Sunday, September 20, 2026
Homeഅമേരിക്കഅസാധ്യമായതിനെ സാധ്യമാക്കിയ ഫൊക്കാനയുടെ ഗിന്നസ് വേൾഡ് വിജയഗാഥ

അസാധ്യമായതിനെ സാധ്യമാക്കിയ ഫൊക്കാനയുടെ ഗിന്നസ് വേൾഡ് വിജയഗാഥ

ശ്രീകുമാർ ഉണ്ണിത്താൻ

ശ്രീകുമാർ ഉണ്ണിത്താൻ

ദൃഢനിശ്ചയവും അർപ്പണബോധവും കൂട്ടായ പരിശ്രമവും കൊണ്ട് അസാധ്യമായതിനെ സാധ്യമാക്കിയതാണ് ഫൊക്കാനയുടെ ഗിന്നസ് വേൾഡ് റെക്കോർഡ് വിജയഗാഥ. അനവധി വെല്ലുവിളികളും പ്രതിസന്ധികളും മറികടന്ന്, ഐക്യത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നേറിയപ്പോൾ അസാധ്യത്തിന്റെ വാതിലുകൾ തുറന്നു. വെറും ഒരു മണിക്കൂറിലധികം ഇടവേളയിൽ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കിയതിലൂടെ “ഒരുമയും ഇച്ഛാശക്തിയും ഉണ്ടെങ്കിൽ അസാധ്യമായതൊന്നുമില്ല” എന്ന സന്ദേശമാണ് ഫൊക്കാന ലോകത്തിന് നൽകിയത്.

ഓഗസ്റ്റ് 8-ന് ശനിയാഴ്ച വൈകിട്ട് 3 മണിക്ക് ചെണ്ടമേളത്തിലും 4:30-ന് മോഹിനിയാട്ടത്തിലുമായി രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ സൃഷ്ടിക്കാനായിരുന്നു പദ്ധതി. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 1,800-ലധികം കലാകാരന്മാർ കാഹലഹരി കൺവെൻഷൻ സെന്ററിൽ എത്തിച്ചേർന്ന് റിഹേഴ്സലുകൾ ആരംഭിച്ചിരുന്നു. മാസങ്ങളായുള്ള തയ്യാറെടുപ്പുകളും കഠിനാധ്വാനവും ഒരു ചരിത്രനിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു.

എന്നാൽ, ചരിത്രം കുറിക്കാനിരുന്ന ആ മഹാനിമിഷത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ അപ്രതീക്ഷിതമായൊരു പ്രതിസന്ധി ഫൊക്കാനയെ തേടിയെത്തി.

ഓഗസ്റ്റ് 7-ന് ന്യൂജേഴ്സിയിലുണ്ടായ ശക്തമായ കാറ്റും മഴയും മൂലം നിരവധി വിമാന സർവീസുകൾ റദ്ദാക്കുകയും വൈകുകയും ചെയ്തു. ഗിന്നസ് വേൾഡ് റെക്കോർഡിന്റെ പ്രതിനിധികൾ കാനഡയിൽ നിന്ന് അന്ന് വൈകിട്ട് 4 മണിക്ക് എത്തേണ്ടതായിരുന്നു. ആദ്യം വിമാനം വൈകി രാത്രി 8 മണിയിലേക്ക് മാറ്റിയെന്ന സന്ദേശം ലഭിച്ചു. എന്നാൽ രാത്രി 10 മണിയോടെ വിമാനം റദ്ദാക്കിയെന്ന ഞെട്ടിക്കുന്ന സന്ദേശം എത്തി.

മാസങ്ങളോളം നടത്തിയ തയ്യാറെടുപ്പുകൾക്ക് ശേഷം, ചരിത്രനിമിഷത്തിന് തൊട്ടുമുമ്പിൽ എല്ലാം തകർന്നുവീഴുമോ എന്ന ആശങ്കയിൽ സംഘാടകർ അക്ഷരാർത്ഥത്തിൽ സ്തംഭിച്ചുപോയി.

