പാലക്കാട്: മില്‍മ മലബാര്‍ മേഖല യൂണിയന് പിരിച്ചുവിട്ടതില്‍ സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കുമെന്ന് മില്‍മ മുന്‍ ചെയര്മാന് കെ എസ് മണി. യൂണിയന് അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയതില്‍, യൂണിയനെതിരെ തന്നെ നടപടി സ്വീകരിക്കുന്നത് അസാധാരണ സംഭവമാണെന്നും യൂണിയന് ഭരണം പിടിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമമാണ് പിന്നിലെന്നും കെഎസ് മണി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
കാസര്‍കോട്ടെയും മലപ്പുറത്തെയും ക്രമക്കേടുകള്‍ അന്വേഷിച്ച് കണ്ടെത്തിയത് മലബാര്‍ യൂണിയന് തന്നെയാണ്, കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും, നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. എന്നിട്ടും യൂണിയന് പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും, പിന്നില്‍ കോണ്‍ഗ്രസാണെന്നും കെ എസ് മണി ആരോപിച്ചു.
യൂണിയനുകള്‍ പിരിച്ചുവട്ടത് മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥയുടെ ഭാഗമാണ്. മലബാറും തിരുവനന്തപുരവും യൂണിയനുകള്‍ കൂടി പിടിച്ചെടുക്കാനുള്ള കോണ്‍ഗ്രസ് ശ്രമമാണിത്. ഫെഡറേഷന് പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മില്‍മ യൂണിയനുകള്‍ പിരിച്ചുവിടുന്നത്. കോട്ടയത്ത് വന്‍ തോതില്‍ അഴിമതി നടന്നു എന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടും എറണാകുളം യൂണിയന് പിരിച്ചുവിടുന്നില്ല. മലബാര്‍ യൂണിയനില്‍ ഒരു രൂപയുടെ പോലും അഴിമതി നടന്നിട്ടില്ല. മലബാര്‍ യൂണിയന് പിരിച്ചുവിട്ടതിനെതിരെ കോടതിയെ സമീപിക്കുമെന്ന് പറഞ്ഞ കെ എസ് മണി, മലപ്പുറം ഡയറയില്‍ നിന്ന് നെയ്യ് മോഷണവും, കാസര്‍കോട്ടെ പ്രശ്നവും കണ്ടെത്തിയത് മലബാര്‍ യൂണിയനാണെന്നും വ്യക്തമാക്കി.
അതേസമയം ലക്ഷക്കണക്കിന് രൂപയുടെ പാല്‍സംഭരണ ക്രമക്കേടും ഗുണനിലവാരം കുറഞ്ഞ പാല് വിതരണം ചെയ്തെന്ന പരാതിയും ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സംഭവത്തില്‍ മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചത്.
എണ്ണമറ്റ ക്രമക്കേടുകള്‍ പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടല്‍. വിശദമായ അന്വേഷണം നടത്തും. എന്ത് അഴിമതിയും കാണിച്ചിട്ട് രാഷ്ട്രീയപ്രേരിതം എന്ന കവചം തീര്‍ക്കല്‍ കേരളത്തില്‍ നടക്കില്ല. രാഷ്ട്രീയമായി ഒന്നും ചെയ്യുന്നില്ല, അവിടെ രാഷ്ട്രീയത്തിന് പ്രസക്തിയില്ല. മില്‍മയുടെ നിലനില്‍പ്പും നല്ല രീതിയിലുള്ള മുന്നോട്ടുപോക്കും മാത്രമാണ് ക്ഷീരവികസന വകുപ്പിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.



