Saturday, June 13, 2026
Homeഅമേരിക്കയമുനാതീരേ.. (നോവൽ - അധ്യായം 5) ✍ ഡോളി തോമസ് ചെമ്പേരി

യമുനാതീരേ.. (നോവൽ – അധ്യായം 5) ✍ ഡോളി തോമസ് ചെമ്പേരി

​“സർ, എനിക്ക് പറയാൻ തന്നെ നാണക്കേടാണ്. കാരണം, ഇത് പഴകിത്തേഞ്ഞ ഒരു കുടുംബപുരാണം മാത്രമാണ്. വീട്ടുപ്രാരാബ്ധങ്ങളുടെ കഥ…” യമുന പറയാൻ ഒന്ന് മടിച്ചു.

​“സാരമില്ലടോ, താൻ പറയൂ. മനസ്സ് ഒന്ന് തുറന്നാൽ ഭാരം കുറയും,” സർ അവളെ പ്രോത്സാഹിപ്പിച്ചു. “കാര്യങ്ങൾ പഴയതോ പുതിയതോ എന്നതിലല്ല, ഓരോരുത്തരുടെയും അനുഭവങ്ങൾക്കാണ് പ്രാധാന്യം. കുടുംബപ്രശ്‌നങ്ങളെല്ലാം എല്ലാക്കാലത്തും ഒരേപോലെ തന്നെയാണ്; വ്യക്തികൾ മാറുന്നു എന്ന് മാത്രം. അങ്ങോട്ടുമിങ്ങോട്ടും ചെറിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം, അത്രയേയുള്ളൂ.”

​സാധാരണയിൽ സാധാരണമായ ഒരു കുടുംബമായിരുന്നു എന്റേത്. മൂന്ന് പെൺകുട്ടികളും ഒരു ആൺകുട്ടിയും അടങ്ങുന്ന വീട്. അച്ഛൻ ഒരു ഷോപ്പിലെ സെക്യൂരിറ്റി സ്റ്റാഫായി ജോലി നോക്കുന്നു. പറമ്പിലെ ചെറിയ കൃഷിപ്പണികളുമായി അമ്മ അച്ഛന് താങ്ങായി നിന്നു. പത്താം ക്ലാസ് കഷ്ടിച്ച് കടന്നുകൂടിയ ഏട്ടൻ ഒരു കടയിൽ സെയിൽസ്മാനായി ജോലിക്ക് കയറി. ഞാനന്ന് ബിരുദാനന്തര ബിരുദം കഴിഞ്ഞ് നെറ്റ് കോച്ചിംഗിന് പോകുകയായിരുന്നു. അനിയത്തിമാരിൽ ഒരാൾ ഡിഗ്രി അവസാന വർഷത്തിലും ഇളയവൾ കോളേജിൽ ചേർന്നതേയുള്ളൂ.

​പഠനത്തിൽ മിടുക്കിയായിരുന്നതുകൊണ്ട് അച്ഛന് എന്നോട് പ്രത്യേക വാത്സല്യമായിരുന്നു. മലയാളത്തോടുള്ള എന്റെ പ്രണയം തിരിച്ചറിഞ്ഞ അച്ഛൻ എനിക്ക് ധാരാളം പുസ്തകങ്ങൾ വാങ്ങിത്തരുമായിരുന്നു. അച്ഛൻ നൽകുന്ന ഈ പ്രത്യേക പരിഗണന അനിയത്തിമാരിൽ ചെറിയ പരിഭവങ്ങൾ ഉണ്ടാക്കാതിരുന്നില്ല.

​”എന്റെ കുട്ടികളേ, നിങ്ങൾ എല്ലാവരും എനിക്ക് ഒരുപോലെയാണ്. വായനയിലോ പഠനത്തിലോ യമുനയെപ്പോലെ നിങ്ങൾക്ക് അത്ര താല്പര്യമില്ലല്ലോ. നിങ്ങളുടെ ഇഷ്ടങ്ങൾ എന്താണെന്ന് പറയൂ, അച്ഛൻ അത് സാധിച്ചുതരാം,” അവരുടെ നീരസം കാണുമ്പോൾ അച്ഛൻ സ്നേഹത്തോടെ പറയുമായിരുന്നു.

​”ഓ, ഞങ്ങൾക്ക് യമുനേച്ചിയുടെ അത്രയും ബുദ്ധിയൊന്നുമില്ലല്ലോ. ഞങ്ങളിവിടെ എങ്ങനെയെങ്കിലും കഴിഞ്ഞോളാം,” പ്രസന്നയുടെ ആ കുസൃതി കലർന്ന പരിഭവം പലപ്പോഴും വീട്ടിലൊരു കൂട്ടച്ചിരിക്ക് വഴിയൊരുക്കുമായിരുന്നു. ആ സുന്ദരമായ ദിനങ്ങൾ ഓർമ്മവന്നപ്പോൾ യമുനയുടെ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി വിരിഞ്ഞു. കാറിലെ എസിയുടെ തണുപ്പ് അവളുടെ മനസ്സിനെ തലോടുന്നതുപോലെ തോന്നി.

​ആകുലതകളില്ലാതെ, പുസ്തകങ്ങൾക്കും സ്വപ്നങ്ങൾക്കും നടുവിൽ എന്റെ ദിനങ്ങൾ കടന്നുപോയി. ഒരു ദിവസം കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് വന്ന് പഠിക്കാനിരിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് മുറ്റത്തേക്ക് വലിയമ്മാമയും കൂടെ കുറച്ചുപേരും വരുന്നത് കണ്ടത്. അവരുടെ മുഖത്തെ ഗൗരവം കണ്ടപ്പോൾത്തന്നെ എന്തോ അപകടം മണത്ത ഞാൻ പുറത്തേക്ക് ഓടി.

​”ദേവയാനീ, എല്ലാം വിധിയാണെന്ന് കരുതി സമാധാനിക്കൂ…” വലിയമ്മാമ അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ്.

​”എന്താ… എന്താ വലിയേട്ടാ ഈ പറയുന്നത്?” അമ്മയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

​”അതുപിന്നെ… ശിവൻ…” ബാക്കി കേൾക്കാനുള്ള കരുത്ത് എനിക്കുണ്ടായിരുന്നില്ല.

​ജോലിക്കിടയിൽ ഏതോ വാഹനം അച്ഛനെ ഇടിച്ചുതെറിപ്പിച്ചു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അച്ഛൻ കോമയിലായി. മസ്തിഷ്കമരണം സംഭവിച്ചിട്ടില്ല എന്നതായിരുന്നു ഏക ആശ്വാസം. അപകടമുണ്ടാക്കിയവരിൽ നിന്നും നഷ്ടപരിഹാരമായി ചെറിയൊരു തുക ലഭിച്ചു.

​അച്ഛന്റെ ചികിത്സയ്ക്കും അനിയത്തിമാരുടെ പഠനത്തിനുമായി ആ പൈസ വിനിയോഗിച്ചു. എന്നാൽ സ്ഥിരമായ വരുമാനമില്ലാതിരുന്നതിനാൽ ആ തുക പെട്ടെന്ന് തീർന്നുപോയി. മരുന്നുകൾക്കായി ഭീമമായ തുക ആവശ്യമായി വന്നു. അച്ഛന്റെ ബോധം തിരിച്ചു കിട്ടിയില്ല; എങ്കിലും ചികിത്സ തുടർന്നു. ഏട്ടന്റെ തുച്ഛമായ വരുമാനം കൊണ്ട് ഒന്നും ചെയ്യാനാവാത്ത അവസ്ഥ. എന്റേതല്ലാത്ത കാരണത്താൽ എന്റെ സ്വപ്നങ്ങൾ വഴിമുട്ടി. ഒടുവിൽ കുടുംബം പുലർത്താൻ ഞാൻ കുട്ടികൾക്ക് ട്യൂഷൻ എടുത്തുതുടങ്ങി.

