വിശുദ്ധ എഡ്വേർഡ് രാജാവ്
—————————————
എഥെല്‍ഡ് രണ്ടാമന്റെ മകനാണ് ഇംഗ്ലീഷുചരിത്രത്തില്‍ നാം കാണുന്ന എഡ്വേര്‍ഡ് കണ്‍ഫെസ്സര്‍. നോര്‍മന്റി പ്രഭുവിന്റെ കൊട്ടാരത്തിലാണ് വിദ്യാഭ്യാസം നടത്തിയത്. പ്രശാന്തവും മധുരവുമായിരുന്നു സ്വഭാവം. വിനയം മുഖത്തും സംഭാഷണത്തിലും പ്രകാശിച്ചിരുന്നു. ബാല്യം മുതല്‍ക്കേ രാജകുമാരനു വിശുദ്ധ കുര്‍ബാന കാണുന്നതിലും പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നതിലും അതീവതാല്പര്യം ഉണ്ടായിരുന്നു.
ആംഗ്ലോ-സാക്സണ്‍ വംശജരുടെ അവസാനത്തെ രാജാവും, രക്തസാക്ഷിത്വം വരിച്ച എഡ്വേർഡ് രാജാവിന്റെ പേരക്കുട്ടിയുമായ വിശുദ്ധ എഡ്വേർഡ് തന്റെ ചെറുപ്പകാലം മുഴുവനും ഒരു നോർമൻ നേതാവായ തന്റെ അമ്മാവനൊപ്പം ഒളിവിലാണ് കഴിഞ്ഞത്. പാപപങ്കിലമായ ചുറ്റുപാടിലാണ് ജീവിച്ചതെങ്കിലും തന്റെ വിശുദ്ധി കൈവിടാതെ കാത്ത് സൂക്ഷിക്കുവാൻ വിശുദ്ധനു കഴിഞ്ഞിരുന്നു.
1042-ൽ ഇംഗ്ലണ്ടിലെ സിംഹാസനത്തിൽ തൻ്റെ നല്പതാമത്തെ വയസ്സിൽ അപ്രതീക്ഷിതമായി അദ്ദേഹം അവരോധിതനായി. ആരുടെയെങ്കിലും ഒരു തുള്ളി രക്തം ചിന്തി ആ സ്ഥാനം ലഭിക്കാന്‍ താന്‍ ഇച്ഛിക്കുന്നില്ലെന്ന് അദ്ദേഹം പറയുമായിരുന്നു. അങ്ങനെതന്നെ സംഭവിച്ചു. സിംഹാസനത്തില്‍ രാജാവിന്റെ വിനയവും ശാന്തതയും വിശുദ്ധിയും നവ്യമായ തേജസ്സോടെ വിരാജിച്ചു. ദൈവകൃപയാൽ ക്രിസ്തീയ തത്വ സംഹിതകളുടെ അടിസ്ഥാനത്തിലുള്ള ഒരു ഭരണം അദ്ദേഹം പ്രാബല്യത്തിൽ കൊണ്ടുവന്നു.
ജനങ്ങളുടെ ഇടയിൽ ക്രിസ്തീയ വിശ്വാസം പുനരുജ്ജീവിപ്പിക്കുന്നതിനായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ പരിശ്രമം. ഇതിന്റെ ഭാഗമായി രാജ്യത്ത് ധാരാളം പള്ളികൾ പണിയുകയും സന്യസ്തരെയും പുരോഹിതരെയും രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തു. മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി വിവാഹം ചെയ്തുവെങ്കിലും തന്റെ വിശുദ്ധി വിവാഹ ജീവിതത്തിലുടനീളം അദ്ദേഹം കാത്ത് സൂക്ഷിച്ചു. സുവിശേഷകനായ വിശുദ്ധ ജോണ്‍ ആയിരുന്നു എഡ്വേർഡിന് ഏറ്റവും പ്രിയപ്പെട്ട വിശുദ്ധൻ. തന്റെ അടുത്ത് സഹായത്തിനായി വരുന്നവരെ അദ്ദേഹം ഒരിക്കലും നിരാശരാക്കിയിരുന്നില്ല.

ധനം അദ്ദേഹത്തെ വശീകരിച്ചിരുന്നില്ല. ഒരു ഭൃത്യന്‍ ഭണ്ഡാരത്തില്‍നിന്നു മോഷ്ടിക്കുന്നതു മൂന്നു പ്രാവശ്യം അദ്ദേഹം കണ്ടു. എന്നാല്‍ അയാളെ സ്വതന്ത്രനാക്കി വിട്ടതേയുള്ളൂ. തന്നെക്കാള്‍ സ്വര്‍ണ്ണത്തിനു കൂടുതല്‍ ആവശ്യം അവനാണന്നത്രേ രാജാവ് പറഞ്ഞത്.
കൊട്ടാരത്തിന്റെ പടിക്കല്‍ രാജാവു പലപ്പോഴും നിന്ന് അവിടെയെത്തിച്ചേരുന്ന ഭിക്ഷുക്കളോടും കുഷ്ഠരോഗികളോടും അദ്ദേഹം സംസാരിക്കുക പതിവായിരുന്നു. ചിലപ്പോള്‍ രോഗികളെ അത്ഭുതകരമായി സുഖപ്പെടുത്തുകയും ചെയ്തിരുന്നു.
നീണ്ട യുദ്ധങ്ങള്‍ രാജ്യത്തെ ദാരിദ്ര്യത്തില്‍ അമര്‍ത്തിയിരുന്നുവെങ്കിലും എഡ്വേര്‍ഡിന്റെ വിശുദ്ധിയും തീക്ഷണതയും രാജ്യത്തിന് ഐശ്വര്യം വരുത്തി. 24 കൊല്ലത്തെ അദ്ദേഹത്തിന്റെ ഭരണം അനുസ്യൂതമായ സമാധാനമായിരുന്നു. നശിച്ചുപോയിരുന്ന പള്ളികളെല്ലാം ഉദ്ധരിച്ചു. പുതിയ പള്ളികള്‍ പലതും പണിയിച്ചു. ഒടുവില്‍ പണിയിച്ചതു വെസ്റ്റ്മിനിസ്റ്റര്‍ ആബിയാണ്. നല്ലവനായ എഡ്വേര്‍ഡെന്നാണ് അക്കാലത്തെ ജനങ്ങള്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. ദുര്‍ബ്ബലര്‍ സുരക്ഷിതരായിരുന്നു.
ഒരു ദിവസം ഇദ്ദേഹത്തിന്റെ പ്രിയപ്പെട്ട അനുയായി ഒരു ഭിക്ഷക്കാരന്റെ രൂപത്തിൽ ഭിക്ഷയാചിച്ചു. ഈ സമയം വിശുദ്ധന്റെ പക്കൽ പണമൊന്നും ഇല്ലാത്തതിനാൽ തന്റെ കൈവിരലിലെ മോതിരം ഭിക്ഷയായി കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ വിശുദ്ധ ജോണ്‍ പ്രത്യക്ഷപ്പെടുകയും മോതിരം തിരിച്ചു കൊടുത്തുകൊണ്ട് തന്റെ മരണം അടുത്തതായി അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ അദ്ദേഹം തനിക്കുവേണ്ടി പ്രാർത്ഥിക്കുവാൻ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ മുന്‍കൂട്ടി പ്രവചിക്കപ്പെട്ട ദിവസമായ 1066 ജനുവരി 5 ന് വിശുദ്ധന്‍ കർത്താവിൽ അന്ത്യ നിദ്ര പ്രാപിച്ചു.
എഡ്വേർഡ് രാജാവിന്റെ മരണശേഷം ഏകദേശം ഒരു നൂറ്റാണ്ടിന് ശേഷം, 1161-ൽ അലക്സാണ്ടർ മൂന്നാമൻ മാർപ്പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1350-ൽ എഡ്വേർഡ് മൂന്നാമൻ രാജാവ് ‘സെയ്ന്റ് ജോർജിനെ’ ഇംഗ്ലണ്ടിന്റെ ഏക ദേശീയ വിശുദ്ധനായി പ്രഖ്യാപിക്കുന്നത് വരെ ഇംഗ്ലണ്ടിന്റെ ദേശീയ വിശുദ്ധരിൽ ഒരാളായിരുന്നു വിശുദ്ധ എഡ്വേർഡ് രാജാവ്.



