Wednesday, June 12, 2024
Homeകേരളം🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | മെയ് 12 |...

🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | മെയ് 12 | ഞായർ

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

മറ്റാർക്കും മുറിവുണ്ടാക്കാതെ ജീവിക്കാം
——————————————————–

ബുദ്ധമതക്കാരുടെയിടയിൽ ധന്യമായ ഒരു ആചാരമുണ്ട്. മരണ വിചാരം ഉണർത്തുന്ന ഒരു ചടങ്ങാണത്. ഒരു പക്ഷി നമ്മുടെ തോളിൽ വന്നിരിക്കുന്നതായി വിചാരിക്കുന്നു.
മൂന്നു ചോദ്യങ്ങളത്, ചെവിയിൽ ചോദിക്കും “ഇന്നാണോ ആ ദിവസം യാത്രയ്ക്ക് ഒരുങ്ങിയിട്ടുണ്ടോ, ആരോടെങ്കിലും പരിഭവം പറഞ്ഞു തീർക്കാനുണ്ടോ, ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമായിരിക്കണം ഒരാളുടെ ജീവിതമെന്നവർ അനുശാസിക്കുന്നു!

അനുരജ്ഞനപ്പെടാനും, അതിജീവിക്കാനും കഴിയുന്നവർക്കു മാത്രമുള്ളതാണു ജീവിക്കാനുള്ള അർഹത. അനുദിന കർമ്മങ്ങളതിന് അനുയോജ്യമായിരിക്കണം. നല്ല ആരോഗ്യ ശീലങ്ങൾ നിലനിർത്തുന്നവർക്കു മഴക്കാലത്തേക്കു മാത്രമായ ഒരുക്കം ആവശ്യമില്ല. ഒരോ ദിവസത്തെയും കണക്കുകൾ കൃത്യമായി സൂക്ഷിക്കുന്നവർക്കു വാർഷിക കണക്കെടുപ്പിന്റെ തലേദിവസം ഉറക്കം നഷ്ടപ്പെടുത്തേണ്ടി വരില്ല. ഓരോ ദിവസവും വീടു വൃത്തിയാക്കിയിടുന്നവർക്ക്, വിരുന്നുകാർ എത്തുന്ന ദിവസം വിയർപ്പൊഴുക്കേണ്ടി വരികയുമില്ല.

ഓർക്കാപ്പുറത്തു വരുന്നതെല്ലാം സംഘർഷം സൃഷ്ടിക്കും.അതു വിധിയായാലും, വിരുന്നുകാരായാലും ഒരുങ്ങിയിരിക്കുക എന്നതാണു പരിഹാരം. ഒരുങ്ങി ഇരിക്കുന്നവർക്കു അവസാന നിമിഷത്തെ സംഭ്രമമോ, സന്ദേഹമോ, സന്നിഗ്ദതയോ ഉണ്ടാകില്ല. ജനിക്കുന്നവരെല്ലാം മരിക്കുമെന്നു ഉറപ്പുണ്ടായിട്ടും, നിരർത്ഥകവും, നിരാശാജനകവുമായ ജീവിതമാരെങ്കിലും നയിക്കുന്നുവെങ്കിൽ, ആരാണതിനു ഉത്തരവാദി. എപ്പോൾ അവസാനിപ്പിക്കേണ്ടി വന്നാലും, അന്തസ്സോടും ആദരവ് അർഹിക്കുന്ന വിധവും ജീവിതം അവസാനിപ്പിക്കാൻ കഴിഞ്ഞാൽ, അതല്ലെ കുലീനത. കടപ്പാടുകളില്ലാതെ ആർക്കും ജീവിക്കാനായിയെന്നു വരില്ല. പക്ഷെ മുറിപ്പാടുകൾ സൃഷ്ടിക്കാതെ ജീവിക്കാനാകണം.

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments