മലയാളി മനസ്സ് ൻ്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന രചനയുടെ പതിമൂന്നാം ഭാഗത്തിലേയ്ക്ക് സ്നേഹപൂർവ്വം സ്വാഗതം🙏🙏
കുചേലവൃത്തം വഞ്ചിപ്പാട്ട് * എന്ന ഒരൊറ്റക്കാവ്യം കൊണ്ട് മലയാള സാഹിത്യത്തിൽ ശാശ്വതവും സമുന്നതവുമായ സ്ഥാനം നേടിയ കവി *ശ്രീ. രാമപുരത്തു വാര്യർ ആണ് മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന പംക്തിയിലൂടെ ഇന്നു പരിചയപ്പെടുത്തുന്ന നക്ഷത്രപ്പൂവ്!
രാമപുരത്തു വാര്യർ (1️⃣3️⃣) (1703 – 1753)
കോട്ടയം ജില്ലയിൽപ്പെട്ട മീനച്ചിൽ താലൂക്കിലെ രാമപുരം എന്ന സ്ഥലത്താണ് ഇദ്ദേഹം 1703 ൽ ജനിച്ചത്. അദ്ദേഹത്തിൻ്റെ പിതാവ് അമനകര ഗ്രാമത്തിലെ പുനം എന്ന ഇല്ലത്തെ പത്മനാഭൻ നമ്പൂതിരിയും അമ്മ പാർവതി വാരസ്യരും ആയിരുന്നു.
പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സംസ്കൃതം, സാഹിത്യം, സംഗീതം, ജ്യോതിഷം തുടങ്ങിയവയൊക്കെ പഠിച്ചു. ഇടയ്ക്ക് കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന ജോലിയിലും ഏർപ്പെട്ടു. അദ്ദേഹത്തിൻ്റെ പേരിൻ്റെ കാര്യത്തിൽ പല സംശയങ്ങളും ഉണ്ട്. ശങ്കരൻ എന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
പണ്ഡിതനായ വാര്യർ ദരിദ്രനായിരുന്നു. അതോടൊപ്പം രോഗബാധയും ഉണ്ടായപ്പോൾ വൈക്കം ക്ഷേത്രത്തിൽ ഭജനമിരിക്കുവാൻ തീരുമാനിച്ചു. ഈ സമയത്താണ് തിരൂവിതാംകൂർ മഹാരാജാവ് മാർത്താണ്ഡവർമ്മ ക്ഷേത്രദർശനത്തിനെത്തിയത്. തൻ്റെ ദാരിദ്രത്തെ പരാമർശിച്ച്,
“മഹീപതേ ഭാഗവതോപമാനം
മഹാപുരാണം ഭവനംമദീയം
നോക്കുന്നവർക്കൊക്കെ വിരക്തിയുണ്ടാം
അർത്ഥങ്ങളില്ലെന്നൊരു ഭേദമുണ്ട്”!
എന്ന് ഒരു ശ്ളോകമെഴുതി രാജാവിനു സമർപ്പിച്ചു.
രാജാവ് തിരിച്ച് തിരുവനന്തപുരത്തേക്ക് പോയപ്പോൾ വാര്യരെയും കൂടെ കൊണ്ടു പോയി. വഞ്ചിയിൽ ആയിരുന്നു യാത്ര. ആ യാത്രയിൽ രാജകൽപ്പന അനുസരിച്ചു രാമപുരത്തു വാര്യർ എഴുതിയതാണ് കുചേലവൃത്തം വഞ്ചിപ്പാട്ട് എന്നാണ് ഐതിഹ്യം !
ഈ കൃതിയുടെ ഇതിവൃത്തം ഭാഗവതം ദശമസ്കന്ധത്തിൽ ഉള്ളതാണ്. സുദാമാചരിതം എന്ന ഉപാഖ്യാനമാണ് ഇതിന് ആധാരം.
സുദാമാവും ശ്രീകൃഷ്ണനും സാന്ദീപനി മഹർഷിയുടെ ആശ്രമത്തിൽ സഹപാഠികളായിരുന്നു. പഠനശേഷം രണ്ടു പേരുടെയും ജീവിതം രണ്ടു തരത്തിലായിത്തീർന്നു. ശ്രൃകൃഷ്ണൻ ദ്വാരകയിൽ രാജാവായി! സുദാമാവ്
(കുചേലൻ)ദരിദ്ര ബ്രാഹ്മണനായി കുടുംബ ജീവിതം നയിച്ചു പോന്നു. ഭർത്താവിൻ്റെ സഹപാഠിയായ ശ്രീകൃഷ്ണനെ ചെന്നുകണ്ടാൽ തങ്ങളുടെ ദാരിദ്യത്തിന് അല്പമെങ്കിലും പരിഹാരമുണ്ടാകുമെന്ന് കുചേലൻ്റെ ഭാര്യ എപ്പോഴും പറയുമായിരുന്നു.
‘വല്ലഭകേട്ടാലും പരമാരമഗ്നനായ ഭവാൻ
വല്ലഭയുടെ വിശപ്പുമറിയുന്നില്ല
ഇല്ല ദാരിദ്യാർത്തിയോളം വലുതായിട്ടൊരാർത്തിയും
ഇല്ലം വീണു കൂത്തുമാറായതു കണ്ടാലും’
ഈ പരിഭവം കേട്ടില്ലെന്ന് നടിക്കുവാൻ കുചേലനു കഴിഞ്ഞില്ല. അങ്ങനെ ഒരു ദിവസം കൃഷ്ണനെ കാണുവാൻ കുചേലൻ തീരുമാനിച്ചു. രാജാവിനു കാഴ്ച വെയ്ക്കുവാൻ.
‘കല്ലും നെല്ലാമെല്ലാമവില്ലെന്നു
വെച്ചിട്ടൊരുപിടി നല്ലവണ്ണം പൊതിഞ്ഞൊരു പൊതിയിൽ കെട്ടി’
ഭാര്യ ഭർത്താവിൻ്റെ കൈയിൽ കൊടുത്തുവിട്ടു. മുഴിഞ്ഞുനാറിയ, കീറിപ്പറിഞ്ഞ വസ്ത്രങ്ങളും ധരിച്ച് കുചേലൻ ദ്വാരകയിലെത്തി. ശ്രീകൃഷ്ണൻ ഏഴുനില മാളികയുടെ മുകളിലിരുന്ന് കൊണ്ട് ‘താഴെത്തൻ്റെ വയസ്യന ദൂരത്തു കണ്ടു’! ഉടനെ പരിവാരസമേതം താഴേക്ക് എഴുന്നെള്ളി, മാറോടു ചേർത്തു ആലിംഗനം ചെയ്തു മുകളിലേക്ക് കൊണ്ടുപോയി ലക്ഷ്മീ തല്പത്തിന്മേലിരുത്തി. അപ്പോൾ ഒരിക്കലും കരയാത്ത ശ്രീകൃഷ്ണൻ കരഞ്ഞുപോയി എന്നാണ് കവി പറയുന്നത്. മനുഷ്യ സ്നേഹത്തിൻ്റെ മഹത്വം ഈ ഭാഗത്ത് തെളിഞ്ഞു കാണാം!
കുചേലൻ തിരിച്ചു വീട്ടിൽ വന്നപ്പോഴേക്കും വീടും പരിസരങ്ങളും ഭാര്യയും മക്കളും ഒക്കെത്തന്നെ ഐശ്വര്യത്തിൻ്റെയും സമ്പത്തിൻ്റെയും ഉത്തുംഗശൃംഗത്തിൽ എത്തിക്കഴിഞ്ഞിരുന്നു! കുചേലന് ഇതൊന്നും വിശ്വസിക്കുവാൻ ആദ്യം കഴിഞ്ഞിരുന്നില്ല. തനിക്ക് സ്ഥലം മാറിപ്പോയോ എന്നുപോലും അദ്ദേഹം ചിന്തിച്ചു പോയി ഇതാണ് ‘സുദാമചരിത’ത്തിൻ്റെ ഉള്ളടക്കം
മാർത്താണ്ഡവർമ്മ മഹാരാജാവിനെ ശ്രീകൃഷ്ണനായും തന്നെ സുദാമാവായും രാമപുരത്തുവാര്യർ സങ്കൽപ്പിക്കുന്നു. ഈ സങ്കല്പത്തിൽ രാജാവ് സന്തുഷ്ടനായി! കാവ്യത്തിൻ്റെ ആദ്യഭാഗത്ത് തിരുവനന്തപുരത്തെയും രാജാവിനെയും പ്രശംസിക്കുന്നുണ്ട്.
‘ഇപ്പാരിലില്ലിന്നീ വണ്ണമൊരു രാജധാനി…
മുപ്പാരിലുമില്ല…’ എന്നാണ് വാര്യർ തിരുവനന്തപുരത്തെക്കുറിച്ചു പറയുന്നത്.
ഏതായാലും ശ്രീകൃഷ്ണൻ കുചേലനെ അനുഗ്രഹിച്ചതുപോലെ രാജാവ് രാമപുരത്തു വാര്യരെയും അനുഗ്രഹിച്ച് ജീവിതക്ലേശങ്ങളിൽ നിന്നും മോചനം നേടുവാൻ സഹായിച്ചു എന്നതാണ് സത്യം. നിഷ്ക്കാമമായ ഭക്തിയിൽ ഈശ്വൻ പ്രസാദിക്കുമെന്നും നിഷ്ക്കളങ്കമായ ഭക്തിക്കുമുമ്പിൽ എന്തും ചെയ്യുവാൻ ഈശ്വരൻ തയ്യാറാക്കമെന്നും ഈ കൃതിയിലൂടെ വാര്യർ സമർത്ഥിക്കുന്നു. മനുഷ്യനും ഈശ്വരനും തമ്മിലുള്ള ബന്ധത്തോടൊപ്പം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധവും ഇതിൽ കാണാം!
ജലവേളകളുടെ നാടായ കേരളത്തിൽ വള്ളം കളികൾക്ക് പ്രധാനമായും പാടുന്നത് കുചേലവൃത്തം വഞ്ചിപ്പാട്ടാണ്! വള്ളം തുഴയുന്നവർക്ക് ശാരീരികാദ്ധ്വാനം ഒരു പരിധി വരെയെങ്കിലും അറിയാതിരിക്കുവാൻ ഒരു പ്രത്യേക താളത്തിലാണ് ഇതു പാടുന്നത്. പ്രസിദ്ധമായ ആറന്മുള വള്ളം കളിക്ക് കുചേലവൃത്തം തന്നെ പാടണമെന്ന് നിർബന്ധമാണ്!
“നതോന്നതാ” വൃത്തത്തിൻ്റെ താളത്തിൽ ഇത് പാടിത്തുഴഞ്ഞ് പള്ളിയോടങ്ങൾ
(ആറന്മുളയിലെ ചുണ്ടൻ വള്ളങ്ങൾക്ക് പള്ളിയോടങ്ങൾ എന്നാണ് പറയുന്നത്) പമ്പാ നദിയിലൂടെ മുന്നേറുന്നത് നയനാനന്ദകരമായ കാഴ്ച തന്നെയാണ്!
സാധാരണക്കാർക്കുകൂടി മനസ്സിലാകത്തക്കവിധം വായ്മൊഴിക്കു പ്രാധാന്യമുള്ള ഭാഷാരീതിയാണ് വഞ്ചിപ്പാട്ടിലുള്ളത്. ശബ്ദാർത്ഥാലങ്കാരങ്ങളുടെ അമിതമായ പ്രൗഢിയില്ലാതെ ലളിതവും ആർജ്ജവമുള്ളതുമായ പദപ്രയോഗങ്ങൾ കൊണ്ട് വായനക്കാരെ ആകർഷിക്കുവാൻ ഈ കൃതിയിൽ കവിക്കു കഴിഞ്ഞിട്ടുണ്ട്!
ജയദേവകൃതിയായ ഗീതാ ഗോവിന്ദത്തിൻ്റെ മലയാള പരിഭാഷയായ ഭാഷാഷ്ടപദി,
അമരകോശത്തിന് ലഘുഭാഷ എന്ന വ്യാഖ്യാനം ,
നൈഷധം തിരുവാതിരപ്പാട്ട് എന്നിവയും ഇദ്ദേഹത്തിൻ്റെ കൃതികളായി കണക്കാക്കപ്പെടുന്നു.
മലയാളക്കവിതയിൽ വഞ്ചിപ്പാട്ടിൻ്റെ താളമായ് ഇന്നും രാമപുരത്ത് വാര്യർ തുടി കൊട്ടുന്നു!
1753 ൽ അദ്ദേഹം അമ്പതാമത്തെ വയസ്സിൽ നിര്യാതനായി🙏🌹
അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം❤️💕💕💕