ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയുടെ തെക്കൻ തീരത്ത് ഇറാനിയൻ യുദ്ധക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ 80 ഇറാനിയൻ നാവികർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം.
80 നാവികർ കൊല്ലപ്പെട്ടതായി ശ്രീലങ്കൻ സർക്കാർ അറിയിച്ചു. ലങ്കൻ ഡെപ്യൂട്ടി വിദേശ കാര്യമന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇറാനിയൻ യുദ്ധക്കപ്പലിന് നേരെ യുഎസ് ആണവ അന്തർവാഹിനിയാണ് ആക്രമണം നടത്തിയത്. ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന മിലാൻ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന മൗഡ്ജ് ക്ലാസ് യുദ്ധക്കപ്പൽ ഐറിസ് ദേനയാണ് അന്തർവാഹിനി ആക്രമണത്തിൽ തകർന്നത്.
കപ്പൽ ആക്രമിച്ചത് തങ്ങളാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സ്ഥിരീകരിച്ചു.യുഎസ് അന്തർവാഹിനിയാണ് ദേനയ്ക്കു നേരേ ടോർപിഡോ ആക്രമണം നടത്തിയതെന്നു സ്ഥിരീകരിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആദ്യമായാണ് ഒരു ശത്രുക്കപ്പലിനെ യുഎസ് ടോർപിഡോ ചെയ്യുന്നതെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു. ആക്രമണത്തിന്റെ വിഡിയോയും യുഎസ് പുറത്തുവിട്ടു. മുങ്ങിയ കപ്പലിൽനിന്ന് 32 പേരെ ശ്രീലങ്കൻ നാവിക സേന രക്ഷപ്പെടുത്തിയെന്ന് ലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെറാത് പറഞ്ഞിരുന്നു.



