Saturday, March 22, 2025
Homeഅമേരിക്കശുഭചിന്ത - (103) പ്രകാശഗോപുരങ്ങൾ - (79) ഉപഭോഗസംസ്ക്കാരം

ശുഭചിന്ത – (103) പ്രകാശഗോപുരങ്ങൾ – (79) ഉപഭോഗസംസ്ക്കാരം

പി. എം.എൻ.നമ്പൂതിരി.

മദർ തെരേസ പറഞ്ഞു, The biggest  disease today is not leprosy, aids or cancer,  but rather,the feelings of being unwanted, uncared for,and deserted by everyone.

“” എന്നെ ആർക്കും വേണ്ട, എനിക്കാരുമില്ല, ഞാൻ ഒറ്റയ്ക്കാണ് ” ഈ ചിന്തയാണ് ഇന്നത്തെ ഉപഭോഗസംസ്ക്കാരം നൽകുന്ന ഏറ്റവും വലിയ രോഗം. കാൻസറിനെക്കാളും എയ്ഡ്സിനെക്കാളും ഭീകരമായ രോഗമാണിത്. ബുദ്ധിയുടെയും യുക്തിയുടെയും ഇക്കാലത്ത് ഹൃദയത്തിൻ്റെ ഭാഷ നമുക്ക് അന്യമായിരിക്കുന്നു. ഇന്നിപ്പോൾ ആശ്രമങ്ങളിൽപ്പോലും സ്വാർത്ഥതയും മത്സരവും ലാഭേച്ഛയും ഒക്കെ തേർവാഴ്ച നടത്തുകയാണ്. എങ്ങും സ്വാർത്ഥത മാത്രം. ഞാൻ ഞാൻ മാത്രം എൻ്റേതും. ബാക്കിയൊക്കെ അപ്രസക്തം. എന്നാൽ സ്വന്തം കാര്യം നോക്കുന്നത് സ്വാർത്ഥതയാണന്നല്ല പറയുന്നത്. അന്യരുടെ കാര്യം അവഗണിക്കുന്നതാണ് സ്വാർത്ഥത. സ്വന്തം കാര്യം നോക്കാത്തവർ ലോകത്തിൽ ആരാണ് ഉണ്ടാവുക? എനിക്ക് എങ്ങനെയും ജീവിക്കണം എന്നിടത്താണ് സ്വാർത്ഥത. എനിക്ക് ജീവിക്കണം എന്നിടത്ത് സ്വാർത്ഥതയില്ല. നാം നമ്മുടെ കുട്ടികളെ മുന്നിൽ കാണുമ്പോൾ മറ്റു കുട്ടികളെ കാണാതാവുന്നു എന്നതാണ് ഇന്നത്തെ ശോച്യാവസ്ഥ. ഇന്ന് നമ്മുടെ ബന്ധവും സ്നേഹവും എല്ലാം പണത്തിൽ അധിഷ്ഠിതമാണ്. കടമയും കടപ്പാടും വിസ്മൃതമായി. അവകാശം മാത്രം പ്രസക്തം. എവിടെയും “ഞാൻ” “എൻ്റേത് “മാത്രം. ഈ “അഹം മമകൾ “ ആണ് എല്ലാ ദു:ഖത്തിനും നിദാനം എന്ന് വേദങ്ങളിലും ഉപനിഷത്തുകളിലും ഭഗവദ്ഗീതയിലും എല്ലാം വിശദമായി പറഞ്ഞിട്ടുണ്ട്. നമ്മുടെ ദു:ഖം മാത്രമല്ല ദു:ഖം. അയൽക്കാരൻ്റെ സുഖവും നമുക്ക് ദു:ഖമാവുന്നു എന്നതാണ് ഇന്നത്തെ സ്ഥിതി. നമുക്ക് ഇന്ന് സ്നേഹവും അനുകമ്പയും നാവിൻതുമ്പിൽ മാത്രമാണ്. യഥാർത്ഥ സ്നേഹിതരും ബന്ധുക്കളും ഇല്ലാതായി. മനുഷ്യജീവിതത്തിൽ ആയിരം ബന്ധങ്ങളുണ്ടാകാം. എന്നാൽ ഒന്ന് മനസ്സിലാക്കുക! സുഖത്തിൽ സന്തോഷിക്കുകയും ദു:ഖത്തിൽ സാന്ത്വനമാവുകയും ചെയ്യുന്നിടത്തു മാത്രമേ സുഹൃദ്ബന്ധമുള്ളൂ. ബാക്കിയൊക്കെ വെറും പരിചയം മാത്രമാണ്. കാണുമ്പോഴുള്ള സ്നേഹപ്രകടനമല്ല തേടിപ്പിടിച്ചു സൗഹൃദം നിലനിർത്തുകയാണ് യഥാർത്ഥ സ്നേഹിതർ ചെയ്യുക. മഹാഭാരത്തിൽ യുധിഷ്ഠിരൻ പറയുന്നുണ്ട്: “മൃത്യു എന്ന സത്യം അറിയുംവരെ സ്വാർത്ഥമായ നേട്ടങ്ങൾക്ക് വേണ്ടി മനുഷ്യൻ ഉഴലുന്നു എന്ന്. പരമാർത്ഥമായ അങ്ങയെ മറന്നു കൊണ്ട്. “

