Friday, August 28, 2026
Homeഅമേരിക്ക​ യമുനാതീരേ.. (നോവൽ - അധ്യായം 14) ✍ ഡോളി തോമസ് ചെമ്പേരി

​ യമുനാതീരേ.. (നോവൽ – അധ്യായം 14) ✍ ഡോളി തോമസ് ചെമ്പേരി

ഒരു ദിവസം കൂടി കഴിഞ്ഞാണ് യാത്ര പുനരാരംഭിച്ചത്. ക്യാമ്പിന് പുറത്തിറങ്ങിയപ്പോൾ പ്രഭാതസൂര്യന്റെ ആദ്യകിരണങ്ങൾ മഞ്ഞുമലകളിൽ തട്ടി പ്രതിഫലിക്കുന്നുണ്ടായിരുന്നു. ആ കാഴ്ച മനസ്സിന് വലിയൊരു ഉണർവ് നൽകി. പനി വിട്ടുമാറിയെങ്കിലും ശരീരത്തിന്റെ തളർച്ച പൂർണ്ണമായും മാറിയിരുന്നില്ല. അതിനാൽ യാത്ര കുതിരപ്പുറത്താക്കി. ഇതിനിടയിൽ ഒരിക്കൽക്കൂടി കാർത്തിക് വിളിച്ചിരുന്നു; എന്നാൽ പനിയുടെ കാര്യം അവനോട് പറഞ്ഞില്ല. വെറുതെയെന്തിന് അവരുടെ സമാധാനം കളയണം എന്ന് കരുതി. കുതിരപ്പുറമേറിയുള്ള യാത്ര അത്ര സുഖകരമായില്ല. അതിനാൽ ഇറങ്ങി നടക്കാൻ തീരുമാനിച്ചു.

​ബാഗ് കുതിരയുടെ പുറത്തേറ്റി. യമുന മുന്നിൽ നടന്നു. ​കുറേദൂരം പിന്നിട്ടപ്പോൾ വഴിയിൽ വലിയൊരു കൂട്ടം ആളുകൾ കൂടിനിൽക്കുന്നത് കണ്ടു. എന്തോ അപകടം നടന്നതുപോലെ. യമുന എന്റെ കൈപിടിച്ച് ആൾക്കൂട്ടത്തിന് സമീപത്തുകൂടെ പതുക്കെ നടന്നു.

“എന്താ അവിടെ?”
എൻ്റെ ആകാംഷ കണ്ടിട്ടും യമുന ഒന്നും മിണ്ടിയില്ല. എങ്കിലും ആ പിടി അയഞ്ഞതുമില്ല. കുറച്ചു മുന്നോട്ട് നീങ്ങിയപ്പോൾ ചോദിച്ചതിന് മറ്റൊരു മറുപടിയാണ് നൽകിയത്, “യാത്രയിൽ ഇതൊക്കെ പതിവാണ് സർ. നമ്മൾ നമ്മുടെ ലക്ഷ്യത്തിൽ മാത്രം ശ്രദ്ധിച്ചാൽ മതി.”

​ആ വാക്കുകളിലെ ദൃഢതയും നിഗൂഢതയും എന്നെ അത്ഭുതപ്പെടുത്തി. യമുനയിൽ ഇത്രയും വലിയൊരു വഴികാട്ടിയെ പ്രതീക്ഷിച്ചിരുന്നില്ല. എത്ര ശ്രദ്ധാപൂർവ്വമാണ് ഒരു കൊച്ചുകുഞ്ഞിനെ നയിക്കുന്നതുപോലെ തന്നെ നയിക്കുന്നത്. മലനിരകൾക്കിടയിലൂടെയുള്ള ആ യാത്ര കേവലം ഒരു തീർത്ഥാടനമല്ലെന്നും, അത് ഒരു പരീക്ഷണം കൂടിയാണെന്നും തിരിച്ചറിഞ്ഞു തുടങ്ങി.

പിന്നീടുള്ള അരദിവസത്തെ നടത്തം ഇരുന്നും വിശ്രമിച്ചും കുതിരപ്പുറമേറിയും ഒരു ദിവസം കൊണ്ട് പൂർത്തിയാക്കി. പനിയുടെ ക്ഷീണം പൂർണ്ണമായും വിട്ടുമാറാൻ രണ്ടു ദിവസം കൂടി വേണ്ടിവന്നു. വഴിയിലുടനീളം ഇരുവരും നിശ്ശബ്ദരായിരുന്നു. ഇടയ്ക്കിടെ യമുന വെള്ളവും ഉണങ്ങിയ പഴങ്ങളും ബിസ്ക്കറ്റുമൊക്കെ നൽകി ക്ഷീണം കുറവുണ്ടോ എന്ന് അന്വേഷിച്ചതല്ലാതെ, സംസാരിപ്പിക്കാൻ മുതിർന്നില്ല. വിശ്രമം ആവശ്യമാണെന്ന് അവൾ കരുതിക്കാണും.

​അന്ന് വൈകിട്ട് ക്യാമ്പിൽ ഒത്തുചേർന്നപ്പോൾ ഉറങ്ങും വരെ സംസാരിക്കാൻ ഏറെയുണ്ടായിരുന്നു. ശേഖറിന് പറയാനുണ്ടായിരുന്നത് സരസ്വതിയുടെ മരണത്തെക്കുറിച്ചും മക്കളുടെ ജീവിതത്തെക്കുറിച്ചും തന്റെ ഏകാന്തതയെക്കുറിച്ചും മാത്രമായിരുന്നു. ശാന്തമായി ഒഴുകുന്ന നദി പോലെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഒരു ദീർഘനിശ്വാസത്തോടെ ശേഖർ തന്റെ ഓർമ്മകളിലേക്ക് ഊളിയിട്ടു.

​”സരസ്വതി പോയതോടെ ആ വീട് വെറുമൊരു മതിൽക്കെട്ട് മാത്രമായി മാറി, ​സരസ്വതി ആശുപത്രിയിലായിരുന്ന ആ ദിവസങ്ങൾ മരിച്ചോ എന്ന് ചോദിച്ചാൽ മരിച്ചു. ഇല്ലേ എന്ന് ചോദിച്ചാൽ ഇല്ല എന്ന അവസ്ഥയിൽ ഓരോ നിമിഷവും മരണത്തോടുള്ള മല്ലിടലായിരുന്നു അവളുടേത്.”

“ഡോക്ടർമാർ ഓരോ തവണയും ഐസിയു വിൽ നിന്നും പുറത്തു വരുമ്പോഴും എന്റെ നെഞ്ച് പിടയുകയായിരുന്നു. എന്ത് കേൾക്കേണ്ടി വരും എന്ന ഭയം. ഒരു വശത്ത് അവളുടെ ആ കിടപ്പ് കാണുമ്പോഴുള്ള സഹതാപം, മറുവശത്ത് അവളെ നഷ്ടപ്പെടുമെന്ന പേടി.”
യമുന അലിവോടെ കേട്ടിരുന്നു.

“യന്ത്രങ്ങൾക്കിടയിൽ അവൾ നിസ്സഹായയായി കിടക്കുന്നത് നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. നമ്മൾ ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുമെന്ന് വാഗ്ദാനം നൽകും, പക്ഷേ അവസാന നിമിഷം ആശ്വാസം നൽകാൻ പോലും നമുക്ക് കഴിയില്ല.”

​”അവൾ പോയ അന്ന് രാത്രി… അവൾ ഇല്ലാത്ത ആ വീട്ടിലേക്ക് കയറിച്ചെന്നപ്പോൾ തോന്നിയ ഒരു ശൂന്യതയുണ്ട്. അത് വാക്കുകൾക്ക് അപ്പുറമാണ്. മക്കളോ വീട് നിറയെ ബന്ധുക്കളോ ഉണ്ടെങ്കിലും ആ ശൂന്യത നികത്താൻ ആരെക്കൊണ്ടും ആകില്ല.”

“രാവിലെ എഴുന്നേൽക്കുമ്പോൾ അടുക്കളയിൽ നിന്ന് കേൾക്കുന്ന ആ പാത്രങ്ങളുടെ ശബ്ദം, ചായക്കപ്പുമായി വരുന്ന അവളുടെ ചിരി… പെട്ടെന്നൊരു ദിവസം അതെല്ലാം ഇല്ലാതാകുമ്പോൾ നമുക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നും.”

“മക്കൾ അവരുടെ ജീവിത തിരക്കുകളിലാണ്. അവർക്ക് അവരുടേതായ ലോകമുണ്ട്. അവർ വിളിക്കും, വിശേഷങ്ങൾ ചോദിക്കും. പക്ഷേ, എന്റെ ഉള്ളിലെ ഈ മരവിപ്പ് ആരോട് പറയാനാണ്? ആ വലിയ വീട്ടിൽ ഓരോ ചുവടുവെക്കുമ്പോഴും അവളുടെ സാന്നിധ്യം ഞാൻ തിരയും, ചിലപ്പോൾ അറിയാതെ വിളിച്ചുപോകും. ആ സമയത്തുണ്ടാകുന്ന നിസ്സഹായത എത്രയെന്ന് അനുഭവിച്ചാലേ അറിയൂ.”