​ഒന്നുമറിയാത്തവനെപ്പോലെ, എന്നാൽ തനിക്ക് ചുറ്റും നടക്കുന്നത് എല്ലാം അറിയുന്നവനെപ്പോലെ അച്ഛൻ രണ്ടു വർഷത്തോളം ആ കിടപ്പ് കിടന്നു. ഞാൻ അച്ഛന്റെ അരികിലെത്തുമ്പോൾ ആ കണ്ണുകൾ നിറയുമായിരുന്നു. ആ കണ്ണീർതുള്ളികൾ എന്നെക്കുറിച്ചുള്ള വേവലാതിയായിരുന്നു എന്ന് എനിക്ക് ഉറപ്പായിരുന്നു. അച്ഛന്റെ മൗനത്തിന് ലോകത്തിലെ ഏതൊരു വാക്കുകളേക്കാളും വേദനയുണ്ടായിരുന്നു.

ആയിടയ്ക്കാണ് ഒരു കോളേജിൽ ഗസ്റ്റ് ലക്ചററായി എനിക്ക് ജോലി ലഭിച്ചത്. അതിനു മുൻപ് മൂന്നു മാസവും ആറുമാസവുമായി പലയിടങ്ങളിൽ പറിച്ചുനടപ്പെട്ട നാളുകളായിരുന്നു. അച്ഛന്റെ വിയോഗത്തോടെ തളർന്നുപോയ കുടുംബത്തിന്റെ ഭാരം എന്റെ ചുമലിലായി. അനിയത്തിമാരുടെ പഠനം, വിവാഹം, വീട് – ആ ഉത്തരവാദിത്തങ്ങളുടെ നീർച്ചുഴിയിൽ എന്റെ സ്വന്തം ആഗ്രഹങ്ങൾ പലപ്പോഴും മുങ്ങിപ്പോയി. ഓരോ ചുവടിലും എനിക്ക് മുൻപേ നടക്കേണ്ടിയിരുന്നത് അനിയത്തിമാരുടെ ആവശ്യങ്ങളായിരുന്നു.

​ജോലി സ്ഥിരമായതോടെ എനിക്കു നേരെ വിവാഹാലോചനകൾ വന്നുതുടങ്ങി. എന്നാൽ വലിയമ്മാമയുടെ ഉപദേശങ്ങൾ അമ്മയുടെ കാതുകളിൽ നിരന്തരം അലയടിച്ചുകൊണ്ടിരുന്നു: “യമുനയാണ് ഇപ്പോൾ ഈ കുടുംബത്തിന്റെ താങ്ങ്. അവളെ ശിവൻ അത്രമാത്രം കഷ്ടപ്പെട്ടല്ലേ പഠിപ്പിച്ചത്? ഇപ്പോഴേ വിവാഹം കഴിപ്പിച്ചു വിട്ടാൽ ഈ വീട് എങ്ങനെ കരകയറും? അവൾക്ക് നല്ല ഉദ്യോഗമുള്ളതുകൊണ്ട് ആലോചനകൾ ഇനിയും വരും.”

​അമ്മ ആ വാക്കുകളിൽ അഭയം പ്രാപിച്ചു. “എനിക്കറിയാം അമ്മേ, അമ്മയിത് എപ്പോഴും പറയണമെന്നില്ല,” ഒരിക്കൽ നിയന്ത്രണം വിട്ട് ഞാൻ മറുപടി നൽകി. അത് വിവാഹം കഴിക്കാനുള്ള വ്യഗ്രത കൊണ്ടായിരുന്നില്ല, മറിച്ച് വലിയമ്മാമയുടെ ഇരട്ടത്താപ്പിനോടുള്ള കടുത്ത നീരസം കൊണ്ടായിരുന്നു. സമൃദ്ധമായ സ്വത്തുണ്ടായിട്ടും ഒരു പ്രതിസന്ധിഘട്ടത്തിൽ സ്വന്തം സഹോദരിയെ സഹായിക്കാത്ത അമ്മാമ, ഇപ്പോൾ കുടുംബത്തിന്റെ രക്ഷകനെന്ന ഭാവേന ഉപദേശങ്ങളുമായി എന്നും വീട്ടിലെത്തും. നാട്ടുകാരെ കാണിക്കാനുള്ള വെറും പ്രഹസനങ്ങൾ!

