Saturday, June 13, 2026
Homeഅമേരിക്കപഴയ ഹിറ്റ് ഗാനങ്ങളിലൂടെ ഒരു തിരിഞ്ഞുനോട്ടം .... (4) മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ? ...

പഴയ ഹിറ്റ് ഗാനങ്ങളിലൂടെ ഒരു തിരിഞ്ഞുനോട്ടം …. (4) മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ? ഒ എൻ വി ഇല്ലാത്ത പത്ത് വർഷം ✍ രവിമേനോൻ.

മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ ?
ഒ എൻ വി ഇല്ലാതെ പത്ത് വർഷം

അകാലത്തിൽ വിടപറഞ്ഞ ഭർത്താവിന്റെ മരിക്കാത്ത ഓർമ്മകളിൽ മുഴുകി അവിവാഹിതയായി കഴിയുന്ന ഒരു കോളേജ് അദ്ധ്യാപികയുടെ വാക്കുകളായിരുന്നു “നിറങ്ങൾ തൻ നൃത്ത”ത്തിന് പിറകെ സഞ്ചരിക്കാനുള്ള പ്രേരണ.

“എത്രയോ പേർ വിവാഹാഭ്യർത്ഥനയുമായി സമീപിച്ചു. വീട്ടിൽ നിന്നുള്ള സമ്മർദ്ദം അതിന് പുറമെ. ഓരോ തവണയും മനസ്സ് പുതിയൊരു ജീവിതത്തിന് വേണ്ടി പാകപ്പെടുമ്പോൾ യാദൃച്ഛികമായി ഈ പാട്ട് കേൾക്കാൻ ഇടവരും. അതോടെ നിലപാട് മാറും. മധുരോദാരമായ ഓർമ്മകൾ മാത്രം മതി ജീവിക്കാൻ എന്ന് വീണ്ടും വീണ്ടും എന്റെ കാതിൽ മൊഴിഞ്ഞുകൊണ്ടിരിക്കുന്നു ആ ഗാനം.”

“നിറങ്ങൾ തൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ
മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ
മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമോ ?
വിരഹനൊമ്പരത്തിരിയിൽ പൂവുപോൽ
വിടർന്നൊരു നാളം എരിഞ്ഞു നിൽക്കുന്നു…”

“ഋതുക്കളോരോന്നും കടന്നുപോവതിൻ പദസ്വനം കാതിൽ പതിഞ്ഞുകേൾക്കവേ, വെറുമൊരോർമ്മ തൻ കിളുന്നു തൂവലും തഴുകി നിന്നെ കാത്തിരിക്കയാണ് ഞാൻ” എന്ന വരി ജാനകി പാടിക്കേൾക്കുമ്പോൾ ഇന്നും കണ്ണ് നിറയാറുണ്ടെന്ന് അവർ പറഞ്ഞുകേട്ടപ്പോൾ അത്ഭുതം തോന്നിയില്ല. നിഷ്ഫലമെന്നറിഞ്ഞുകൊണ്ടുള്ള കാത്തിരിപ്പുകൾ കൂടി ചേർന്നതാണല്ലോ ജീവിതം.

“പരസ്പര”ത്തിന്റെ സംവിധായകൻ ഷാജിയെമ്മിന്റെ ഓർമ്മകളിൽ കാലത്തിന് മങ്ങലേൽപ്പിക്കാൻ കഴിയാത്ത ഒരു ചിത്രമുണ്ട്: തിരുവനന്തപുരത്തെ പഴയ ഗീത് ഹോട്ടലിലെ ശീതീകരിച്ച മുറിയിലിരുന്ന്, സിനിമയിലെ കഥാമുഹൂർത്തത്തിന് വേണ്ടി എഴുതിയ കാവ്യഗീതം സംഗീതസംവിധായകനേയും സംവിധായകനേയും ചൊല്ലിക്കേൾപ്പിക്കുന്നു ഒ എൻ വി. അവസാന വരിയും കേട്ടുതീർന്നപ്പോൾ രണ്ടു മഹാപ്രതിഭകളുടെ സർഗ്ഗ സംഗമം അരികിലിരുന്ന് ആസ്വദിച്ചുകൊണ്ടിരുന്ന സംവിധായകനോട് എം ബി ശ്രീനിവാസൻ പറഞ്ഞു: “ഈ വരികൾക്ക് ഈ ഈണം തന്നെ ഏറ്റവും അനുയോജ്യം. ഒ എൻ വി പാടിയ ട്യൂണിൽ കാര്യമായ മാറ്റമൊന്നും വരുത്താൻ ഉദ്ദേശിക്കുന്നില്ല ഞാൻ. അങ്ങിങ്ങായി ചെറിയ മിനുക്കുപണികൾ, അത്രയേ വേണ്ടൂ. ലളിതമായ ഓർക്കസ്ട്രേഷൻ കൂടി ചേർന്നാൽ നിങ്ങളുടെ സിനിമയിലെ പാട്ട് റെഡി…”

ഒ എൻ വിയുടെ കാവ്യഭംഗിയാർന്ന രചനകളിൽ അന്തർലീനമായ സംഗീതം എം ബി എസ്സിനെപ്പോലെ തിരിച്ചറിഞ്ഞവർ ഉണ്ടാകുമോ? ആ ഈണവും താളവും കണ്ടെത്തേണ്ട ചുമതലയേ ഉള്ളൂ സംഗീത സംവിധായകന്. ബാക്കിയെല്ലാം എളുപ്പം. എസ് ജാനകിയുടെ ഭാവാർദ്ര ശബ്ദത്തിൽ ചെന്നൈ തരംഗിണി സ്റ്റുഡിയോയിൽ പിറന്നുവീണ ആ ഗാനകവിത ചരിത്രത്തിന്റെ ഭാഗമാണിന്ന് :

ബാലചന്ദ്രമേനോന്റെ കന്നിച്ചിത്രമായ “ഉത്രാടരാത്രി”യിൽ കലാസംവിധായകനായി തുടക്കം കുറിച്ച ഷാജിയെമ്മിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു പരസ്പരം (1983). സംവിധായകന്റെ തന്നെ വാക്കുകൾ കടമെടുത്താൽ ഒരു “സമാന്തര” ചിത്രം. ലെനിൻ രാജേന്ദ്രൻ, കെ ജി ജോർജ്ജ്, മോഹൻ തുടങ്ങിയ സംവിധായകർ വെട്ടിത്തെളിച്ച പാതയിലൂടെയായിരുന്നു ഷാജിയെമ്മിന്റെയും പ്രയാണം. മുഖ്യ കഥാപാത്രങ്ങളായി വേണു നാഗവള്ളി , നെടുമുടി വേണു, സറീന വഹാബ് എന്നിവർ. “അത്തരം സിനിമകളിൽ പലതിന്റേയും അവിഭാജ്യ ഘടകമായിരുന്നു ഒ എൻ വി — എം ബി എസ് കൂട്ടുകെട്ടിന്റെ കാവ്യഭംഗിയാർന്ന ഗാനങ്ങൾ. അവരുടെ സൃഷ്ടികളോടുള്ള ഇഷ്ടം തന്നെയാണ് അതേ ടീമിനെ വെച്ച് ആദ്യ ചിത്രത്തിൽ പാട്ടുകളൊരുക്കാനുള്ള പ്രചോദനവും.” — ഷാജിയെം.

ഇരുവരേയും പരിചയമില്ല. ആദ്യം ബന്ധപ്പെട്ടത് ഒ എൻ വിയെയാണ്. “ഇന്ദീവര”ത്തിൽ നേരിട്ട് ചെന്നുകണ്ട് കഥയുടെ രത്നച്ചുരുക്കം കവിക്ക് മുന്നിൽ അവതരിപ്പിക്കുന്നു ഷാജിയെം; ഒപ്പം ഗാനസന്ദർഭങ്ങളും. ആദ്യം വിവരിച്ചത് അപകടമരണത്തിന് കീഴടങ്ങിയ പൂർവ്വകാമുകന്റെ ഓർമ്മയിൽ കാമുകിയുടെ ആത്മഗതം പോലെ സിനിമയിൽ വരേണ്ട പാട്ടിന്റെ സന്ദർഭമാണ്. വിഷാദസ്പർശമുള്ള ഒരു പശ്ചാത്തല ഗാനം. “പക്ഷിനിരീക്ഷകനും ഗവേഷകനുമാണ് ഫ്ലാഷ് ബാക്കിൽ മാത്രം വരുന്ന രാജ് കുമാറിന്റെ കാമുക കഥാപാത്രം. ഗാനത്തിന്റെ വരികളിൽ ചിലയിടത്ത് പക്ഷികളെക്കുറിച്ചുള്ള പരാമർശങ്ങൾ ഒ എൻ വി ഉൾപ്പെടുത്തിയത് ഈ പശ്ചാത്തലം കൂടി കണക്കിലെടുത്താവണം. മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമോ എന്ന ചോദ്യത്തിലുണ്ടല്ലോ കാമുകിയുടെ വിഷാദഭരിതമായ മനസ്സ്.”

എന്നാൽ ഷാജിയെമ്മിനെ അത്ഭുതപ്പെടുത്തിയത് മറ്റൊരു വെളിപ്പെടുത്തലാണ്. “പാട്ടിന് അനുയോജ്യമായ തുടക്കം കണ്ടെത്തുക എന്നതാണ് ഗാനരചയിതാവിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്.,”– കവി പിന്നീട് പറഞ്ഞു. “ആദ്യ വരിയ്ക്ക് അല്ലെങ്കിൽ വാക്കിന് വേണ്ടി ചിലപ്പോൾ ക്ഷമയോടെ കാത്തിരിക്കേണ്ടി വരും. ഈ പാട്ടിന്റെ തുടക്കം എങ്ങനെയാവണം എന്ന് ആലോചിച്ചുനോക്കിയപ്പോൾ മനസ്സിൽ തെളിഞ്ഞത് നിങ്ങളുടെ മുഖമാണ്. ചിത്രകാരൻ കൂടിയാണല്ലോ നിങ്ങൾ. പാട്ടിന്റെ തുടക്കം നിറങ്ങളിൽ നിന്നാവട്ടെ എന്ന് നിശ്ചയിക്കുന്നത് ആ ചിന്തയിൽ നിന്നാണ്.”

അത്ഭുതവും ആഹ്‌ളാദവും ഒരുമിച്ചാണ് വന്നതെന്ന് ഷാജിയെം. “കോളേജ് ഓഫ് ഫൈൻ ആർട്ട്സിൽ നിന്ന് പെയിന്റിങ്ങിൽ നാഷണൽ ഡിപ്ലോമയുമായി സിനിമയിൽ ആർട്ട് ഡയറക്ടർ ആകാൻ ഇറങ്ങിപ്പുറപ്പെട്ട എന്നിലെ ചിത്രകാരന് ലഭിച്ച വലിയൊരു അംഗീകാരമായിരുന്നു ആ തുടക്കം…” ഇന്നും ആ ഗാനം കേൾക്കുമ്പോൾ ഉള്ളിലെ ആ ചിത്രകാരനിലേക്ക് അറിയാതെ തിരിച്ചുപോകും മനസ്സ്.

ഗീത് ഹോട്ടലിൽ വെച്ചായിരുന്നു എം ബി എസുമായുള്ള ആദ്യ കൂടിക്കാഴ്ച്ച. “ഒ എൻ വി സാർ പേര് പറഞ്ഞു പരിചയപ്പെടുത്തിയപ്പോൾ എന്നെ ആപാദചൂഢം നോക്കി പുഞ്ചിരിയോടെ അദ്ദേഹം ചോദിച്ച ചോദ്യം ഇന്നും കാതിലുണ്ട്: “തീരെ ചെറുപ്പമാണല്ലോ ?” അന്ന് കഷ്ടിച്ച് 23 വയസ്സേയുള്ളൂ തനിക്കെന്ന് ഷാജിയെം. കാഴ്ച്ചയിൽ അതിലും ചെറുപ്പം. പാട്ടുകൾ ഓരോന്നായി പാടിക്കേൾപ്പിച്ചു ഒ എൻ വി. “സാധാരണ പ്രേമകഥയല്ല. പക്വതയാർന്ന പ്രേമമാണ്. കമിതാക്കൾ ഇരുവരും അക്കാദമിക് പശ്ചാത്തലമുള്ളവർ. ഒരാൾ റിസർച്ച് ഫെലോ. മറ്റെയാൾ ഗവേഷണ വിദ്യാർത്ഥി. അതുകൊണ്ട് പാട്ടുകൾ അൽപ്പം കാവ്യാത്മകമാകുന്നതിൽ തെറ്റില്ല.”

പാടേണ്ടത് ഏറ്റവും പ്രിയപ്പെട്ട ഗായിക തന്നെ കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല എം ബി എസ്സിന്. ജാനകി പാടുകയായിരുന്നില്ല, പാട്ടിന്റെ ആത്മാവിലൂടെ സ്വയം മറന്ന് ഒഴുകുകയായിരുന്നു. ആലാപനത്തിൽ ചിറകു വിരിച്ച് പറന്നുയരാനുള്ള സ്വാതന്ത്ര്യം എന്നും ജാനകിക്ക് നൽകാറുണ്ട് എം ബി എസ്. മനോധർമ്മത്തിന്റെ ആ സ്വാതന്ത്ര്യം എത്ര മനോഹരമായാണ് ജാനകി പ്രയോജനപ്പെടുത്തിയിട്ടുള്ളത് എന്നറിയാൻ പല്ലവിയിലെ “വിരഹനൊമ്പരത്തിരിയിൽ” എന്ന പദത്തിലെ “വിരഹം” കേട്ടാൽ മതി.

“പരസ്പര”ത്തിൽ വേറെയുമുണ്ടായിരുന്നു നല്ല പാട്ടുകൾ. കിളിവാതിലിനരികിൽ (യേശുദാസ്, ജാനകി), അനന്തനീല വിണ്ണിൽ (യേശുദാസ്, കോറസ്) എന്നിവ ഓർക്കുക. “സിനിമയുടെ എഡിറ്റിംഗ് ജോലികൾ നടക്കുന്നതിനിടെ ഒരിക്കൽ ഒ എൻ വി സാർ ചെന്നൈയിൽ വന്നു. വേറെ ഏതോ പടത്തിന്റെ വർക്കുമായി ബന്ധപ്പെട്ട വരവാണ്. സ്വന്തം പാട്ടുകൾ ചിത്രീകരിച്ചതെങ്ങനെ എന്ന് കാണാനുള്ള ആഗ്രഹം പങ്കുവെച്ചു അദ്ദേഹം. സർഗം തിയേറ്ററിൽ ജി മുരളി പടം എഡിറ്റ് ചെയ്തു കൊണ്ടിരിക്കുന്ന സമയമാണ്. അവിടത്തെ പ്രിവ്യു തിയേറ്ററിൽ ഒ എൻ വി സാറിന് വേണ്ടി നിറങ്ങൾ തൻ എന്ന ഗാനത്തിന്റെ രംഗങ്ങൾ പ്രദർശിപ്പിച്ചത് ഓർമ്മയുണ്ട്. കൗതുകത്തോടെ ആ കാഴ്‌ച്ച ആസ്വദിച്ചു അദ്ദേഹം.”

ആഗ്രഹിച്ച തികവോടെ “നിറങ്ങൾ തൻ നൃത്തം” ചിത്രീകരിക്കാൻ കഴിഞ്ഞില്ല എന്നത് സ്വകാര്യ ദുഃഖമായി ഉള്ളിലുണ്ട്. ” തമിഴ്‌നാട്ടിലെ പ്രശസ്തമായ വേടൻതാങ്കൽ പക്ഷിസങ്കേതത്തിൽ വെച്ച് ഗാനം ഷൂട്ട് ചെയ്യാനായിരുന്നു ആലോചന. എന്നാൽ നവംബർ, ഡിസംബർ മാസങ്ങളിലേ അവിടെ പക്ഷികളുടെ കൂട്ടം കൂട്ടമായ സാന്നിധ്യമുണ്ടാകൂ. ഷൂട്ടിംഗ് നടക്കുന്നതാവട്ടെ മെയ് മാസത്തിലും. ഒടുവിൽ തിരുവനന്തപുരത്തെ നെയ്യാർ ഡാം പരിസരത്തും ആക്കുളത്തുമൊക്കെയായി ചിത്രീകരിക്കേണ്ടി വന്നു ആ മനോഹരഗാനം. “പരസ്പര”ത്തിന് ശേഷം രണ്ടു സിനിമകൾ കൂടി ഒരുക്കിയെങ്കിലും ടെലിവിഷൻ സീരിയൽ രംഗത്തായിരുന്നു പിൽക്കാലത്ത് ഷാജിയെമ്മിന്റെ സജീവസാന്നിധ്യം. നിരവധി പരമ്പരകൾ, ധാരാളം അംഗീകാരങ്ങൾ. പുതിയൊരു സിനിമയുടെ ആലോചനയുമായി അമേരിക്കയിലെ ഡാളസിൽ കഴിയുന്നു ഇപ്പോൾ അദ്ദേഹം.

എം ബി എസ്സിനെപോലൊരു മഹാരഥനുമായി പരിചയപ്പെടാനും ഇടപഴകാനും കഴിഞ്ഞതാണ് ആദ്യസിനിമ നൽകിയ ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്ന് എന്ന് പറയും ഷാജിയെം. “മറക്കാനാവില്ല അദ്ദേഹത്തെ. ജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയ ഏറ്റവും നല്ല മനുഷ്യരിൽ ഒരാൾ. കളങ്കമില്ലാത്ത വ്യക്തിത്വം. ഒരു മനുഷ്യന് ഇത്രയും നിസ്വാർത്ഥനും സ്‌നേഹസമ്പന്നനുമാകാൻ കഴിയുമോ എന്ന് തോന്നും നമുക്ക്. പ്രശ്നക്കാരനായ ഒരാളുടെ കുതന്ത്രങ്ങൾ കാരണം ഒരു ഘട്ടത്തിൽ പൂജയും റെക്കോർഡിംഗും വരെ മുടങ്ങുമോ എന്ന് ഭയന്നതാണ്. ഒരു തുടക്കക്കാരനെ സംബന്ധിച്ച് ഏറ്റവും വലിയ പരീക്ഷണഘട്ടം. എം ബി എസ്സാണ് ആ ഘട്ടത്തിൽ രക്ഷകനായത്. പ്രതിസന്ധികളിലെല്ലാം ജ്യേഷ്‌ഠ സഹോദരനെ പോലെ ഒപ്പം നിന്നു അദ്ദേഹം. അതുപോലൊരാൾ ഇനിയുണ്ടാവില്ല.”

രവിമേനോൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com