ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. സുപ്രിംകോടതിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. വിദഗ്ധ സമിതിയുടെ ശിപാർശകൾ സർക്കാർ അംഗീകരിച്ചതായും കോടതിയുടെ അനുമതി ലഭിച്ചാലുടൻ പദ്ധതി നടപ്പിലാക്കുമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു.
വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള 26 അംഗ വിദഗ്ധ സമിതിയാണ് ഇതിനായുള്ള റിപ്പോർട്ട് തയ്യാറാക്കിയത്. ലൈംഗിക വിദ്യാഭ്യാസം, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയൽ എന്നിവ പാഠ്യപദ്ധതിയുടെ പ്രധാന ഭാഗമായിരിക്കും.
പ്രാഥമിക തലം മുതൽ തന്നെ സുരക്ഷ, ശരീരഭാഗങ്ങൾ, ശുചിത്വം, ‘നല്ല സ്പർശനം – മോശം സ്പർശനം’ എന്നിവയെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നൽകും. കൂടാതെ, പോക്‌സോ നിയമത്തെക്കുറിച്ചുള്ള അവബോധവും വിദ്യാർഥികളിൽ ഉറപ്പാക്കും. പ്രാഥമിക തലം മുതൽ പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്താനാണ് സമിതിയുടെ ശിപാർശ.
ആഴ്ചയിൽ രണ്ടുതവണ 15 മുതൽ 20 മിനിറ്റ് വരെ നീണ്ടുനിൽക്കുന്ന ക്ലാസുകൾ നടത്തും. ഇതിനായി പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകരെ നിയോഗിക്കാനും, രക്ഷിതാക്കളെയും അധ്യാപകരെയും ഉൾപ്പെടുത്തി കുട്ടികളുടെ വളർച്ചാ ഘട്ടങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാനും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു.



