Saturday, November 9, 2024
Homeസ്പെഷ്യൽഅറിവിൻ്റെ മുത്തുകൾ- (70) ' വേദാർത്ഥ വിചാരം ' ✍പി.എം.എൻ.നമ്പൂതിരി.

അറിവിൻ്റെ മുത്തുകൾ- (70) ‘ വേദാർത്ഥ വിചാരം ‘ ✍പി.എം.എൻ.നമ്പൂതിരി.

പി.എം.എൻ.നമ്പൂതിരി.

“ശം നോ അസ്തു ദ്വിപദേ
ശം ചതുഷ്പദേ “

പല ആചാര്യന്മാരുടെ പേരുകളേയും, അവശ്യം അറിയേണ്ടതായ അവരുടെ ഓരോരോ അഭിപ്രായങ്ങളേയും നിരുക്തത്തിൽ നാം കാണുന്നതിനാൽ, നമ്മുടെ മാതാവായ ഭാരത ഭൂമിയിൽ ഓരോരോ കാലങ്ങളിൽ പലരും വേദത്തെ പറ്റി സ്വതന്ത്രമായി ചിന്തിച്ചിട്ടുണ്ടന്ന് ഊഹിക്കാം.

വേദാർത്ഥ ചിന്ത വേണ്ടന്നും ബ്രാഹ്മണരിൽ തന്നെ ചിലർക്ക് വേദാധികാരമില്ലെന്നും ഒരു വ്യവസ്ഥ ഉണ്ടായത് ഭാരത മാതാവിന് സംഭവിച്ച ആപത്തുകളിൽ ഒന്നാണ് എന്നോ, അതല്ല ഈ വ്യവസ്ഥ നാടിന്റെ അധോഗതിക്ക് കാരണമായി തീർന്നുവെന്നോ വിചാരിക്കാവുന്നതാണ്.ഇ പ്പോഴത്തെ ജാതി വഴക്കുകൾക്ക് കുറവുണ്ടാകുന്നതിനും സമബുദ്ധി ജനിക്കുന്നതിനു, ഇഹത്തേയും പരത്തേയും യോജിപ്പിക്കുന്നതിനും സച്ചിദാനന്ത സ്വരൂപമായ ബ്രഹ്മത്തേയും അചേതന വസ്തുക്കളേയും യോജിപ്പിക്കുന്നതിനും നാം ഇപ്പോഴും വേദത്തെത്തന്നെ ആശ്രയിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല വേദതത്ത്വത്തെ മനസ്സിലാക്കിയാൽ സകല മതങ്ങളുടേയും മൂലധാരം ഒന്നു തന്നെയാണന്ന് വ്യക്തമാവുകയും ചെയ്യും.

പണ്ട് വൈദികഗ്രന്ഥങ്ങൾ സാധാരണക്കാർക്കു ലഭിക്കുവാൻ വളരെ പ്രയാസമായിരുന്നു. ബ്രിട്ടീഷ് മേൽക്കോയ്മയുടെ കാലത്ത് ഇത്തരം ഗ്രന്ഥങ്ങൾ വെളിച്ചത്തു വരാൻ തുടങ്ങി. നവീനപണ്ഡിതന്മാർ വേദത്തെപറ്റി പല അഭിപ്രാ യങ്ങളും പറയാനുംതുടങ്ങി. പക്ഷേ അവർ പറയുന്ന അഭിപ്രായങ്ങൾ മാത്രമേ വേദത്തിൽ ഉള്ളൂവെന്ന് വിചാരിച്ച് നമ്മൾ തൃപ്തി പ്പെടരുത്. വേദാർത്ഥ വിചാരത്തിന് കൈവന്ന സൗകര്യങ്ങളെ വൃഥാവിലാക്കാതെ നാം മുന്നോട്ടു പോവുകയാണ് ചെയ്യേണ്ടതും.

ഇനി മന്ത്രാർത്ഥ ചിന്തക്കുള്ള ഉപകരണങ്ങളെ പറ്റി പറയാം ” “അഖില ശക്ത്യവബോധക തേ ക്വചിദജയാത്മനാ ച ചരതോനുഗ മേന്നിഗമ ”
അർത്ഥം:-
സകല ശക്തികൾക്കും ബോധത്തെ ഉണ്ടാക്കുന്ന ജഗദീശ്വരാ! നിത്യമായ മായയോടൊന്നിച്ചും ആത്മസ്വരൂപത്തോടുകൂടിയും ചലിച്ചു കൊണ്ടിരിക്കുന്ന അങ്ങ യെ വേദം അനുഗമിക്കുന്നു.

