്‍ഷം മുൻപ് സര്‍ക്കാര്‍വിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരെയും ഇതില്‍ ഉള്‍പ്പെടുത്തുമെന്നാണു സൂചന. ബൈഡന്റെ നീക്കം ശരിയായ ദിശയിലേക്കുള്ള ചുവടുവയ്പാണെന്നു ക്യൂബയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
യുഎസ് പ്രഖ്യാപിച്ച ഭീകരവാദ പട്ടികയിൽ ഉത്തര കൊറിയ, സിറിയ, ഇറാന്‍ എന്നിവയ്‌ക്കൊപ്പമായിരുന്നു ക്യൂബയും. 2015ല്‍ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ ക്യുബയെ പട്ടികയില്‍നിന്ന് നീക്കിയിരുന്നു. വെനസ്വേലയിലെ നിക്കോളാസ് മഡുറോയെ പിന്തുണയ്ക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ക്യൂബയെ ട്രംപ് വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തി. സാമ്പത്തിക തകർച്ചയിൽനിന്നു കരകയറാൻ പുതിയ തീരുമാനം ക്യൂബയെ സഹായിക്കുമെന്നാണു വിലയിരുത്തൽ. 20ന് ഡോണൾഡ് ട്രംപ് പ്രസിഡന്റായി അധികാരത്തിലെത്തിയാൽ തീരുമാനം യുഎസ് മാറ്റുമോ എന്നറിയില്ല.
5. ദക്ഷിണ കൊറിയയിൽ ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂൻ സുക് യോൽ അറസ്റ്റിൽ. കഴിഞ്ഞ മാസം രാജ്യത്തു പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചതിനാണ് അഴിമതിവിരുദ്ധ സംഘത്തിന്റെ നേതൃത്വത്തിൽ യൂൻ സുക് യോലിനെ അറസ്റ്റ് ചെയ്തതെന്നു ബിബിസി റിപ്പോർട്ട് ചെയ്തു. ദക്ഷിണ കൊറിയയുടെ ചരിത്രത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ പ്രസിഡന്റാണ്. ആയിരത്തോളം അഴിമതിവിരുദ്ധ ഉദ്യോഗസ്ഥരും പൊലീസുകാരും എത്തിയാണു യൂനിനെ അറസ്റ്റ് ചെയ്തതെന്നാണു വിവരം. വസതിക്കു മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ഉദ്യോഗസ്ഥരെ യൂനിന്റെ സുരക്ഷാ ജീവനക്കാർ തടഞ്ഞെങ്കിലും ബലപ്രയോഗത്തിലൂടെ അകത്തു കടക്കുകയായിരുന്നു. ജനുവരി 3ന് യൂനിനെ അറസ്റ്റ് ചെയ്യാൻ ശ്രമമുണ്ടായെങ്കിലും വിജയിച്ചില്ല. അന്ന് അറസ്റ്റ് ചെയ്യാനെത്തിയ അഴിമതി അന്വേഷണ ഓഫിസ് ഉദ്യോഗസ്ഥരെ പ്രസിഡന്റിന്റെ അംഗരക്ഷകരും പട്ടാളവും ചേർന്നു തടഞ്ഞു. പ്രസിഡന്റിന്റെ വസതിക്കു ചുറ്റും യൂനിന്റെ അനുയായികൾ തടിച്ചുകൂടിയതോടെ 6 മണിക്കൂറോളം നീണ്ട സംഘർഷത്തിനുശേഷം വാറന്റ് നടപ്പാക്കാനാകാതെ ഉദ്യോഗസ്ഥർ മടങ്ങിപ്പോയിരുന്നു. കഴിഞ്ഞ മാസം മൂന്നിനു യൂൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചിരുന്നു. കടുത്ത എതിർപ്പിനെത്തുടർന്ന് 6 മണിക്കൂറിനുള്ളിൽ പിൻവലിച്ചു. പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചതിനു പ്രതിപക്ഷം കൊണ്ടുവന്ന ഇംപീച്ച്മെന്റ് പ്രമേയം 14ന് പാർലമെന്റ് പാസാക്കി.
