വാഷിങ്ടണ്‍: ഇറാനെതിരെ കൂടുതല്‍ സൈനിക നടപടികള്‍ സ്വീകരിച്ചേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെ ആണവായുധം വികസിപ്പിക്കുന്നതില്‍നിന്ന് തടയാനാണ് തന്റെ പുതിയ സൈനിക നീക്കമെന്നാണ് ട്രംപിന്റെ വാദം. എന്നാല്‍, വരാനിരിക്കുന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ യുദ്ധം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് രാഷ്ട്രീയ വില നല്‍കേണ്ടിവന്നേക്കാമെന്ന് ട്രംപ് തന്നെ സമ്മതിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.
ഇറാനെ നേരിടാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് അമേരിക്കക്കാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ടെന്ന് ട്രംപ് പറഞ്ഞു. മറ്റ് പ്രസിഡന്റുമാര്‍ നേരത്തേ ചെയ്യേണ്ടിയിരുന്ന കാര്യമാണ് താന്‍ ചെയ്യുന്നതെന്ന് ചിലര്‍ കരുതുന്നുണ്ടെന്നും എന്നാല്‍ മറ്റുചിലര്‍ ഇതിനെ പിന്തുണയ്ക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ”യുദ്ധത്തിന് രാഷ്ട്രീയ വില നല്‍കേണ്ടിവരുമെന്ന് തീരുമാനമെടുത്തപ്പോള്‍ തന്നെ എനിക്കറിയാമായിരുന്നു.
പക്ഷേ, ഇറാനെ ആണവായുധം സ്വന്തമാക്കാന്‍ അനുവദിക്കാനാവില്ല,” ട്രംപ് വ്യക്തമാക്കി. ഇറാനെതിരെ എവിടെയാണ് ഇനി ആക്രമണം നടത്തുക, എപ്പോള്‍ നടത്തും, അതിന്റെ വ്യാപ്തി എത്രയായിരിക്കും തുടങ്ങിയ കാര്യങ്ങള്‍ ട്രംപ് പറഞ്ഞിട്ടില്ല. യുദ്ധത്തെ എതിര്‍ക്കുന്നവരുണ്ടെങ്കിലും നിരവധി ദേശസ്നേഹികള്‍ സൈനിക നീക്കത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.



