Tuesday, September 17, 2024
Homeസ്പെഷ്യൽസ്വാതന്ത്ര്യത്തിന്റെ 78 വർഷങ്ങൾ... ✍അഫ്സൽ ബഷീർ തൃക്കോമല

സ്വാതന്ത്ര്യത്തിന്റെ 78 വർഷങ്ങൾ… ✍അഫ്സൽ ബഷീർ തൃക്കോമല

അഫ്സൽ ബഷീർ തൃക്കോമല

സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായിരുന്ന ബ്രിട്ടൻ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ  ഇന്ത്യയിലെ  കോളനി ഭരണത്തിനെതിരെ നമ്മുടെ രാജ്യം ഒന്നാകെ നടത്തിയ സമരങ്ങൾക്ക് പൊതുവിൽ പറയുന്ന പേരാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരം. 1700 മുതൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികൾ കാണാം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വരവോടെയാണ് സമരങ്ങൾ ചൂടുപിടിച്ചത്‌ .

1857-നു മുൻപ് ഇന്ത്യയുടെ പല ഭാഗങ്ങളിലും വിദേശ ഭരണത്തിനെതിരായി നടന്ന പ്രാദേശിക മുന്നേറ്റങ്ങൾ ഒന്നിനും സംഘടിതസ്വഭാവം ഇല്ലായിരുന്നു . ഈ മുന്നേറ്റങ്ങളെ എല്ലാം വിദേശഭരണാധികാരികൾ അടിച്ചമർത്തി. ബംഗാളിൽ 1770-കളിൽ നടന്ന സന്യാസി ലഹള, 1787-ൽ ഗോവയിലെ തദ്ദേശീയർ പോർച്ചുഗീസ് ഭരണത്തിനു എതിരെ പിന്റോകളുടെ ഗൂഢാലോചന, 1830-ൽ ബംഗാളിൽ റ്റിറ്റുമിർ നടത്തിയ മുന്നേറ്റം, കർണാടകത്തിലെ കിറ്റൂർ ലഹള, തമിഴ്‌നാട്ടിലെ പോളിഗാർ യുദ്ധങ്ങൾ, സൗരാഷ്ട്രയിലെ കച്ച് ലഹള, തെക്കേ ഇന്ത്യയിലെ വീരപാണ്ഡ്യ കട്ടബ്ബൊമ്മൻ തുടങ്ങിയ രാജാക്കന്മാർ നടത്തിയ യുദ്ധങ്ങൾ, സന്താൾ പ്രക്ഷോഭം അങ്ങനെ നീളുന്നു .

ബ്രിട്ടീഷ് ഭരണത്തിനെതിരായി 1857–ല്‍ ഉത്തരേന്ത്യ ഒന്നാകെ 1857-ലെ ഇന്ത്യൻ ലഹള അഥവാ ഒന്നാം സ്വാതന്ത്ര്യ സമരം അരങ്ങേറി. ദശാബ്ദങ്ങളായി ഇന്ത്യൻ സൈനികരും ബ്രിട്ടീഷ് ഓഫീസർമാരും തമ്മിൽ നിലനിന്ന തദ്ദേശീയവും സാംസ്കാരികവുമായ പ്രശ്നങ്ങളും . മുഗളന്മാർ, പേഷ്വാകൾ, തുടങ്ങിയ ഇന്ത്യൻ ഭരണാധികാരികളോട് ബ്രിട്ടീഷുകാർക്കുണ്ടായിരുന്ന  മതിപ്പില്ലായ്മയും ഊധ് ബ്രിട്ടീഷുകാർ പിടിച്ചടക്കിയതും ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ പ്രാഥമിക കാരണം.