6. ബംഗ്ലദേശിലെ ആണവകരാർ അഴിമതിയന്വേഷണത്തിൽ ഉൾപ്പെട്ട ബ്രിട്ടിഷ് മന്ത്രി ട്യൂലിപ് സിദ്ദിഖ് രാജിവച്ചു. ബംഗ്ലദേശിൽ അധികാരത്തിൽനിന്നു പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അനിയത്തിയുടെ മകളും ബ്രിട്ടനിലെ ട്രഷറി, അഴിമതിവിരുദ്ധ മന്ത്രിയുമായ ട്യൂലിപ് സാമ്പത്തികസ്രോതസ്സുകളുടെ പേരിൽ വിവാദത്തിൽപ്പെട്ടതാണ് രാജിയിൽ കലാശിച്ചത്. വിവാദം മൂലമുള്ള അനാവശ്യ ശ്രദ്ധ ഒഴിവാക്കാനാണു പദവിയൊഴിയുന്നതെന്ന് അവർ രാജിക്കത്തിൽ വിശദീകരിച്ചു. ഹസീനയുടെ ഇളയസഹോദരി രഹാനയുടെ മകളാണ് ട്യൂലിപ് (42). ബംഗ്ലദേശിലെ 1265 കോടി ഡോളറിന്റെ ആണവകരാർ അഴിമതിയിൽ ഹസീനയ്ക്കൊപ്പം പേരുചേർക്കപ്പെട്ടിരുന്നു. അഴിമതിപ്പണം ഹസീനയും കുടുംബാംഗങ്ങളും വിദേശത്തേക്കു കടത്തിയെന്നാണ് ആരോപണം. ലണ്ടനിലെ കിങ്സ് ക്രോസിലുള്ള ഫ്ലാറ്റ് ഹസീനയുടെ വിശ്വസ്തർ ട്യൂലിപ്പിനു സമ്മാനിച്ചതാണെന്ന വിവാദവും കത്തിനിൽക്കുന്നു. പുതിയ ട്രഷറി മന്ത്രിയായി എമ്മ റെനോൾഡ്സിനെ പ്രധാനമന്ത്രി കിയേർ സ്റ്റാമെർ നിയമിച്ചു. ലേബർ സർക്കാരിന്റെ ജനപ്രീതി ഇടിയുന്നതിനിടെയാണ് രാജി.
7. അദാനി കമ്പനികൾക്കെതിരെ വെളിപ്പെടുത്തലുകൾ നടത്തി വാർത്തകളിൽ നിറഞ്ഞ യുഎസിലെ ഹിൻഡൻബർഗ് റിസർച്ച് അടച്ചുപൂട്ടുന്നു. കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നു സ്ഥാപകൻ നെയ്റ്റ് ആൻഡേഴ്സൺ അറിയിച്ചു. ലക്ഷ്യമിട്ട ആശയങ്ങളും പദ്ധതികളും പൂർത്തിയായെന്ന പ്രഖ്യാപനത്തോടെയാണ് അപ്രതീക്ഷിതമായി ഹിൻഡൻബർഗ് പൂട്ടുന്നത്. ന്യൂയോർക്ക് ആസ്ഥാനമായി 2017ൽ ആരംഭിച്ച ഷോർട്ട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗ് പുറത്തുവിട്ട കോടിക്കണക്കിനു രൂപയുടെ തട്ടിപ്പുകൾ വമ്പൻ കോർപറേറ്റ് കമ്പനികളെ ഞെട്ടിച്ചിരുന്നു. ഇതെല്ലാം വലിയ ചർച്ചയും വിവാദവുമായി. അദാനി ഗ്രൂപ്പ്, നികോള, ഇറോസ് ഇന്റർനാഷനൽ തുടങ്ങിയ ഭീമന്മാരെ ഉലച്ചുകളഞ്ഞ വിവരങ്ങളാണ് ഇവർ വെളിപ്പെടുത്തിയിരുന്നത്. കമ്പനിയുടെ ജോലി പൂർത്തിയായി, മുന്നോട്ടു പോകാനുള്ള സമയമായി എന്നാണു ഹിൻഡൻബർഗിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ചുള്ള ദീർഘമായ ബ്ലോഗ് കുറിപ്പിൽ നെയ്റ്റ് ആൻഡേഴ്സൺ പറഞ്ഞത്. ‘‘കഴിഞ്ഞ വർഷം അവസാനം മുതൽ കുടുംബത്തോടും സുഹൃത്തുക്കളോടും ഞങ്ങളുടെ ടീമിനോടും പങ്കുവച്ചതുപോലെ, ഹിൻഡൻബർഗ് റിസർച്ച് അവസാനിപ്പിക്കാൻ തീരുമാനിച്ചു.’’– ആൻഡേഴ്സൺ വ്യക്തമാക്കി.
