കേരള സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി പട്ടികജാതി കുടുംബങ്ങൾക്ക് സ്വന്തമായി സുരക്ഷിത ഭവനം ഉറപ്പാക്കുന്നതിനുള്ള *തനത് ഭവന പദ്ധതി* നടപ്പിലാക്കാൻ സർക്കാർ ഉത്തരവായി.
പട്ടികജാതി പട്ടികവർഗ്ഗ വികസന (സി) വകുപ്പ് പുറപ്പെടുവിച്ച സ.ഉ.(കൈ) നം.36/2026/SCSTD പ്രകാരം, സ്വന്തമായി ഭൂമിയുള്ള, ഭവനരഹിതരായ പട്ടികജാതി കുടുംബങ്ങൾക്കും, വാസയോഗ്യമല്ലാത്ത ഭവനങ്ങളിൽ താമസിക്കുന്നവർക്കും ഭവന നിർമ്മാണത്തിന് ധനസഹായം നൽകുന്നതാണ് പദ്ധതി.
*പ്രധാന നിബന്ധനകൾ:*
1. അപേക്ഷകർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും, കുടുംബ വാർഷിക വരുമാനം 3 ലക്ഷത്തിൽ താഴെയുള്ളവരുമായിരിക്കണം.
2. സ്വന്തം പേരിലോ ഭാര്യ/ഭർത്താവിന്റെ പേരിലോ ഭവന നിർമ്മാണത്തിന് അനുയോജ്യമായ ഭൂമി ഉണ്ടായിരിക്കണം (ഗ്രാമത്തിൽ കുറഞ്ഞത് 2 സെന്റ്, നഗരത്തിൽ 1.5 സെന്റ്).
3. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ വകുപ്പിൽ നിന്നോ മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ ഭവന ധനസഹായം ലഭിച്ചവർ അർഹരല്ല. സർക്കാർ ജീവനക്കാർ/പെൻഷൻകാർ അർഹരല്ല.
4. 70 വയസ്സിന് താഴെ പ്രായമുള്ള വിവാഹിതരായിരിക്കണം. എന്നാൽ 50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ വനിതകളെയും പരിഗണിക്കും.
*മുൻഗണനാ ഘടകങ്ങൾ:*
വനിതകൾ മാത്രമുള്ള കുടുംബം, വിധവ കുടുംബനാഥയായുള്ള കുടുംബം, വാർഷിക വരുമാനം 50,000-ത്തിൽ താഴെയുള്ളവർ, പ്രകൃതി ദുരന്തത്തിൽ ഭവനം നശിച്ചവർ, മാരകരോഗബാധിതർ/കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ ഉള്ള കുടുംബങ്ങൾ, 60 വയസ്സിന് മേൽ പ്രായമുള്ള മക്കളില്ലാത്തവർ എന്നിവർക്ക് മാർക്കിന്റെ അടിസ്ഥാനത്തിൽ മുൻഗണന ലഭിക്കും. അടിയർ, ചോലനായ്ക്കർ, കാട്ടുനായ്ക്കർ, നായാടി, വേടൻ തുടങ്ങിയ പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന.
*ഭവനത്തിന്റെ പ്രത്യേകതകൾ:*
500 ചതുരശ്ര അടി (46.45 ച.മീ) വിസ്തീർണ്ണമുള്ള വീട്ടിൽ അടുക്കള, ഡൈനിംഗ് ഹാൾ, 2 കിടപ്പുമുറികൾ, സെപ്റ്റിക് ടാങ്കോടുകൂടിയ ടോയ്‌ലറ്റ്, കോൺക്രീറ്റ് മേൽക്കൂര, വയറിംഗ്, പ്ലംബിംഗ് എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം. കുറഞ്ഞത് 25 വർഷം നിലനിൽക്കുന്ന സ്ഥിരമായ ഭിത്തിയും മേൽക്കൂരയും വേണം.
*ധനസഹായ വിതരണം (4 ഗഡുക്കളായി):*
– ഗഡു I (15%): ബിൽഡിംഗ് പെർമിറ്റ് ലഭിച്ച് കരാർ ഒപ്പിടുമ്പോൾ – തറ/ഫൗണ്ടേഷന്
– ഗഡു II (30%): ബേസ്‌മെന്റ് പൂർത്തിയാകുമ്പോൾ
– ഭിത്തി നിർമ്മാണത്തിന്
– ഗഡു III (40%): ലിന്റൽ
ഉയരം പൂർത്തിയാകുമ്പോൾ – മേൽക്കൂര, പ്ലാസ്റ്ററിംഗ്, ഫ്ലോറിംഗിന്
– ഗഡു IV (15%): എല്ലാ പ്രവൃത്തികളും പൂർത്തിയായി വീട് വാസയോഗ്യമാകുമ്പോൾ
തുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് DBT പോർട്ടൽ മുഖേന നേരിട്ട് നൽകും. ഒന്നാം ഗഡു ലഭിച്ച തീയതി മുതൽ 12 മാസത്തിനകം നിർമ്മാണം പൂർത്തിയാക്കണം.
അപേക്ഷകൾ ഓൺലൈൻ പോർട്ടൽ വഴിയും, നേരിട്ടും അക്ഷയ കേന്ദ്രങ്ങൾ വഴിയും സ്വീകരിക്കും. ആധാർ ആധികാരികത ഉറപ്പാക്കും. ഓരോ നിർമ്മാണ ഘട്ടവും പട്ടികജാതി വികസന ഓഫീസർ/അക്രഡിറ്റഡ് എൻജിനീയർ പരിശോധന നടത്തി ജിയോ ടാഗിംഗ് സഹിതം റിപ്പോർട്ട് ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട ബ്ലോക്ക്/നഗരസഭ/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.