​അതിനിടയിലാണ് ഏട്ടൻ പ്രണയിച്ച് ഒരു പെൺകുട്ടിയെ വിവാഹം കഴിച്ച് വീട്ടിലെത്തിയത്. അതോടെ കുടുംബത്തിലേക്കുള്ള ഏട്ടന്റെ സാമ്പത്തിക സഹായം പാടേ നിലച്ചു. ഏട്ടൻ വാടകവീട്ടിലേക്ക് താമസം മാറിയെങ്കിലും ഇടയ്ക്കിടെ വരും. നേരിട്ട് ചോദിക്കാനുള്ള മടികൊണ്ട് അമ്മ വഴി എന്നോട് പണം ആവശ്യപ്പെടും. ജോലി കിട്ടിയാൽ ഉടനെ ലക്ഷങ്ങൾ ശമ്പളം കിട്ടുന്ന അക്ഷയപാത്രമാണ് ഞാനെന്നായിരുന്നു എല്ലാവരുടെയും ധാരണ.
​ഡിഗ്രി കഴിഞ്ഞ അനിയത്തി പ്രമീളയുടെ വിവാഹാലോചനകൾ നടക്കുന്ന സമയമാണിത്. സർക്കാർ ഉദ്യോഗസ്ഥൻ തന്നെ വേണമെന്ന നിർബന്ധത്തിലായിരുന്നു അവൾ. ഒടുവിൽ ഒരു ആലോചന വന്നു. സ്ത്രീധനം ചോദിച്ചില്ലെങ്കിലും അവരുടെ പ്രതീക്ഷകൾ വലുതായിരുന്നു. “പെണ്ണിന്റെ ചേച്ചി കോളേജ് ഉദ്യോഗസ്ഥയല്ലേ” എന്നതായിരുന്നു അവരുടെ ന്യായം. പ്രമീളയാണെങ്കിൽ ആ ആലോചനയിൽ തന്നെ ഉറച്ചുനിന്നു. ഉത്തരവാദിത്തങ്ങളുടെ ഈ ചക്രം എന്നെ ശ്വാസം മുട്ടിച്ചുകൊണ്ടേയിരുന്നു.

​എല്ലാവർക്കും ഞാൻ വെറുമൊരു ‘ശമ്പള കാർഡ്’ മാത്രമാണോ എന്ന് പലപ്പോഴും ഞാൻ ആത്മഗതം ചെയ്തു. എന്റെ സ്വപ്നങ്ങളോ മാനസിക പ്രയാസങ്ങളോ ആരും തിരഞ്ഞില്ല. പകരം അവരുടെ ആവശ്യങ്ങളുടെ പട്ടിക നീണ്ടുനീണ്ടു വന്നു.

​”യമുനേ, അവർക്ക് പത്തു പവനും പത്തു ലക്ഷവും വേണം. നിന്റെ കയ്യിൽ ബാക്കിയുണ്ടാവുമല്ലോ അല്ലേ?” അമ്മയുടെ ആ ചോദ്യം ഒരു അമ്പുപോലെ എന്റെ നെഞ്ചിൽ തറച്ചു. പത്തുലക്ഷം! ഓരോ മാസവും ലോണും വീട്ടുചെലവും അനിയത്തിമാരുടെ ഫീസും കഴിഞ്ഞ് എന്റെ അക്കൗണ്ടിൽ അവശേഷിക്കുന്നത് തുച്ഛമായ തുകയാണ്. ഒരു രണ്ടുവർഷം കൂടി മുന്നോട്ട് പോയാൽ വലിയ ബാധ്യതയില്ലാതെ അവളുടെ വിവാഹം നടത്താം.