ശേഖർ പറഞ്ഞു നിർത്തി. ആ കണ്ണുകളിൽ ഈറൻ പടർന്നിരുന്നു. യമുനയ്ക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. മക്കളുടെ വളർച്ചയിലും സന്തോഷത്തിലും അഭിമാനിക്കുമ്പോഴും, തന്റെ പങ്കാളി വിട്ടുപോയ ഇടത്തുണ്ടായ ആ വലിയ വിടവ് നികത്താൻ സാറിനല്ല ഈ ലോകത്ത് ആർക്കും കഴിയില്ലെന്ന് അവൾക്ക് അറിയാമായിരുന്നു.

​”ഇപ്പോൾ എനിക്ക് പറയാനുള്ളത് അവളെക്കുറിച്ച് മാത്രമാണ് യമുനാ… കാരണം എന്റെ ലോകം അവളിലായിരുന്നു തുടങ്ങിയിരുന്നതും അവസാനിച്ചിരുന്നതും.” ആ വാക്കുകൾ രാത്രിയിലെ ശീതക്കാറ്റിൽ അലിഞ്ഞു ചേർന്നു.

“സർ നമുക്കൊന്ന് പുറത്തിറങ്ങിയാലോ?”

“ഇപ്പോളോ?”

“അതേ സർ, ഇവിടുത്തെ രാത്രിയുടെ ഗാംഭീര്യം കൂടി അറിയാം.”. ശേഖറിൻ്റെ ആ മൂഡിനെ ഒന്ന് മാറ്റിയെടുക്കാനാണ് യമുന അദ്ദേഹത്തെ പുറത്തേക്ക് ക്ഷണിച്ചത്.

പുറത്ത് തണുപ്പ് ചിലപ്പോൾ പൂജ്യത്തിനും താഴെയായിരിക്കും. അതിനാൽ ബ്ലാങ്കറ്റുകളിൽ മൂടിപ്പൊത്തിഞ്ഞാണ് അവർ കൂടാരത്തിന് പുറത്തേക്കിറങ്ങിയത്.

ഹിമാലയത്തിന്റെ അനന്തമായ നിശബ്ദതയിൽ, മഞ്ഞുമൂടിയ കൊടുമുടികൾക്ക് താഴെ അമർനാഥ് ക്യാമ്പുകൾ വിസ്മയകരമായ ഒരു സ്വപ്നം പോലെ തോന്നി. ശേഖർ ആ മനംമയക്കുന്ന കാഴ്ചയിൽ മുഴുകിയപ്പോൾ യമുനയുടെ നേർത്ത ശബ്ദം ഒഴുകിവന്നു.

“പകൽയാത്രയുടെ തളർച്ചയിൽ പർവ്വതനിരകൾ മയങ്ങുമ്പോൾ, പ്രകൃതിയും ആത്മീയതയും ഇവിടെ ഒരു വർണ്ണരേഖ തീർക്കുന്നു സർ.”

അതേ ശരിയാണ്. ആകാശത്തിന്റെ നീലിമ ഇരുണ്ടുകറുക്കുമ്പോൾ നക്ഷത്രങ്ങൾ തൊട്ടടുത്തെത്തിയതുപോലെ തോന്നും. ദശലക്ഷക്കണക്കിന് മുത്തുകൾ വാരി വിതറിയ ആകാശത്തിനു താഴെ, പൗർണ്ണമി നിലാവ് മഞ്ഞുമലകളിൽ വന്നു പതിക്കുന്നു. വെള്ളി ഉരുക്കി ഒഴിച്ചതുപോലെ തിളങ്ങുന്ന ആ ശൃംഗങ്ങൾ ഇരുട്ടിൽ ധ്യാനമിരിക്കുന്ന ഹിമയോഗികളെപ്പോലെ ദൃശ്യമാകുന്നു. ഓരോ മഞ്ഞുകണവും നിലാവിൽ തിളങ്ങുമ്പോൾ, ഭൂമി ആകാശത്തിന് നൽകുന്ന മറുപടിയായി ആ ശോഭ മാറുന്നു. സഹവാസം കൊണ്ട് താനുമൊരു സ്വപ്നജീവിയായോ എന്ന് ശേഖർ ശങ്കിച്ചു. തലചെരിച്ചു സമീപം നിൽക്കുന്ന യമുനയെ നോക്കി.