എന്നാല്‍ പാറ്റേൺ 1853 എൻഫീൽഡ് (പി/53) റൈഫിൾ വെടിയുണ്ടകളിൽ പശുവിന്റെയും പന്നിയുടെയും നെയ്യ് ഉപയോഗിച്ചു എന്ന കിംവദന്തി പടര്‍ന്നു ഭടന്മാർക്ക് വെടിയുണ്ടകൾ തോക്കിൽ നിറയ്ക്കുന്നതിനു മുൻപ് അവരുടെ പല്ലുകൊണ്ട് പൊട്ടിക്കേണ്ടതുണ്ടായിരുന്നു. പശുവിനെ ആരാധിച്ചിരുന്ന ഹിന്ദുമത വിശ്വാസികളായ സൈനികർക്കും, പന്നിയെ നിഷിദ്ധ മൃഗമായി കരുതിയിരുന്ന മുസ്ലീം മതസ്ഥരായ സൈനികർക്കും ഇത് നിഷിദ്ധമായിരുന്നു. 1857 ഫെബ്രുവരിയിൽ, ഇന്ത്യൻ ശിപായിമാർ ഈ പുതിയ വെടിയുണ്ടകൾ ഉപയോഗിക്കാൻ വിസമ്മതിച്ചു. ഇതാണ് ഒന്നാം സ്വാതന്ത്ര്യ സമരത്തിലേക്ക് നയിച്ചത്.

അവസാനത്തെ മുഗൾ ചക്രവർത്തിയായ ബഹദൂർ ഷാ II-ന്റെ വസതിയായ ചെങ്കോട്ട ഇന്ത്യൻ സംഘം ആക്രമിച്ച് പിടിച്ചെടുത്തു. ബഹദൂർ ഷാ തന്റെ ചക്രവർത്തി പദം തിരികെ ഏൽക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം. ആദ്യം എതിർത്ത് നിന്ന അദ്ദേഹം പിന്നീട് ആവശ്യം അംഗീകരിക്കുകയും മുന്നേറ്റത്തിന്റെ നേതൃസ്ഥാനം ഏൽക്കുകയും ചെയ്തു. എന്നാൽ ബ്രിട്ടീഷ് സംഘം ബഹദൂർഷായെ  ബർമ്മയിലെ റങ്കൂണിലേയ്ക്കു നാടുകടത്തി. മുഗൾ രാജവംശത്തിനു അന്ത്യം കുറിച്ചുകൊണ്ട് ബഹദൂർ ഷാ ബർമ്മയിൽ വെച്ച് 1862-ൽ അന്തരിച്ചു. പിന്നീട് 1877-ൽ വിക്ടോറിയ “രാജ്ഞി” പദം സ്വീകരിച്ചു.

ബ്രിട്ടീഷ് സിവിൽ സർവ്വീസിൽ നിന്നും വിരമിച്ച എ.ഒ. ഹ്യൂമിന്റെ നിർദ്ദേശത്തിൽ 1885-ൽ എഴുപത്തിമൂന്ന് ഇന്ത്യൻ പ്രതിനിധികൾ ബോംബെയിൽ ഒത്തുചേർന്ന്  ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപവത്കരിച്ചതാണ് സ്വാതന്ത്ര്യ  സമരത്തിന്റെ നാഴികക്കല്ല് .

സ്വരാജ് എന്ന ആവശ്യം ആദ്യമായി മുന്നോട്ടുവെച്ച ബാല ഗംഗാധര തിലകൻ. ഇന്ത്യയുടെ സംസ്കാരം, ചരിത്രം, മൂല്യങ്ങൾ എന്നിവയെ അവഗണിക്കുകയും നിന്ദിക്കുകയും ചെയ്ത ബ്രിട്ടീഷ് വിദ്യാഭ്യാ‍സ സമ്പ്രദായത്തെ ശക്തമായി എതിർത്തു. പിന്നീട് അദ്ദേഹത്തിന്റെ അറസ്റ്റോടുകൂടി ഇന്ത്യൻ ആക്രമണത്തിനുള്ള എല്ലാ പ്രതീക്ഷകളും അസ്തമിച്ചു.ഒരു ഘട്ടത്തിൽ മിതവാദികളും തീവ്ര വാദികളുമായി നേതാക്കന്മാർ മാറിയതും കോൺഗ്രസിനു ജനങ്ങളുടെ മുന്നിൽ മതിപ്പ് നഷ്ടപ്പെട്ടു. കോൺഗ്രസ്സുമായി പിരിഞ്ഞു 1906-ൽ ആൾ ഇന്ത്യാ മുസ്ലീം ലീഗ് സ്ഥാപിച്ചു. ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട് 1909 പ്രകാരം മുസ്ലീങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന തിരഞ്ഞെടുപ്പ് മണ്ഡലങ്ങളുടെ എണ്ണം ഉയർത്തി.