​രാത്രികളിൽ ഉറക്കം വരാതെ ജനലഴികളിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കി നിൽക്കുമ്പോൾ ഞാൻ എന്നോട് തന്നെ ചോദിക്കും: “ഞാൻ ആരാണ്? എനിക്കും ആഗ്രഹങ്ങളും ജീവിതവുമില്ലേ?” സഹപ്രവർത്തകർ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംസാരിക്കുമ്പോൾ ഞാൻ മുഖം തിരിക്കും. അസൂയ കൊണ്ടല്ല, എനിക്ക് ലഭിക്കാതെ പോയ ആ ആനുകൂല്യങ്ങളെക്കുറിച്ചോർത്തുള്ള സങ്കടം കൊണ്ട്. എന്റെ പ്രായത്തിലുള്ളവർക്ക് ആഭരണങ്ങളും വസ്ത്രങ്ങളും ഭ്രമമാകുമ്പോൾ, എനിക്ക് എന്നും കണക്കുപുസ്തകങ്ങളായിരുന്നു കൂട്ട്.

​വലിയമ്മാമയുടെ വാക്കുകൾ അപ്പോഴും കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു: “അവളെ ശിവൻ പഠിപ്പിച്ചത് കുടുംബം നോക്കാനല്ലേ?” ആ വാക്കുകൾക്ക് ഒരു കടപ്പാടിന്റെ മണമുണ്ടായിരുന്നു, എന്നെ തളച്ചിടുന്ന ഒരു ചങ്ങലയുടെ കടുപ്പവും.

അപ്പോൾ അച്ഛൻ എന്നെ പഠിപ്പിച്ചത് സ്നേഹം കൊണ്ടായിരുന്നില്ലേ? തന്റെ മകൾ സ്വന്തം കാലിൽ നിന്നു കാണാനുള്ള ഒരു പിതാവിന്റെ കൊതിയായിരുന്നില്ലേ അത്? അതോ, വാർധക്യത്തിലേക്കുള്ള ഒരു സുരക്ഷിത നിക്ഷേപമായിരുന്നോ ഞാൻ? അച്ഛൻ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഒരിക്കലും എന്നെ ഇങ്ങനെ ശ്വാസം മുട്ടിക്കില്ലായിരുന്നു.

​ഏട്ടൻ വരുന്നു, പണം ചോദിക്കുന്നു, പോകുന്നു—ഒരു യാന്ത്രിക ചടങ്ങുപോലെ. പ്രമീളയാണെങ്കിൽ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ഭാര്യയാകാൻ പോകുന്നതിന്റെ ആവേശത്തിലാണ്. എന്റെ തോളിലെ ഭാരത്തെക്കുറിച്ചോ ഉള്ളിലെ ആകുലതകളെക്കുറിച്ചോ ആർക്കും വേവലാതിയില്ല.

​ജോലിസ്ഥലത്ത് കുട്ടികളെ മലയാളം പഠിപ്പിക്കുമ്പോൾ ‘സ്നേഹത്തെയും’ ‘ത്യാഗത്തെയും’ കുറിച്ച് ഞാൻ വാചാലയാകാറുണ്ട്. പക്ഷേ, ആ ത്യാഗം എന്റെ തന്നെ ജീവിതത്തെ കാർന്നുതിന്നുകയാണെന്ന് ആരോട് പറയാൻ? കണ്ണാടിയിൽ നോക്കുമ്പോൾ മുടിയിലെ നരകളും കണ്ണുകൾക്ക് താഴെയുള്ള കറുപ്പും എന്നോട് വിളിച്ചു പറയുന്നുണ്ട്—”യമുന മരിച്ചു കൊണ്ടിരിക്കുകയാണ്, വെറുമൊരു യന്ത്രമായി.”