കുന്നിൻചെരിവുകളിൽ നിരനിരയായി കെട്ടിയുയർത്തിയ ടെന്റുകൾ രാത്രിയിൽ മറ്റൊരു ലോകം തീർക്കുന്നു. കടുംനിറത്തിലുള്ള ആ ഓരോ ടെന്റിനുള്ളിലും വിളക്കുകൾ തെളിയുമ്പോൾ, കുന്നിൻപുറങ്ങളിൽ വിരിഞ്ഞുനിൽക്കുന്ന നിശാഗന്ധികളെപ്പോലെ അവ മനോഹരമായി തോന്നും. ദൂരെ നിന്ന് നോക്കിയാൽ, താഴെ താഴ്‌വരയിൽ ആകാശത്തുനിന്നും നക്ഷത്രങ്ങൾ കൂട്ടമായി ഭൂമിയിൽ പതിച്ചതുപോലെയുള്ള പ്രതീതി.

രാത്രിയുടെ അന്ത്യയാമങ്ങളിൽ ക്യാമ്പിലെ ശബ്ദങ്ങൾ നേർത്തു വരുന്നു. പിന്നെ അവിടെ അവശേഷിക്കുന്നത് പ്രകൃതിയുടെ സംഗീതം മാത്രമാണ്. ദൂരെ ഏതോ മഞ്ഞുമല ഇടിയുന്നതിന്റെ ഗാംഭീര്യമുള്ള മുഴക്കവും, അരികിലൂടെ ഒഴുകുന്ന പഞ്ചതർണി നദിയുടെ ചിലമ്പൊലിയും ചേർന്നൊരുക്കുന്ന നിഗൂഢമായ സംഗീതം. ആ തണുത്ത കാറ്റിൽ ‘ഓം നമഃ ശിവായ’ എന്ന മന്ത്രോച്ചാരണങ്ങൾ അദൃശ്യമായ തരംഗങ്ങളായി ഒഴുകിനടക്കുന്നു.

​കഠിനമായ തണുപ്പിനെ ചെറുക്കാൻ തീർത്ഥാടകർ തെളിക്കുന്ന ചെറിയ അഗ്നികുണ്ഡങ്ങൾ ഇരുട്ടിനെ മുറിച്ചുമാറ്റുന്നു. ആ ചുവന്ന നാളങ്ങൾക്കു ചുറ്റും ഇരിക്കുന്നവരുടെ നിഴലുകൾ മലഞ്ചെരിവുകളിൽ വലിയ രൂപങ്ങളായി പതിയുന്നു. വർത്തമാനങ്ങൾ അവസാനിക്കുകയും മനസ്സ് ആത്മീയമായ ചിന്തകളിലേക്ക് വഴിമാറുകയും ചെയ്യുന്ന ആ നിമിഷങ്ങളിൽ, മനുഷ്യനും പ്രകൃതിയും ദൈവവും ഒന്നായിത്തീരുന്ന അനുഭൂതിയാണ് അമർനാഥിലെ ഓരോ രാത്രിയും പകരുന്നത്.

​കഠിനമായ ശൈത്യത്തിന്റെ പുതപ്പിനുള്ളിൽ, ഭക്തിയുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും സമാഗമമാണ് ആ ഹിമവൽ സാനുക്കളിലെ ഓരോ നിശയും.

“ഹാ….എത്ര മനോഹരമായിരിക്കുന്നു!”. ശേഖർ അറിയാതെ പറഞ്ഞുപോയി.

“അതേ സർ, എൻ്റെ ഇങ്ങോട്ടുള്ള യാത്രയിലെല്ലാം ഉറക്കം വരാതിരിക്കുമ്പോൾ ഒറ്റയ്ക്ക് ഞാനിങ്ങനെ കൂടാരത്തിന് പുറത്ത് സമയം ചെലവഴിക്കും. അപ്പോൾ ഞാനെല്ലാം മറക്കും.”
യമുനയുടെ വാക്കുകളിൽ ജീവിതത്തിന്റെ പൊള്ളുന്ന സത്യങ്ങളുടെ നിഴൽ വീണിട്ടുണ്ടായിരുന്നു.

“അതേ, കഴിഞ്ഞതെല്ലാം മറന്നുകളയാൻ പറയുന്നത് വിഡ്ഢിത്തമാണെന്നറിയാം. ആഴത്തിൽ ഏറ്റ മുറിവുകളുടെ വടുക്കൾ ജീവിതാവസാനം വരെ നമ്മിലുണ്ടാകും. എങ്കിലും ചില നിമിഷങ്ങൾ അനർഘമാണ്. ” യമുനയെ തന്നാലാകും വിധം ആശ്വസിപ്പിക്കാൻ ശേഖറും ശ്രമിച്ചു.