ഇന്ത്യയിലേക്ക് മടങ്ങിയ ഗാന്ധി 1915 ജനുവരി 9 ന് മുംബൈ തുറമുഖത്ത് കപ്പലിറങ്ങി അതാണ് സ്വാതന്ത്ര്യ സമരത്തിന്റെ ഗതി മാറ്റിയത് . ഗാന്ധിയുടെ അഹിംസാമാർഗ്ഗത്തിലൂടെയുള്ള നിസ്സഹകരണത്തിൽ ഊന്നിയുള്ള ആശയങ്ങളും പദ്ധതികളും അക്കാലത്ത് പലര്‍ക്കും അപ്രായോഗികമായി തോന്നി എങ്കിലും പഞ്ചാബിൽ റൌളറ്റ് ആക്ടിനു എതിരേയുള്ള പ്രതിഷേധങ്ങളിൽ സത്യാഗ്രഹ സമരമാർഗ്ഗം ഉപയോഗിച്ചതോടെ ഗാന്ധിജി സർവ്വ സമ്മതനായി .

1919 ഏപ്രിൽ 13-നു പഞ്ചാബിലെ അമൃതസറിൽ നടന്ന ജാലിയൻ‌വാലാബാഗ് കൂട്ടക്കൊല, നിസ്സഹകരണ പ്രസ്ഥാനം, ചൗരി ചൗരാ സംഭവം, സബർമതി ആശ്രമം സ്ഥാപിച്ചത് 1930 മാർച്ച് 12-മുതൽ  ഏപ്രിൽ 6 വരെയുള്ള  ദണ്ഡി മാർച്ച്‌ അഥവാ ഉപ്പു സത്യാഗ്രഹം,ഗാന്ധി-ഇർവ്വിൻ ഉടമ്പടി ,ലാഹോർ പ്രമേയം ,
ഇന്ത്യൻ നാഷണൽ ആർമി,ഖിലാഫത്ത് പ്രസ്ഥാനം തുടങ്ങി സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം പരന്നു കിടക്കുന്നു .

1946 ഫെബ്രുവരി 18-നു ബോംബെ തുറമുഖത്ത് കപ്പലുകളിലും തീരത്തെ സ്ഥാ‍പനങ്ങളിലുമുണ്ടായിരുന്ന റോയൽ ഇന്ത്യൻ നേവിയിലെ ഇന്ത്യൻ നാവികർ സമരം ചെയ്തതും ഇതിനു പിന്നാലെ ഉണ്ടായ ലഹളകളുമാണ് റോയൽ ഇന്ത്യൻ നേവി ലഹള എന്ന് അറിയപ്പെടുന്നത്. കറാച്ചി മുതൽ കൽക്കട്ട വരെ വ്യാപിച്ച ഈ ലഹളയിൽ 78 കപ്പലുകളും 20 തീര സ്ഥാപനങ്ങളും 20,000 നാവികരും പങ്കെടുത്തതും ചരിത്രം .

