തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ എംഎസ്എഫ് ആക്രമണം ആസൂത്രിതമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. യൂണിയന്‍ തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ പകയാണ് ആക്രമണം. പൊലീസ്, അതിക്രമം നോക്കി നിന്നു. ക്രിമിനല്‍ സംഘത്തെ ലീഗ് നിയന്ത്രിച്ചില്ലെങ്കില്‍ കേരളം ഇത് വെച്ച് പൊറുപ്പിക്കില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സംഭവത്തില്‍ വിസിയാണ് ഒന്നാംപ്രതിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും എസ്എഫ്‌ഐയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ലെന്നും മേജര്‍ സീറ്റുകള്‍ മുഴുവന്‍ എസ്എഫ്‌ഐ നേടി, അതിലുള്ള പകയാണ് ആക്രമണകാരണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ക്ലാസില്‍ കയറി വിദ്യാര്‍ഥികളെ കൈയേറ്റം ചെയ്തു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എസ്എഫ്‌ഐയുടെ കൊടിമരം മുറിച്ചുമാറ്റി. മഴു ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് ഈ ഗുണ്ടകളെത്തിയത്.ഗുണ്ടകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോള്‍ പൊലീസുകാര്‍ നോക്കി നിന്നു. ഇത് കേരളം അംഗീകരിക്കില്ല. ജനാധിപത്യ വിരുദ്ധമായ നടപടിയില്‍ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടയുള്ളവര്‍ മറുപടി പറയണം. പ്രതികളെ അറസ്റ്റ് ചെയ്യണം. അധികാരത്തിന്റെ മത്തില്‍ ഗുണ്ടകള്‍ അഴിഞ്ഞാടുന്നു – അദ്ദേഹം പറഞ്ഞു.
ക്രിമിനല്‍ സംഘത്തെ ലീഗ് നിയന്ത്രിച്ചില്ലങ്കില്‍ കേരളം ഇത് വെച്ച് പൊറുപ്പിക്കില്ലെന്നും ഇതിനെ നേരിടാനുള്ള കരുത്ത് എസ്എഫ്‌ഐക്കും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരും പൊലീസും ശരിയായ നിലപാട് എടുത്തില്ലെങ്കില്‍ അതിശക്തമായ തിരിച്ചടി ഉണ്ടാകും. ലീഗ് നേതൃത്വം അക്രമത്തെ അപലപിക്കണം. കുറ്റവാളികള്‍ക്കും സമ്പന്നര്‍ക്കും കുടപിടിക്കുന്ന നിലപാടാണ് പൊലീസിന്. പൊലീസ് എംഎസ്എഫുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. മാധ്യമങ്ങള്‍ ഈ സംഭവം ശരിയായ രീതിയില്‍ വാര്‍ത്ത കൈകാര്യം ചെയ്തില്ല. അവിടെയാണ് മാധ്യമങ്ങളുടെ താല്പര്യം വ്യക്തമാകുന്നത്. വിസിയാണ് ഒന്നാംപ്രതി. രണ്ടാം പ്രതി പ്രൊ വിസി. മൂന്നാം പ്രതി രജിസ്ട്രാര്‍ – എം വി ഗോവിന്ദന്‍ പറഞ്ഞു.
വിദ്യാര്‍ഥി രാഷ്ട്രീയം അക്രമം എങ്കില്‍ ഇത് വേണ്ടെന്ന് വയ്ക്കണമെന്ന പ്രതികരണവുമായി കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ പി രവീന്ദ്രനും രംഗത്തെത്തി. ക്യാമ്പസുകളില്‍ നിന്ന് അക്രമ രാഷ്ട്രീയത്തെ പടിയിറക്കണം. ഗുണ്ടാ ജനാധിപത്യത്തെ നിരോധിക്കണമെന്നും ഡോ. പി രവീന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കഴിഞ്ഞ ദിവസമുണ്ടായ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ക്യാമ്പസില്‍ അക്രമ പരമ്പര തന്നെ അരങ്ങേറിയത്. ഇതിനിടെ ചേളാരിയിലെ ക്ലിനിക്കിലെത്തി എസ്എഫ്‌ഐ ജില്ലാ നേതാക്കളെ അടക്കം എംഎസ്എഫ് പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.



