കേരളം ഉൾപ്പെടെയുള്ള അഞ്ചിടങ്ങലിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും നിയമസഭകളുടെ കാലാവധി മെയ്, ജൂൺ മാസങ്ങളിലായി അവസാനിക്കുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം.
ഇന്ന് ഡൽഹിയിൽ വെച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവർ വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്യും. വൈകീട്ട് 4 മണിക്കാണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്.
അതേസമയം, തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനു പിന്നാലെ ഇന്നു തന്നെ എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. യുഡിഎഫ് അടക്കമുള്ള മുന്നണികളിലും സ്ഥാനാർത്ഥി പട്ടികകൾ അന്തിമ ഘട്ടത്തിലാണ്.
കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിന് (എസ്ഐആർ) ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണിത്. എസ്ഐആറിനു ശേഷം വോട്ടർമാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കേരളം, തമിഴ്നാട്, ബംഗാൾ അടക്കം 11 സംസ്ഥാനങ്ങളിൽ എസ്ഐആറിനു ശേഷം ഏകദേശം 18.98 കോടി വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്തായിട്ടുണ്ട്.
അസമിലും ബംഗാളിലും വിവിധ ഘട്ടങ്ങളിലായിട്ടാവും വോട്ടെടുപ്പ് പൂർത്തിയാക്കുക. കഴിഞ്ഞ തവണ എട്ട് ഘട്ടങ്ങളിലായാണ് ബംഗാളിൽ വോട്ടെടുപ്പ് നടന്നതെങ്കിൽ, ഇത്തവണ ഘട്ടങ്ങളുടെ എണ്ണം കുറയാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.



