കാലിനു ദീപം പാതയ്ക്കു പ്രകാശം
കരയുന്നവരോടൊപ്പം കരയുന്ന യേശു! (യോഹ.11:29 -38)
“അവൾ കരയുന്നതും അവളോടൊപ്പം വന്ന യഹൂദന്മാർ കരയുന്നതും യേശു കണ്ടിട്ട് ഉള്ളം നൊന്തു കലങ്ങി……..യേശു കണ്ണുനീർ വാർത്തു” (വാ. 33, 35).
ഭക്തനായ ഒരു ദൈവദാസൻ ന്യൂയോർക്ക് നഗരത്തിലെ ഒരു ചെറിയ ഹോട്ടൽ മുറിയിലെ കസേരയിൽ തളർന്നിരുന്ന് തന്റെ മനസ്സിലുണ്ടായ കൊടിയ നിരാശയോട് മല്ലടിക്കുകയായിരുന്നു. തന്റെ ലോകം ആകെ തകർന്ന് വീഴുന്നതായി അദ്ദേഹത്തിനു തോന്നി! യഥാർത്ഥത്തിൽ ദൈവം തന്നെ സ്നേഹിക്കുന്നു
ണ്ടോ? ദൈവത്തിനു തന്നെക്കുറിച്ച് കരുതലുണ്ടോ?
എന്നൊക്കെ അദ്ദേഹം ചോദിച്ചു പോയി! താൻ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ എന്തുകൊണ്ട് തന്റെ ജീവിതത്തിൽ രൂപപ്പെടാൻ ദൈവം അനുവദിച്ചു എന്ന ചിന്ത തന്റെ മനസ്സിനെ കണ്ടമാനം മഥിച്ചുകൊണ്ടിരുന്നു. അങ്ങ
നെയിരിക്കെ തന്റെ കൈയ്യിലുണ്ടായിരുന്ന വേദ പുസ്തകത്തെക്കുറിച്ച് അദ്ദേഹം ഓർക്കുകയും,സ്യൂട്ട് കേസ്സിൽ നിന്നും അതെടുത്ത് വായിക്കാനായി തുറക്കുകയും ചെയ്തു.
തന്റെ ശ്രദ്ധയിൽ ആദ്യം വന്ന വാക്യം, ” അവൾ (മറിയ) കരയുന്നതും അവളോടൊപ്പം വന്ന യഹൂദന്മാർ കരയുന്നതും യേശു കണ്ടിട്ട് ഉള്ളം കലങ്ങി……………. യേശു കണ്ണുനീർ വാർത്തു”
എന്ന, നാം ധ്യാനിക്കുന്ന ഭാഗം തന്നെ ആയിരുന്നു. ആ വാക്യം തന്റെ ഹൃദയ
ത്തെ തട്ടി ഉണർത്തി! ‘ലാസറിന്റെ കല്ലറയ്ക്കൽ ഹൃദയം തകർന്ന് ആ രണ്ട് സഹോദരിമാരോടൊപ്പം കരയുന്നത് സാക്ഷാൽ ദൈവ പുത്രൻ തന്നെയെങ്കിൽ, അവൻ തീർച്ചയായും കരുതലുള്ളവൻ തന്നെ’ എന്ന് അദ്ദേഹം സ്വയം പറഞ്ഞു! അതോടെ അയാളുടെ ആകുലതകൾ മാറുകയും,
താൻ വിശ്വാസത്തിൽ ധൈര്യപ്പെടുകയും ചെയ്തു! എബ്രായ ലേഖന
കർത്താവ് നമുക്ക് നൽകുന്ന ഉറപ്പ്: “നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല, പാപം ചെയ്തില്ല എന്നതിലൊഴികെ, സർവ്വത്തിലും നമുക്ക് തുല്യനായി പരീക്ഷിക്കപ്പെട്ടവൻ അത്രെ”( 4:15) എന്നാണ്!
വില്യം ഹണ്ടർ എന്ന പ്രസിദ്ധനായ ക്രിസ്തീയ പാട്ടുകാരന്റെ ഒരു പാട്ടിന്റെ സംഗ്രഹം ഇപ്രകാരമാണ്:
“മഹാവൈദ്യനായ, മനസ്സലിവുള്ള യേശു ഇപ്പോൾ നമ്മുടെ സമീപത്തുണ്ട്. വിഷാദം
കൊണ്ടു തളർന്നിരിക്കുന്ന ഹൃദയങ്ങളെ ധൈര്യപ്പെടുത്തു
ന്നവയത്രെ അവന്റെ വാക്കുകൾ. അവന്റെ മൃദുവായ ശബ്ദം ശ്രദ്ധിക്കുക.
ലാസറിന്റെ സഹോദരിമാരോടൊപ്പം സ്നേഹവും സഹതാപവും നിമിത്തം കരഞ്ഞ കർത്താവ് നമ്മോടും മനസ്സലിവ് ഉള്ളവനാണ്!” ദൈവ പുത്രനായ യേശുവിന് നിശ്ചയമായും നമ്മെക്കുറിച്ച് കരുതലുണ്ട്. നമ്മുടെ ഭാരം ഏറ്റെടുക്കുവാൻ അവൻ എപ്പോഴും സന്നദ്ധനാണ്. ഭാരം അവന്റെ മേൽ ഇടുന്നവർക്ക് ഭാരരഹിതരായി ഈ ലോകത്തിൽ ജീവിക്കുവാൻ ആകും. നമുക്കും അതിനു ഇടയാകട്ടെ?
ചിന്തയ്ക്ക്: ഭാരം യേശുവിൽ ഇട്ടു കഴിഞ്ഞാൽപ്പിന്നെ നാം അത് ചുമക്കേണ്ടതില്ല!



