Wednesday, October 9, 2024
Homeകഥ/കവിതതങ്ങളിൽ ഒരാൾ (കഥ) ✍സുജ പാറുകണ്ണിൽ

തങ്ങളിൽ ഒരാൾ (കഥ) ✍സുജ പാറുകണ്ണിൽ

സുജ പാറുകണ്ണിൽ

കുഞ്ഞിന്റെ കയ്യും പിടിച്ച് ഓർഫനേജിന്റെ ഗേറ്റ് കടന്ന അവൾ സ്വീകരണമുറിയുടെ വാതിൽക്കലെ സ്വിച്ചിൽ വിരലമർത്തി. ഏതാനും നിമിഷങ്ങൾക്കകം കിളിവാതിൽക്കൽ ഒരു മുഖം പ്രത്യക്ഷപ്പെട്ടു. മദറിനെ കാണണം എന്ന് പറഞ്ഞപ്പോൾ അകത്ത് കയറി ഇരിക്കൂ എന്ന് പറഞ്ഞ് ആൾ അപ്രത്യക്ഷയായി. അവൾ അകത്ത് കടന്ന് ബാഗ് താഴെ വച്ച് കുഞ്ഞിനെ ചേർത്ത് പിടിച്ച് സോഫയിൽ ഇരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ ഓഫീസ് മുറിയുടെ വാതിൽക്കൽ നിന്നും മദർ അവരെ അകത്തേക്ക് വിളിച്ചു. അവർ ചൂണ്ടിക്കാണിച്ച കസേരയിൽ ഇരുന്നു. “തോമസച്ചൻ പറഞ്ഞിട്ട് വന്നതാണ്.”
അവൾ കയ്യിലിരുന്ന കത്ത് മദറിന് നേരെ നീട്ടി. “മനസ്സിലായി.”
കത്ത് വായിച്ച മദർ അവളുടെ മുഖത്തേക്ക് നോക്കി.
“വേറൊരു മാർഗ്ഗവും ഇല്ലാഞ്ഞിട്ടാണ്. കുടിച്ച് കുടിച്ച് ആണ് കുഞ്ഞിന്റെ അച്ഛൻ മരിച്ചത്. എന്റെ വീട്ടിലാണെങ്കിൽ പ്രായമായ രോഗികളായ അച്ഛനും അമ്മയും മാത്രമാണുള്ളത്. ഭർത്താവിന്റെ കുടുംബത്തിലാണെങ്കിൽ….. ”
അവൾ നിർത്തിയപ്പോൾ മദർ അവളെ ഉറ്റുനോക്കി. “തൊട്ടിലിൽ കിടക്കുന്ന കുഞ്ഞുമുതൽ കട്ടിലിൽ കിടക്കുന്ന കിളവൻ വരെ മൂക്കറ്റം കുടിച്ച് നടക്കുന്ന ആൾക്കാർ. അവരോടു എന്ത്‌ സഹായം ചോദിക്കാൻ. ഞാനൊരു ജോലിക്ക് ശ്രമിക്കുന്നുണ്ട്. ഇടക്കിടെ വരാം.”
മദർ ചൂണ്ടികാണിച്ചുകൊടുത്തിടത്തൊക്കെ അവൾ ഒപ്പിട്ടു കൊടുത്തു. അവർ കുഞ്ഞിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ബെല്ലിൽ വിരലമർത്തി. സ്വീകരണമുറിയുടെ കിളിവാതിൽക്കൽ കണ്ട മുഖം വീണ്ടും പ്രത്യക്ഷപെട്ടു. “കുഞ്ഞിനെ അകത്തേക്ക് കൊണ്ടുപൊയ്ക്കോളൂ. ബാഗും എടുത്തുകൊള്ളൂ.” അവർ കുഞ്ഞിന്റെ കൈ പിടിച്ചതും കുഞ്ഞ് കുതറി അമ്മയെ കെട്ടിപ്പിടിച്ചു. “ആന്റിയുടെ കൂടെ ചെല്ല്. അവിടെ കളിക്കാൻ ഒരുപാട് കൂട്ടുകാരുണ്ട്.” കുഞ്ഞ് അവിശ്വസനീയതയോടെ അമ്മയെ നോക്കി. അവൾ കുഞ്ഞിനെ കെട്ടിപ്പിടിച്ചു നിറുകയിൽ ഒരുമ്മ കൊടുത്തു. കുഞ്ഞ് തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി മനസ്സില്ലാമനസ്സോടെ അവരുടെ കൂടെ അകത്തേക്ക് പോയി. അവൾ നിറഞ്ഞുവന്ന കണ്ണുകൾ തുടച്ച് മദറിനെ ഒന്ന് നോക്കി പുറത്തേക്ക് ഇറങ്ങി. കഴിഞ്ഞകാല ജീവിതത്തിലേക്ക് ഇനിയൊരിക്കലും തിരിഞ്ഞു നോക്കില്ല എന്ന് തീരുമാനിച്ചുറപ്പിച്ചതുപോലെ തിരിഞ്ഞു നോക്കാതെ അവൾ മുന്നോട്ടു നടന്നു. റോഡിലിറങ്ങി കുറച്ചു നടന്നതും അവിടെ കാത്തുനിന്ന ഒരാൾ അവൾക്കരികിലേക്ക് വന്നു.
“എന്തായി? കുഞ്ഞിനെ എല്പിച്ചോ?”
” ഉം.. ” അവൾ മൂളി. “നിനക്ക് വിഷമം ഉണ്ടോ?” “എന്തിന്? അതിന്റെ തന്തക്കില്ലാത്ത വിഷമം എനിക്കെന്തിനാ. കരഞ്ഞ് കാലുപിടിച്ച് എത്രയോ തവണ അപേക്ഷിച്ചിട്ടുണ്ട് ഞാൻ കുടിക്കരുത് എന്ന്. പുല്ലുവില പോലും കല്പിച്ചിട്ടില്ല. ഭർത്താക്കന്മാർ കുടിച്ചും കുടുംബം നോക്കാതെയും നടക്കുമ്പോൾ കഷ്ടപ്പെട്ട് മക്കളെ പോറ്റുന്ന അമ്മമാരുടെ കാലമൊക്കെ കഴിഞ്ഞുപോയി. അവർക്കും ബുദ്ധി ഉദിച്ചു. അവരുടെ ജീവിതവും വിലപ്പെട്ടതാണ്. ജീവിതം ഒന്നേയുള്ളു. അത് സന്തോഷമായി ജീവിച്ചുതീർക്കാനുള്ളതാണ്. എന്റെ കുറേ വർഷങ്ങൾ നഷ്ടപ്പെട്ടു പോയല്ലോ എന്ന വിഷമമേ എനിക്കുള്ളൂ. കുടുംബം എന്ന് പറഞ്ഞാൽ ഒരാളുടെ മാത്രം ഉത്തരവാദിത്തമല്ല. എല്ലാവരും അവരവരുടെ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിച്ചാലേ അത് ഭംഗിയായി മുൻപോട്ട് പോകൂ. നാളെ നിങ്ങളാണെങ്കിലും ഞാനിതു തന്നയേ ചെയ്യൂ.” അത് കേട്ടതും അയാൾ അവളുടെ കൈപിടിച്ചു. “എനിക്കൊരു കൂട്ട് വേണം. കുടുംബം വേണം. അതുകൊണ്ടാണ് ഞാൻ ഈ തീരുമാനം എടുത്തത്. കുഞ്ഞിനെ കൂടെ കൂട്ടാൻ എന്റെ വീട്ടുകാർ സമ്മതിക്കാത്തത് കൊണ്ടാണ്. നിനക്ക് വിഷമമുണ്ടോ?”
“കുടിച്ച് മരിച്ച ഒരുവന് വേണ്ടി ഞാനെന്തിന് എന്റെ ജീവിതം പാഴാക്കണം.” “നാളെ രാവിലെയാണ് ചടങ്ങ്. വലിയ ആഘോഷമൊന്നുമില്ല.” അയാൾ അവളോട്‌ പറഞ്ഞു. അവൾ വീണ്ടും മൂളി. “കഴിഞ്ഞതെല്ലാം മറക്കുക. പുതിയ ജീവിതത്തെക്കുറിച്ച് മാത്രം ചിന്തിക്കുക.” അപ്പോഴും അവൾ മൂളി. പിന്നെ അയാൾക്കൊപ്പം ധൃതിയിൽ മുന്നോട്ട് നടന്നു. അതേസമയം ഓർഫനേജിലെ ഡോർമെറ്ററിയിൽ തങ്ങളിലൊരാളാകാൻ വന്ന ആ കുഞ്ഞിനെ കൗതുകത്തോടെ നോക്കി നിൽക്കുന്ന ഒരുപാട് മുഖങ്ങൾക്കിടയിൽ അപരിചിത്വത്തോടെ ഒരാശ്രയത്തിന്നെന്നോണം ബാഗും നെഞ്ചത്തടുക്കിപ്പിടിച്ച് അമ്മ ഇനിയൊരിക്കലും വരില്ല എന്നറിയാതെ അമ്മയുടെ വരവ് കാത്ത് ആ കുഞ്ഞ് നിന്നു.

സുജ പാറുകണ്ണിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments