Thursday, October 8, 2026
Homeഅമേരിക്കപ്രിയദർശനി പദ്ധതി - ആശകളും ചില ആശങ്കകളും....✍. തുളസി ഭായി മുകുളദളം

പ്രിയദർശനി പദ്ധതി – ആശകളും ചില ആശങ്കകളും….✍. തുളസി ഭായി മുകുളദളം

വനിതകൾക്കും ,ട്രാൻസ് ജൻ ഡേഴ്സിനും യാത്രാ സൗജന്യം അനുവദിച്ചു കൊണ്ട് കേരള ഗവൺമെൻ്റ് ഇന്ന് (15/06/20 26) ഒരു പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണല്ലോ. ഈ ഘട്ടത്തിൽ പദ്ധതി നടത്തിപ്പിനെപ്പറ്റിയും അതിൻ്റെ അനന്തരഫലങ്ങൾ കേരള സമ്പദ് വ്യവസ്ഥയിൽ ഉണ്ടാക്കിയേക്കാവുന്ന പ്രത്യഘാതങ്ങളെപ്പറ്റിയും രാജ്യത്തെ ഒരു സാധാരണ പൗരൻ എന്ന നിലയിൽ അല്പം ചിന്തിക്കാതെ വയ്യ!

കേരളത്തിലെ ബഹു ഭൂരിഭാഗം ആളുകളുടെയും യാത്രകളും ,ചരക്ക് നീക്കങ്ങളും എല്ലാം കൂടുതലായി നടക്കുന്നത് റോഡുമാർഗ്ഗമാണ്. ഗവൺമെൻ്റിൻ്റ ഉടമസ്ഥതയിലുള്ള കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനോടൊപ്പം തന്നെ സമാന്തര സർവ്വീസ് നടത്തുന്ന പ്രൈവറ്റ് ബസ് ട്രാൻസ്പോർട്ട് സിസ്റ്റവും ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്.

1938 ൽ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവായിരുന്നു സർക്കാർ ബസ് കേരളത്തിൻ്റെ നിരത്തുകളിൽ സർവീസ് നടത്താനുള്ള അനുമതി നൽകിയത്. എന്നാൽ അതിനും ഏതാണ്ട് 28 വർഷം മുമ്പ് തന്നെ (കൃത്യമായി പറഞ്ഞാൽ 1910) പ്രൈവറ്റ് ബസ്സുകൾ കേരളത്തിന് നിരത്തുകളിലൂടെ ഓടിത്തുടങ്ങിയതാണ്. വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത ഒരു ബസ് പാലയിൽ നിന്നും കോട്ടയം വരെ ഓടിച്ചു കൊണ്ട് ശ്രീ.ജോസഫ് അഗസ്തി എന്ന ആൾ ആയിരുന്നു സ്വകാര്യ ബസ് സർവീസ് ആദ്യമായി കേരളത്തിൽ ആരംഭിച്ചത് എന്നാണ് ചരിത്രം പറയുന്നത്.പിന്നീട് 1927 ആയപ്പോഴേക്കും സ്വകാര്യ ബസ്സുകൾ കേരള നിരത്തുകളിൽ സാർവ്വത്രീകമായി എന്നും ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു.

നിലവിൽ കെ.എസ്.ആർ.ടി.സി. കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇന്നും ഏതാണ്ട് 75% കേരള ജനതയും അവരുടെ യാത്രകൾക്ക് ആശ്രയിക്കുന്നത് സ്വകാര്യ ബസ്സുകളെയാണ്. ഏകദേശം 35000 തൊഴിലാളികളാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്.

കൂടുതൽ യാത്രക്കാരെ കയറ്റിക്കൊണ്ട് വരുമാന വർദ്ധനവ് ഉണ്ടാക്കാൻ വേണ്ടിയുള്ള ഈ രണ്ടു വിഭാഗം ബസ്സുകളുടെയും മത്സര ഓട്ടങ്ങൾ ജനങ്ങൾക്ക് പലപ്പോഴും ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട് എന്നത് ഒരു വസ്തുത തന്നെയാണ്.