വിജ്ഞാനവിസ്ഫോടനത്തിൻ്റെ യുഗമാണിപ്പോൾ. മനുഷ്യമസ്തിഷ്കങ്ങളെക്കാൾ വേഗത്തിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകൾ വിദ്യാർത്ഥികൾക്ക് വിജ്ഞാനം പകരുന്നു. ലോകത്തിലെമ്പാടുമുള്ള അറിവുകൾ ഇൻ്റർനെറ്റിലൂടെ അനിതരസാധാരണമായ വേഗത്തിൽ നമ്മളിലേയ്ക്ക് എത്തുന്നു. എന്നാൽ ബുദ്ധിയെ വികസിപ്പിക്കുന്ന ഈ യന്ത്രങ്ങൾക്ക് ഹൃദയത്തിൻ്റെ മൃദുലതന്ത്രികളെ മീട്ടാനാവില്ല. വൈദ്യശാസ്ത്ര രംഗത്ത് യന്ത്രം രോഗപരിശോദന നടത്തുന്നു. ഫൈബർ ഓപ്ടിക്സും എൻഡോസ്കോപ്പിയും സ്ക്കാനിങ്ങും രോഗനിർണ്ണയം ഏറ്റെടുക്കുന്നു. അപ്പോൾ ഡോക്ടറും രോഗിയും തമ്മിലുള്ള ഹൃദയ ബന്ധമാണ് നഷ്ടമാകുന്നത്. ഡോക്ടറുടെ മൃദുസ്പർശനം, സാന്ത്വനം, സ്നേഹഭാഷണം ഒക്കെ എന്താശ്വാസമായിരുന്നു!!! എന്നാൽ ഇന്ന് എല്ലാം യാന്ത്രികം മാത്രമായിരിക്കുന്നു. സ്നേഹം എന്ന വികാരം തന്നെ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. കുഞ്ഞുങ്ങൾക്ക് ഇന്ന് അച്ഛനമ്മമാരുടെ ലാളനയോ സ്നേഹമോ ലഭിക്കുന്നില്ല. രണ്ടു പേരും അന്നംതേടി പോകുമ്പോൾ കുട്ടി ആയയുമൊത്തു കഴിയുകയാണ്. അങ്ങിനെയുള്ള കുട്ടികൾക്ക് അമ്മ പേരിനു മാത്രമാണ്. അമ്മ മരിച്ചാൽ കുട്ടി കരയുകയില്ല. പക്ഷെ അയ മരിച്ചാൽ കരയുന്നു. എവിടേയും നഗരവത്കൃത ഉപഭോഗസംസ്ക്കാരത്തിൻ്റെ വികൃതമുഖം മാത്രം. എവിടെയും യാന്ത്രികബന്ധം. ധനത്തിനും അധികാരത്തിനും വേണ്ടി വെമ്പിക്കൊണ്ടിരിക്കുന്ന ഒരു മനസ്സിൻ്റെ ഉടമയ്ക്ക് ശാന്തി യെന്തെന്നറിയാൻ കഴിയില്ല. ആരേയും സ്നേഹിക്കാനുമാവില്ല. ആധുനിക മനുഷ്യന് പക്ഷിയെപ്പോലെ ആകാശത്ത് പറക്കുവാനും മത്സ്യത്തെപ്പോലെ വെള്ളത്തിൽ നീന്താനുമറിയാം. പക്ഷെ, മനുഷ്യനെപ്പോലെ ഭൂമിയിൽ നടക്കാൻ മാത്രം അറിയില്ല എന്നതാണ് സത്യം. ആൽബർട്ട് ഐൻസ്റ്റീൽ പറഞ്ഞത് we know how to denature plutonium. But the technology  to purify human mind is yet to be developed. നമുക്ക് പ്ലൂട്ടോണിയം ശുദ്ധീകരിക്കാനറിയാം.പക്ഷെ മനുഷ്യമനസ്സിനെ ശുദ്ധീകരിക്കാനുള്ള സാങ്കേതികവിദ്യ ഇനി വികസിപ്പിക്കേണ്ടിയിരിക്കുന്നു. മനുഷ്യ മഹിമയെപ്പറ്റിയുള്ള അവബോധം ഉണ്ടാക്കുക ശാസ്ത്രത്തിൻ്റെ ചുമതലയല്ല. ബുദ്ധിമാന്മാർ നമുക്ക് ആവശ്യം തന്നെയാണ്. അതിനേക്കാൾ നമുക്ക് ആവശ്യം സഹോദര സ്നേഹവും സഹജീവികളോടു കാരുണ്യവുമുള്ള മനുഷ്യരേയാണ്.