1947 ജൂൺ 3-നു ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറൽ ആയ വൈസ്രോയി മൌണ്ട് ബാറ്റൺ പ്രഭു ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തെ മതേതര ഇന്ത്യ ആയും മുസ്ലീം പാകിസ്താൻ ആയും വിഭജിക്കും എന്ന് പ്രഖ്യാപിച്ചു. 1947 ഓഗസ്റ്റ് 14-നു പാകിസ്താൻ ഒരു പ്രത്യേക രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. 1947 ആ‍ഗസ്റ്റ് 15 അർദ്ധരാത്രി ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായി. ഇതിനു പിന്നാലെ ഹിന്ദുക്കളും മുസ്ലീങ്ങളും സിഖ് മതസ്ഥരും തമ്മിൽ രക്തരൂക്ഷിതമായ സംഘട്ടനങ്ങൾ നടന്നു. 1948 ജൂണിൽ മൌണ്ട് ബാറ്റണു പകരം സി. രാജഗോപാലാചാരി ഇന്ത്യയുടെ ഗവർണർ ജനറൽ ആയി സ്ഥാനമേറ്റു. 565 നാട്ടുരാജ്യങ്ങളെ ഒരുമിപ്പിക്കുന്ന ദൌത്യം തന്റെ “പട്ടു കയ്യുറയിലെ ഉരുക്കുമുഷ്ടി” നയങ്ങളിലൂടെ ഇന്ത്യയുടെ ആഭ്യന്തിര മന്ത്രി കൂടിയായ സർദാർ വല്ലഭായ് പട്ടേൽ ഏറ്റെടുത്തു.  പലപ്പോഴും സൈനികശക്തി ഉപയോഗിച്ചെങ്കിലും ഇന്ന് കാണുന്ന ഇന്ത്യ രാജ്യം ഇങ്ങനെ തുടരുന്നതിൽ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു . സ്വാതന്ത്ര്യം നേടി ഒരു വര്ഷം പോലും തികയുന്നതിനു മുൻപ് രാഷ്ട്രപിതാവ് രക്തസാക്ഷിയായത് ഇന്ത്യ ചരിത്രത്തിലെ കറുത്ത അദ്ധ്യയ മാണ് .

ഒരു തടസ്സമോ നിയന്ത്രണമോ ഇല്ലാതെ ഒരാൾക്ക് തനിക്കു ഇഷ്ടമുള്ള രീതിയിൽ പ്രവർത്തിക്കാനും സംസാരിക്കാനും പെരു മാറാനുമുള്ള അധികാരമോ അവകാശമോ ആണ് സ്വാതന്ത്ര്യം എന്നത് കൊണ്ട് അർഥമാക്കുന്നത്. എന്നാൽ അത് മറ്റുള്ളവർക്ക് പ്രയാസങ്ങൾ ഉണ്ടാകാതെയും രാജ്യ താൽപര്യങ്ങൾക്കു വിധേയമായും ആയിരിക്കണം. രാജ്യം 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ . ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 77 വർഷമേ ആയിട്ടുള്ളു. അതുകൊണ്ട് സ്വാതന്ത്ര്യത്തിന്റെ 77-ാം വാർഷികവും 78-ാം സ്വാതന്ത്ര്യ ദിനവുമാണ് .

അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ വ്യത്യസ്തമാക്കുന്നത് മത സഹിഷ്ണതയും നാനാത്വത്തിൽ ഏകത്വവും തന്നെയാണ്‌ .ബഹു സ്വരത ഇല്ലാത്തടത്തോളം അത്ര പെട്ടന്നിതിലേക്കൊന്നും എത്താനും കഴിയില്ല .ഒരു അപനിർമാണം ആവശ്യമായ സാഹചര്യങ്ങളാണ് ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്നത് .ഒരു രംഗത്തും പൂർണമായ വളർച്ച നേടാൻ കഴിയാത്ത രാജ്യമാണ് ഇന്ത്യ .ചില നേതാക്കന്മാരുടെയെങ്കിലും വിടു വായിത്തങ്ങൾക്കനുസരിച്ചു പെരുമാറുന്ന കക്ഷി രാഷ്ട്രീയ ,മത രംഗത്തുള്ള അണികളാണ് ഇന്നു നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അതു മാത്രമല്ല .സാംസ്‌കാരിക മൂല്യ ച്യുതികളും മത വൈകാരികതയും അനാവശ്യ ചര്ച്ചകളും, കൂടാതെ നമ്മുടെ നിയമ നിർമ്മാണ സഭകളിലെ കാട്ടികൂട്ടലുകളും കോപ്രായങ്ങളും അഴിമതി നിറഞ്ഞ ഭരണ ഉദ്യോഗസ്ഥ കേന്ദ്രങ്ങളും നമ്മെ നൂറു വര്ഷം പുറകോട്ടടിച്ചിരിക്കുന്നു .

