പുരുഷന്മാരായ ഗൈനക്കോളജിസ്റ്റുകൾക്ക് ഒരു പ്രശ്നമുണ്ട്, പ്രശ്‌നം എന്നല്ല അവരുടെ ഒരു പരിമിതി എന്ന് വേണം ശരിക്കും പറയാൻ.
മനുഷ്യ പ്രജനനത്തിന്റെ എല്ലാ മേഖലകളിലും അവർ പ്രഗദ്ഭരായിരിക്കാം
പക്ഷേ പ്രസവം എന്ന പ്രോസസിലെ പ്രധാന സംഗതികളിൽ ഒന്നായ പ്രസവ വേദന എന്നത് അവരുടെ അനുഭവങൾക്ക് പുറത്താണ് എല്ലായ്പ്പോഴും എന്നതാണ് അത്
പ്രസവം, അതിന്റെ ഘട്ടങ്ങൾ,ഹോർമോണുകൾ വേദന ഉണ്ടാകുന്നതെങ്ങനെ, അത് ഇല്ലാതാക്കാൻ എന്തൊക്കെ ചെയ്യണം എന്നൊക്കെ അയാൾക്കറിയമായിരിക്കും,
പക്ഷേ ആ വേദന എന്തെന്ന് അയാൾക്ക് അതിന്റെ യഥാർത്ഥ അർത്ഥത്തിൽ അനുഭവിക്കാനും അറിയാനും കഴിയില്ല എന്നതാണ് അതിലെ പരിമിതി.
പുരുഷനായ ഗൈനക്കോളജിസ്റ്റ് എന്ന് എളുപ്പത്തിൽ മനസിലാവാൻ വേണ്ടി പറഞ്ഞതാണ്. പ്രസവിച്ചിട്ടുള്ള ഒരു ലേഡി ഗൈനക്കോളജിസ്റ്റ് ആണെങ്കിലും അവർക്ക് അറിയാവുന്നത് അവരുടെ പ്രസവ വേദന മാത്രമാണ് അവരുടെ രോഗിയുടെ(ഗർഭം ഒരു രോഗമാണോ?) പ്രസവ വേദന ഏതാണ്ട് തന്റേതിനു സമാനമായിരിക്കും എന്ന ഒരു ഊഹമേ അവൾക്കും അതിനെക്കുറിച്ച് സാധ്യമാകുകയുള്ളൂ . പ്രസവ വേദനയുടെ തീവ്രതയെ ഓർമ്മകളിൽനിന്ന് മായ്ച്ചു കളയുന്ന ചില കുസൃതി ഹോമോണുകൾ സ്ത്രീകളിൽ ഉണ്ട് എന്നതിനാൽ അവർക്ക് പോലും അനുഭവിച്ച സമയത്തെ തീഷ്ണതയോടെ അത് ഓർത്തെടുക്കാനും സാധ്യമാവില്ല എന്നതാണ് സത്യം.
പ്രസവ വേദനയെക്കുറിച്ചുള്ള ഒരു പ്രബന്ധമല്ല ഇത് നമ്മളനുഭവിക്കുന്ന പലതും വാക്കുകളിലൂടെയോ മറ്റ് ഏതെങ്കിലും തരത്തിലോ അപരനായ മറ്റൊരാളെ പൂർണമായു ബോദ്ധ്യപ്പെടുത്തുക അസാധ്യമാണ് എന്ന് പറയുവാൻ വേണ്ടിയാണ് ഇത്രയും പറഞ്ഞത്. പ്രസവ വേദന പോകട്ടെ, നാമെല്ലാവരും ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ള പല്ല് വേദനയുടെ ഉദാഹരണമെടുത്താലും കാര്യം ഇങ്ങനെ തന്നെയാണ്.
നിങ്ങൾക്ക് ചുറ്റും നിറയെ ആലുകളുണ്ടായാലും അവർ നിങ്ങളെ അങ്ങേയറ്റം സ്നേഹിക്കുന്നവരായാലും നിങ്ങൾ അനുഭവിക്കുന്നതിൽ നിന്നും ഒരു ദശാംശം പോലും അവരിലേക്ക് പകർന്ന് നിങ്ങൾക്ക് ആശ്വസിക്കാനാവില്ല എന്നതാണ് സത്യം.
ആശ്വാസ വാക്കുകൾ കൊണ്ടും സ്നേഹ,സഹാനുഭൂതികൾ കൊണ്ടും നിങ്ങളെ ആശ്വസിപ്പിക്കാൻ അവർക്ക് കഴിഞ്ഞേക്കുമെങ്കിലും നിങ്ങളുടെ വേദനയുടെ പങ്ക് പറ്റാനോ, നിങ്ങൾ അനുഭവിക്കും വിധം അതിനെ അനുഭവിക്കാനോ ആർക്കും കഴിയില്ല.
നിഷ്കാസിതന്റേയോ ഉപേക്ഷിക്കപ്പെട്ടവന്റേയോ പല്ലു വേദനയിൽ നിന്നും അൽപം പോലും വിത്യാസമുള്ളതല്ല അംഗീകരിക്കപ്പെട്ടവന്റേയും സ്നേഹിക്കപ്പെടുന്നവന്റേയും വേദന എന്ന് സാരം.
ഈ സംഗതി ശാരീരികമായ വേദനകളെക്കുറിച്ചു മാത്രമല്ല, ഒരു മനുഷ്യൻ അനുഭവിക്കുന്ന മാനസിക അവസ്ഥകളിലും ഇത് ബാധകമാണ്.. എത്രയൊക്കെ വിശദീകരിക്കാൻ ശ്രമിച്ചാലും അത് അതേ അളവിൽ അപരനെ അനുഭവിപ്പിക്കാൻ നിങ്ങൾക്ക് കഴിയുകയേ ഇല്ല.