തന്റെ തീരുമാനത്തിനു പിന്നിൽ പ്രത്യേക കാരണം ഇല്ലെന്ന് ആൻഡേഴ്സൺ പറഞ്ഞു.
8. ഇന്ത്യൻ വംശജയായ യുഎസ് ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് രാജ്യാന്തര ബഹിരാകാശ നിലയത്തിനു പുറത്തെ അറ്റകുറ്റപ്പണികൾക്കായുള്ള ബഹിരാകാശ നടത്തത്തിനായി കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഒരാഴ്ചത്തെ സന്ദർശനത്തിനെത്തി പേടകത്തകരാർ മൂലം കഴിഞ്ഞ 7 മാസമായി നിലയത്തിൽ കഴിയുന്ന സുനിതയുടെ എട്ടാമത്തെ ‘സ്പേസ‌്‌വോക്’ ആണിത്. നിലയത്തിലെ സഹപ്രവർത്തകൻ നിക്ക് ഹേഗിനൊപ്പമായിരുന്നു നടത്തം. സുനിതയെയും ഒപ്പം മടക്കയാത്ര മുടങ്ങിയ ബുച്ച് വിൽമോറിനെയും അടുത്തമാസം തിരികെയെത്തിക്കാനാണ് നാസയുടെ നീക്കം.
9. ഇലോൺ മസ്കിന്റെ സ്വപ്നപദ്ധതിയായ സ്‌പേസ് എക്സ് സ്റ്റാർഷിപ് പ്രോട്ടോടൈപ് വിക്ഷേപിച്ചു മിനിറ്റുകൾക്കുള്ളിൽ തകർന്നു. വ്യാഴാഴ്ച ടെക്‌സസിൽ നിന്നായിരുന്നു വിക്ഷേപണം. റോക്കറ്റിന്റെ അവശിഷ്ടങ്ങൾ പതിക്കാതിരിക്കാനായി മെക്‌സിക്കോ ഉൾക്കടലിനു മുകളിലൂടെ പറക്കുന്ന വിമാനങ്ങൾ വഴിമാറിയാണു സഞ്ചരിച്ചത്. സ്‌പേസ് എക്‌സിന്റെ ഏഴാമത്തെ സ്റ്റാർഷിപ് പരീക്ഷണമായിരുന്നു.
10. വാടകയ്ക്കെടുത്ത ട്രക്ക് ഉപയോഗിച്ച് വൈറ്റ് ഹൗസിനു നേരെ ആക്രമണം നടത്തിയ ഇന്ത്യൻ വംശജൻ സായ് വർഷിത് കാണ്ടുല (20)യ്ക്ക് 8 വർഷം ജയിൽശിക്ഷ. ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയാൽ 3 വർഷം കർശന നിരീക്ഷണത്തിനും കോടതി വിധിച്ചിട്ടുണ്ട്. 2023 മേയ് 22ന് ആണ് ആക്രമണം നടന്നത്. ബംഗാളിലെ ചന്ദ്നഗറിൽ ജനിച്ച കാണ്ടുലയ്ക്ക് യുഎസ് പൗരത്വമുണ്ട്. മിസോറിയിലെ സെന്റ് ലൂയിസിൽ നിന്ന് 2023 മേയ് 22ന് ഉച്ചകഴിഞ്ഞ് വാഷിങ്ടനിൽ വിമാനമിറങ്ങിയ കാണ്ടുല വിമാനത്താവളത്തിനു വെളിയിൽ നിന്നു ട്രക്ക് വാടകയ്ക്കെടുത്ത് ആറരയോടെ വൈറ്റ്ഹൗസിനും പ്രസിഡന്റ്സ് പാർക്കിനും വെളിയിലെ നോർത്ത് സ്ട്രീറ്റ് ഗേറ്റ് ഇടിച്ചു തകർക്കാൻ ശ്രമിച്ചു. രണ്ടു തവണ ഗേറ്റിൽ ഇടിച്ച് ട്രക്ക് നിന്നുപോയപ്പോൾ കാണ്ടുല ബാഗിൽ സൂക്ഷിച്ചിരുന്ന നാത്‍സി പതാകയെടുത്തു വീശി മുദ്രാവാക്യം മുഴക്കുമ്പോൾ സുരക്ഷാസേന അറസ്റ്റ് ചെയ്യുകയായിരുന്നു. ആക്രമണത്തിനായി കാണ്ടുല ആഴ്ചകളോളം ആസൂത്രണം നടത്തിയതായും വലിയ ട്രക്ക് വാടകയ്ക്കെടുക്കാൻ ശ്രമിച്ചതായും കണ്ടെത്തിയിരുന്നു.
