12 മാസവും 354 /355 ദിവസങ്ങൾ ഉള്ളതും ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ളതുമായ കലണ്ടറാണ് ഇസ്ലാമിക് കലണ്ടർ അഥവാ ഹിജ്റ കലണ്ടർ. കേരളത്തിൽ അറബി മാസം എന്നും അറിയപ്പെടാറുണ്ട്. ഇത് എല്ലാ വർഷവും സൂര്യനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറിൽ നിന്നും 10 അല്ലെങ്കിൽ11 ദിവസം കുറവായിരിക്കും. മാസത്തിൽ പരമാവധി 30 ദിവസങ്ങൾ; ഏതാനും മാസങ്ങൾ 29 ദിവസങ്ങൾ മാത്രമേ ഉണ്ടാകൂ. ഓരോ മാസത്തിലും ചന്ദ്രപ്പിറവിയെ (New moon) അടിസ്ഥാനമാക്കിയാണ് ദിവസങ്ങൾ 29/30 എന്ന് തീരുമാനിക്കുന്നത്. ഇസ്ലാമിക് കലണ്ടറിനെ ഹിജ്റ കലണ്ടർ എന്ന് അറിയപ്പെടുന്നു. ഹിജ്റ വർഷം ആരംഭിക്കുന്നത് മുഹമ്മദ് നബി മക്കയിൽ നിന്നും മദീനയിലേക്ക് യാത്ര പോയ (ഹിജ്റ) വർഷത്തെ അടിസ്ഥാനമാക്കിയാണ് .
*ചരിത്രം.
പ്രവാചകനായ മുഹമ്മദ് നബി ഖുറൈശികളുടെ അക്രമണം സഹിക്കവയ്യാതെ മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തത് അടിസ്ഥാനപ്പെടുത്തിയുള്ള ചന്ദ്രമാസ കാലഗണനയാണ് ഹിജ്റ.വർഷം. മുഹമ്മദ് നബിയുടെ അനുയായികളും മറ്റും അതിനു മുൻപേ തന്നെ പലായനം ചെയ്തിരുന്നുവെങ്കിലും നബി പലായനം ചെയ്ത എ.ഡി 622 മുതലാണു് ഹിജ്റ വർഷം തുടങ്ങുന്നതു്.
മുഹമ്മദിന്റേയും അബൂബക്കർ സിദ്ദീഖിന്റെയും മരണശേഷം ഉമറിന്റെ ഖിലാഫത്ത് കാലത്ത് ഇസ്ലാം വ്യാപിച്ചപ്പോൾ ലോക മുസ്ലിംകൾക്ക് പൊതുവായി ഒരു കാലഗണനാ സമ്പ്രദായം വേണമെന്ന അഭിപ്രായം ഉയർന്നു വന്നു. ഏതു സംഭവം ആസ്പദമാക്കിയാണ് വർഷം എണ്ണിത്തുടങ്ങേണ്ടതെന്ന ചർച്ചയിൽ വിവിധ നിർദ്ദേശങ്ങൾ ഉന്നയിക്കപ്പെട്ടു. പലവിധ നിർദ്ദേശങ്ങളുമുണ്ടായെങ്കിലും ഒടുവിൽ ഹിജ്റ (നബി മക്കയിൽ നിന്ന മദീനയിലേക്ക് പലായനം ചെയ്ത സംഭവം) ആസ്പദമാക്കിക്കൊണ്ട് കലണ്ടർ ആരംഭിക്കണമെന്ന ഏകോപിത തീരുമാനത്തിൽ എത്തുകയായിരുന്നു. മുഹർറം, ഒന്നാമത്തെ മാസമായി തീരുമാനിക്കപ്പെട്ടു.
ഖുർആനിൽ വൽഫജ്രി എന്ന് സത്യം ചെയ്ത പറഞ്ഞത് മുഹറം ഒന്നിൻറെ പ്രഭാതത്തെയാണെന്ന് അഭിപ്രായമുണ്ട് വൽഫജ്രിയിൽ പരാമർശിച്ച പ്രഭാതം മുഹർറം ഒന്നിന്റെ പ്രഭാതമാണെന്ന് ഇമാം ഖതാദ പറഞ്ഞിട്ടുണ്ട് . മുഹർറം ഒന്നിന്റെ പുലരി (പുതുവർഷപ്പുലരി) മുസ്ലിംകൾക്ക് സുപ്രധാനമാണ്.
*മാസപ്പിറവി.
ഇസ്ലാമിക അനുഷ്ഠാനങ്ങളുടെ സമയം കണക്കാക്കുന്നത് ചന്ദ്രപ്പിറവി (മാസപ്പിറവി) അടിസ്ഥാനമാക്കിയാണ്.
*മാസങ്ങളുടെ പട്ടിക.
മുഹർറം محرّم
സഫർ صفر
റബീഉൽ അവ്വൽ (റബീ അൽ ഔല) ربيع الأول
റബീഉൽ ആഖിർ (അല്ലെങ്കിൽ റബീ അൽ-സ്സാനി) ربيع الآخر أو ربيع الثاني
ജമാദുൽ അവ്വൽ (ജമാദ് ഈ) جمادى الأول
ജമാദുൽ ആഖിർ (അല്ലെങ്കിൽ ജമാദ് അസ്സാനി, ജാംദുൽ ഈഈ)
റജബ് رجب
ശഅബാൻ شعبان
റമദാൻ رمضان (അല്ലെങ്കിൽ റംസാൻ)
ശവ്വാൽ شوّال
ദുൽ ഖഅദ് ذو القعدة
ദുൽ ഹജ്ജ് ذو الحجة
*ആഴ്ചയിലെ ദിവസങ്ങൾ.
ഇസ്ലാമിക് കലണ്ടറിലെ ആഴ്ചകൾ ദിവസങ്ങളും ക്രിസ്ത്യൻ കലണ്ടറുകൾക്ക് തുല്യമാണ്. സൂര്യസ്തമയത്തോടെയാണ് ഇസ്ലാമിക് ജൂത കലണ്ടറുകളിൽ ആഴ്ചയിലെ ദിവസങ്ങൾ തുടങ്ങുന്നത് .
യൌമുൽ അഹദ് – ഞായർ يَوْمُ الْأَحَد
യൌമുൽ ഇസ്നൈൻ – തിങ്കൾ يَوْمُ الْإِثْنَيْن
യൌമുസ്സലാസാ – ചൊവ്വ يَوْمُ الثَّلَاثَاء
യൌമുൽ അർബആ – ബുധൻ يَوْمُ الأََْرْبِعَاء
യൌമുൽ ഖമീസ് – വ്യാഴം يَوْمُ الْخَمِيس
യൌമുൽ ജുമുഅ -വെള്ളി يَوْمُ الْجُمُعَة
യൌമുസ്സബ്ത് – ശനി يَوْمُ السَّبْت



