Saturday, December 7, 2024
Homeകഥ/കവിതയാമിനി: ഒരു യക്ഷിയുടെ കഥ 🌹 (നോവൽ) ✍സംഗീത

യാമിനി: ഒരു യക്ഷിയുടെ കഥ 🌹 (നോവൽ) ✍സംഗീത

സംഗീത

“” ചിരുതേ….എത്രയും പെട്ടെന്ന് ആ നെല്ലോന്ന് കുത്തിയെടുത്തോളൂ …. നേരം പതിനൊന്നായി. ഉച്ചയ്ക്ക് ഉണ്ണാൻ എല്ലാവരും നേരത്തെ എത്തുമെന്നാ പറഞ്ഞത്.ആ അംബുജാക്ഷൻ തിരുമേനിയാണേൽ ഒരു പറ ചോറൂണ്ണും. മാതേയി…..നീയാ വടക്കേപ്പുറത്തൂന്ന് ഒരു ഇളവൻ കായ് ഒന്നടർത്തിയെടുത്തോളൂട്ടോ…. ഇന്ന് പുളിശ്ശേരി ആയിക്കോട്ടെ. അമ്മ കുളിച്ച് ഇറങ്ങിയോ എന്തോ… ഒന്ന് നോക്കട്ടെ. ” ഇത്രയും പറഞ്ഞ് ശ്രീദേവി തമ്പുരാട്ടി അകത്തേക്ക് കയറിപ്പോയി.

വളരെ മനോഹരമായ ഒരു പഴയ ഇല്ലം ആയിരുന്നു അത്. ഇല്ലത്തിന്റെ മുറ്റത്ത് തന്നെ ശാക്തേയ ഭഗവതിയുടെ ക്ഷേത്രവും ഉണ്ടായിരുന്നു. വലിയ മുറ്റവും പടിപ്പുരയും ചേർന്ന് ആഡംബരത്തിന്റെ തലയെടുപ്പ് ഇന്നും ആ ഇല്ലത്തിനുണ്ട്.ഇല്ലത്തിന്റെ പ്രൗഡ്ഢി എടുത്തു കാണിക്കുന്ന മനോഹരമായ എന്നാൽ കാലപ്പഴക്കം ചെന്ന പടിപ്പുരക്കപ്പുറം ചുറ്റും നോക്കെത്താ ദൂരത്തോളം വയലുകളാണ്. എങ്കിലും വയലിന് നടുവിലൂടെയാണ് ആ പ്രദേശത്തെ പ്രധാന റോഡ് കടന്നു പോകുന്നത്. വയലേലകൾ വിരിച്ച പച്ചപ്പിനിടയിലൂടെ നോക്കെത്ത ദൂരത്തോളം കറുത്തിരുണ്ട് പരന്നു കിടക്കുന്ന ആ റോഡിലൂടെയാണ് ടൗണിലേക്കുള്ള വാഹനങ്ങളെല്ലാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്..

ഈ ഇല്ലത്തിന്റെ പ്രത്യേകത പഴയ കാലങ്ങളിൽ നിലനിന്ന തൊട്ടു തീണ്ടായ്മകളൊന്നും ഇവിടെ ബാധകം ആയിരുന്നില്ലെന്നതാണ്. അതിനൊരു കാരണം ഉണ്ടായിരുന്നു. അധിക കാലപ്പഴക്കം ഒന്നുമില്ലാത്ത ഒരു സംഭവം ആയിരുന്നു അത്.അതിലേക്ക് പോകുന്നതിന് മുൻപ് ഇപ്പോൾ ഈ ഇല്ലത്തുള്ള അംഗങ്ങളെയെല്ലാം നമുക്ക് പരിചയപ്പെടണ്ടേ… വരൂ ഉമ്മറത്തേക്ക് പോകാം.ആ വലിയ ഉമ്മറ കോനായിൽ പ്രൗഡ്ഢി തുളുമ്പിയ ഒരു ചാരുകസേരയും, തിണ്ണയിൽ സ്വർണ്ണം പോലെ തിളങ്ങുന്ന
ഒരു കിണ്ടിയും ഉണ്ട് . വരാന്തയുടെ പടിഞ്ഞാറെ ഭാഗത്തു പുതിയ മോഡൽ ടീപ്പോയിയും ചുറ്റിനും മോടിപിടിപ്പിച്ച കസേരകളും കാണാം. പറമ്പിലും വയലിലും കൃഷിയിൽ വ്യാപൃതരായ കുറേ ജോലിക്കാരെയും കാണാൻ പറ്റുന്നുണ്ട്.അപ്പോഴാണ് പടിപ്പുര കടന്നു മൂന്നു നാലുപേർ മുറ്റത്തേക്ക് വരുന്നത് കണ്ടത്. അറുപതു അറുപത്തിരണ്ട് പ്രായം തോന്നിക്കുന്നവർ. അതിലൊരാൾ മുന്നിൽ വന്നു ഉമ്മറത്തെ തൂണിനോട് ചേർന്നു കിടന്ന പൈപ്പ് തുറന്നു കാൽ കഴുകി ഉമ്മറത്തേക്ക്
കയറിയപ്പോൾ മറ്റുള്ളവരും അതേപോലെ കാൽ കഴുകി ഉമ്മറത്തേക്ക് കയറി കസേരയിൽ ഇരുന്നു.