ഇന്നു മുതൽ KSRTC ൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതു വഴി മേൽപ്പറഞ്ഞ മത്സരം സ്വയമേവ ഒഴിവാവുകയാണ്.കാരണം ഒരു പൈസയും മുടക്കാതെ യാത്ര ചെയ്യാൻ സൗകര്യമുണ്ടാവുമ്പോൾ ആരാണ് ടിക്കറ്റ് എടുത്ത് സ്വകാര്യ ബസ്സിൽ യാത്ര ചെയ്യാൻ താല്പര്യപ്പെടുന്നത്.?

ഈ പദ്ധതി സ്ത്രീകളുടെ അഭിമാനം വർദ്ധിപ്പിക്കുമെന്നും അവരുടെ വരുമാനവും സമ്പാദ്യ ശീലവുമൊക്കെ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞത് തീർച്ചയായും ശരിയാണ്.

മിനിമം ചാർജായ 10 രൂപയുടെ ദൂരം മാത്രം ദിവസേന യാത്ര ചെയ്യുന്ന ഒരാൾക്ക് ഏറ്റവും കുറഞ്ഞത് 600 രുപയുടെ ലാഭം ഒരു മാസം ഉണ്ടാവും.സാധാരണ ഗതിയിൽ സ്ത്രീകളുടെ കൈവശമുള്ള പണത്തിൽ കൂടുതൽ ഭാഗവും കുടുംബത്തിൻ്റെ പൊതു ആവശ്യങ്ങൾക്കായി ചെലവഴിക്കുന്ന ഒരു രീതിയാണ് ഇപ്പോഴും കേരള സമൂഹത്തി ലുള്ളത്. അതു കൊണ്ടു തന്നെ തീർത്തും മോശമായ ജിവിത സാഹചര്യങ്ങളിൽ ജീവിക്കുന്നവരുടെ ജീവിത നിലവാരത്തിൽ ഈ വരുമാനവർദ്ധനവ് ചെറിയ മാറ്റം വരുത്തിയേക്കാം.

എന്നാൽ ഇതിന് ഒരു മറുവശം കൂടിയുണ്ട്. സർക്കാർ , അർദ്ധ സർക്കാർ , ഐ.ടി. തുടങ്ങിയ മേഖലകളിൽ തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്ക് അതത് മേഖലകളിൽ ജോലി ചെയ്യുന്ന പുരുഷന്മാർക്ക് കിട്ടുന്ന അത്രയും തന്നെ വരുമാനമുണ്ട് .അവർക്ക് കാലാകാലങ്ങളിൽ ഡി.എയും ശമ്പളവർദ്ധനവുമൊക്കെ ഉണ്ടെന്നിരിക്കെ ഇത്തരത്തിൽ സൗജന്യ യാത്ര അനുവദിച്ചതിൻ്റെ സാംഗത്യം മനസ്സിലാവുന്നില്ല. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഉള്ള ഇത്തരക്കാർക്ക് യാത്രാക്കൂലി ലഭിക്കുന്നതു വഴിയുണ്ടാവുന്ന അധിക വരുമാനം അവരുടെ ആർഭാടത്തിനും, ആഡംബരങ്ങൾക്കും മാത്രമെ ഉതകാൻ സാധ്യതയുള്ളു.

അതേ സമയം തന്നെ കൂലിപ്പണിക്കാരും ,ലോട്ടറി വില്പനക്കാരും ,ദിവസ വേതനക്കാരും ഒക്കെ ഉൾപ്പെടുന്ന പാവപ്പെട്ട പുരുഷന്മാർക്ക് മുണ്ട് മുറുക്കിയുടുത്തു കൊണ്ട് ബസ് ചാർജ്ജിനുള്ള പണം കണ്ടെത്തേണ്ടതായും വരുന്നു. ഈ രണ്ട് വിഭാഗക്കാർക്കിടയിൽ ഉണ്ടാവാൻ പോകുന്ന അനീതിയും, ശരികേടും ,വൈരുദ്ധ്യങ്ങളും കൂടി നമ്മൾ കണക്കിലെടുത്തേ മതിയാവൂ.

