Friday, August 28, 2026
Homeഅമേരിക്കതിളക്കം കുറയാത്ത താരങ്ങൾ (41) എസ്. ജാനകി (ജാനകിയമ്മ) ✍ തയ്യാറാക്കിയത്: സുരേഷ് തെക്കീട്ടിൽ

തിളക്കം കുറയാത്ത താരങ്ങൾ (41) എസ്. ജാനകി (ജാനകിയമ്മ) ✍ തയ്യാറാക്കിയത്: സുരേഷ് തെക്കീട്ടിൽ

ഭാവങ്ങളുടെ രാജ്ഞി ജാനകിയമ്മയ്ക്ക് പ്രണാമം.
———————————————–

സ്വർണമുകിലേ … സ്വർണമുകിലേ
സ്വപ്നം കാണാറുണ്ടോ നീയും…
സൂര്യകാന്തീ സൂര്യകാന്തീ സ്വപ്നം കാണുവതാരെ …

ആറ് പതിറ്റാണ്ടോളം മലയാളവും മലയാളിയും ലയിച്ചിരുന്നു ആ സ്വരമാധുര്യത്തിൽ .
വിവിധഭാഷകളിലായി പതിനായിരക്കണക്കിനു ഗാനങ്ങൾ .
അതെ “ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ ഇടം നെഞ്ചിൽ കൂടുകൂട്ടും സുഖം … ” സത്യം
ആ ശബ്ദം അനിർവചനീയമായ ഒരു സുഖം തന്നെയായിരുന്നു. അനുഭൂതിയായിരുന്നു. നമ്മുടെ ഹൃദയത്തിൽ നമ്മളറിയാതെ കാലാകാലത്തേക്ക് കൂടു കൂടിയ എത്രയെത്ര ഗാനങ്ങൾ.

“ഒരു വട്ടം കൂടി എന്നോർമ്മകൾ മേയുന്ന, കണ്ണും കണ്ണും തമ്മിൽ തമ്മിൽ, രാഗേന്ദുകിരണങ്ങൾ ഒളിവീശിയില്ല, തളിരിട്ട കിനാക്കൾ തൻ താമര മാല, ആരോ പാടും താരാട്ടിനീണം …..

നാം മനസ്സിൽ കൊണ്ടു നടക്കുന്ന ആയിരക്കണക്കിന് ഗാനങ്ങൾ ഈ ശബ്ദമാധുരിയിലായിരുന്നല്ലോ നാം കേട്ടത്.പതിനൊന്നു തവണയാണ് മികച്ച ഗായികയ്ക്കുള്ള കേരള സർക്കാരിൻ്റെ പുരസ്കാരം ജാനകിയമ്മയെ തേടി ചെന്നത്.പുറമേ തമിഴ്നാട്ടിൽ നിന്ന് കന്നഡയിൽ നിന്ന് അങ്ങനെ വിവിധ സംസ്ഥാന സർക്കാരുകളിൽ നിന്നായി മുപ്പത് പുരസ്കാരങ്ങൾ. ദേശീയ പുരസ്കാരം നാല് തവണ.എണ്ണമറ്റ ഒട്ടേറെ അംഗീകാരങ്ങൾ വേറേയും .ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷയും മാതൃഭാഷ പോലെയായിരുന്നു ജാനകിയമ്മയ്ക്ക്.

ജീവിച്ചിരിക്കുന്ന കാലഘട്ടം മുഴുവൻ ജനമനസ്സുകളിൽ നിറഞ്ഞു നിന്ന് വരും കാലഘട്ടത്തിലേക്കു മധുരമായ ഓർമ്മകൾ പകർന്നു നൽകി കടന്നുപോകുന്ന ധന്യ ജന്മങ്ങൾ ഏറെയുണ്ട്. അത്തരത്തിൽ മലയാളവും ,തമിഴകവും കന്നടയും തെലുങ്കുമെല്ലാം ഒരേ പോലെ ഹൃദയത്തിൽ കൊണ്ടു നടന്നു ജാനകിയമ്മ എന്ന ദൈവാനുഗ്രഹമുള്ള മഹാഗായികയെ . കോടിക്കണക്കിന് ആളുകളുടെ മനസ്സിൽ പതിഞ്ഞുകിടക്കുന്ന എത്രയെത്ര സുന്ദരഗാനങ്ങൾ . ഇത്രമേൽ മലയാളിയും തമിഴനും തെലുങ്കനും കന്നടക്കാരനും ഒരേ പോലെ ആസ്വദിച്ച ഗാനങ്ങൾ വേറെ ആർക്കാണ് അവകാശപ്പെടാനുള്ളത്. മലയാളിക്ക് അവർ മലയാളിയായിരുന്നു തമിഴർക്ക് തമിഴ്നാട്ടുകാരിയായിരുന്നു, കർണാടക്കാർക്ക് കന്നടക്കാരിയും തെലുങ്കർക്ക് അവരുടെ നാട്ടുകാരിയുമായിരുന്നു. അത്രമേൽ ഓരോ ഭാഷയോടും താദാത്മ്യം പ്രാപിക്കാൻ അവർക്കായി.ആ പ്രത്യേകത അവകാശപ്പെടാൻ കഴിയുന്ന വളരെ ചുരുക്കം ഗായികമാരേ ഉണ്ടായിരുന്നുള്ളൂ. അതിൽ പ്രഥമ സ്ഥാനമുണ്ടായിരുന്നു.എസ് ജാനകിയമ്മ എന്ന വിഖ്യാത ഗായികക്ക് .

ശാസ്ത്രീയമായ പഠനം എടുത്തു പറയത്തക്ക പിൻബലമായി ഈ ഗായികക്ക് ഉണ്ടായിരുന്നില്ല എന്ന് അത്ഭുതത്തോടെയാണ് നാം കേൾക്കുന്നത്. പിന്നെ എന്തായിരിക്കാം ഈ വലിയ നേട്ടങ്ങൾക്കു പിന്നിൽ.ജന്മസിദ്ധിയും, കഠിന പ്രയത്നവും ആത്മസമർപ്പണവും തന്നെ. സംഗീതത്തോട് ജീവിതത്തോട് ഗാനങ്ങളോട് പുലർത്തിയ അതിർത്തികളില്ലാത്ത വിശ്വാസം ,സ്നേഹം . ഓരോ ഗാനങ്ങളും ആലപിക്കുന്നതിന് മുൻപ് അവർ കൃത്യമായി വാക്കുകളുടെ അർത്ഥം ചോദിക്കുമായിരുന്നത്രേ .ഉച്ചാരണം പഠിക്കുമായിരുന്നത്രേ. താൻ ആലപിക്കുന്ന ഓരോ ഗാനങ്ങളും തന്റെ ഹൃദയത്തോട് ചേർത്തുവയ്ക്കുമായിരുന്നത്രേ. ആ ഹൃദയത്തിന്റെ ചൂടാണ് ഓരോ ഭാഷയിലും അവരുടെ മധുരഗാനങ്ങളിലേക്ക് ലയിച്ചു ചേർന്നത് .കേട്ടാൽ മതിവരാതെ കൊതി തീരാതെ എത്രയെത്ര ഗാനങ്ങൾ 1957 മുതൽ രംഗത്തുനിന്ന് വിരമിക്കുന്ന 2017 വരെ യുള്ള 60 വർഷങ്ങൾ വിവിധ ഭാഷകളിലെ ഗാന രാജ്ഞി തന്നെയായിരുന്നു ജാനകിയമ്മ രംഗത്ത് നിന്നും വിരമിച്ചിട്ടും നാടാകെ അവരോടുള്ള ആദരവിന് തവിടേയും അല്പം പോലും കുറവ് വന്നില്ല. അത്രമേൽ ആ ഗാനങ്ങൾ, ശബ്ദം, ഭാവം ജനമനസ്സുകളിൽ ആഴത്തിൽ ലയിച്ചു ചേർന്നിരുന്നു.

1938 ഏപ്രിൽ 23ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ ആയുർവേദ ഡോക്ടറും, അധ്യാപകനുമായിരുന്ന ശ്രീ .സിസ്റ്റ്ല രാമമൂർത്തിയുടെയും, സത്യവതിയുടേയും മകളായാണ് സിസ്റ്റ്ല ജാനകി എന്ന എസ്. ജാനകിയുടെ ജനനം . അമ്മാവൻ ഡോക്ടർ ചന്ദ്രശേഖരനാണ് സംഗീതത്തിൽ പ്രോത്സാഹനം നൽകിയതും സംഗീത പഠനത്തിനായി മദിരാശിയിലേക്കയക്കുന്നതും. ആകാശവാണിയുടെ ദേശീയ തലത്തിലുള്ള ഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ് ഈ ഗായിക ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് എ.വി.എം സ്റ്റുഡിയോയിൽ ജോലി ലഭിച്ചു.

ദക്ഷിണേന്ത്യയുടെ വാനമ്പാടി, ഗാനസുധേ, ഗാനസരസ്വതി ,കന്നഡ കോകിലെ തുടങ്ങി നിരവധി വിശേഷണങ്ങൾ കാലം അവർക്ക് ചാർത്തി നൽകി.

മലയാളം, തെലുങ്ക്, കന്നട, തമിഴ് ,കൊങ്കിണി,ഹിന്ദി, തുളു, മറാത്തി ബംഗാളി , ഉർദു ഗുജറാത്തി ,പഞ്ചാബി ,ആസാമി തുടങ്ങിയ ഭാഷകളിെലെല്ലാം അവർ ഗാനങ്ങൾ ആലപിച്ചു. ഏറ്റവും കൂടുതൽ ഗാനങ്ങൾ വന്നത് മലയാളത്തിലും കന്നടയിലും ആയിരുന്നു .ഇംഗ്ലിഷ്, ജപ്പാനീസ് ,സിംഹള, അറബിക് എന്നീ ഭാഷകളിലും ഗാനങ്ങൾ ആലപിച്ചു.

എല്ലാ രംഗത്തും വിജയത്തിൻ്റെ ഉത്തുംഗശൃംഗത്തിൽ എത്തിയെങ്കിലും വ്യക്തി ജീവിതത്തിൽ ചില ദുരന്തങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നു അവർക്ക് . ഭർത്താവ് വി.രാം പ്രസാദ് 1996 ൽ മരണപ്പെട്ടു. ഏകമകനായിരുന്ന മുരളീകൃഷ്ണ അഞ്ച് മാസം മുമ്പും മരണപ്പെട്ടു.ആ വേദന ജാനകിയമ്മയെ അവസാന നാളുകളിൽ വല്ലാതെ വേട്ടയാടിയിരുന്നു. 2026 ജൂലൈ 11ന് തൻ്റെ എൺപത്തിയെട്ടാം വയസ്സിൽ അവരും വിടവാങ്ങി.

ആരാധകരേയും, ആസ്വാദകരേയും കണ്ണീരിലാഴ്ത്തി ജാനകിയമ്മ എന്ന വിസ്മയം മടങ്ങുന്നത് ചരിത്രത്തിൽ പേര് എഴുതി ചേർത്ത് എന്നല്ല പറയേണ്ടത് ഒരു വലിയ ചരിത്രം സ്വയം സൃഷ്ടിച്ച് എന്നാണ്.

ഒട്ടും അതിശയോക്തിയില്ലാതെ പറയാം ഇത്തരം മഹത് ജന്മങ്ങൾ അപൂർവ്വമായേ ഭൂമിയിൽ പിറന്നു വീഴൂ. ഏതൊരു ഹൃദയത്തേയും തരളിതമാക്കുന്ന ശബ്ദനോഹാരിതയും, സുന്ദരഭാവങ്ങളുമായി പുതിയ കാലത്തെ ധന്യമാക്കാൻ ഇനിയൊരു ജാനകിയമ്മ വരുമോ? നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.

വിഖ്യാത ഗായികക്ക് പ്രണാമം .ആ സജീവമായ ഓർമ്മകൾക്ക് മുന്നിൽ ഈ വരികൾ സമർപ്പിക്കുന്നു .

സുരേഷ് തെക്കീട്ടിൽ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