തിരുവനന്തപുരം: ഭാഗ്യാന്വേഷികൾക്ക് സന്തോഷ വാർത്തയായി ക്രിസ്തുമസ് – ന്യൂ ഇയർ ബംമ്പർ ലോട്ടറിയുടെ സമ്മാനത്തുക വർധിപ്പിച്ചു. കഴിഞ്ഞ വർഷം 20 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തുക 25 കോടി രൂപയാക്കിയാണ് വർധിപ്പിച്ചത്. സമ്മാനത്തുക ഉയർത്തിയത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. സമ്മാനങ്ങളുടെ എണ്ണവും വർധിപ്പിച്ച് സമ്മാനഘടനയിൽ മാറ്റം വരുത്തിയിട്ടുണ്ട്.
കേരള ലോട്ടറി വകുപ്പിൻ്റെ ക്രിസ്മസ് – ന്യൂ ഇയർ ബംബർ 2026-27 (BR-113) ലോട്ടറിയിലൂടെ 26 പേരാണ് കോടീശ്വരന്മാരാവുക. 215 പേർ ലക്ഷാധിപതികളുമായി മാറും. ഒന്നാം സമ്മാനമായി 25 കോടി രൂപ ലഭിക്കുമ്പോൾ, രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 24 പേർക്ക് ലഭിക്കും. ആകെ 7,66,992 സമ്മാനങ്ങളാണ് ഇത്തവണ നൽകുന്നത്.
450 രൂപയാണ് ക്രിസ്മസ് ബമ്പർ ലോട്ടറി ടിക്കറ്റ് വില. CA, CB, CC, CD, CE, CF, CG, CH, CJ, CK, CL, CM എന്നീ 12 സീരീസുകളിലായി ഒരു കോടി എട്ട് ലക്ഷം ടിക്കറ്റുകൾ ഏജൻ്റുമാർക്ക് വിതരണം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്. വിപണിയിലെ ആവശ്യകത അനുസരിച്ചായിരിക്കും ടിക്കറ്റുകൾ അച്ചടിക്കുക.
ആകെ 124,01,16,000 രൂപയാണ് സമ്മാനത്തുകയായി നൽകുന്നത്. ടിക്കറ്റ് വിൽപ്പന നവംബർ 28ന് ആരംഭിക്കും. നറുക്കെടുപ്പ് 2027 ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കും. ഭാഗ്യക്കുറി ടിക്കറ്റുകളുടെ ഓൺലൈൻ വിൽപ്പന നിയമവിരുദ്ധമാണ്. ലൈസൻസുള്ള ഏജൻ്റുമാരിൽനിന്ന് അച്ചടിച്ച യഥാർഥ ടിക്കറ്റുകൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കേണ്ടതുണ്ട്. സോഷ്യൽ മീഡിയ വഴിയോ ഡിജിറ്റൽ പേയ്മെൻ്റ് ലിങ്കുകൾ വഴിയോ ടിക്കറ്റുകൾ വാങ്ങരുതെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഭാഗ്യക്കുറി ഡയറക്ടർ കെ ഇമ്പശേഖർ അറിയിച്ചു



