തിരുവനന്തപുരം: മേനകാ ഗാന്ധിയുടെ ഇടപെടലില്‍ തിരുവനന്തപുരം വാമനപുരത്ത് തെരുവുനായയെ കൊലപ്പെടുത്തിയ 58 വയസുകാരനെതിരെ കേസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ച്ചെന്നതാണ് നായയുടെ മരണത്തിന് കാരണമായതെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. ആനാക്കുടി ഊന്നന്‍പാറ സ്വദേശി രജിനെതിരെയാണ് കേസ്. നായപ്രേമികളുടെ സംഘടനയായ ഓപ്പറേഷന് സ്ട്രീറ്റ് ഡോഗ് ഓര്‍ഗനൈസേഷനാണ് വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കിയത്.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തെരുവുനായയെ ഒരാള്‍ വിഷംകൊടുത്ത് കൊലപ്പെടുത്തിയതായി അറിഞ്ഞ നായ പ്രേമികളുടെ സംഘനട പരാതി സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ പരാതിയിന്മേല് പൊലീസ് യാതൊരു നടപടിയും കൈക്കൊള്ളാതിരുന്നപ്പോഴാണ് ഇവര്‍ മേനകാ ഗാന്ധിയെ വിവരമറിയിച്ചത്. മേനകാ ഗാന്ധി എസ് പിയെ വിളിച്ചതിനെത്തുടര്‍ന്നാണ് കേസെടുത്തത്.
ഇന്നലെയാണ് അന്വേഷണത്തിനായി എസ് പി ഉത്തരവിട്ടത്. പിന്നീട് നായയെ കുഴിച്ചിട്ട സ്ഥലത്തുനിന്നും മൃതദേഹമെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. വിഷം അകത്ത് ചെന്ന് തന്നെയാണ് നായ ചത്തതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും സ്ഥിരീകരിച്ചു. പിന്നീടുള്ള അന്വേഷണത്തിലാണ് രജിനെതിരെ കേസെടുത്തത്. ഇയാള്‍ നിലവില്‍ ഒളിവിലാണ്. കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.