ഒരർത്ഥത്തിൽ ചർച്ചിൽ പറഞ്ഞതും ഇതു തന്നെയാണ്‌ .മാത്രമോ വൈദേശീയ ശക്തികൾ ഇന്ത്യയുടെ വളർച്ചയിൽ അസൂയപൂണ്ട് വിധ്വംസക പ്രവർത്തനങ്ങൾക്കും അഖണ്ഡതക്കുമെതിരെ പ്രവർത്തിക്കുമ്പോൾ അതിൽ രാജ്യത്തിനുള്ളിലുള്ളവർ തന്നെ പണത്തിനു വേണ്ടിയോ അധികാര സ്ഥാനങ്ങളിൽ കയറി പറ്റുന്നതിനു വേണ്ടിയോ പ്രവർത്തിക്കുന്നതും ഞെട്ടിപ്പിക്കുന്ന യാഥാർഥ്യമാണ്.രാജ്യത്തിന്റെ പൊതു മേഖലാ സ്ഥാപനങ്ങൾ സ്വകാര്യ വത്കരിച്ചു കോർപ്പറേറ്റ് സംസ്കാരം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങളും രാജ്യത്തിനകത്തുള്ള മൂല്യ വർധിത
വസ്തുക്കൾ ലാഭേച്ചയോടെ കയറ്റി അയക്കുകയും ഇറക്കുമതി ഉദാരമാക്കി കർഷകർക്ക് വിളവുകൾക്കു ന്യയമായ വില നൽകാതിരിക്കുകയും രാജ്യത്തു വിലക്കയറ്റം സൃഷ്ടിക്കുകയും ഒക്കെ പതിവ് കാഴ്ചയായി മാറുന്നു.

രാജ്യത്തിന്റെ സമഗ്ര പുരോഗതിക്കായി ഭൂരിപക്ഷ ന്യൂന പക്ഷ വ്യത്യാസമില്ലാതെ ഒരോ പൗരനും വിലപെട്ടതാണെന്ന വിശ്വാസം നമമുടെ ഭരണാധികാരികൾക്കുണ്ടാകാത്തിടത്തോളം നാം സ്വാതന്ത്ര്യം നേടി എന്നത് ഒരു തോന്നൽ മാത്രമാണ്.ചരിത്രത്തിൽ പറയപെടുന്നതും മറക്കപെട്ടതുമായ നിരവധി ആളുകളുടെ ചോരയും നീരും കൊടുത്തു വാങ്ങിയ സ്വാതന്ത്ര്യത്തെ നിലനിർത്തുവാനും അതിന്റെ അന്തഃസത്ത ഉൾക്കൊള്ളാനും ഓരോ പൗരനും ബാധ്യതയുമുണ്ട് .

