ദേശീയ ദുരന്തനിവാരണ അതോറിറ്റി, സംസ്ഥാന-ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ‘മേരാ യുവ ഭാരത്’ സഹകരണത്തോടെ സംഘടിപ്പിക്കുന്ന യുവ ആപ്ദ മിത്ര പരിശീലന പരിപാടിക്ക് ജില്ലയില്‍ തുടക്കം.
മൈ ഭാരത് വോളന്റിയര്‍മാര്‍ക്ക് പ്രത്യേകം രൂപകല്‍പന ചെയ്ത ദുരന്തനിവാരണ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ല കലക്ടറും ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ എസ് പ്രേം കൃഷ്ണന്‍ പത്തനംതിട്ട ടൗണ്‍ എസ്എന്‍ഡിപി ഹാളില്‍ നിര്‍വഹിച്ചു.
ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സുരേഷ് ബാബു അധ്യക്ഷനായി.
ജില്ലയിലെ മൈ ഭാരത് വോളന്റിയര്‍മാരില്‍ നിന്നും തിരഞ്ഞെടുത്ത 150 പേര്‍ക്ക് വിവിധ ഘട്ടങ്ങളില്‍ പരിശീലനം നല്‍കും. അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള രീതി, ദുരന്തമുഖങ്ങളിലെ ഏകോപനവും പ്രവര്‍ത്തനവും, രക്ഷാപ്രവര്‍ത്തനത്തിനുള്ള മുന്നൊരുക്കം, ബേസിക് ലൈഫ് സപ്പോര്‍ട്ട്, പ്രാഥമിക ജീവന്‍രക്ഷാ വിദ്യ എന്നീ വിഷയങ്ങളില്‍ ശാസ്ത്രീയമായ അറിവും പ്രായോഗിക പരിശീലനവും ഏഴു ദിവസമുള്ള ക്യാമ്പില്‍ സംഘടിപ്പിക്കും.
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്ന വോളന്റിയര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍, ഐ.ഡി. കാര്‍ഡുകള്‍, യൂണിഫോം, എമര്‍ജന്‍സി കിറ്റുകള്‍ എന്നിവ വിതരണം ചെയ്യും. ദുരന്തസമയങ്ങളില്‍ പ്രാദേശികതലത്തില്‍ ഉടനടി പ്രതികരിക്കാന്‍ ശേഷിയുള്ള സന്നദ്ധ സേനയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം.
ദുരന്തനിവാരണ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് അജിത് ശ്രീനിവാസ്, ജില്ല ഹസാര്‍ഡ് അനലിസ്റ്റ് ചാന്ദിനി പി. സി. സേനന്‍, ദുരന്തനിവാരണ പ്ലാന്‍ കോര്‍ഡിനേറ്റര്‍ അനി തോമസ് ഇടിക്കുള, ജില്ല യൂത്ത് ഓഫീസര്‍ പി. സന്ദീപ് കൃഷ്ണന്‍, യുവ ആപ്ദ മിത്ര മാസ്റ്റര്‍ ട്രെയിനര്‍ വി. അഭിനവ് എന്നിവര്‍ പങ്കെടുത്തു.



