Wednesday, May 13, 2026
Homeഅമേരിക്കകതിരും പതിരും (95) ഡിജിറ്റൽ യുഗം എന്ന പ്രതിഭാസം നിങ്ങളെ മാറ്റിമറിക്കപ്പെടുമ്പോൾ ✍...

കതിരും പതിരും (95) ഡിജിറ്റൽ യുഗം എന്ന പ്രതിഭാസം നിങ്ങളെ മാറ്റിമറിക്കപ്പെടുമ്പോൾ ✍ ജസിയഷാജഹാൻ.

“As the world becomes a more digital place,we cannot forget about the human connection.”

Adam Neumann

സാങ്കേതിക മുന്നേറ്റങ്ങളുടെ കുതിപ്പിലും നൂതന സാങ്കേതികവിദ്യകളുടെ പരീക്ഷണങ്ങളിലും , ടെക്നോളജിവികാസത്തിൻ്റെ തണലിലും ഉപയോഗ
ത്തിലുമൊക്കെ നാം ദൈനം ദിനം ഉയരങ്ങളിലേക്കും വേഗങ്ങളിലേക്കും പറന്നുകൊണ്ടിരിക്കുമ്പോഴും , ഒപ്പം തന്നെ നമുക്ക് മുന്നിൽ ഭീക്ഷണികൾ ഉയർത്തിക്കൊണ്ട് കടന്നു പോകുന്ന ചില നഗ്നസത്യങ്ങളിലേക്കും
ദുരന്തമുഖങ്ങളിലേക്കും ഈ ലേഖനം വിരൽചൂണ്ടുന്നത് വരും തലമുറയ്ക്ക്, അവരുടെ ഭാവിക്ക് ഒക്കെ അല്പമെങ്കിലും വെളിച്ചം പകരാനും കരുത്തേകാനും, തിരിച്ചറിവുകളും പുനർ ചിന്തനങ്ങളും, ഉണ്ടാകാനുമുള്ള സാധ്യതകൾ കൂടി കണക്കിലെടുത്താണ്.

ആദ്യം ഞാനെൻ്റെ കൺമുന്നിൽ കാണുന്ന, എൻ്റെ ചിന്തകളെ ചോദ്യോത്തരങ്ങളിലേക്കെത്തിച്ച് കുഴപ്പിക്കുന്ന ആ അനുഭവങ്ങളിലേക്ക് കടക്കാം. അനുഭവങ്ങളിൽ നിന്നും പിറക്കുന്ന വാക്കുകൾക്ക് എപ്പോഴും മുനിഞ്ഞു കത്തുന്ന കനൽ കൂമ്പാരങ്ങളുടെ സ്വർണ്ണത്തിളക്കമാണ്.

ഗ്രാമത്തിൻ്റെ ഇടവഴികൾ പോലും നിശ്ചലവും വിമൂകവും ആകുന്ന ഒരു അവസ്ഥ! അത് വല്ലാത്തൊരു കാഴ്ചയാണ്! വീടകങ്ങൾ സ്മാർട്ട് ഫോണിലും ലാപ്ടോപ്പുകളിലും, ടാബുകളിലും, സ്വന്തം ഇടങ്ങൾ കണ്ടെത്തി, ആസ്വാദന തലങ്ങൾ താണ്ടുന്ന പ്രവണത.

ഔപചാരികതയുടെ മുരടനക്കങ്ങൾ,ചുണ്ടു പിളർക്കലുകൾ, നാവ് ചലിപ്പിക്കലുകൾ? മനസ്സും മസ്തിഷ്കവും അഹം ബോധവും, കൈവിരലുകളും, സ്ക്രീൻ
സ്ക്രോളിംങിൻ്റെ നിയന്ത്രണത്തിലും, കണ്ടെത്തലുകളുടെ ആഴത്തിലും , ആമഗ്നതയുടെ അഡിക്ഷനിലും…

കാൽ പന്തും, ക്രിക്കറ്റും പല നാടൻ കളികളുമൊക്കെ കളിച്ചുകൊണ്ടിരുന്ന, ശബ്ദമുഖരിതമായിരുന്ന ആ ഗ്രാമാന്തരീക്ഷം അപ്പാടെ മാറി. പലപ്രായക്കാരായ നാട്ടുമ്പുറത്തെ കുട്ടികൾ പോലും മുക്കുമൂലകളി ലിരുന്ന് മൊബൈലുകൾ നോക്കി കൂട്ടത്തോടെ രസിക്കുന്ന കാലം.തങ്ങളെ കടന്നു പോകുന്നവർക്ക് ഒരു നോട്ടം ,ഒരു ചിരി ഒന്നും സമ്മാനിക്കാനാകാതെ അവരും തങ്ങളിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുന്നു.

പ്രായമായവരുടെ കൂടി പ്പറച്ചിലുകൾക്ക് വിരാമം വന്നിരിക്കുന്നു !അവരെ മൊബൈലിൽ ഭക്തിസാന്ദ്രമായ ഒരന്തരീക്ഷത്തിലേക്ക് കൂട്ടിക്കൊണ്ടുപോകത്തക്ക ചാനലുകൾ തുറന്നു കൊടുത്ത് (അല്ലെങ്കിൽ അവരവരുടെ അഭിരുചി കളെ കണ്ടെത്തി വളർത്താൻ തക്ക അവസരങ്ങളെ മൊബൈലിൽ കാട്ടിക്കൊടുത്ത്) അതിലേക്ക് തിരിച്ചുവിട്ട് അവരെയും ഭക്തിയുടെ തടങ്കലിൽ പാർപ്പിച്ച് ഇപ്പോഴത്തെ കുട്ടികൾ അവരുമായുള്ള കമ്യൂണിക്കേഷനിൽ നിന്നും രക്ഷപ്പെടാൻ പഠിച്ചിരിക്കുന്നു.

ഭാര്യാഭതൃബന്ധങ്ങളിൽ, കുടുംബ ബന്ധങ്ങളിൽ, സൗഹൃദ കൂട്ടായ്മകളിൽ, സാഹോദര്യ ബന്ധങ്ങളിൽ, സാമൂഹിക ഇടപെടലുകളിൽ ഒക്കെ
വെറും പുറന്തോടിൻ്റെ ചെതുമ്പലുകൾ മാത്രം! വിള്ളലുകൾ വീണ ആത്മാർത്ഥതയുടെ ഇഴയടുപ്പങ്ങൾ, കാട്ടിക്കൂട്ടുന്ന പ്രകടനങ്ങൾ, വരുത്തി തീർക്കുന്ന കാണലുകൾ കേൾക്കലുകൾ, എവിടെയും സ്വന്തം മാളങ്ങളിലേക്ക് എത്രയും വേഗം മടങ്ങിയെത്താനും സ്വയം തീർത്ത ലോകത്തേക്ക് ഒതുങ്ങി കൂടാനുമുള്ള തിടുക്കം മാത്രം.

ഇനി ചിലരെയെങ്കിലും ഒന്നു കേട്ടിരുന്നാൽ അവർക്ക് പറയാനുള്ളത്
എന്താണെന്ന് നോക്കാം. ഇന്നത്തെ ഡിജിറ്റൽ യുഗം പ്രായമായവരുടെ ഇടയിലേക്കും വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ട് കയറിപ്പറ്റി എന്നുള്ളതാണ്! പലരുടെയും പരാതിയിൽ.

” വീട്ടിൽ ഞങ്ങൾ രണ്ടാളും മാത്രമല്ലേ യുള്ളൂ…അങ്ങേരാണെങ്കിൽ മൊത്തം നേരവും മൊബൈലിലാ… മക്കളൊക്കെ വിദേശത്തും. ഒന്നു മിണ്ടാൻ പോലും ആരുമില്ല?” വാർദ്ധ്യക്യത്തിലെത്തി നിൽക്കുന്ന വീട്ടമ്മമാർക്കാണ് കൂടുതലും പരാതി.
ഇവിടെ എന്താണ് സംഭവിക്കുന്നത്? എന്തെങ്കിലും സുഖദു: ഖങ്ങളോ പരാതിയോ പരിഭവമോ, കൊച്ചുമക്കളുടെ വിശേഷങ്ങളോ ഒക്കെ ഒന്നു പങ്കുവയ്ക്കാൻ ചെല്ലുമ്പോൾ മറുഭാഗത്ത് നിന്നും നിസ്സംഗത നിറഞ്ഞ കണ്ണുകളിലെ അക്ഷമയും
മൊബൈൽ അഡിക്ഷൻ്റെ പൊട്ടിത്തെറിയും ചീറ്റലും.
പലരും ചെവിയിൽ നിന്നും ഹെഡ് സെറ്റ് പോലും ഒന്നു മാറ്റില്ല.

