തിരുവനന്തപുരം: സിഎംആര്‍എല്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എംഡി എസ് എന്‍ ശശിധരന്‍ കര്‍ത്തയുടെ ഡയറിയിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ ജനറല്‍ സെക്രട്ടറിമാരുടെ അടിയന്തരയോഗം വിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജിവ് ചന്ദ്രശേഖര്‍. മുഖ്യമന്ത്രിയുടെ പേരുള്‍പ്പെടുന്ന ഡയറിയിലെ ഭാഗം പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് പുറത്തുവിട്ടതിന് പിന്നാലെ, ബിജെപി നേതാക്കളുടെ പേരുള്‍പ്പെട്ട ഭാഗങ്ങള്‍ പുറത്തായത് ബിജെപിയെ വെട്ടിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യോഗം വിളിച്ചത്. എം ടി രമേശ്, എസ് സുരേഷ്, അനൂപ് ആന്റണി അടക്കമുള്ളവര്‍ പങ്കെടുക്കുമെന്നാണ് വിവരം.
ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ മുഖ്യമന്ത്രിയുടെ പേരുമുണ്ടെന്ന് ആരോപിച്ചുകൊണ്ട് ഷോണ്‍ ജോര്‍ജ് ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. എന്നാല്‍ അതേ ഡയറിയില്‍ ബിജെപി നേതാക്കളുടെ പേരും അവര്‍ വാങ്ങിയെന്ന് പറയുന്ന തുകയുമുണ്ട് എന്നതാണ് പാര്‍ട്ടിയെ ആകെ വെട്ടിലാക്കിയത്. ഷോണ്‍ ജോര്‍ജിന്റേതെന്ന് എടുത്തുചാട്ടമായിരുന്നു എന്നാണ് പാര്‍ട്ടിക്കുള്ളിലുള്ള വിമര്‍ശനം. ഷോണിന്റെ നടപടിയില്‍ വി മുരളീധരന്‍ വിഭാഗത്തിനും കൃഷ്ണദാസ് പക്ഷത്തിനും കടുത്ത അമര്‍ഷമാണുള്ളത്. വി മുരളീധരന്റെ ഉള്‍പ്പെടെ പേരുകള്‍ ഡയറിയിലുണ്ട് എന്ന വിവരങ്ങളാണ് പിന്നീട് മാധ്യമങ്ങള്‍ പുറത്തുവിട്ടത്.
മാസപ്പടി വിവാദത്തില്‍ പൊതുജനങ്ങളുടെ ഉള്‍പ്പെടെ ശ്രദ്ധ പിണറായി വിജയനും കുടുംബത്തിനുമെതിരെ എന്നതില്‍ നിന്ന് മാറ്റുന്നതിന് ഷോണിന്റെ എടുത്തുചാട്ടം കാരണമായെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനം. ഒരു മുതിര്‍ന്ന നേതാക്കളോടും കൂടിയാലോചന നടത്താതെയാണ് മാരാര്‍ജി ഭവനില്‍ ഷോണ്‍ ഇങ്ങനെയൊരു വാര്‍ത്താ സമ്മേളനം നടത്തിയതെന്നും നേതാക്കള്‍ പറയുന്നു. ആര്‍എസ്എസും ചില പോഷക സംഘടനകളും പണം വാങ്ങിയെന്നും ഉള്‍പ്പെടെയുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.



