Friday, October 2, 2026
Homeകേരളംഅടൂർ പ്രകാശിന്റെ അതൃപ്തി ‘അണ്ണനും തമ്പിയും തമ്മിലുള്ള സൗന്ദര്യപ്പിണക്കം’: വെള്ളാപ്പള്ളി നടേശൻ.

അടൂർ പ്രകാശിന്റെ അതൃപ്തി ‘അണ്ണനും തമ്പിയും തമ്മിലുള്ള സൗന്ദര്യപ്പിണക്കം’: വെള്ളാപ്പള്ളി നടേശൻ.

ആലപ്പുഴ: കോൺഗ്രസ് നേതാവ് അടൂർ പ്രകാശിന്റെ അതൃപ്തിയിൽ പ്രതികരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസിൽ അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകുമെന്നും അടൂർ പ്രകാശിന്റെ പ്രതികരണം അണ്ണനും തമ്പിയും തമ്മിലുള്ള സൗന്ദര്യപ്പിണക്കം മാത്രമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിഷയം ഹൈക്കമാൻഡ് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അഭിപ്രായം പറഞ്ഞ് അപഹാസ്യനാകാൻ താൽപര്യമില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. യുഡിഎഫ് സർക്കാരിന് ഇപ്പോൾ മാർക്ക് നൽകാനാകില്ലെന്നും സർക്കാർ അധികാരത്തിലെത്തിയിട്ട് അധികനാളായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി പ്രതിസന്ധിയിൽ മുൻ സർക്കാരുകൾക്കും വീഴ്ചയുണ്ടായിട്ടുണ്ടെന്നും ദീർഘവീക്ഷണത്തോടെ പദ്ധതികൾ ആവിഷ്കരിച്ച് വൈദ്യുതി മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. മരുന്ന് ക്ഷാമമുണ്ടെന്ന് ആരോഗ്യ മന്ത്രി തന്നെ സമ്മതിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് അടുത്തിടെ ഉണ്ടായ സംഘർഷം വളരെ ഗുരുതരമായിരുന്നെന്നും ഇത്തരം സംഭവങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായി എം.കെ. മുനീറിനെ നിയമിച്ചതിൽ തെറ്റില്ലെന്നും മുനീർ മാന്യനായ നേതാവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം, വി.ഡി. സതീശൻ ശൈലി മാറ്റണമെന്നും കൂടുതൽ പക്വത കാണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി എന്ന ഉത്തരവാദിത്തം ഇടയ്ക്ക് മറക്കുന്നതുപോലെയാണ് പെരുമാറ്റമെന്നും നേതൃഗുണം പ്രകടിപ്പിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സിപിഐഎം സ്വന്തം തെറ്റുകൾ കണ്ടെത്തി തിരുത്തുന്നത് പാർട്ടിക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് ശക്തികേന്ദ്രങ്ങളിൽ പോലും തിരഞ്ഞെടുപ്പ് തോൽവി ഉണ്ടായ സാഹചര്യത്തിൽ എന്താണ് തെറ്റ് സംഭവിച്ചതെന്ന് കണ്ടെത്തി പരിഹരിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