​“ജീവിതം ചിലർക്ക് സൗഭാഗ്യങ്ങൾ വാരിക്കോരി നൽകും. ചിലരെ എല്ലാം കാട്ടി മോഹിപ്പിച്ച ശേഷം തിരിച്ചെടുക്കും. മറ്റു ചിലരെ ഒന്നും നൽകാതെ പുറമ്പോക്കിലേക്ക് തള്ളും.”

യമുനയിൽ നിന്നും ഒരു ദീർഘനിശ്വാസമുതിർന്നു. സാഹിത്യം കലർന്ന അവളുടെ വാക്കുകൾ ശേഖർ അനുകമ്പയോടെ കേട്ടിരുന്നു. എല്ലാം നേരിട്ട് കണ്ട സാക്ഷിയായതുകൊണ്ട് മറ്റെന്തു പറയാൻ!

​“സർ, ശ്യാമിനെ ജീവിതത്തിലേക്ക് കൂട്ടിയത് ഞാൻ കാണിച്ച ഏറ്റവും വലിയ വിഡ്ഢിത്തമായിരുന്നു. ഏകാകിനിയായി മണലാരണ്യത്തിലൂടെ നടക്കുമ്പോൾ മരുപ്പച്ചയെന്നു കരുതി ഞാൻ അഭയം പ്രാപിച്ചത് ആട്ടിൻതോലണിഞ്ഞ ചെന്നായയുടെ താവളത്തിലായിരുന്നല്ലോ എന്നോർക്കുമ്പോൾ…”

തന്റെ ഉള്ളിലടക്കിയ സങ്കടങ്ങളെല്ലാം അവൾ ശേഖറിന് മുന്നിൽ തുറന്നുവെക്കുകയായിരുന്നു. ഇടയ്ക്ക് സംസാരം നിർത്തി അവൾ ക്ഷമ ചോദിച്ചു: “സോറി സർ, സാറിനറിയാവുന്ന പഴയ കഥകൾ പറഞ്ഞു ഞാൻ വീണ്ടും…”

“പറഞ്ഞോളൂ, ഞാൻ കേൾക്കുന്നുണ്ട്. ആ വേദനകളുടെ തീവ്രത അറിയാവുന്നതുകൊണ്ട് എന്തു മറുപടി നൽകണമെന്നറിയില്ല.”

​അവർ അഭിമുഖമായി ഇരിക്കുകയായിരുന്നു. ശേഖർ കൈനീട്ടി അവളുടെ നെറുകയിൽ തലോടിയപ്പോൾ അവൾ ആ കൈകൾ ചേർത്തുപിടിച്ചു വിങ്ങിപ്പൊട്ടിക്കരഞ്ഞു. കുറച്ചുനേരം അവളുടെ തേങ്ങൽ മാത്രം അവിടെ മുഴങ്ങി. ഒരു ബലത്തിനെന്നോണം അവൾ ശേഖറിന്റെ കൈകളിൽ ഇറുകെ പിടിച്ചിരുന്നു. കുറച്ചുനേരം കൂടി ആ ഇരിപ്പിരുന്നു. മഞ്ഞുവീഴ്ച കൂടിയപ്പോൾ അവർ കൂടാരത്തിനകത്തേയ്ക്ക് കയറി. അവനവൻ്റെ സ്ലീപ്പിംഗ് ബാഗിനുള്ളിൽ കയറി. എപ്പോഴാണ് ഉറങ്ങിയതെന്ന് അറിഞ്ഞില്ല. പിറ്റേന്ന് രാവിലെ യമുന വിളിച്ചപ്പോഴാണ് കണ്ണുതുറന്നത്. യാത്ര തുടരാനുള്ള നിർദ്ദേശം ലഭിച്ചതോടെ അതിനുള്ള തയ്യാറെടുപ്പുകളായി.

​പിന്നീടുള്ള ദിവസങ്ങൾക്ക് വല്ലാത്തൊരു മനോഹാരിതയായിരുന്നു. ഈ പ്രായത്തിലും യമുന സുന്ദരിയാണെന്ന് ശേഖറിന് തോന്നി. മുടിയിലെ വെള്ളിനൂലുകളും കൺതടങ്ങളിലെ കറുപ്പും പ്രായത്തെ ഓർമ്മിപ്പിക്കുന്നുണ്ടെങ്കിലും, അവളുടെ ചുറുചുറുക്കുള്ള ശരീരം അത് സമ്മതിച്ചു കൊടുക്കുന്നില്ല.

ഡോളി തോമസ് ചെമ്പേരി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