മലയാള സിനിമയിലെ ആദ്യകാല താരങ്ങളിൽ എറ്റവും മുൻനിരയിൽ സ്ഥാനമുണ്ട് പി.കെ.കുഞ്ഞാലു എന്ന ബഹദൂറിന്. താരതമ്യേന നിർദ്ദോഷ ഹാസ്യഭാഷണങ്ങളും ആകർഷണീയമായ ശരീരചലനങ്ങളും രസകരമായ പ്രകടനങ്ങളും കൊണ്ടാണ് ബഹദൂർ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയത്. ഒന്നുറപ്പിച്ചു പറയാം അക്കാലത്ത് പ്രേക്ഷകർക്ക് ഏറ്റവും പ്രിയങ്കരനായ ഹാസ്യനടൻ ആരെന്ന ചോദ്യമുണ്ടായാൽ ഭൂരിഭാഗം പേരും ഒരേ മനസ്സോടെ നൽകുന്ന ഉത്തരമായിരുന്നു ബഹദൂർ .
1930 ൽ അന്നത്തെ കൊച്ചി രാജ്യത്തിൻ്റെ ഭാഗമായ കൊടുങ്ങല്ലൂരിൽ ജനിച്ച് രണ്ടായിരാമാണ്ട് മെയ് മാസം 22 ന് എഴുപതാം വയസ്സിൽ ചെന്നൈയിൽ അന്തരിച്ച ബഹദൂർ മരണം വരെ അഭിനയ രംഗത്ത് തൻ്റെ സജീവ സാന്നിധ്യമറിയിച്ചു . അഭിനയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കഥാപാത്രത്തിന് പൂർണത നൽകിയ ശേഷമായിരുന്നു ആ വേദനാജനകമായ വിടവാങ്ങൽ. ജോക്കർ എന്ന സിനിമയിലെ വേഷമായ അരങ്ങൊഴിഞ്ഞ പഴയ കോമാളി ഒരു കണ്ണീരോർമ്മയായി മാറി.
നൊമ്പരപ്പൂവായി ആ പ്രകടനം മലയാളി ഇന്നും മനസ്സിൽ കൊണ്ടു നടക്കുന്നു . ജോക്കർസിനിമ കണ്ട ആർക്കും ആ രംഗങ്ങൾ മറക്കാനാകില്ല .ആ മുഖത്ത് മിന്നി മറഞ്ഞ വ്യത്യസ്ത ഭാവങ്ങളിലെ നിസ്സഹായത നിറഞ്ഞ ചിരി ഒരാൾക്കും മനസ്സിൽ നിന്നും മായ്ച്ചു കളയാനുമാവില്ല .
വർഷങ്ങളോളം കേരളക്കരയുടെ ചിരി രാജാവായി തിളങ്ങിയ ആ മഹാപ്രതിഭക്ക് കാലം ലോഹിതദാസിലൂടെ കരുതി വെച്ച വിസ്മയ സമ്മാനം തന്നെയായിരുന്നു ആ വേഷം. എല്ലാ അർത്ഥത്തിലും ബഹദൂർ ആ വേദന പകരുന്ന കോമാളിയെ അനശ്വരമാക്കി .
പടിയത്ത് കൊച്ചു മൊയ്തീൻ്റേയും ഖദീജയുടേയും മകനായി തീർത്തും ഒരു സാധാരണ കുടുംബത്തിൽ പിറന്ന കുഞ്ഞാലുവിന് സമ്പന്നവും സമൃദ്ധവുമായ ഓർമ്മകളൊന്നും കൂട്ടിനുണ്ടായിരുന്നില്ല . ഇല്ലായ്മയുടെ ബാല്യകൗമാരങ്ങളിലൂടെ തന്നെയാണ് ആ ജീവിതവും കടന്നു പോന്നത്. ദാരിദ്ര്യം ഒട്ടും പുതുമയല്ലാതിരുന്ന ആ കാലത്ത് ഒരു വിധം എല്ലാവരേയും പോലെ ബഹദൂറിനും പഠനം വേണ്ട വിധം മുന്നോട്ടു കൊണ്ടുപോകാനായില്ല. എന്നാൽ പത്താം ക്ലാസ് ജയിച്ച് ഇൻ്റർമീഡിയറ്റിനു ചേർന്ന ശേഷമാണ് നിവൃത്തികേടുകൊണ്ട് പഠനം ഉപേക്ഷിക്കേണ്ടി വന്നത്. ജീവിക്കാനായി പല തൊഴിലുകളും ചെയ്ത ബഹദൂർ ബസ് കണ്ടക്ടറായും ജീവിതവേഷമണിഞ്ഞു. ആ ദുരിതകാലത്തും തൻ്റെ കലാവാസന കൈവിടാതെ നാടകത്തിലും അഭിനയിച്ചു കൊണ്ടേയിരുന്നു.