11. വ്യാപാരം തൊട്ടു സൈനികസഹകരണം വരെ നീളുന്ന വിപുലമായ സഹകരണ ഉടമ്പടിയിൽ റഷ്യയും ഇറാനും ഒപ്പുവച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെയാണിത്. യുഎസ് പ്രസിഡന്റായി ട്രംപ് തിങ്കളാഴ്ച അധികാരമേൽക്കാനിരിക്കെയാണ് ഇരുനേതാക്കളും തന്ത്രപ്രധാനമായ കരാറിൽ ഒപ്പിട്ടത്. എന്നാൽ കൂടിക്കാഴ്ച നേരത്തെ നിശ്ചയിച്ചതാണെന്നും ട്രംപിന്റെ സത്യപ്രതിജ്ഞയുമായി ബന്ധമില്ലെന്നും ക്രെംലിൻ വൃത്തങ്ങൾ പറഞ്ഞു.
12. 15 മാസം പിന്നിട്ട ഗാസ യുദ്ധത്തിന് അന്ത്യം കുറിച്ച് ഇന്നലെ രാവിലെ 8.30 നു (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12) വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. തടവുകാരുടെയും ബന്ദികളുടെയും കൈമാറ്റം വൈകിട്ടു നാലിന് ആരംഭിച്ചു. ഹമാസുമായുള്ള കരാറിന് വെള്ളിയാഴ്ച 6 മണിക്കൂറിലേറെ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇസ്രയേലിന്റെ പൂർണ മന്ത്രിസഭ അന്തിമ അംഗീകാരം നൽകിയത്. സമാധാനത്തിലേക്കു വഴി തുറന്നെങ്കിലും വെടിനിർത്തലിനു തലേദിവസം വരെ ഗാസയിൽ ഇസ്രയേൽ ആക്രമണം തുടർന്നു. 23 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇസ്രയേലിലേക്ക് ഹൂതികളുടെ മിസൈൽ ആക്രമണമുണ്ടായെങ്കിലും ആളപായമില്ല. മൂന്നു ഘട്ടമായി വിഭാവനം ചെയ്യുന്ന കരാറിന്റെ ആദ്യഘട്ടം 42 ദിവസമാണ്. ഈ കാലയളവിൽ 33 ബന്ദികളെ ഹമാസ് വിട്ടയയ്ക്കും. പകരം 1900 പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിക്കും. ഇസ്രയേലിന്റെ തടവിലുള്ള എല്ലാ സ്ത്രീകളെയും കുട്ടികളെയും ആദ്യഘട്ടത്തിൽ വിട്ടയയ്ക്കും. ആദ്യ ദിവസം 3 സ്ത്രീ ബന്ദികളെയാകും ഹമാസ് മോചിപ്പിക്കുക; ഏഴാം ദിവസം 4 പേരെയും. തുടർന്നുള്ള 5 ആഴ്ചകളിലായി 26 പേരെക്കൂടി വിട്ടയയ്ക്കും. 98 ബന്ദികൾ ഗാസയിലുണ്ടെന്നാണ് കണക്ക്. ഒന്നാം ഘട്ടം 16 ദിവസം പിന്നിട്ടുകഴിഞ്ഞ് വെടിനിർത്തലിന്റെ രണ്ടാംഘട്ടം ചർച്ച ചെയ്തു തീരുമാനിക്കും. ഈ 16 ദിവസം നടപടികൾ സുഗമമല്ലെങ്കിൽ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേൽ ഭീഷണി മുഴക്കിയിട്ടുണ്ട്.
2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചതാണു യുദ്ധത്തിന് കാരണമായത്. ഇസ്രയേൽ–ഹമാസ് വെടിനിർത്തൽ ചർച്ചകൾക്ക് യുഎസിന്റെ നേതൃത്ത്വത്തിൽ മധ്യസ്ഥത വഹിച്ചത് ഖത്തറും ഈജിപ്തുമായിരുന്നു. ദോഹയിൽ ഒരാഴ്ച നീണ്ട ചർച്ചകൾക്കു ശേഷമാണ്, വെടിനിർത്തൽ കരാർ ഞായറാഴ്ച പ്രാബല്യത്തിൽ വന്നതെന്ന് ഖത്തർ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ആധുനിക ലോകം കണ്ട ഏറ്റവും ദയാരഹിതമായ കൊടുംയുദ്ധങ്ങളിലൊന്നിന് അവസാനമാകുമ്പോൾ, ലോകമനസ്സാക്ഷിയാകെ നന്ദിയോടെ ഓർക്കുന്ന പേരുകളിലൊന്നാണ് ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനി. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നിർദേശ പ്രകാരം ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനി നടത്തിയ ഇടപെടല്‍ യുദ്ധമവസാനിപ്പിക്കുന്നതിൽ നിർണായകമായിരുന്നു.
13. യുഎസിലെ ലൊസാഞ്ചലസിൽ ഒരാഴ്ചയായി ആളിപ്പടരുന്ന കാട്ടുതീ 24 പേരുടെ ജീവനെടുത്തു. പാലിസെയ്ഡിൽ 8 പേരും ഈറ്റണിൽ 16 പേരുമാണു മരിച്ചത്. മരണസംഖ്യ കൂടുമെന്നാണ് സൂചന. ഒന്നര ലക്ഷത്തോളം പേരെയാണ് ഒഴിപ്പിച്ചത്. കൂടുതൽ പേരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ്. 5 സ്ഥലങ്ങളിൽ തീപിടുത്തമുണ്ടായതിൽ പാലിസെയ്ഡിലും ഈറ്റണിലും സ്ഥിതി ഗുരുതരമാണ്. 160 ചതുരശ്ര കിലോമീറ്റർ സ്ഥലമാണ് അഗ്നി വിഴുങ്ങിയത്. 1400 ഫയർ എൻജിനുകളുടെയും 84 വിമാനങ്ങളുടെയും സഹായത്തോടെ 14,000 പേരാണു തീയണയ്ക്കാൻ അഹോരാത്രം അധ്വാനിക്കുന്നത്. കാനഡയും മെക്സിക്കോയും അഗ്നിരക്ഷാ സൈനികരെ അയച്ചു. 8 മാസമായി മഴയില്ലാത്ത പ്രദേശമായതിനാലാണ് തീ ആളിപ്പടർന്നത്.
വരണ്ട കാറ്റ് സാന്റാ അന വീണ്ടും വീശാനുള്ള സാധ്യത ജനങ്ങളെ ഭയപ്പെടുത്തുന്നു. ദേശീയ കാലാവസ്ഥാ സർവീസ് ഇതേക്കുറിച്ചു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കാട്ടുതീയിൽ നാശനഷ്ടം കൂടാനുള്ള കാരണം സാന്റാ അനയായിരുന്നു. സ്കൂളുകളും വ്യവസായകേന്ദ്രങ്ങളുമടക്കം ചാമ്പലായി. ലൊസാഞ്ചലസിലെ മുപ്പത്തയ്യായിരത്തോളം വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വൈദ്യുതി എത്തിക്കാനായിട്ടില്ല. അഗ്നിരക്ഷാ പ്രവർത്തകരെന്ന വ്യാജേന എത്തുന്ന കവർച്ചക്കാരുടെ ശല്യവുമുണ്ട്. കാട്ടുതീയിൽ മുതിർന്ന ഹോളിവുഡ് നടി ഡാലിസ് കറി (95) മരിച്ചു. ഓർട്ടഡീനയിലെ കത്തിയമർന്ന വീടിനുള്ളിലാണു മൃതദേഹം കണ്ടെത്തിയത്. ദ് ടെൻ കമാൻഡ്‌മെന്റ്സ്, ദ് ബ്ലൂസ് ബ്രദേഴ്സ്, ലേഡി സിങ്സ് ഇൻ ദ് ബ്ലൂ എന്നിവയാണു പ്രധാന സിനിമകൾ.
ഇതേസമയം ഓസ്കർ നാമനിർദേശങ്ങളുടെ പ്രഖ്യാപനം 17നു നടത്താനിരുന്നത് 23 ലേക്കു നീട്ടിയെന്ന് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് അറിയിച്ചു. ലൊസാഞ്ചലസിലെ കാട്ടുതീ മൂലമാണിത്. അംഗങ്ങൾക്കു നാമനിർദേശങ്ങൾ നൽകാനുള്ള സമയം വെള്ളിയാഴ്ച വരെ നീട്ടി. ലൊസാഞ്ചലസിലെ ഡോൾബി തിയറ്ററിൽ മാർച്ച് 2 ന് ആണ് ഓസ്കർ നിശ.