ഒരു എപ്പിഡ്യൂറൽ അനസ്തേഷ്യ കൊണ്ടോ വേദനാസംഹാരികളെ കൊണ്ടോ മുൻ പറഞ്ഞ ശാരീരിക വേദനകളെ ഇല്ലാതാക്കാൻ കഴിഞ്ഞേക്കും എങ്കിലും മനസിന്റെ മുറിവുകളെ ഉണക്കാനുള്ള പ്രത്യക്ഷ ലേപനങ്ങളൊന്നും നിലവിലില്ല എന്നത് ഓർക്കുക.. അത് പൂർണമായും നിങ്ങൾ മാത്രം അനുഭവിക്കേണ്ട ഒന്നാകുന്നു.
നിങ്ങളെ സസ്നേഹം പരിഗണിക്കുന്ന ഒരാൾക്കൂട്ടത്തിന് നടുവിലാണ് എങ്കിലും ചില നേരങ്ങളിൽ അല്ലെങ്കിൽ പലനേരങ്ങളിലും നിങ്ങൾ ഒറ്റക്കാണ് എന്നതാണ് സത്യം.
നിങ്ങളിൽ ‘നിങ്ങൾ’ ഉണ്ട് എന്നതുപോലെ തന്നെ ഓരോ മനുഷ്യനിലുമുണ്ട് ഒരു ‘അവൻ’ നിങ്ങളുടെ ഇഷ്ടക്കേടുകൾ പോലെ,നിങ്ങളുടെ ബോധ്യങ്ങൾ പോലെ, നിങ്ങളുടെ ആശകൾ പോലെ ,നിങ്ങളുടെ രഹസ്യങ്ങൾ പോലെ ,നിങ്ങളുടെ അസൂയകൾ പോലെ അവന്റേതായി അവനിലുമുണ്ട് അതൊക്കെ. അവയിൽ ചിലതൊക്കെ ഒരുപോലെയുണ്ടായേക്കാം അധികവും അങ്ങനെയല്ലാതെയും.
“ഞാൻ ഇങ്ങനെയാണ്” എന്ന ഒരു പ്രസ്താവനക്കപ്പുറം “നീയെന്താണ് ഇങ്ങനെ?” എന്നൊരു ചോദ്യം മറ്റൊരുവനോട് ചോദിക്കാൻ നമുക്ക് അവകാശമില്ല
‘ഞാൻ എന്തുകൊണ്ട് ഇങ്ങനെ’ എന്ന ഒരു വിശദീകരണത്തിനും മുതിരാതിരിക്കുക.
ഓരോരുത്തരും മനസിലാക്കി വെച്ചിരിക്കുന്ന ഒരു നിങ്ങളുണ്ട് അവരിൽ
അതിനെ വിശദീകരണങ്ങൾ കൊണ്ട് പൊളിച്ചു പണിയുക അസാധ്യമാണ്
നിങ്ങളെ നിങ്ങൾ വിചാരിക്കും പോലെ മനസിലാക്കിയ മനുഷ്യ്‌ർക്കാകട്ടെ വിശദീകരണങ്ങളുടെ ആവശ്യവുമില്ല.
പ്രിയപ്പെട്ട ഒരുവനെ / ഒരുവളെ നഷ്ടപ്പെടാനുള്ള ഏറ്റവും വേദന കുറഞ്ഞ മാർഗ്ഗം മരണമാണ് എന്ന് എവിടെയോ വായിച്ചത് ഓർക്കുന്നു, പ്രത്യക്ഷത്തിൽ ശരികേട് തോന്നാമെങ്കിലും രണ്ടാം ചിന്തയിൽ അത് സത്യമാണ് എന്ന് ബോദ്ധ്യപ്പെടും
പറയുന്നത് സ്വയം ഹത്യയല്ലാത്ത സ്വാഭാവിക മരണത്തെക്കുറിച്ചാണ് കേട്ടോ..
രണ്ടുപേരും ഉത്തരവാദികളല്ലാത്ത ഒരു വേർപിരിയലാകുന്നു അത്
‘എന്തു കൊണ്ട് അവൻ/അവൾ എന്നോടിങ്ങനെ?’ എന്ന് ജീവിച്ചിരിക്കുന്നവന് ക്ലേശപ്പെടേണ്ടിവരുന്നില്ല ഇവിടെ, ‘എന്തു കൊണ്ട് ഞാൻ’ എന്ന് വിശദീകരിക്കുവാൻ മരിച്ചവനും ബാദ്ധുതയില്ല.
എല്ലാത്തിനും ഉത്തരവാദിയായി അവർക്കിടയിൽ ഒരു മൂന്നാമനുണ്ട്..
രംഗബോധമില്ലാത്ത ആ കോമാളി ഇവിടെ അവനാണ് ശത്രു, പിരിഞ്ഞവർ തമ്മിൽ വിദ്വേഷങ്ങളില്ല.
ഈ വിചാരം മനസിലുണ്ടായതിനാലാണം എന്റെ എക്കാലത്തേയും പ്രിയ എഴുത്തുകാരനായ ശ്രീ പദ്മരാജൻ തന്റെ “ലോലയിൽ’ അതിമനോഹരമായ ഈ വിടവാങ്ങൽ സന്ദേശം എഴുതിയത്.
“വീണ്ടുമൊരു കണ്ടുമുട്ടൽ ഉണ്ടാവില്ല. ഞാൻ മരിച്ചതായി നീയും, നീ മരിച്ചതായി ഞാനും കണക്കാക്കുക. ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക’