1954 ൽ അവകാശികൾ എന്ന സിനിമയിലൂടെയാണ് ബഹദൂർ ഒരു ചെറിയ വേഷത്തിൽ വെള്ളിത്തിരയിൽ എത്തുന്നത്. കുഞ്ഞാലു എന്ന പേര് ബഹദൂർ എന്ന് പരിഷ്ക്കരിച്ച് നൽകിയത് അബ്ദുൾ ഖാദറിനെ പ്രേംനസീറാക്കിയ സാക്ഷാൽ തിക്കുറുശ്ശി തന്നെ.പാടാത്ത പൈങ്കിളി എന്ന സിനിമ റിലീസായതോടെ ബഹദൂർ നന്നായി ശ്രദ്ധിക്കപ്പെട്ടു. മലയാള സിനിമ മെല്ലെ പിച്ചവെച്ചു നടന്നു തുടങ്ങിയ കാലഘട്ടം. ആ യാത്രയിൽ അങ്ങനെ ബഹദൂറും ചേർന്നു. കൂടെ നടന്നു. ആ നടത്തം ഒരിക്കൽ പോലും തളർച്ചയറിയാതെ ജീവിതാവസാനം വരെ തുടരാൻ അദ്ദേഹത്തിനായി.
മൂന്നു തവണ സംസ്ഥാന സർക്കാർ അംഗീകാരങ്ങൾ നേടാൻ ബഹദൂറിനായി.
1972,1973, 1976 വർഷങ്ങളിലായിരുന്നു അത്. വിവിധ സിനിമകളിലെ മികച്ച പ്രകടനം പരിഗണിച്ച് 1972 ൽ മികച്ച ഹാസ്യനടനായി, മാധവിക്കുട്ടി എന്ന സിനിമയിലൂടെ 1973 ൽ മികച്ച രണ്ടാമത്തെ നടനായി. പിന്നീട് ആലിംഗനം, തുലാവർഷം എന്നീ സിനിമകലെ അഭിനയത്തിന് 1976 ലും മികച്ച രണ്ടാമത്തെ നടനായി.
മലയാള സിനിമാ ലോകത്തിന് ഏറെ പ്രിയപ്പെട്ടവനായിരുന്നു ബഹദൂർ എന്ന മനുഷ്യസ്നേഹിയായ ഈ സാധു മനുഷ്യൻ എന്ന് വായിച്ചറിഞ്ഞിട്ടുണ്ട്. അഭിമുഖങ്ങളിൽ സഹപ്രവർത്തകരും അനുഭവസ്ഥരും ഈ വ്യക്തിയെ കുറിച്ച് നല്ലതുമാത്രം നന്മകൾ മാത്രം പറയുന്നതേ കേട്ടിട്ടുള്ളൂ. സ്നേഹം ചാലിച്ച വാക്കുകളേ അവരിൽ നിന്നെല്ലാം വന്നു കണ്ടിട്ടുള്ളൂ. അക്കാര്യത്തിൽ നിത്യഹരിത നായകൻ പ്രേംനസീറിനു തുല്യം നിൽക്കുന്നൊരാളായാണ് ബഹദൂർ മനസ്സിൽ പതിഞ്ഞു കിടക്കുന്നത്. ജമീലയായിരുന്നു ബഹദൂറിൻ്റെ ഭാര്യ, സിദ്ധിഖ്, മുഹമ്മദ്, റുക്കിയ എന്നിവർ മക്കൾ.
സിനിമയിൽ ഇദ്ദേഹത്തിൻ്റേതായ ഒരു കാലം തന്നെ ഉണ്ടായിരുന്നു .അറുപതുകളിലും എഴുപതുകളിലും സിനിമ അടക്കി ഭരിച്ചു ഭാസി ബഹദൂർ കൂട്ടുകെട്ട് .ഈ രണ്ടു പേരുടെ സാന്നിധ്യമില്ലാതെ സിനിമ അപൂർണമാണെന്ന് ആസ്വാദകർ വിധിയെഴുതിയ കാലം. തിയേറ്ററുകളിൽ ജനം ഒഴുകിയെത്താൻ പോസ്റ്ററുകളിൽ ഈ മുഖങ്ങൾ കൂടി നിർബന്ധമായിരുന്ന കാലം.
കുട്ടിക്കുപ്പായത്തിലെ മൊല്ലാക്ക, കുറുക്കൻ്റെ കല്യാണത്തിലെ ഹാജിയാർ, പണി തീരാത്ത വീടിൽ ബാപ്പയും മകനുമായി ഇരട്ട വേഷങ്ങൾ, കളിയിൽ അല്പം കാര്യത്തിലെ രാരിച്ചൻ നായർ,ഒരു സി.ബി.ഐ ഡയറിക്കുറിപ്പിലെ തോമാച്ചൻ, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നുവിലെ അമ്മാവൻ , ഉള്ളിൽ തങ്ങി നിൽക്കുന്ന ഇത്തരം നൂറു കണക്കിനു കഥാപാത്രങ്ങളായി മലയാളി ബഹദൂറിനെ കണ്ടു. കോളേജ് കുമാരൻ, പരിഷ്കാരി യുവാവ്, പേടിത്തൊണ്ടനായ ഗ്രാമവാസി,വിശ്വസ്തനായ കാര്യസ്ഥൻ,ദരിദ്രനായ കുടുംബനാഥൻ, പ്രാരബ് ക്കാരനായ പിതാവ്, മണ്ടനായ സുഹൃത്ത്, കൗശലക്കാരനായ അയൽവാസി, ഭീരുവായ പോലീസുകാരൻ, ബഹദൂർ ഇത്തരം വേഷങ്ങളൊക്കെ ധാരാളം കെട്ടിയാടി.വടക്കൻപാട്ടു സിനിമകളിലെല്ലാം സ്ഥിരസാന്നിധ്യവുമായി. എല്ലാം ഒരേ പോലെ ഭംഗിയാക്കാൻ ബഹദൂറല്ലാതെ ആര് എന്ന് എല്ലാതരം ആസ്വാദകരും മനസ്സിൽ മന്ത്രിച്ചു.
മലയാള സിനിമ അതുവരെ കണ്ട ഏറ്റവും ജനകീയനായ, സാധാരണക്കാരനായ മനുഷ്യൻ തന്നെയായിരുന്നു ബഹദൂർ എന്നു പറയാം . ബഹദൂറിൻ്റെ മരണശേഷം തിയേറ്ററുകളിൽ എത്തിയ ജോക്കർ എന്ന സിനിമ ആരംഭിക്കുന്നതിനു മുമ്പ് എഴുതി കാണിക്കുന്നുണ്ട്. ” മലയാളത്തിലെ മഹാനായ കോമാളിക്ക് ” എന്ന്. അതെ മലയാള സിനിമയിലെ മഹാനായ ബഹദൂർ എന്ന മനുഷ്യ സ്നേഹിക്ക് കൂടിയാണ് ആ സിനിമയുടെ സമർപ്പണം. പതിറ്റാണ്ടുകൾ നീണ്ടു നിന്ന അഭിനയ ജീവിതത്തിൽ നിന്നും നല്ല പേരല്ലാതെ ഒന്നും സമ്പാദിക്കാതെ കടന്നു പോയ നടൻ .ആ പ്രത്യേകത കൂടി ബഹദൂറിനവകാശപ്പെടാം
“കണ്ണീർമഴയത്ത് ഞാനൊരു ചിരിയുടെ കുട കൂടി ….. “ബഹദൂർ എന്ന മലയാളത്തിൻ്റെ മഹാതാരം അവസാനമായി വേഷമിട്ട സിനിമയിലെ ഒരു പാട്ടാണിത് എത്രമേൽ അർത്ഥസമ്പുഷ്ടമാണ് ആ വരികൾ .ബാല്യകാലം മുതൽ ജീവിതം സമ്മാനിച്ച കണ്ണീർമഴ മുഴുവൻ പരാതികളില്ലാതെ നനഞ്ഞ് തൻ്റെ കൂടെയുള്ളവർക്കായി ചിരിയുടെ കുട പിടിച്ച ഒരു പാവം മനുഷ്യനായി അസാമാന്യസിദ്ധിയുള്ള നടനായി, സത്യസന്ധമായ ചിരിയുടെ ആത്മാർത്ഥതയുടെ അടയാളമായി, പര്യായമായി കുഞ്ഞാലു എന്ന ബഹദൂർ ഏവരിലും ഒട്ടും നിറം മങ്ങാതെ നിൽക്കും. മലയാളസിനിമയുള്ളിടത്തോളം കാലം.