​പണമുണ്ടാക്കാൻ എളുപ്പമായിരിക്കും, പക്ഷേ നഷ്ടപ്പെട്ട കാലവും യൗവനവും എവിടെനിന്ന് തിരിച്ചുപിടിക്കും? പ്രമീളയുടെ വിവാഹം കഴിഞ്ഞാൽ അടുത്തത് വീടുപണിയാണ്. ഈ ചങ്ങലക്കണ്ണികൾക്ക് എന്നെങ്കിലും ഒരവസാനമുണ്ടാകുമോ? അതോ ഒരുനാൾ അച്ഛനെപ്പോലെ ഞാനും എവിടെയെങ്കിലും കുഴഞ്ഞുവീഴേണ്ടി വരുമോ?

​“ഏയ്… അങ്ങനെയൊന്നും ചിന്തിക്കല്ലേ യമുനാ,” ശേഖർ സാർ സമാധാനിപ്പിച്ചു.

​“എനിക്ക് ചിന്തിക്കാനിപ്പോൾ മറ്റൊന്നുമില്ല സർ. പ്രസന്നയുടെ ഭർത്താവ് ജയന്തൻ ഗൾഫുകാരനാണ്. അവരുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമാകുന്നതേയുള്ളൂ. ആ കല്യാണം വരുത്തിവെച്ച സാമ്പത്തിക ബാധ്യതകളും ക്ഷീണവും ഒന്ന് ഒഴിഞ്ഞു വരുന്നതേയുള്ളൂ. അതിനിടയിലാണ് അടുത്തത്! ഇത് എങ്ങനെയാണ് ഞാൻ ഒപ്പിച്ചെടുക്കുക? അവൾക്ക് ഇരുപത്തിരണ്ട് വയസ്സ് തികയുന്നതേയുള്ളൂ. എന്തെങ്കിലും പഠിക്കാനോ ചെറിയൊരു ജോലിക്കു പോകാനോ എത്ര പറഞ്ഞാലും അവൾ കേൾക്കില്ല. കണ്ട ഓഫീസിലൊന്നും പോയിരിക്കാൻ വയ്യെന്നാണ് അവളുടെ വാദം.”

​അറിയാതെ ഒരു ദീർഘനിശ്വാസം പുറത്തേക്ക് വന്നപ്പോൾ, സമാശ്വസിപ്പിക്കാനെന്നോണം സർ എന്റെ കൈകളിൽ മെല്ലെ തൊട്ടു.

​”വിവാഹം വൈകിയാൽ അവർ ഈ ആലോചന ഉപേക്ഷിക്കുമോ എന്നാണ് അവളുടെ പേടി. ‘പോയാൽ പോട്ടെ, നിനക്ക് വേറെ പയ്യന്മാരെ കിട്ടില്ലേ’ എന്ന് ചോദിച്ചപ്പോഴാണ് അവൾ പറയുന്നത്, ഇനി ഇതുപോലൊരു സർക്കാരുദ്യോഗസ്ഥനെ കിട്ടില്ലെന്ന്! ശുദ്ധ കുഴിമടിച്ചിയാണവൾ. ഒരു സർക്കാരുദ്യോഗസ്ഥനെ കെട്ടിയാൽ പണിയൊന്നും എടുക്കാതെ സുഖമായി വാഴാമെന്നാണ് അവളുടെ മോഹം.”

​”അപ്പോൾ യമുനയുടെ വിവാഹം?” സർ ചോദിച്ചു.

​”അത് നടക്കാം, നടക്കാതിരിക്കാം. ഇനി ഈ ജീവിതത്തിൽ ഞാൻ ഒന്നും പ്രതീക്ഷിക്കുന്നില്ല സർ.”

​”ബി പോസിറ്റീവ് യമുനാ…” അദ്ദേഹം മൃദുവായി പറഞ്ഞു.

​ഉള്ളിലെ നിസ്സംഗത കനത്തുവരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. എങ്കിലും ആ ശൂന്യത മറച്ചുപിടിച്ച് പുറമെ വെറുതെ ഒന്ന് ചിരിച്ചു.

