തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ 2006ലെ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടുമായി (KSTP) ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ പുതിയ വിജിലൻസ് അന്വേഷണത്തിന് നടപടികൾ ആരംഭിച്ചു.
അന്നത്തെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ട ആരോപണങ്ങളും പദ്ധതിയുടെ കരാറുകാരായിരുന്ന മലേഷ്യൻ കമ്പനിയിലെ എൻജിനീയറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട സാഹചര്യങ്ങളുമാണ് വീണ്ടും പരിശോധിക്കുന്നത്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് നിർദേശം നൽകിയതിന് പിന്നാലെയാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ പ്രാഥമിക നടപടികളിലേക്ക് കടക്കുന്നത്. കെപിസിസി നേതാവ് മലയിൻകീഴ് വേണുഗോപാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് പതിറ്റാണ്ട് പഴക്കമുള്ള വിഷയമായതിനാൽ നിയമവശങ്ങൾ ഉൾപ്പെടെ പരിശോധിച്ചായിരിക്കും തുടർനടപടികൾ.
2006ൽ ലോകബാങ്ക് സഹായത്തോടെ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ ഭാഗമായി എംസി റോഡ് നവീകരിക്കുന്നതിനുള്ള കരാർ PATI-BEL കൺസോർഷ്യത്തിന് ലഭിച്ചിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട ബില്ലുകൾ തടഞ്ഞുവച്ചതിനെ തുടർന്ന് ചില ഉദ്യോഗസ്ഥർക്കെതിരെ കൈക്കൂലി ആവശ്യപ്പെട്ടതടക്കമുള്ള ആരോപണങ്ങൾ കമ്പനി ഉന്നയിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ.
പദ്ധതിയുമായി ബന്ധപ്പെട്ട മലേഷ്യൻ സിവിൽ എൻജിനീയർ ലീ സീ ബീൻ പിന്നീട് മലേഷ്യയിൽ ആത്മഹത്യ ചെയ്തു. അദ്ദേഹത്തിന്റേതെന്ന് പറയപ്പെടുന്ന ആത്മഹത്യാക്കുറിപ്പുകളിൽ ഗ്യാനേഷ് കുമാറിന്റെ പേര് പരാമർശിച്ചിരുന്നതായി അന്നുതന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
എന്നാൽ ആത്മഹത്യാക്കുറിപ്പ് നേരിട്ട് കണ്ടിട്ടില്ലെന്നും അതിലെ പരാമർശങ്ങളെക്കുറിച്ചുള്ള വിവരം മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് 2006ൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. എന്നാൽ അന്വേഷണം പിന്നീട് മുന്നോട്ടുപോയില്ല. പഴയ അന്വേഷണത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായെന്ന പരാതിയുൾപ്പെടെ പരിശോധിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
ഗ്യാനേഷ് കുമാർ നിലവിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാണെങ്കിലും അന്വേഷണം അദ്ദേഹത്തിന്റെ 2006ലെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കാലയളവിലെ നടപടികളുമായി ബന്ധപ്പെട്ടതാണെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. നിയമവശങ്ങൾ പരിശോധിച്ച ശേഷമായിരിക്കും വിജിലൻസ് തുടർനടപടികൾ സ്വീകരിക്കുക.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (SIR) ബന്ധപ്പെട്ട് ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം തുടരുന്നതിനിടെയാണ് കേരളത്തിൽ പഴയ കേസ് വീണ്ടും അന്വേഷണ പരിധിയിലേക്ക് വരുന്നത്.