പിന്നീട് സാധ്യമായ എല്ലാ വിമാന സർവീസുകളും പരിശോധിച്ചു. എന്നാൽ ഓഗസ്റ്റ് 8-ന് ഉച്ചയ്ക്ക് 3 മണിക്ക് ശേഷമേ കാനഡയിൽ നിന്നുള്ള വിമാനങ്ങൾക്ക് ന്യൂജേഴ്സിയിൽ എത്താൻ കഴിയുമായിരുന്നുള്ളൂ. അവിടെ നിന്ന് കാഹലഹരി കൺവെൻഷൻ സെന്ററിലേക്ക് എത്താൻ തന്നെ ഒരു മണിക്കൂറിലധികം സമയം വേണ്ടിവരും. റോഡുമാർഗം പ്രത്യേക ഗതാഗത സൗകര്യം ഒരുക്കാമെന്ന് അറിയിച്ചെങ്കിലും, ഗിന്നസ് പ്രതിനിധികളുടെ നിയമപ്രകാരം രാത്രിയാത്ര സാധ്യമല്ലെന്ന് വ്യക്തമാക്കി.


അവസാന പ്രതീക്ഷയായി ചാർട്ടേഡ് വിമാനം ഒരുക്കാനുള്ള ശ്രമവും നടത്തി. എന്നാൽ അതും ഗിന്നസ് വേൾഡ് റെക്കോർഡിന്റെ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് അറിയിച്ച് അവർ നിരസിച്ചു.

ഇതോടെ മുന്നിലുള്ള വഴികളെല്ലാം അടഞ്ഞതുപോലെയായി.

അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് മൈലുകൾ യാത്ര ചെയ്ത് 1,800-ലധികം കലാകാരന്മാർ എത്തിച്ചേർന്നിരുന്നു. എല്ലാവരും ഒരു ചരിത്രനേട്ടത്തിനായി കാത്തിരിക്കുകയായിരുന്നു. പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുക എന്നതായിരുന്നു അവശേഷിക്കുന്ന ഏക മാർഗമെന്ന തോന്നലിൽ എല്ലാവരും നിരാശരായി. അപ്പോഴേക്കും രാത്രി രണ്ട് മണി കഴിഞ്ഞിരുന്നു.

എന്നാൽ ഫൊക്കാനയുടെ നേതൃത്വം പിന്മാറാൻ തയ്യാറായില്ല.

പ്രസിഡന്റ് സജിമോൻ ആന്റണി, കോർഡിനേറ്റർ മനോജ് വട്ടപ്പള്ളി, ട്രഷറർ ജോയി ചാക്കപ്പൻ, കൺവെൻഷൻ ചെയർ ആൽബർട്ട് ആന്റണി , ഷിജിമോൻ മാത്യു, ലിന്റോ മാത്യു എന്നിവരുടെ നേതൃത്വത്തിൽ അടിയന്തര കൂടിയാലോചനകൾ ആരംഭിച്ചു. എന്നാൽ, ഈ പ്രതിസന്ധിയുടെ വിവരം പുറത്തേക്ക് പോകാതെ ഈ ചെറിയ സംഘത്തിനുള്ളിൽ തന്നെ പരമാവധി രഹസ്യമായി സൂക്ഷിക്കാനായിരുന്നു തീരുമാനം. വാർത്ത പുറത്തറിഞ്ഞാൽ കലാകാരന്മാരിലും സംഘാടകരിലും അനാവശ്യമായ പരിഭ്രാന്തിയും ആശങ്കയും ഉണ്ടാകുമെന്നതിനാൽ, ആരെയും നിരാശപ്പെടുത്താതെ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.

പരിപാടി റദ്ദാക്കേണ്ടി വന്നാൽ ഉണ്ടാകാവുന്ന നിരാശയും വിമർശനങ്ങളും മാത്രമല്ല, മാസങ്ങളോളം ഈ ചരിത്രനിമിഷത്തിനായി കഠിനാധ്വാനം ചെയ്ത ആയിരക്കണക്കിന് കലാകാരന്മാരുടെ പരിശ്രമം എന്താകുമെന്ന ചോദ്യവും ഫൊക്കാന നേതൃത്വത്തെ  ഏറെ അലട്ടിയിരുന്നു. പുറത്ത് എല്ലാം സാധാരണപോലെ തുടരുമ്പോൾ, അകത്ത് ഒരു വലിയ പ്രതിസന്ധിയെ മറികടക്കാനുള്ള തീവ്രമായ ശ്രമത്തിലായിരുന്നു.

അതിലും വലിയൊരു പ്രശ്നം മുന്നിലുണ്ടായിരുന്നു.

ഗിന്നസ് വേൾഡ് റെക്കോർഡിന്റെ കർശനമായ നിയമപ്രകാരം, റെക്കോർഡ് നടക്കുന്ന വേദി 12 മണിക്കൂർ മുമ്പ് അവരുടെ പ്രതിനിധി സന്ദർശിച്ച് പരിശോധിക്കണം. അതിനുശേഷം ആ സ്ഥലത്തേക്ക് മറ്റാർക്കും പ്രവേശനം അനുവദിക്കില്ല. ഇത്രയും കർശനമായ നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കേണ്ട സാഹചര്യത്തിൽ, പരിപാടി നടക്കാനുള്ള സാധ്യത തന്നെ ഇല്ലാതായതുപോലെയായി.

എന്നിട്ടും ആ രാത്രി ഫൊക്കാനയുടെ മുന്നിൽ ഒരു ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ:

“എങ്ങനെ ഈ റെക്കോർഡ് നേടും?”

പിന്നീട് സംഭവിച്ചത് ഒരു അത്ഭുതം പോലെയായിരുന്നു.

ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതരുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ട് മണിക്കൂറുകളോളം ചർച്ചകൾ നടത്തി. ഒടുവിൽ ഒരു പുതിയ സാധ്യത തുറന്നു. ഫൊക്കാനയുടെ ഭാഗത്തുനിന്ന് രണ്ട് പേർക്ക് മൂന്ന് മണിക്കൂർ നീണ്ട ഓൺലൈൻ പരിശീലനവും ക്ലാസും പൂർത്തിയാക്കി ആവശ്യമായ യോഗ്യത നേടാനായാൽ, ഗിന്നസ് അധികൃതർക്ക് ഓൺലൈനായി നടപടികൾ പരിശോധിക്കാമെന്ന് അറിയിച്ചു.

പ്രസിഡന്റ് സജിമോൻ ആന്റണിയും കോർഡിനേറ്റർ മനോജ് വട്ടപ്പള്ളിയും മൂന്ന് മണിക്കൂർ നീണ്ട പരിശീലനം പൂർത്തിയാക്കി ആവശ്യമായ യോഗ്യത നേടി. അടഞ്ഞുപോയ വാതിലുകൾക്കിടയിൽ ഒരു ചെറിയ വെളിച്ചം തെളിഞ്ഞു.

പക്ഷേ, പ്രതിസന്ധികൾ അവിടെ അവസാനിച്ചില്ല.

“കൂനിന്മേൽ കുരു” എന്നുപറയുന്നതുപോലെ, മോഹിനിയാട്ടത്തിന്റെ എക്സാമിനറായി എത്താമെന്ന് സമ്മതിച്ചിരുന്ന അമേരിക്കയിലെ പ്രശസ്തയായ ഒരു നർത്തകി അവസാന നിമിഷം വരുന്നത് റദ്ദാക്കി. അതിന് അവർ പറഞ്ഞ കാരണം പോലും സംഘാടകരെ ഞെട്ടിച്ചു—അത് ഒരു അശുഭലക്ഷണമാണെന്നായിരുന്നു അവരുടെ നിലപാട്.

ഇനി മറ്റൊരു കടമ്പ.

ഗിന്നസ് വേൾഡ് റെക്കോർഡിന്റെ നിബന്ധനപ്രകാരം, ഗിന്നസ് സർട്ടിഫൈഡ് വ്യക്തിക്കു മാത്രമേ മോഹിനിയാട്ടം റെക്കോർഡ് വിലയിരുത്താനും സർട്ടിഫൈ ചെയ്യാനും കഴിയുമായിരുന്നുള്ളൂ.

അവിടെയാണ് നാട്ടിൽ നിന്ന് എത്തിയ പ്രശസ്ത നർത്തകി ദീപ കുക്കൂ മുന്നോട്ടുവന്നത്. ആ ഉത്തരവാദിത്വം ഏറ്റെടുക്കാൻ അവർ തയ്യാറായി. എന്നാൽ അവരെ ഗിന്നസ് സർട്ടിഫൈഡ് നർത്തകിയായി അംഗീകരിക്കുന്നതിനും നിരവധി നടപടിക്രമങ്ങളും കടമ്പകളും പിന്നിടേണ്ടിവന്നു.

നേരം വെളുത്തപ്പോൾ തന്നെ മറ്റൊരു അപ്രതീക്ഷിത സംഭവം കൂടി അരങ്ങേറി.മോഹിനിയാട്ടം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിനായി ഗുരു ബീന മേനോൻ മേക്കപ്പ് ചെയ്യുന്നതിനിടയിൽ, നെറ്റിച്ചുട്ടി കണ്ണിൽ തട്ടി കണ്ണിന് പരിക്കേൽക്കുകയും ചോര വാർന്നൊഴുകുകയും ചെയ്തു. ഒരു നിമിഷം എല്ലാവരും അന്താളിച്ചുപോയി. ഉടൻ തന്നെ ടീച്ചറോട് എമർജൻസിയിൽ പോകണമെന്ന് എല്ലാവരും നിർബന്ധിച്ചു.
അപ്പോൾ ഗുരു ബീന മേനോൻ പറഞ്ഞ വാക്കുകൾ അവിടെ നിന്നിരുന്ന എല്ലാവരെയും ഒരുപോലെ അമ്പരപ്പിച്ചു:

“എന്റെ ആദ്യ പ്രയോറിറ്റി ഈ ഡാൻസ് പ്രോഗ്രാമാണ്. അത് കഴിഞ്ഞതിന് ശേഷം മാത്രമേ ഞാൻ എവിടേക്കും പോകൂ.”വേദനയെക്കാൾ വലുതായിരുന്നു അവരുടെ കലാപ്രതിബദ്ധത. കണ്ണിൽ നിന്ന് ചോര വാർന്നുകൊണ്ടിരുന്നിട്ടും, ആ വേദന മറച്ചുവെച്ച് അവർ വേദിയിലെത്തി.  പരിക്കേറ്റ കണ്ണുമായാണ് ഗുരു ബീന മേനോൻ മോഹിനിയാട്ടം അവതരിപ്പിച്ചത്. വേദിയിലെ ഓരോ ചുവടിലും വേദനയുണ്ടായിരുന്നെങ്കിലും, കാണികൾ കണ്ടത് ആ വേദനയായിരുന്നില്ല;
കലയെ ഹൃദയത്തിൽ ചേർത്തുപിടിച്ച ഒരു ഗുരുവിന്റെ സമർപ്പണമായിരുന്നു.

പ്രതിസന്ധികൾ ഒന്നിനു പുറകെ ഒന്നായി വന്നുകൊണ്ടിരുന്നു. എന്നാൽ ഓരോ പ്രതിസന്ധിക്കും മുന്നിൽ ഫൊക്കാന പുതിയൊരു വഴി കണ്ടെത്തുകയായിരുന്നു.

അടുത്ത വെല്ലുവിളി വേദിയെക്കുറിച്ചായിരുന്നു.

ഗിന്നസ് റെക്കോർഡ് നടത്താൻ ആദ്യം നിശ്ചയിച്ചിരുന്നത് ഔട്ട്ഡോർ വേദിയിലായിരുന്നു. എന്നാൽ ഓൺലൈൻ പരിശോധനയും നിരീക്ഷണവും നടത്തേണ്ട സാഹചര്യം വന്നതോടെ പരിപാടി ഇൻഡോറിലേക്ക് മാറ്റണമെന്ന ഗിന്നസ് അധികൃതരുടെ നിർദ്ദേശം ലഭിച്ചു.

ഇത്രയും വലിയൊരു ജനക്കൂട്ടത്തെയും കലാകാരന്മാരെയും ഉൾക്കൊള്ളാൻ കഴിയുന്ന വലിയ ഹാൾ കണ്ടെത്തി പരിപാടി അവിടേക്ക് മാറ്റേണ്ടിവന്നു. പങ്കെടുക്കുന്ന മുഴുവൻ കലാകാരന്മാരെയും ഒരേ സമയം സ്ക്രീനിൽ വ്യക്തമായി കാണാൻ കഴിയുന്ന തരത്തിലുള്ള ഓൺലൈൻ വീഡിയോ റിലേ സംവിധാനം ഒരുക്കണം, ഗിന്നസിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം—അങ്ങനെ അവസാന നിമിഷം വരെ പുതിയ വെല്ലുവിളികൾ തുടർന്നുകൊണ്ടേയിരുന്നു.

എന്നാൽ ആ ചെറിയ കൂട്ടം ആളുകൾ പ്രതീക്ഷ കൈവിട്ടില്ല.

രാത്രിയെ പകലാക്കി, ഉറക്കമില്ലാതെ, ഓരോ നിമിഷവും വിലപ്പെട്ടതാക്കി, ഫൊക്കാനയുടെ സ്വപ്നത്തിനായി അവർ പ്രവർത്തിച്ചു. നിയമങ്ങൾ പാലിച്ചും സാങ്കേതിക സംവിധാനങ്ങൾ ഒരുക്കിയും അവസാന നിമിഷം വരെ പോരാടിയ അവരുടെ പരിശ്രമത്തിന്റെ ഫലമായി ഒടുവിൽ ആ ചരിത്രനിമിഷം എത്തി.

