ലഹരിവേട്ട വിജയത്തിലേക്ക് കുതിച്ചു കയറുകയാണ്. കേവലം ഒരുമാസംകൊണ്ട് നാല്പത് കോടിയോളം വിലമതിക്കുന്ന രാസലഹരിയാണ് പോലീസ് പൊക്കിയത്. പ്രതികളെ കയ്യോടെ പിടികൂടി പൂട്ടിയിട്ടുണ്ട് നമ്മുടെ മിടുക്കരായ പോലീസുകാർ. ലഹരിയുടെ തലവന്മാരെ പിടികൂടാനാവുമെന്ന പൂർണ്ണവിശ്വാസമാണ് പോലീസിനുള്ളത്.. പതിനെട്ട് കിലോ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചത് ഓപ്പറേഷൻ തൂഫാൻറെ ചരിത്രവിജയം തന്നെയാണ്.
ലഹരിക്കെതിരെ പോരാടാൻ ജനങ്ങളും ഒപ്പം നിൽക്കണം. കാരണം മാഫിയതലവന്മാരിൽ നിന്ന് പോലീസുകാർക്ക് നേരെ ആക്രമണം ഉണ്ടാവുന്നുണ്ട്., പരിക്ക് പറ്റുന്നുണ്ട്. അവർ എന്തും ചെയ്യാൻ മടിക്കാത്തവരാണ്. നമ്മളെ കാത്ത് രക്ഷിക്കുന്ന പോലീസിന് നമ്മൾ കഴിയുന്ന വിധത്തിൽ സഹായസഹകരണങ്ങൾ കൊടുക്കേണ്ടതുണ്ട്. ഇത് പോലീസുകാരുടെ മാത്രം ഉത്തരവാദിത്തമാണെന്ന് നമ്മൾ ഒരിക്കലും ധരിക്കരുത്. നാളെ നമ്മുടെ കൊച്ചുമക്കൾ ഇവിടെ നന്നായി വളരണം. ലഹരിയെ പൂർണ്ണമായും തുടച്ചുമാറ്റാൻ യുവതലമുറ കൂടി ഒപ്പം നിൽക്കണം.
ലഹരിയുടെ പ്രഭാവകേന്ദ്രമായ പെരുമ്പാവൂർ തന്നെയാണ് ഇന്ന് നമ്മുടെ പേടിസ്വപ്നം. എല്ലാവിധ വൃത്തികേടുകളുടെയും കുറ്റകൃത്യങ്ങളുടെയും ഉറവിടം അവിടെത്തന്നെ. നമ്മുടെ കൊച്ചു കേരളത്തിന്റെ ഒരുപ്രദേശം ഇങ്ങനെ ആയിത്തീർന്നതിന് ചില രാഷ്ട്രീയലക്ഷ്യമുണ്ടായിരുന്നു. അതിന് വേണ്ട ഒത്താശകൾ ചിലർ ചെയ്തുകൊടുത്തു. അത് വളർന്നുവലുതായി നമ്മുടെ കൊച്ചുകേരളത്തെ വിഴുങ്ങി.
കാലം മാറി. കാറ്റ് തിരിഞ്ഞുവീശി. നമുക്ക് പ്രത്യാശിക്കാം. ലഹരിമുക്തകേരളത്തിൽ നാളെ നമ്മുടെ കൊച്ചുമക്കൾക്ക് നിർഭയം നടക്കാനാവുമെന്ന്.



