Wednesday, October 7, 2026
Homeഅമേരിക്കപുത്തന്‍ കര്‍മ്മപരിപാടികളുമായി ഫോമാ 2026-'28 എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒക്ടോബര്‍ 17-ന് ഷിക്കാഗോയില്‍ ചുമതലയേല്‍ക്കും

പുത്തന്‍ കര്‍മ്മപരിപാടികളുമായി ഫോമാ 2026-’28 എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒക്ടോബര്‍ 17-ന് ഷിക്കാഗോയില്‍ ചുമതലയേല്‍ക്കും

ശ്രീകുമാർ

ശ്രീകുമാർ  

ഷിക്കാഗോ: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ സംഘടനാ സ്വപ്നങ്ങള്‍ക്ക് പുതിയ ദിശയും ഊര്‍ജവും പകരാന്‍ ഫോമായുടെ 2026-’28 കാലയളവിലേക്കുള്ള പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അധികാരമേല്‍ക്കുന്നു.

ഹൂസ്റ്റണില്‍ നടന്ന 9-ാമത് ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനില്‍ വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട പുതിയ നേതൃത്വത്തിന്റെ ഔദ്യോഗിക സ്ഥാനാരോഹണവും പ്രവര്‍ത്തനോദ്ഘാടനവും 2026 ഒക്ടോബര്‍ 17 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ചിക്കാഗോയില്‍ നടക്കും. ബെല്‍വുഡിലെ സീറോ മലബാര്‍ കത്തീഡ്രല്‍ പാരീഷ് ഹാള്‍ ആണ് ചടങ്ങിന് വേദിയാകുന്നത്.


ഷിക്കാഗോ രൂപതാ ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. മലയാള സിനിമാതാരം സരയൂ മോഹന്‍ ആണ് ചീഫ് ഗസ്റ്റ്. വെരി. റവ. ഫാ. തോമസ് കടുകപ്പള്ളി, വികാരി ജനറല്‍, സെന്റ് തോമസ് സീറോ മലബാര്‍, ചടങ്ങില്‍ സാന്നിധ്യമറിയിക്കും.

പ്രവര്‍ത്തനോദ്ഘാടനത്തിന് മുന്നോടിയായി 16-ാം തീയതി ”ഫോമാ സൗഹൃദ സംഗമം 2026” നടക്കും. 17-ാം തീയതി ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് നടക്കുന്ന ജനറല്‍ ബോഡിയോടനുബന്ധിച്ചാണ് സത്യ പ്രതിജ്ഞ. ഫോമാ ജൂഡീഷ്യറി ചെയര്‍മാന്‍ ബെന്നി വാച്ചാച്ചിറ പുതിയ ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.

സ്ഥാനാരോഹണ ചടങ്ങിനൊപ്പം  ഷിക്കാഗോ മണവാളന്‍സ് അവതരിപ്പിക്കുന്ന വിപുലമായ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. ഡാന്‍സ്, കോമഡി, മലയാളം സ്‌കിറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന പ്രത്യേക വിനോദ പരിപാടികളാണ് സംഘാടകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ‘എന്റര്‍ടെയ്ന്‍മെന്റ് അറ്റ് ഇറ്റ്‌സ് ബെസ്റ്റ്’ എന്ന പേരോടെയാണ് പരിപാടി അവതരിപ്പിക്കുന്നത്. ചടങ്ങില്‍ ഫോമാ മുന്‍ പ്രസിഡന്റുമാര്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍മാര്‍, ആര്‍.വി.പിമാര്‍ തുടങ്ങിയവരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവരും പങ്കെടുക്കും.

ഹൂസ്റ്റണില്‍ നടന്ന 9-ാമത് ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനിലാണ് പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടത്. സംഘടനയുടെ അടുത്ത രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ ദിശയും വിപുലമായ പ്രവര്‍ത്തനപദ്ധതികളുമാണ് പുതിയ നേതൃത്വം മുന്നോട്ടുവയ്ക്കുന്നത്.

ഹൂസ്റ്റണില്‍ ലഭിച്ച ജനവിധിയെ പ്രവര്‍ത്തനത്തിലേക്ക് മാറ്റാനുള്ള ആദ്യപടിയാണ് ഈ ഇനാഗുരേഷന്‍. ബിജു തോണിക്കടവില്‍ പ്രസിഡന്റായും പോള്‍ പി. ജോസ് ജനറല്‍ സെക്രട്ടറിയായും പ്രദീപ് നായര്‍ ട്രഷററായും സാമുവല്‍ മാത്യു വൈസ് പ്രസിഡന്റായും ഡോ. മഞ്ജു പിള്ള ജോയിന്റ് സെക്രട്ടറിയായും ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ജോയിന്റ് ട്രഷററായും ചുമതലയേല്‍ക്കും.

പുതിയ നേതൃത്വത്തിന്റെ മുന്നിലുള്ളത് കേവലം ഭരണപരമായ ചുമതലകളല്ല; അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ മാറിവരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് ഫോമായയുടെ പ്രവര്‍ത്തനശൈലിയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരിക എന്ന വലിയ ദൗത്യമാണ്.

കുടുംബങ്ങളെ കൂടുതല്‍ ശക്തമായി സംഘടനയോട് ചേര്‍ത്തുനിര്‍ത്തുക, യുവതലമുറയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുക, കുട്ടികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക, പ്രൊഫഷണലുകളെയും സംരംഭകരെയും തമ്മില്‍ ബന്ധിപ്പിക്കുക, ആരോഗ്യ-മാനസിക ക്ഷേമ മേഖലകളില്‍ കൂടുതല്‍ ഇടപെടല്‍ നടത്തുക, കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ വേദികള്‍ സൃഷ്ടിക്കുക തുടങ്ങിയ ആശയങ്ങളാണ് പുതിയ കാലയളവിന്റെ പ്രവര്‍ത്തനദിശയില്‍ പ്രധാനമാകുന്നത്.

ഫോമായ്ക്ക് 20 വയസ് പൂര്‍ത്തിയാകുന്ന 2028-ല്‍ കേരളത്തിലെ നിര്‍ധനര്‍ക്കായി 20 വീടുകള്‍ വച്ചുകൊടുക്കുന്ന ‘ഫോമാ 22-20 ഹൗസിങ് പ്രോജക്ട്’ പുതിയ ഭരണ സമിതിയുടെ സ്വപ്ന പദ്ധതിയാണ്. കൂടാതെ 2028-ലെ വിദ്യാര്‍ത്ഥി പ്രതിഭകള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി, കുട്ടികളെയും യുവാക്കളെയും കേന്ദ്രീകരിച്ചുള്ള പരിപാടികള്‍, 60 വയസ്സിന് മുകളിലുള്ള അംഗങ്ങള്‍ക്കായി യോഗ, വിനോദം, ആരോഗ്യോപദേശം തുടങ്ങിയവ ഉള്‍പ്പെടുന്ന പ്രതിമാസ ഓണ്‍ലൈന്‍ പരിപാടികള്‍, കേരളവും അമേരിക്കയും തമ്മിലുള്ള സംരംഭക-വ്യവസായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ബിസിനസ് ബിയോണ്ട് ബോഡേഴ്‌സ് പോലുള്ള ആശയങ്ങള്‍ പുതിയ പ്രവര്‍ത്തന പരിപാടിയിലേക്ക് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

ഭാവിയിലെ ഫോമായ ദേശീയ കണ്‍വന്‍ഷനുകള്‍ കൂടുതല്‍ കുടുംബ കേന്ദ്രിതമാക്കാനുള്ള ആശയവും പുതിയ നേതൃത്വം മുന്നോട്ടുവച്ചിട്ടുണ്ട്.

നിലവിലെ നാല് ദിവസത്തെ കണ്‍വന്‍ഷന്‍ അഞ്ച് ദിവസമാക്കി വിപുലീകരിക്കുകയും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേക ദിവസം മാറ്റിവയ്ക്കുകയും ചെയ്യുക എന്ന നിര്‍ദേശത്തിന് ഇതിന്റെ ഭാഗമായി പ്രാധാന്യമുണ്ട്. ഇത് കണ്‍വന്‍ഷനെ മുതിര്‍ന്നവരുടെ സംഗമം എന്ന പരിധിയില്‍ നിന്ന് മാറ്റി അമേരിക്കന്‍ മലയാളി കുടുംബങ്ങളുടെ എല്ലാ തലമുറകളെയും ഒന്നിപ്പിക്കുന്ന വലിയ കൂട്ടായ്മയായി വളര്‍ത്താനുള്ള ശ്രമമായാണ് കാണുന്നത്.

ഫോമായയുടെ കഴിഞ്ഞ പ്രവര്‍ത്തനകാലത്ത് നടപ്പാക്കിയ വിവിധ സാമൂഹിക സേവന പദ്ധതികള്‍ക്ക് തുടര്‍ച്ച നല്‍കുന്നതിനൊപ്പം പുതിയ നേതൃത്വം സേവനപ്രവര്‍ത്തനങ്ങളെ കൂടുതല്‍ വിപുലപ്പെടുത്താനും ലക്ഷ്യമിടുന്നു.

അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ വളര്‍ച്ചയ്‌ക്കൊപ്പം കേരളവുമായുള്ള ബന്ധവും ശക്തിപ്പെടുത്തുക എന്നതും പുതിയ കാലയളവില്‍ പ്രധാന വിഷയമാകുമെന്നാണ് പ്രതീക്ഷ. സംഘടനയുടെ ശക്തി അതിന്റെ അംഗസംഘടനകളിലും കുടുംബങ്ങളിലുമാണെന്ന തിരിച്ചറിവോടെ ”ഒരുമിച്ച് മുന്നോട്ട്” എന്ന ആശയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് പുതിയ നേതൃത്വത്തിന്റെ ശ്രമം.

പുതിയ ഭാരവാഹികള്‍ക്ക് മുന്നില്‍ വലിയ പ്രതീക്ഷകളുണ്ട്. അതോടൊപ്പം വലിയ ഉത്തരവാദിത്വവും. അമേരിക്കന്‍ മലയാളി സമൂഹം അതിവേഗം വളരുകയും പുതിയ തലമുറ അമേരിക്കന്‍ ജീവിതവുമായി കൂടുതല്‍ ആഴത്തില്‍ ഇഴചേരുകയും ചെയ്യുന്ന കാലഘട്ടത്തില്‍, കേരളീയ പൈതൃകം കാത്തുസൂക്ഷിക്കുകയും അമേരിക്കന്‍ സാമൂഹിക ജീവിതത്തിന്റെ ഭാഗമാകുകയും ചെയ്യുന്ന ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കുക എന്ന വെല്ലുവിളിയാണ് ഫോമായയ്ക്കു മുന്നിലുള്ളത്.

കുട്ടികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍, യുവാക്കള്‍ക്ക് പുതിയ വേദികള്‍, മുതിര്‍ന്നവര്‍ക്ക് കരുതല്‍, കുടുംബങ്ങള്‍ക്ക് കൂട്ടായ്മ, സംരംഭകര്‍ക്ക് ബന്ധങ്ങള്‍, കലാപ്രതിഭകള്‍ക്ക് വേദികള്‍, സമൂഹത്തിന് സേവനം  ഈ വിശാലമായ സ്വപ്നങ്ങളുമായി ഫോമാ 2026-’28 കാലഘട്ടത്തിലേക്ക് കടക്കുകയാണ്. സെന്‍ട്രല്‍ റീജിയന്‍ ആര്‍.വി.പി ജോണ്‍സണ്‍ കണ്ണൂക്കാടന്റെ നേതൃത്വത്തില്‍ ഇനാഗുറേഷന്റെ ഒരുക്കങ്ങള്‍ നടന്നുവരുന്നു.

വാർത്ത: ശ്രീകുമാർ  

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