കൂരാച്ചുണ്ട്: സംസ്ഥാന സ്കൂൾ കായികമേളയുടെ ട്രാക്കിൽ മിന്നൽ വേഗവുമായി മലയോരത്തിന്റെ അഭിമാന താരമായി കൂരാച്ചുണ്ട് സ്വദേശി അൽക്ക ഷിനോജ്. പെൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ ആവേശകരമായ ഫിനിഷിനൊടുവിൽ അൽക്ക വെള്ളി മെഡൽ കരസ്ഥമാക്കി.
56.33 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഇവാന ടോമി സ്വർണം നേടിയപ്പോൾ, തൊട്ടുപിന്നാലെ 56.72 സെക്കൻഡിൽ ഓടിയെത്തിയാണ് അൽക്ക വെള്ളി സ്വന്തമാക്കിയത്. അവസാന മീറ്ററുകൾ വരെ ഒന്നാം സ്ഥാനത്തിനായി തീപാറുന്ന പോരാട്ടമാണ് ട്രാക്കിൽ അരങ്ങേറിയത്. സെക്കൻഡുകളുടെ നൂറിലൊരംശം മാത്രം വ്യത്യാസത്തിലാണ് അൽക്കയ്ക്ക് സ്വർണം നഷ്ടമായത്.
ഇതോടെ സംസ്ഥാന സ്കൂൾ കായികമേളയിൽ തുടർച്ചയായ മൂന്നാം വർഷവും മെഡൽ നേടി ഹാട്രിക് തിളക്കവുമായി മാറിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. തുടർച്ചയായ മൂന്ന് വർഷത്തെ സ്ഥിരതയാർന്ന പ്രകടനം അൽക്കയുടെ കഠിനാധ്വാനത്തിന്റെയും ചിട്ടയായ പരിശീലനത്തിന്റെയും ഫലമാണ്.
കുളത്തുവയൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് അൽക്ക. സ്കൂളിനും കൂരാച്ചുണ്ടിനും ഒരുപോലെ അഭിമാനമായി മാറിയ താരത്തിന് നാടെങ്ങും അഭിനന്ദന പ്രവാഹമാണ്.
കൂരാച്ചുണ്ട് പുളിവയൽ സ്വദേശിയും സി.ആർ.പി.എഫ് ഹവിൽദാറുമായ ചേറ്റാനിയിൽ ഷിനോജിന്റെയും ജിതിനയുടെയും മകളാണ് അൽക്ക. സഹോദരൻ അഞ്ചൽ.
ഇന്ത്യൻ കായികരംഗത്തിന്റെ ഭാവി വാഗ്ദാനമായി മാറുന്ന അൽക്കയ്ക്ക് രാജ്യത്തിനായി അന്താരാഷ്ട്ര വേദികളിൽ ഇനിയും മെഡലുകൾ നേടാനാകട്ടെ എന്ന പ്രാർത്ഥനയിലാണ് ഒരു നാട് മുഴുവൻ.



