Wednesday, July 15, 2026
Homeഅമേരിക്കഅമേരിക്കയുമായുള്ള ഇടക്കാല ധാരണ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ പാർലമെന്റിലെ ഭൂരിപക്ഷം എംപിമാരും പ്രസ്താവന പുറത്തിറക്കി

അമേരിക്കയുമായുള്ള ഇടക്കാല ധാരണ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ പാർലമെന്റിലെ ഭൂരിപക്ഷം എംപിമാരും പ്രസ്താവന പുറത്തിറക്കി

തെഹ്റാൻ: അമേരിക്കയുമായുള്ള ഇടക്കാല ധാരണ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ പാർലമെന്റിലെ ഭൂരിപക്ഷം എംപിമാരും. 290 അംഗങ്ങളുള്ള ഇറാൻ പാർലമെന്റിലെ 180 എംപിമാർ അമേരിക്കയുമായുള്ള ധാരണാപത്രം അവസാനിച്ചതായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രസ്താവന പുറത്തിറക്കി. പ്രതികാര നടപടികൾ ശക്തമായി മുന്നോട്ടുകൊണ്ടുപോകേണ്ടത് അനിവാര്യമാണെന്ന് പ്രസ്താവനയിൽ എംപിമാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടാതെ ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണവും ഭരണവും ഇറാന്റെ നിബന്ധനകൾക്ക് അനുസൃതമായി നടപ്പാക്കുന്നതിനുള്ള പുതിയ നിയമനിർമാണം പാസാക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

രക്തസാക്ഷികളുടെ ത്യാഗത്തിന് പ്രതികാരം ചെയ്യുമെന്ന പ്രതിജ്ഞയോടെ മുന്നോട്ടുപോകും. അതിനായി ആവശ്യമായ പരിശ്രമങ്ങളിലും ആസൂത്രണങ്ങളിലും പ്രവർത്തനങ്ങളിലും ഒരു നിമിഷവും വീഴ്ച വരുത്തില്ലെന്നാണ് എംപിമാർ പുറത്തിറക്കിയ പ്രസ്താവന ചൂണ്ടിക്കാണിക്കുന്നത്. പ്രതിരോധ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണവും ഭരണവും സംബന്ധിച്ച നിയമം പാസാക്കുന്നതിനും പാർലമെന്റ് മുൻഗണന നൽകും. അമേരിക്കൻ പ്രസിഡന്റ് ഈ ധാരണ അവസാനിച്ചതായി പ്രഖ്യാപിച്ച സാഹചര്യത്തിൽ, രാജ്യത്തെ ഭരണ ഘടനാപരമായ എല്ലാ അധികാരകേന്ദ്രങ്ങളും ഇതുസംബന്ധിച്ച് ശക്തവും വിപ്ലവാത്മകവുമായ നിലപാട് പ്രഖ്യാപിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും പ്രസ്താവനയിൽ എംപിമാർ പറയുന്നുണ്ട്.

ഹോർമൂസ് കടലിടുക്കിന്മേലുള്ള ഇറാന്റെ പരമാധികാരം ഉറപ്പാക്കുന്നതിൽ സായുധ സേനയുടെ നടപടികൾക്ക് പൂർണ പിന്തുണ നൽകുമെന്നും അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ ആവശ്യമായ പിന്തുണ ഉറപ്പാക്കുമെന്നും പ്രസ്താവനയിൽ ഇറാൻ്റെ 180 പാർലമെൻ്റ് അം​ഗങ്ങ​ൾ വ്യക്തമാക്കിയിട്ടുണ്ട്

ഇതിനിടെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം ‘റീഇംബഴ്‌സ്‌മെന്റ് ഫീസ്’ ഈടാക്കുമെന്ന പ്രഖ്യാപനത്തിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്മാറി. ഇതിന് പകരമായി ഗൾഫ് രാജ്യങ്ങൾ അമേരിക്കയിൽ നടത്തുന്ന വ്യാപാര-നിക്ഷേപ കരാറുകൾ നടപ്പിലാക്കുമെന്നാണ് ഡോണൾഡ‍് ട്രംപിൻ്റെ പുതിയ തീരുമാനം. മിഡിൽ ഈസ്റ്റ് നേതാക്കളുമായി വളരെ ഫലപ്രദമായ ചർച്ചകൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ 20 ശതമാനം അമേരിക്കൻ റീഇംബഴ്‌സ്‌മെന്റ് ഫീസ് ഒഴിവാക്കാൻ ഞാൻ തീരുമാനിച്ചു. അതിന് പകരം വിവിധ ഗൾഫ് രാജ്യങ്ങൾ അമേരിക്കയിൽ വ്യാപാര-നിക്ഷേപ കരാറുകൾ നടപ്പാക്കും എന്നായിരുന്നു അമേരിക്കൻ പ്രസിഡൻ്റ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.

ഹോർമുസ് കടലിടുക്കിൽ അമേരിക്ക നൽകുന്ന സുരക്ഷാ സേവനങ്ങൾക്കുള്ള ചെലവ് തിരിച്ചുപിടിക്കാനാണ് ‘റീഇംബഴ്‌സ്‌മെന്റ് ഫീസ്’ ഏർപ്പെടുത്തുന്നതെന്ന് ട്രംപ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ച ഇറാഖ് പ്രധാനമന്ത്രിയുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടു മുമ്പായിരുന്നു ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച സന്ദേശത്തിലൂടെ ട്രംപ് നിലപാട് മാറ്റം പ്രഖ്യാപിച്ചത്.

ഇതിനിടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി നൂറുകണക്കിന് വിദേശ കപ്പലുകൾ യാത്രാനുമതിക്കായി സമീപിച്ചതായി ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതത്തിന് മേൽനോട്ടം വഹിക്കുന്നതിനായി ഇറാൻ രൂപീകരിച്ച പുതിയ അതോറിറ്റി അറിയിച്ചു. ഇവയിൽ ഭൂരിഭാഗം കപ്പലുകൾക്കും യാത്രാനുമതിയും ഇൻഷുറൻസ് പരിരക്ഷയും നൽകിയതായി അതോറിറ്റി അവകാശപ്പെട്ടു. എന്നാൽ കൃത്യമായ കണക്കുകൾ ഇവർ പുറത്തുവിട്ടിട്ടില്ല. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ നിയന്ത്രണം ശക്തമാക്കുന്നതിനും ജലപാതയിലെ പരമാധികാര അവകാശവാദം ഔപചാരികമാക്കുന്നതിനുമായി ഇറാൻ ഈ വർഷം ആദ്യം പിജിഎസ.എ (PGSA) എന്ന സംവിധാനം ആരംഭിച്ചിരുന്നു.

പിജിഎസ്എ മുഖേന മുൻകൂട്ടി ഏകോപനം നടത്തുന്ന കപ്പലുകൾക്ക് മാത്രമേ കടന്നുപോകാൻ അനുമതിയുള്ളൂവെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. മേഖലയിലെ അമേരിക്കൻ സൈനിക നീക്കങ്ങളാണ് പുതിയ നിയന്ത്രണങ്ങൾക്ക് കാരണമെന്നും ഇറാൻ ആരോപിച്ചിരുന്നു. അതേസമയം പിജിഎസ്എയുമായി സഹകരിക്കരുതെന്ന് അമേരിക്ക കപ്പൽ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാൻ സമ്മതിച്ചാലും ഇല്ലെങ്കിലും ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കും എന്നായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com