ബ്രിട്ടീഷ് ശക്തികൾ ഇന്ത്യയിൽ നിന്ന് പോയതിനു ശേഷം ഈ രാജ്യത്തെ പരുവപ്പെടുത്തി ലോകത്തെ ഒന്നാമത്തെ ജനാധിപത്യ ശക്തിയായി മാറ്റാൻ നിലകൊണ്ട ഭരണാധികാരികൾ ഉൾപ്പടെയുള്ളവരുടെ പേരുകൾ തുടച്ചു നീക്കപ്പെടാനും സ്മാരകങ്ങളും ചരിത്രത്തിന്റെ അവശേഷിപ്പുകളും നശിപ്പിക്കാനുമുള്ള വർത്തമാനകാലത്തെ ചെയ്തികളും. രാജ്യത്തിന്റെ നേരവകാശികളെ ഉൾപ്പടെ അധികാരം ഉറപ്പിക്കുന്നതിനു വേണ്ടി
പുറത്താക്കാനുള്ള ശ്രമങ്ങളും ഈ നാടിന്റെ സാംസ്കാരിക നിലവാരം
അന്താരാഷ്‌ട്ര തലത്തിൽ ഇല്ലാതാക്കാനും രാജ്യത്തിനകത്തു അശാന്തി പടർത്താനുമെ ഉപകരിക്കു എന്ന് ഭരണകൂടം ഓർത്താൽ നന്ന്.ഒന്നുമോർക്കാതെ അധികാരം മാത്രം ലക്ഷ്യമിടുകയും പണാധിപത്യത്തിനു ഊന്നൽ നൽകുകയും ചെയ്യുമ്പോൾ നമ്മുടെ
നാട്ടിലെ ഭൂരിപക്ഷം വരുന്ന പട്ടിണി പാവങ്ങൾ രാജ്യത്തിന്റെ മുൻപിൽ
ചോദ്യ ചിഹ്നമായി നിൽക്കും.നീതിയും പൗരാവകാശങ്ങളും നഷ്ടപെട്ട സമൂഹമായി മാറാതെ ലോകത്തെ ഏറ്റവും വലിയ മാനവ വിഭവ ശേഷിയുള്ള രാജ്യത്തെ ജനങ്ങളെ ഒരുമിച്ചു കൊണ്ടുപോകാൻ ഭരണകൂടത്തിന് കഴിയണം . മാത്രമല്ല ഡൽഹിയിലെ തുർക്ക് മാൻ ഗേറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന സ്വാതന്ത്ര്യ സമര രക്ത സാക്ഷികളുടെ പട്ടിക ഭരണകൂടത്തിന്റെ നായകത്വം കൈയാളുന്നവർ മനസിരുത്തി വായിക്കണം അപ്പോഴറിയാം ഈ രാജ്യത്തിന്റെ നേരവകാശികളെ.

സ്വാതന്ത്ര്യ ദിനത്തിൽ ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നു. സർക്കാർ നടത്തിയ പ്രവർത്തനങ്ങളും രാജ്യം നേടീയ അംഗീകാരങ്ങളും, അഭീമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കുള്ള നിർദ്ദേശങ്ങളും പ്രസംഗത്തിൽ പ്രധാനമന്ത്രി ഉൾപ്പെടുത്തും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ സമര ഭടന്മാർക്കുള്ള ആദരാഞ്ജലികളും അർപ്പിക്കുന്നു.

സ്വാതന്ത്ര്യദിന പരിപാടികൾ ദൂരദർശനിൽ ഔദ്യോഗികമായി പ്രക്ഷേപണം ചെയ്യുന്നു. ഉസ്താദ് ബിസ്മില്ല ഖാന്റെ ഷെഹ്നായി സംഗീതത്തിൽ നിന്നാണ് തത്സമയ പരിപാടികൾ ആരംഭിക്കുന്നത്. പതാക ഉയർത്തൽ ചടങ്ങുകൾ, പരേഡുകൾ, സാംസ്കാരിക പരിപാടികൾ തുടങ്ങി ഇന്ത്യയിലുടനീളം നടക്കുന്നുമുണ്ട്. വർത്തമാന കാലത്തു നമ്മുടെ രാജ്യത്തു പതിവിനു വിപരീതമായ ആഘോഷങ്ങളും വ്യക്തിഗത പൂജകളും പരമ്പരാഗതമായ രീതികളെ മാറ്റി മറിക്കുന്നുവെങ്കിലും ഓരോ ഇന്ത്യൻ പൗരനും സ്വാതന്ത്ര്യ ദിനം അഭിമാനത്തിന്റേതാണ് .

ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ ..

✍അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments