ജാതിയിരുട്ടിന്റെ ഹിംസയെ വെല്ലുവിളിച്ചുകൊണ്ട് മനുഷ്യാവകാശത്തിനുവേണ്ടിയുള്ള ഐതിഹാസികമായ ഒട്ടേറെ പ്രക്ഷോഭങ്ങൾ നയിച്ച വിപ്ലവകാരിയായിരുന്നു അയ്യങ്കാളി. അവഗണിക്കപ്പെട്ട അവശ ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിൽ ഇണക്കിച്ചേർക്കുന്നതിനു വേണ്ടി അഹോരാത്രം അദ്ധ്വാനിച്ച നവോത്ഥാന നായകരിലെ പ്രമുഖൻ..
ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല. നെല്ലിന് പകരം അവിടെ പുല്ലും കളയും വളരും’.
തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യൻകാളിയായിരുന്നു. തൊഴിലാളികളെ മനുഷ്യരായി അംഗീകരിക്കാൻ മടിച്ച ജന്മിമാരുടെ പാടശേഖരങ്ങളിൽ അധഃസ്ഥിത വിഭാഗങ്ങളിൽപ്പെട്ടവർ പണിക്കിറങ്ങിയില്ല. തുടക്കത്തിൽ സ്വയം കൃഷിയിറക്കി പിടിച്ചുനിൽക്കാൻ മാടമ്പിമാർ ശ്രമിച്ചെങ്കിലും അതു പരാജയമായി. ഒടുവിൽ പ്രതികാരബുദ്ധിയോടെ അവർ പാടങ്ങൾ തരിശിട്ടു. തൊഴിലില്ലാതെ കർഷകത്തൊഴിലാളികൾ ദുരിതക്കയത്തിലായി. എന്നാൽ മാടമ്പിമാർക്കെതിരെയുള്ള സമരത്തിൽനിന്നും പിൻവലിയാൻ അവർ കൂട്ടാക്കിയില്ല. ഒടുവിൽ ജന്മിമാർ കീഴടങ്ങി. തൊഴിൽ ചെയ്യുന്നവരുടെ അവകാശങ്ങൾ ഒരു പരിധിവരെ അംഗീകരിക്കപ്പെട്ടതോടെ 1905-ൽ സമരം ഒത്തുതീർപ്പായി. അയ്യൻകാളിയുടെ നേതൃത്വത്തിൽ നടത്തിയ ചരിത്രപ്രസിദ്ധമായ ഈ പണിമുടക്കു സമരമാണ് പിന്നീടു കേരളത്തിലുടനീളം കർഷകത്തൊഴിലാളി മുന്നേറ്റത്തിനു ഊർജ്ജം പകർന്നതെന്നു വിലയിരുത്തുന്നു..
സവർണർ മാത്രം സഞ്ചരിച്ച രാജപാതയിൽ വില്ലുവണ്ടിയിൽ യാത്ര ചെയ്ത അയ്യൻകാളി എന്ന ചെറുപ്പക്കാരൻ കാളകളെ തെളിച്ചത് ചരിത്രത്തിലേക്കായിരുന്നു. 1893ൽ നടത്തിയ വില്ലുവണ്ടിയാത്ര സവർണാധിപത്യത്തിന്റെ കാട്ടുനീതിക്കെതിരെയായിരുന്നു. വെളുത്ത മുണ്ട്, വെളുത്ത അരക്കയ്യൻ ബനിയൻ, വെളുത്ത തലക്കെട്ട് എന്നിങ്ങനെയായിരുന്നു അയ്യൻകാളിയുടെ അന്നത്തെ വേഷം. അന്നുവരെ അരയ്ക്കു മേലോട്ടും മുട്ടിനു കീഴോട്ടും മുണ്ടു നീട്ടിയുടുക്കാൻ അവർണർക്ക് വിലക്കുണ്ടായിരുന്നു..
1870 ജൂലൈ 9ന് പൊതുവഴിയിലൂടെ ചക്രത്തിൽ ഓടുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നതിന് എല്ലാ വിഭാഗക്കാർക്കും അവകാശങ്ങൾ നൽകിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. എന്നാൽ, പ്രമാണിമാരുടെ എതിർപ്പുമൂലം ഈ ഉത്തരവ് നടപ്പിലായിരുന്നില്ല. ഈ ഉത്തരവ് നടപ്പിൽ വരുത്തുന്നതിനു വേണ്ടിയാണ് ഇരട്ടക്കാളകൾ വലിച്ചിരുന്ന അലങ്കരിച്ച വില്ലുവണ്ടിയിൽ തലപ്പാവണിഞ്ഞ് തിരുവനന്തപുരം വെങ്ങാനൂരിൽ നിന്ന് ബാലരാമപുരം ആറാലുംമൂട് വഴി പുത്തൻകടവ് ചന്തയിലേക്ക് അയ്യങ്കാളി യാത്ര ചെയ്തത്. അടിച്ചമർത്തപ്പെട്ട അധഃസ്ഥിതന്റെ ഐതിഹാസികമായ വിമോചന യാത്രയായിരുന്നു അത്..
കല്ലുമാല സമരവും പെരിനാട് സമരവുമെല്ലാം അയ്യങ്കാളി നടത്തിയിട്ടുള്ള ചരിത്ര സമരങ്ങളായിരുന്നു. അയ്യങ്കാളിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അധഃസ്ഥിതരായ സ്ത്രീകൾ കല്ലുമാല പൊട്ടിച്ചെറിയാനും മാറു മറയ്ക്കാനും വേണ്ടി നടത്തിയ പ്രക്ഷോഭം കേരള ചരിത്രത്തിന്റെ ഭാഗമാണ്. തിരുവിതാംകൂറിൽ കർഷകതൊഴിലാളികളുടെ ആദ്യത്തെ പണിമുടക്ക് സമരം നയിച്ചത് അയ്യൻകാളിയാണ്. പലതരം എതിർപ്പുകളും പകവ്യവഹാരങ്ങളും ഒറ്റയ്ക്കു നേരിട്ടാണ് 1904ലാണ് അയ്യൻകാളി തന്റെ ആദ്യ കുടിപ്പള്ളിക്കൂടം വെങ്ങാനൂരിൽ സ്ഥാപിച്ചത്. 1936ലെ ക്ഷേത്രപ്രവേശന വിളംബരത്തെ തുടർന്ന് കേരളത്തിലെത്തിയ മഹാത്മാഗാന്ധി വെങ്ങാനൂരിലെത്തി അയ്യൻകാളിയെ സന്ദർശിച്ചത് ചരിത്രമുഹൂർത്തമായി.
അടിച്ചമർത്തപ്പെട്ട, നീതി നിഷേധിക്കപ്പെട്ട മനുഷ്യരുടെ ശബ്ദമായിരുന്നു അയ്യങ്കാളി. നൂറ്റാണ്ടുകൾ എത്ര കഴിഞ്ഞാലും, ലോകത്ത് എവിടെയൊക്കെ മനുഷ്യൻ അരികുചേർക്കപ്പെടുന്നുവോ അവിടെയൊക്കെ ആ ശബ്ദം മുഴങ്ങി-
ക്കൊണ്ടേയിരിക്കും..