​”എങ്ങനെയാ സർ? ഇന്നലെയും ഈ വിവാഹക്കാര്യം പറഞ്ഞ് വീട്ടിൽ വലിയ അസ്വാരസ്യങ്ങളായിരുന്നു. എവിടെനിന്നാണ് ഇത്രയും തുകയുണ്ടാക്കുന്നത്? ഞാനും ഒരു മനുഷ്യസ്ത്രീയാണെന്ന ബോധം പോലുമില്ലാതെയാണ് ഓരോരുത്തരും സംസാരിക്കുന്നത്. രാത്രി കണ്ണടയ്ക്കാൻ പറ്റിയിട്ടില്ല… ആ നീറ്റലാണ് ഇപ്പോൾ കഠിനമായ തലവേദനയായി മാറിയിരിക്കുന്നത്.”

​”വെറുതെ ഉറക്കമിളച്ച് ടെൻഷനടിച്ച് സ്വന്തം ആരോഗ്യം കളയരുത് യമുനാ. കാര്യങ്ങളൊക്കെ എങ്ങനെയെങ്കിലും നടന്നുപോകും, നോക്കിക്കോ.”

​”അതേ, ശരിയാണ്. എങ്കിലും ഓരോന്നോർക്കുമ്പോൾ…” വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ അവൾ ഒന്ന് തപ്പിത്തടഞ്ഞു.

​”ഓർത്തിട്ട് ഇപ്പോൾ പ്രത്യേകിച്ച് ഫലമൊന്നുമില്ലല്ലോ. സർ, വീടെത്തി. ഇവിടെ നിർത്തിയാൽ മതി, ഞാൻ നടന്നോളാം.”. വീട്ടിലേയ്ക്ക് തിരിയുന്ന ചെറിയ മൺപാതയുടെ സമീപമെത്തിയപ്പോൾ പറഞ്ഞു.

കാർ ഓരം ചേർന്ന് നിന്നു.
​”ശരി യമുനാ, ടേക്ക് കെയർ.”

​സാറിനോട് യാത്ര പറഞ്ഞ് കാറിൽ നിന്നിറങ്ങുമ്പോൾ മനസ്സ് ശൂന്യമായിരുന്നു. മെയിൻ റോഡിൽ നിന്നും നൂറുമീറ്ററോളം ദൂരമുണ്ട് വീട്ടിലേക്ക്. ഉച്ചവെയിലിൽ ഉരുകുന്ന ആ മൺപാതയിലൂടെ നടക്കുമ്പോൾ കാലുകൾക്ക് അസാധ്യമായ ഭാരം അനുഭവപ്പെട്ടു.

​സമയത്തിനു മുൻപേ മടങ്ങിയെത്തിയ മകളെ സംശയത്തോടെ നോക്കുന്ന അമ്മയുടെ കണ്ണുകളെ അവഗണിച്ച് അവൾ നേരെ മുറിയിലേക്ക് നടന്നു. തളർച്ചയോടെ കട്ടിലിലേക്ക് വീഴുമ്പോഴും അടുക്കളയിൽ നിന്ന് അമ്മയുടെയും അനുജത്തി പ്രമീളയുടെയും സംസാരം വ്യക്തമായി കേൾക്കാമായിരുന്നു.

“അവൾക്കെന്താ ഇനിയും ഉത്തരവാദിത്തങ്ങളുണ്ടെന്ന ബോധ്യമുണ്ടോ? ചെറിയൊരു തലവേദന വന്നപ്പോഴേക്കും അങ്ങ് ലീവെടുത്തു പോന്നേക്കുന്നു! ഇങ്ങനെ പോയാൽ എങ്ങനെയാ കാര്യങ്ങൾ നടക്കുക?”

​അമ്മയുടെ വാക്കുകൾ നെഞ്ചിൽ ഒരു മുനപോലെ തറച്ചെങ്കിലും പ്രതികരിക്കാൻ യമുനയ്ക്ക് ആവതില്ലായിരുന്നു. മരുന്നിന്റെ മയക്കം പെയ്തിറങ്ങിയതോടെ ബാഹ്യലോകത്തെ ശബ്ദങ്ങളിൽ നിന്നും ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് വഴുതിവീണു.

​(തുടരും..)

ഡോളി തോമസ് ചെമ്പേരി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com