വൈകിട്ട് മൂന്ന് മണിക്ക് ചെണ്ടമേളത്തിന്റെ താളം മുഴങ്ങി.

അത് വെറും ചെണ്ടയുടെ ശബ്ദമായിരുന്നില്ല. കഴിഞ്ഞ രാത്രിയിലെ ആശങ്കകൾക്കും നിരാശകൾക്കും പ്രതിസന്ധികൾക്കും മറുപടിയായ വിജയത്തിന്റെ ആദ്യമുഴക്കമായിരുന്നു.

തുടർന്ന് മോഹിനിയാട്ടവും അരങ്ങേറി.

അങ്ങനെ, ഒന്നിന് പുറകെ ഒന്നായി രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ ഫൊക്കാനയുടെ പേരിൽ കുറിക്കപ്പെട്ടു.

ആ നിമിഷം അവിടെ സന്നിഹിതരായ ഓരോരുത്തരുടെയും മുഖത്ത് വിരിഞ്ഞ സന്തോഷവും ആവേശവും കാണുമ്പോൾ ഞങ്ങൾക്കുണ്ടായ ആഹ്ലാദത്തിന് അതിരുകളില്ലായിരുന്നു. മാസങ്ങളോളം നടത്തിയ പരിശ്രമങ്ങളും ഉറക്കമില്ലാത്ത രാത്രികളും അവസാന നിമിഷത്തിലെ അനിശ്ചിതത്വങ്ങളും ഒറ്റ നിമിഷത്തിൽ അഭിമാനമായി മാറുകയായിരുന്നു.

അസാധ്യമെന്ന് തോന്നിയ സാഹചര്യത്തിൽ നിന്ന് ലോക റെക്കോർഡിന്റെ വേദിയിലേക്ക് എത്തിയ ആ നിമിഷം ഞങ്ങളുടെ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത അനുഭവമായി മാറി.

അത് വെറും രണ്ട് ഗിന്നസ് റെക്കോർഡുകളുടെ നേട്ടമായിരുന്നില്ല. അത് ഐക്യത്തിന്റെയും അർപ്പണബോധത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും വിജയമായിരുന്നു.

ഒരു സ്വപ്നം കാണുന്നത് എളുപ്പമാണ്. എന്നാൽ ആ സ്വപ്നത്തെ യാഥാർഥ്യമാക്കാൻ അചഞ്ചലമായ വിശ്വാസവും കഠിനാധ്വാനവും വിട്ടുവീഴ്ചയില്ലാത്ത പരിശ്രമവും കൂട്ടായ്മയും ആവശ്യമാണ്. അസാധ്യമായി തോന്നിയ ഒരു വലിയ ലക്ഷ്യത്തെ മുന്നിൽ കണ്ടുകൊണ്ട് നിരവധി പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച് മുന്നേറിയതാണ് ഫൊക്കാനയുടെ ഈ വിജയഗാഥ.

ഈ നേട്ടം ഒരു വ്യക്തിയുടെയോ ഒരു ചെറിയ സംഘത്തിന്റെയോ മാത്രം വിജയമല്ല. ഒരുമിച്ച് സ്വപ്നം കണ്ടും ഒരേ ലക്ഷ്യത്തിനായി പ്രവർത്തിച്ചും നേടിയ കൂട്ടായ വിജയമാണിത്.

പരാജയത്തിന്റെ സാധ്യതകളെക്കാൾ വിജയിക്കാനുള്ള വിശ്വാസത്തിന് പ്രാധാന്യം നൽകിയപ്പോൾ പുതിയൊരു ചരിത്രം എഴുതപ്പെട്ടു.

അതാണ് ഈ വിജയഗാഥയുടെ ഏറ്റവും വലിയ സന്ദേശം:

“ഒരുമിച്ച് സ്വപ്നം കാണുക. ഒരുമിച്ച് പരിശ്രമിക്കുക. പ്രതിസന്ധികൾക്ക് മുന്നിൽ തളരാതിരിക്കുക. അപ്പോൾ അസാധ്യമായതുപോലും സാധ്യമാകും.”

വാർത്ത: ശ്രീകുമാർ ഉണ്ണിത്താൻ

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