“ശ്രീദേവി ഊണ് തയ്യാറായോ “….. എന്ന് ചോദിച്ചു കൊണ്ട് അതിലൊരാൾ അകത്തേക്ക് കയറി. അതാണ് ഇപ്പോൾ ഈ ഇല്ലത്തിന്റെ അവകാശിയായ മാധവൻ നമ്പൂതിരി. നമ്പൂതിരി ചേർത്ത് വിളിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടം അല്ലായിരുന്നു. എന്റെ പേര് ‘മാധവൻ ‘ എന്നാണ് എന്ന് അദ്ദേഹം എപ്പോഴും പണിക്കാരോടും മറ്റും പറയുന്നത് കേൾക്കാമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ആണ് ശ്രീദേവി. എന്തൊക്കെ പറഞ്ഞാലും ഇല്ലത്തിന്റെ പഴയ പ്രതാപം ഒട്ടും കുറയാതെ കാത്തുസൂക്ഷിക്കുന്നതിൽ അദ്ദേഹം ശ്രദ്ധ പുലർത്തിയിരുന്നു. അവിടുത്തെ ശ്രീകൃഷ്ണ കോവിലിൽ പൂജാരി ആയിരുന്നു അദ്ദേഹം.

കൂരിരുൾ മൂടിയ ഒരു പാതിരാനേരം നല്ല ഇടിമുഴക്കം കേൾക്കുന്നു.
കോരിച്ചൊരിയുന്ന മഴത്തുള്ളികളെ വകഞ്ഞു മാറ്റി അതിവേഗം സഞ്ചരിക്കുന്ന മിന്നൽ പിണരുകൾ.. എല്ലാം പൊടുന്നനെ കഴിഞ്ഞു.ആർത്തിരമ്പി പെയ്തു തീർത്തവൾ എങ്ങോ മറഞ്ഞു. ഭീതിപൂണ്ടു കിടക്കുന്ന അന്തരീക്ഷം. നനഞ്ഞൊട്ടിയ
രാവിന്റെ ശോഭയിൽ പ്രകൃതിയുടെ താളം പോലും കനക്കുന്നപോലെ തോന്നി.
ചന്ദ്രബിംബം പോലും കൺചിമ്മി നിൽക്കുന്ന പോലെ തോന്നി .എവിടെയോ പാതിരാക്കോഴി കൂവുന്ന ശബ്ദം കേൾക്കാം.അതേറ്റു പിടിക്കുന്ന തെരുവു പട്ടികളുടെ ഓരിയിടൽ… ഇരുട്ടിനെ വീണ്ടും കറുത്ത കരിമ്പിടം കൊണ്ട് ആരോ പുതപ്പിച്ചിരിക്കുന്നു. അവൾക്കൊരുങ്ങിയിറങ്ങാൻ നേരമായി. രാവിന്റെ കടുത്ത മാസ്മരികതയിൽ അവൾ ഏറെ സന്തോഷവതിയായി. അതി സുന്ദരിയായി ദംഷ്‌ട്രകളെ ഉള്ളിലാക്കി, പാലയിൽ നിന്നും അവൾ താഴേക്ക് ഊർന്നിറങ്ങാൻ തുടങ്ങി. പട്ടികളുടെ കുരയും കുറുക്കന്റെ ഓരിയിടലും പതിവിന് വിപരീതമായി ഭയാനകമായി തോന്നി……..

(തുടരും..)

സംഗീത

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments