ന്യൂഡല്‍ഹി: ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് . ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്ന് കോണ്‍ഗ്രസ്. ഇന്ന് ബിജെപി സര്‍ക്കാര്‍ എല്ലാ പരിധികളും ലംഘിച്ചുവെന്നും പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ക്രൂരമായി ഉപദ്രവിക്കപ്പെട്ടുവെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.
പ്രതിപക്ഷ നേതാവിനും ജനപ്രതിനിധികള്‍ക്കും നേരെയുള്ള ഈ ആക്രമണം ഭരണഘടനയ്ക്കു നേരെയുള്ള ആക്രമണം കൂടിയാണ്. ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ദിവസം ഒരു ‘കറുത്ത ദിനം’ ആയി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നു.
സംസ്ഥാന, ജില്ലാ, ബ്ലോക്ക്/മണ്ഡലം തലങ്ങളില്‍ ഇന്ന് വമ്പിച്ച പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ നിര്‍ദേശം നല്‍കുന്നു. ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കുകയും തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത പൂര്‍ണ്ണമായി പുനഃസ്ഥാപിക്കുകയും ചെയ്യുന്നത് വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഈ പോരാട്ടം അവിശ്രമം തുടരും – പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, ഇന്ന് മുതല്‍ ഒക്ടോബര്‍ 12 വരെ ഡല്‍ഹിയില്‍ വമ്പന്‍ സുരക്ഷയാണ് ഒരുക്കുന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. കേന്ദ്രസേനയുടെ 200ലേറെ കമ്പനികള്‍ വിന്യസിക്കും. ഏകദേശം 23,000 സേനാംഗങ്ങളെയാണ് വിന്യസിക്കുക.
ജമ്മു കശ്മീര്‍, ബംഗാള്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍നിന്നായിരിക്കും പുനര്‍വിന്യസിക്കും. കര്‍ഷക സമരത്തിന് വിന്യസിച്ചതിനേക്കാള്‍ കൂടുതല്‍ സേനയെ വിന്യസിക്കാനാണ് തീരുമാനം. CRPF, ITBP, SSB, CISF, RAF സേനാംഗങ്ങളെയാണ് വിന്യസിക്കുക. ഇതിന് പുറമെ സ്റ്റേഷന്‍ ചുമതലയല്ലാത്ത 15,000 ഡല്‍ഹി പൊലീസുമുണ്ടാകും.
പ്രതിഷേധത്തിനിടെ വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പൊലീസുകാരെ കയ്യേറ്റം ചെയ്‌തെന്ന ആരോപണവും ഉയര്‍ന്നു. സംഭവത്തില്‍ കേസെടുക്കാനാണ് ഡല്‍ഹി പൊലീസ് നീക്കം. ഇതിന്റെ ഭാഗമായി മൊബൈല്‍ ദൃശ്യങ്ങള്‍ പരിശോധിക്കുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ഉദ്യോഗസ്ഥരെ ആക്രമിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്താനാണ് നീക്കം.