ഇലക്ഷൻ വാഗ്ദാനമായി രാഹുൽ ഗാന്ധി സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചപ്പോൾ ഒരു പക്ഷേ അദ്ദേഹം മനസ്സിൽ കണ്ടത് ബീഹാർ ,ഒഡീഷ ,
ത്സാർഖണ്ഡ് പോലെയുള്ള സംസ്ഥാനങ്ങളെ ആവാം. അവിടുത്തെ സാഹചര്യം വ്യത്യസ്തമാണ്. കുറഞ്ഞകൂലിയിൽ ജോലി ചെയ്യുന്ന അവിടങ്ങളിലെ സ്ത്രീകൾ ശരിക്കും ചൂഷണം ചെയ്യപ്പെടുകയും നിരന്തരം അപമാനിക്കപ്പെടുകയും ചെയ്യുന്നുണ്ടാവാം.

എന്നാൽ ഒട്ടുമിക്ക മേഖലകളിലും പുരുഷന്മാരോടൊപ്പം അഭിമാനത്തോടെ ജോലി ചെയ്യുന്ന കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് ജീവിക്കുന്ന എല്ലാ സ്ത്രീകൾക്കും യാത്രാ സൗജന്യം നല്കുന്നതിനു പകരം ഒരു നിശ്ചിത വരുമാനത്തിന് താഴെയുള്ള എല്ലാ ആളുകൾക്കും (സ്ത്രീ -പുരുഷ വിവേചന മില്ലാതെ)സൗജന്യം നൽകിയിരുന്നെങ്കിൽ പദ്ധതി കൂടുതൽ ഉജ്ജ്വല മാകുമായിരുന്നു എന്നാണ് എൻ്റെ അഭിപ്രായം.

കൂടാതെ ഈ ലേഖനത്തിൻ്റെ തുടക്കത്തിൽ ഞാൻ സൂചിപ്പിച്ച സ്വകാര്യ ബസ്സുടമകൾക്കുണ്ടാകുന്ന വരുമാന നഷ്ടവും തദനുസാരിയായ തൊഴിൽ നഷ്ടവും എങ്ങനെ നികത്തും എന്നതും സർക്കാർ ചിന്തിക്കേണ്ടതാണ്.

കൊറോണ കഴിഞ്ഞതിനു ശേഷം പ്രൈവറ്റ് ബസ് മേഖല വലിയ പ്രതിസന്ധിയിലാണ്. കുറച്ച് അധികകാലം സർവീസുകൾ നിർത്തിവച്ചതിനെത്തുടർന്ന് ഒന്നോ രണ്ടോ ബസ്സുകൾ ഓപ്പറേറ്റ് ചെയ്തിരുന്ന പല ബസ് മുതലാളിമാരും ഫീൽഡിൽ നിന്നു തന്നെ ഔട്ട് ആയി.എന്നാൽ അത്തരം ബസ്സുകൾ ഓടിയിരുന്ന റൂട്ടിൽ പകരം ബസ് ഓടിക്കുവാൻ യാതൊരു നടപടിയും നാളിതുവരെയായും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ യാത്രക്കാരിൽ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകൾ കെ.എസ്.ആർ.ടി.സി. ബസ്സുകളിലെക്ക് ചേക്കേറി കഴിയുമ്പോൾ ആ ഒരു മേഖല തന്നെ അപ്രസക്തമായിപ്പോകും. ഇതിൻ്റെയൊക്കെ ഫലമായി ഏതാണ്ട് 116 വർഷങ്ങളായി നിരന്തരം സേവനം നടത്തിയിരുന്ന ഒരു വ്യവസായം തന്നെ ഇല്ലാതാവാൻ സാധ്യതയുള്ളതിനാൽ ഈ വിഷയത്തിൽ സർക്കാരിൻ്റ സത്വര ശ്രദ്ധയുണ്ടാവാൻ അഭ്യർത്ഥിക്കുന്നു.

തുളസി ഭായി മുകുളദളം✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