Monday, September 28, 2026
Homeകേരളംഇ.എസ്.എ.: 25 വില്ലേജുകളില്‍ കൃഷിഭൂമി ഉള്‍പ്പെടുത്തി ; പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാതിരുന്നത് ഗുരുതര വീഴ്ച:...

ഇ.എസ്.എ.: 25 വില്ലേജുകളില്‍ കൃഷിഭൂമി ഉള്‍പ്പെടുത്തി ; പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാതിരുന്നത് ഗുരുതര വീഴ്ച: ജോസ് കെ. മാണി.

പാലാ: പരിസ്ഥിതിലോല മേഖല (ഇ.എസ്.എ.) സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച പട്ടികയില്‍ 9 ജില്ലകളിലെ 25 വില്ലേജുകളിലെ കൃഷിഭൂമി ഉള്‍പ്പെട്ടിട്ടുണ്ടെന്നത് ഗുരുതരമായ ആശങ്കയ്ക്ക് ഇടയാക്കുന്നതാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി. പറഞ്ഞു.

2026 സെപ്റ്റംബര്‍ 24-ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച പട്ടികയില്‍ 98 വില്ലേജുകളിലായി 8,590.69 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് ഇ.എസ്.എ.യായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ കൃഷിഭൂമിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2014-ല്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം 123 ഇ.എസ്.എ. വില്ലേജുകളില്‍ പഞ്ചായത്ത്, വനം, റവന്യൂ, കൃഷി, സര്‍വേ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങിയ അഞ്ചംഗ സര്‍ക്കാര്‍ സമിതി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ഇ.എസ്.എ. ഭൂമി 8,484.05 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്. ഇതില്‍ 7,596.67 ചതുരശ്ര കിലോമീറ്റര്‍ വനവും 887.38 ചതുരശ്ര കിലോമീറ്റര്‍ വന പ്ലാന്റേഷനുമാണ്.

ഇതിനു വിപരീതമായി നിലവിലെ പട്ടികയില്‍ 8,590.69 ചതുരശ്ര കിലോമീറ്റര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണ്. നിലവില്‍ ലഭ്യമായ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 9 ജില്ലകളിലെ 25 വില്ലേജുകളില്‍ കൃഷിഭൂമി ഇ.എസ്.എ. പട്ടികയില്‍ ഉള്‍പ്പെട്ടതായി വ്യക്തമാണ്. 2014-ലെ അഞ്ചംഗ സര്‍ക്കാര്‍ സമിതി നടത്തിയ കണക്കെടുപ്പും 2026 സെപ്റ്റംബറില്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച കണക്കുകളും തമ്മിലുള്ള വ്യത്യാസം സര്‍ക്കാര്‍ അടിയന്തരമായി വിശദീകരിക്കണം.

കരട് വിജ്ഞാപനം വന്നിട്ട് 60 ദിവസത്തെ കാലയളവില്‍ 35 ദിവസം പിന്നിട്ടിട്ടും വിഷയത്തില്‍ കൃത്യമായ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് കേരള കോണ്‍ഗ്രസ് (എം) പത്തനംതിട്ടയില്‍ ഈ വിഷയം ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ പിന്നീട് പോലും ഇ.എസ്.എ. വിഷയത്തില്‍ ആവശ്യമായ രാഷ്ട്രീയ ചര്‍ച്ചയോ നയപരമായ തീരുമാനമോ ഉണ്ടായില്ല. സുപ്രധാനമായ ഭൂമി, ജനജീവിതം, കൃഷി എന്നിവയെ നേരിട്ട് ബാധിക്കുന്ന വിഷയത്തെ പൂര്‍ണമായും ഉദ്യോഗസ്ഥ തലത്തിലേക്ക് മാറ്റിനിര്‍ത്തിയത് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി.

അഞ്ച് മന്ത്രിമാരുടെയും ചീഫ് വിപ്പിന്റെയും നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 36 നിയമസഭാ മണ്ഡലങ്ങളിലും 15 ലോക്‌സഭാ മണ്ഡലങ്ങളിലും ഇ.എസ്.എ. ബാധിക്കുന്ന സാഹചര്യത്തില്‍, വിഷയത്തില്‍ വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതില്‍ യു.ഡി.എഫ്. നേതൃത്വം പരാജയപ്പെട്ടു.

സെപ്റ്റംബര്‍ 25-ന് മുമ്പ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് നിലവിലുള്ള റിസര്‍വ് വനത്തിന് പുറത്തുള്ള ജനവാസ-കൃഷിഭൂമികളെ പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുത്തരുതെന്ന സംസ്ഥാനത്തിന്റെ നിലപാട് നിയമസഭാ പ്രമേയത്തിലൂടെ വ്യക്തമാക്കുകയും അത് ഔദ്യോഗികമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കുകയും ചെയ്യേണ്ടതായിരുന്നു. പ്രത്യേകിച്ച് ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംസ്ഥാനത്തിന്റെ അവകാശങ്ങളും അധികാരങ്ങളും സംരക്ഷിക്കുന്നതിന് നിയമസഭയുടെ ഏകകണ്ഠമായ നിലപാട് രേഖപ്പെടുത്തേണ്ടത് അനിവാര്യമായിരുന്നു.

ഇക്കാര്യത്തില്‍ 2026 സെപ്റ്റംബര്‍ 21-ന് കര്‍ണാടക നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്ന് പ്രമേയം പാസാക്കിയിരുന്നു. കേരളം അതേ രീതിയില്‍ സമയബന്ധിതമായി ഇടപെടാതിരുന്നത് 123 ഇ.എസ്.എ. വില്ലേജുകളിലെ ഏകദേശം 23 ലക്ഷം ജനങ്ങളുടെ ഭൂമി അവകാശങ്ങളെയും ജീവിതോപാധികളെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യം സൃഷ്ടിക്കരുത്.

കസ്തൂരിരംഗന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ച ഇ.എസ്.എ.യില്‍ 123 വില്ലേജുകളിലായി 13,018 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഉള്‍പ്പെട്ടിരുന്നു. പിന്നീട് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി ഉള്‍പ്പെടെയുള്ള വിവിധ പരിശോധനകളിലൂടെ ഇ.എസ്.എ.യുടെ വിസ്തൃതിയും അതിരുകളും സംബന്ധിച്ച് വ്യത്യസ്ത കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. അതിനാല്‍ ഗാഡ്ഗില്‍ കമ്മിറ്റി മുതല്‍ നാളിതുവരെയുള്ള ഇ.എസ്.എ. സംബന്ധമായ മുഴുവന്‍ രേഖകളും പരിശോധിച്ച് വസ്തുതകള്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.

ഈ സാഹചര്യത്തില്‍, 2014-ലെ അഞ്ചംഗ സര്‍ക്കാര്‍ സമിതി 123 വില്ലേജുകളില്‍ കണ്ടെത്തിയ വനവിസ്തൃതിയും 2026 സെപ്റ്റംബറില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച പട്ടികയിലെ വില്ലേജ് അടിസ്ഥാനത്തിലുള്ള വനവിസ്തൃതിയും സര്‍ക്കാര്‍ അടിയന്തരമായി പരസ്യപ്പെടുത്തണം. ഇ.എസ്.എ.യുടെ ആകെ കണക്ക് മാത്രമല്ല, ഓരോ വില്ലേജിലെയും യഥാര്‍ഥ വനവിസ്തൃതി ഉള്‍പ്പെടെയുള്ള കണക്കുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് മുതല്‍ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട്, ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ട്, തുടര്‍ന്നുള്ള കേന്ദ്ര-സംസ്ഥാന കത്തിടപാടുകള്‍, വിവിധ ഘട്ടങ്ങളിലെ സര്‍ക്കാര്‍ തീരുമാനങ്ങള്‍, ഏറ്റവും ഒടുവില്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച പട്ടിക എന്നിവ ഉള്‍പ്പെടുത്തി ഇ.എസ്.എ. സംബന്ധിച്ച സമഗ്രമായ ഒരു ധവളപത്രം സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കണമെന്നും ജോസ് കെ. മാണി എം.പി. ആവശ്യപ്പെട്ടു.

ഇ.എസ്.എ.യുടെ പേരില്‍ കര്‍ഷകരുടെയും സാധാരണ ജനങ്ങളുടെയും ഭൂമിയവകാശങ്ങള്‍ ഒരു കാരണവശാലും അനിശ്ചിതത്വത്തിലാകാന്‍ പാടില്ല. കൃത്യമായ കണക്കുകളും വസ്തുതകളും പുറത്തുവിട്ട് ജനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ അടിയന്തരമായി തയ്യാറാകണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