സച്ചിദാനന്ദ സ്വരൂപേണ നിത്യമായ ഒരവസ്ഥ, സൃഷ്ടിസ്ഥിതി സംഹാര രൂപ പ്രവാഹാത്മകമായ വേറെ ഒരു നിത്യാവസ്ഥ – ഈ രണ്ടു നിത്യാവസ്ഥകളാണ് വേദ പ്രതിപാ ദകങ്ങളെന്ന് മഹാഭാരതത്തിലുള്ള വേദസ്തുതിയിൽ വ്യക്തമാകുന്നുണ്ടു് . ഉപനിഷത്തുക്കളെ അദ്ധ്യാത്മദൃഷ്ട്യാ വേദത്തിന്റെ ഒരു വ്യാഖ്യാനമായും, ബ്രാഹ്മണങ്ങളെ കർമ്മദൃഷ്ട്യാ വേറെ ഒരു വിധത്തിലുള്ള വിവരണമായും നാം വിചാരിക്കണം.ഓരോ പദങ്ങളുടെ അർത്ഥ നിർണ്ണയത്തിലും മറ്റും വളരെ ഉപകാരമായിത്തീരുന്നതു കൊണ്ട് നിരുക്തം വേദവിദ്യാർത്ഥികൾക്ക് അത്യാവശ്യമാകുന്നു . യഥാശ്രു താർത്ഥത്തിൽ വിവക്ഷയില്ലാത്ത ഇതിഹാസപുരാണങ്ങൾ വേദത്തിലുള്ള ഗൂഢാർത്ഥങ്ങളെ ഉപദേശിച്ചു കൊണ്ടു് വേദാർത്ഥ ചിന്തക്ക് അവസരം ഒരുക്കുന്നു. എന്നാൽ ഇതുവരെ കണ്ട ഗ്രന്ഥങ്ങളിൽ കൂടിയൊന്നും ഇത് പൂർണ്ണമായി മനസ്സിലാക്കാൻ കഴിയുകയില്ല .വേദങ്ങൾക്ക് പലരും ഭാഷ്യം രചിച്ചിട്ടുണ്ട്. ദയാനന്ത സരസ്വതിയുടേയും സായണാചാര്യരുടേയും ഭാഷ്യങ്ങളാണ് ഇപ്പോൾ അധികം പ്രചാരത്തിലിരിക്കുന്നത്. സായണൻ വേദത്തെ യാഗത്തിനോട് യോജിപ്പിക്കുകയാണ് ചെയ്തതെങ്കിലും മിക്ക പദങ്ങളുടേയും ധാത്വർത്ഥങ്ങളെ പ്രദർശിപ്പിക്കുന്നതു കൊണ്ടു് സായണഭാഷ്യത്തെയാണ് നാം സ്വീകരിക്കേണ്ടത് എന്ന് തോന്നുന്നു.ദയാനന്ദ സരസ്വതിയും വാക്കുകളുടെ ധാത്വർത്ഥങ്ങളെ ചെറിയ തോതിൽ വ്യാഖ്യാനിക്കുന്നുണ്ടു്. പാശ്ചാത്യ പണ്ഡിതന്മാരും വേദത്തെ പറ്റി പലതും എഴുതിയിട്ടുണ്ടല്ലൊ. ഇതിൽ നിന്ന് നമുക്ക് പലതും ഗ്രഹി ക്കാനുണ്ടു്. ഇവയെല്ലാം യഥോചിതം യോജിപ്പിച്ച് നാം വേദതത്ത്വത്തെ മനസ്സിലാ ക്കുവാൻ ശ്രമിക്കുകയാണങ്കിൽ ചിന്തയുടെ വ്യാപ്തി വർദ്ധിപ്പിക്കുവാൻ സാധിക്കും. ഓരോ പദങ്ങളുടേയും ധാത്വർത്ഥങ്ങളെ മനസ്സിലാക്കി, ആനുപൂർവ്വികമായ ഓരോരോ സൂക്തങ്ങളുടെ അർത്ഥം മനസ്സിലാക്കിയാൽ, ഒരു വിധം ബുദ്ധിസംസ്ക്കാരം വന്നിട്ടുള്ള ഒരാൾക്ക് വേദങ്ങളുടെ മാഹാത്മ്യം ബോദ്ധ്യപ്പെടുന്നതാണ്.

ഋഷിമാർ ശബ്ദ ഭംഗിക്കായി ഒന്നും ചെയ്യുന്നില്ലെങ്കിലും ചില മന്ത്രങ്ങൾ കർണ്ണാനന്ദകരങ്ങളാ യിത്തീരുന്നുണ്ട്. അർത്ഥത്തെ പറ്റി വിചാരിക്കുകയാണങ്കിൽ ചില ദിക്കിൽ ഭാഷക്ക് ലാളിത്യമുണ്ട്‌. എന്നാൽ വേറെ ചില ദിക്കുകളിൽ വളരെ കഠിന്യവുമുണ്ടു്. വ്യാകരണ നിയമം ഇല്ലാത്തതുകൊണ്ടും ലൗകിക സംസ്കൃതത്തിലുള്ള ചില വാക്കുകൾക്ക് വേദത്തിൽ വരുമ്പോൾ അർത്ഥവിത്യാസം ഉള്ളതുകൊണ്ടും, ലൗകിക ഭാഷയിൽ ഇല്ലാത്ത അനവധി ശബ്ദങ്ങൾ വേദത്തിൽ ഉള്ളതുകൊണ്ടും മറ്റും ആണ് യഥാശ്രുതാർത്ഥം മനസ്സിലാക്കുവാൻ പ്രയാസമായിതീരുന്നത്. മഹർഷിമാരാകട്ടെ പാണ്ഡിത്യ പ്രദർശനത്തിനായി യത്നിച്ചിട്ടുമില്ല.ചില ഗൂഢാഭിപ്രായങ്ങളെ പല മാതിരിയായി പറഞ്ഞു കൊണ്ടു് പാടുകയാണോ എന്ന് തോന്നും. വണ്ണം മഹർഷിമാർ ഓരേ മാതിരിയിലുള്ള വാക്കുകൾ കൊണ്ടും ഒരേ മാതിരിയിലുള്ള പദയോജനകളോടും കൂടി നദീ പ്രവാഹം പോലെ ശബ്ദ പ്രവാഹത്തെ ഉണ്ടാക്കുന്നു. വേദത്തിന്റെ യഥാർത്ഥ ശ്രുതാർത്ഥം മനസ്സിലാക്കുക എന്ന സംഗതിയെ പറ്റി മാത്രമാണ് ഇവടെ പറഞ്ഞത്. ഒന്നു മനസ്സിലാക്കുക! വേദാർത്ഥ വിചാരം വളരെ ഗഹനമായ വിഷയമാണ്.

പി.എം.എൻ.നമ്പൂതിരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments