തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതിനെ കുറിച്ച് പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുന്‍ഷി ആണ് തന്നെ ക്ഷണിച്ചതെന്ന് കെ മുരളീധരന് പറഞ്ഞു. നാളെ രാവിലെയോടെ താന്‍ ഡല്‍ഹിയില്‍ എത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘മുഖ്യമന്ത്രി ചര്‍ച്ചയ്ക്കായാണ് വിളിപ്പിച്ചത് എന്നാണ് മനസ്സിലാക്കുന്നത്. അല്ലാതെ കാലാവസ്ഥയെ പറ്റി ചര്‍ച്ച ചെയ്യാന്‍ ആകില്ലല്ലോ. എന്റെ അഭിപ്രായം മുമ്പും രേഖപ്പെടുത്തിയതാണ്. നാളെയും അക്കാര്യം പറയും. പുറത്തുവരുന്ന കണക്കുകള്‍ ആകില്ലല്ലോ എംഎല്‍എമാരുടെ പിന്തുണ. ഹൈക്കമാന്‍ഡിന്റെ ഉത്തരവിനെ ആരും ലംഘിക്കില്ല’, കെ മുരളീധരന് കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് പത്തുദിവസം ആയിട്ടല്ലേ ഉള്ളൂവെന്നും മുഖ്യമന്ത്രി തീരുമാനിക്കുന്നത് വൈകുന്നത് സാധാരണമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു. തമിഴ്നാട്ടില്‍ ഭൂരിപക്ഷം കിട്ടിയിരുന്നെങ്കില്‍ ഇതായിരിക്കില്ല അവസ്ഥയെന്നും മുരളീധരന് പറഞ്ഞു. ഹൈക്കമാന്‍ഡ് നിരീക്ഷകരോട് കാര്യങ്ങള്‍ പറഞ്ഞതാണെന്നും ഇന്നോ നാളെയോ ആയിരിക്കും പ്രഖ്യാപനമെന്നും കെ മുരളീധരന് പറഞ്ഞു.
മുന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന്റെ പുസ്തകത്തെ കുറിച്ചും കെ മുരളീധരന് പ്രതികരിച്ചു. ഇപ്പോള്‍ സ്ഥാനം പോയില്ലേയെന്നും ഇനി പുസ്തകം എഴുതാമെന്നുമായിരുന്നു പ്രതികരണം. തങ്ങള്‍ ഫീല്‍ഡില്‍ നിന്ന് മാറുമ്പോള്‍ പുസ്തകം എഴുതാമെന്നും കെ മുരളീധരന് പറഞ്ഞു