ഭാര്യയുടെ ശല്യം സഹിക്കാൻ വയ്യാതെ മൊബൈൽ എറിഞ്ഞു പൊട്ടിച്ചവരും, ചെവിയിൽ നിന്നും ഹെഡ് സെറ്റ് ഊരി എറിഞ്ഞവരും ഒക്കെ കേൾവിയിൽ ഉണ്ട്.അപ്പോ..അവരെ ആശ്വസിപ്പിക്കാൻ വേണ്ടി നമ്മൾ എന്താണ് പെട്ടെന്ന് പറയുക.

“ങാ.. ഇവിടെയും ഇങ്ങനൊക്കെ തന്നെ. ഇപ്പോഴത്തെ കാലമല്ലേ? സഹിക്കുക തന്നെ.” “ഇല്ലെങ്കിൽ നിങ്ങളും നിങ്ങളുടേതായ ഇടങ്ങൾ കണ്ടെത്തുക. എന്തെങ്കിലും ഇഷ്ടമുള്ള ആക്ടിവിറ്റികൾ കണ്ടെത്തുക. ഹോബികളിൽ മുഴുകുക. സന്തോഷം പൂർവ്വം ക്രിയാത്മകമായി സമയം ചിലവഴിക്കുക.അപ്പോ.. ഇരുകൂട്ടരും ഹാപ്പിയായി തുടരുക.”

കാലം മാറിയതനുസരിച്ച് മനുഷ്യരുടെ ചിന്താഗതിയിൽ, ജീവിത രീതികളിൽ പെരുമാറ്റത്തിൽ ഒക്കെ ശരിക്കും മാറ്റം സംഭവിച്ചിരിക്കുന്നു. അതിനെ ഉൾക്കൊണ്ടു ജീവിക്കുക എന്നതു തന്നെയാണ് നമുക്ക് ചെയ്യാൻ പറ്റുക. ഒരാളുടെ ചെയ്തികളെ, തുടർന്നുകൊണ്ടിരിക്കുന്ന സ്വഭാവരീതികളെ പെട്ടെന്ന് മാറ്റിമറിക്കുക എന്നുവച്ചാൽ പ്രയാസകരം തന്നെയാണ്.നമ്മൾ മാറുക എന്നതാണ് ഇവിടെ പ്രായോഗികം.

ഇതൊക്കെ നമുക്കിടയിൽ സമ്മാനിക്കുന്നത് എന്താണ് ? മാനസിക സമ്മർദ്ദം, വെറുപ്പ് ,വിദ്വേഷം, പക, ഒറ്റപ്പെടൽ, ആത്മഹത്യ,കൊല്ല്,കൊല ഇതൊക്കെ തന്നെ. ഒരാളുടെ ഉള്ളിലേക്കും മറ്റൊരാളുടെ ഉള്ള് തൊടുന്നില്ല. ആത്മാർത്ഥതയുടെ സ്പർശങ്ങൾ തലോടുന്നില്ല. എല്ലാം…ബാഹ്യം കഠോരം, സ്വന്തം, ഞാൻ,എൻ്റെ നിലനിൽപ്പ് എന്നതിലേക്ക് മാത്രം മാറ്റിയെഴുതപ്പെടുന്നു.

ഇനി ജീവിതം എളുപ്പമാക്കിയ ഡിജിറ്റൽ യുഗത്തിന്റെ വലിയതോതിലുള്ള മറ്റുദൂഷ്യവശങ്ങളിലേക്ക് കൂടി ഒന്നു കടന്നു ചെന്നാലോ ..?

ഒരേ നിലയിലുള്ള ഇരുത്തവും മൊബൈൽ നോട്ടവും കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ, നേത്രരോഗങ്ങൾ, സൈബർ ഭീഷണികൾ, മാനസിക രോഗങ്ങൾ, അദ്ധ്വാനക്കുറവ് മൂലമുള്ള പൊണ്ണത്തടി, സ്മാർട്ട് ഫോൺ ഗെയിംസ്, സാമൂഹിക മാധ്യമങ്ങൾ എന്നിവയോടുള്ള ആസക്തി ദൈനംദിന ജീവിതത്തെയും ജോലിയെയും ദോഷകരമായി ബാധിക്കുന്ന അവസ്ഥ..

ഡാറ്റാ മോഷണം ഓൺലൈൻ തട്ടിപ്പുകളിൽ പെട്ട് ജീവിതമൊടുക്കൽ, സൈബർ കുറ്റകൃത്യങ്ങളുടെ വർദ്ധന, സാമ്പത്തിക തട്ടിപ്പിന് ഇരയാക്കപ്പെടുന്ന ജീവിതക്കെണി, തെറ്റായ വാർത്തകളുടെയും വിവരങ്ങളുടെയും അതിവേഗ പ്രചരണം മൂലമുള്ള ആശങ്കകൾ, പിരിമുറുക്കങ്ങൾ, മാനസിക സംഘർഷങ്ങൾ സ്മാർട്ട്ഫോൺ അഡിക്ഷൻ മൂലമുള്ള വിഷാദം, ഉൽക്കണ്ഠ ആത്മവിശ്വാസക്കുറവ് എന്നിങ്ങനെ വലിയ തോതിലുള്ള ഒരുപാട് ദൂഷ്യഫലങ്ങൾക്കിടയിൽ നമുക്കു മുന്നിലൂടെ ഇന്നത്തെ തലമുറയിലെ കുട്ടികൾ കടന്നുപോകുമ്പോഴും, പറയാതിരിക്കാൻ വയ്യ… ചൂണ്ടിക്കാട്ടാതിരിക്കാൻ വയ്യ… !ഏറ്റവും കൂടുതലായി അവർ നേരിടുന്നത് മാനസികമായ ആരോഗ്യക്കുറവ് തന്നെയാണ്. ജീവിതത്തിൽ വന്നുചേരുന്ന പ്രശ്നങ്ങളെ തക്ക സമയത്ത് വേണ്ടവിധം നേരിടാനുള്ള കഴിവുകേട് തന്നെയാണ്.
തൊട്ടതിനും പിടിച്ചതിനുമൊക്കെ ആത്മഹത്യ പരിഹാരമായി കാണുന്ന കുട്ടികൾക്ക് മുന്നിൽ തുല്യരായി അവരുടെ മാതാപിതാക്കളും അവരുമായുള്ള കമ്മ്യൂണിക്കേഷനിൽ പരാജയപ്പെട്ടു നിൽക്കുന്ന കുറ്റക്കാർ തന്നെയാണ്.

ലോകം മുഴുവൻ ഒരു വിരൽ തുമ്പിൽ ഒതുങ്ങുമ്പോഴും, സോഷ്യൽ മീഡിയകൾ വഴി ഒരുപാട് പേർ നമ്മളെ യും നമ്മൾ അവരെയും ചേർത്തുപിടിക്കുമ്പോഴും, നമുക്ക് ഉചിതമായ ഇടങ്ങൾ തിരഞ്ഞെടുക്കുമ്പോഴും, ആസ്വാദന തലങ്ങളിലും ആഘോഷങ്ങളിലും, ആരവത്തിമിർപ്പുകളിലും മുങ്ങിത്താഴുമ്പോഴും, പലപല വെല്ലുവിളികൾക്ക് മുന്നിൽ നാം സ്വയം പണയപ്പെടുകയാണ് എന്ന തിരിച്ചറിവ് ഉണ്ടായാൽ നന്ന്.

ഈ മീഡിയയിലൂടെ നിങ്ങളും ഞാനും ഇങ്ങനെ അക്ഷരങ്ങളിലൂടെ സംവദിച്ചിരിക്കുമ്പോഴും എനിക്കൊന്നേ പറയാനുള്ളൂ എല്ലാത്തിനും ഒരു നിയന്ത്രണം വേണം. ഈ ഡിജിറ്റൽ യുഗം ഈ വരികളിൽ ഇങ്ങനെ ഒതുങ്ങുന്നതല്ല, അവസാനിക്കുന്നതല്ല!

വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം. നന്ദി, സ്നേഹം

ജസിയഷാജഹാൻ ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com