ഇന്ന് പണത്തിൻ്റെ അമിതലബ്ധി ഒരു സാമൂഹിക പ്രശ്നമാകുന്നു. അർഹിക്കാത്തവനിൽ പണം കുമിഞ്ഞുകൂടുന്നത് കൊച്ചുകുട്ടിയുടെ കൈയ്യിൽ കത്തി കൊടുക്കുന്നതിന് സമമാണ്. മദ്യപാനാസക്തി മുമ്പെത്തേക്കാളും ഉയർന്നു. വിശേഷിച്ച് ചെറുപ്പക്കാരിൽ. അതിൻ്റെ തിക്തഫലം അനുഭവിക്കുന്നത് പ്രായം ചെന്ന മാതാപിതാക്കളും പിഞ്ചു കുഞ്ഞുങ്ങളുമാണ്. അതുകൊണ്ടാണ് വനിതാ കമ്മീഷനുകളും കുടുംബകോടതികളും ഒപ്പം വൃദ്ധസദനങ്ങളും ഏറി വരുന്നത്. സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബാന്തരീക്ഷത്തിൽ നിന്നാണ് നല്ല വ്യക്തികൾ വാർത്തെടുക്കപ്പെടുന്നത്. വിവേകത്തിൻ്റെ വെള്ളിനക്ഷത്രങ്ങളായ നരച്ച തലകൾ വൃദ്ധസദനങ്ങളിൽ കഴിയേണ്ടിവരുകയാണ്.

ജീവിതസന്ധ്യയിൽ ചെറുമക്കൾക്കു പകർന്നു നൽകിയിരുന്ന ആശയങ്ങളും അനുഭവങ്ങളും നഷ്ടമായി. ഒന്ന് ആലോചിച്ചു നോക്കൂ! ലോകം മുഴുവനും നേടിയാലും സ്വന്തം കുടുംബം നഷ്ടമായാൽ എന്ത് നേട്ടമാണ് ഉള്ളത്? ഈ ചോദ്യം നമ്മുടെ മുന്നിൽ ഉയർന്നു നിൽക്കട്ടെ!.

പി. എം.എൻ.നമ്പൂതിരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments